ആയുധ പരിശീലന കേന്ദ്രത്തില്‍ റെയ്ഡ്: നാട്ടുകാര്‍ക്കും പോലീസിനും ഞെട്ടല്‍
Wednesday, April 24, 2013 11:08 PM IST
നിശാന്ത് ഘോഷ്

കണ്ണൂര്‍: ശാന്തമായ ഗ്രാമാന്തരീക്ഷത്തിലേക്കു വിധ്വംസക ശക്തികള്‍ ചേക്കേറിയതിന്റെ ഞെട്ടലിലാണു നാറാത്ത് ഗ്രാമവാസികള്‍. തങ്ങളുടെ വീടിനടുത്ത തെങ്ങിന്‍ തോപ്പിനു നടുവില്‍ ജനല്‍പാളികള്‍ പോലുമില്ലാത്ത കെട്ടിടം ദുരൂഹതകളുടെ താവളമായിരുന്നുവെന്നു പോലീസ് എത്തി ആയുധ പരിശീലന കേന്ദ്രം കണ്െടത്തിയപ്പോള്‍ മാത്രമാണു നാട്ടുകാര്‍ അറിയുന്നത്.

ഇന്നലെ രാവിലെ പോലീസ് സന്നാഹം നാറാത്തെ പുഴയോരത്തെ റോഡിലേക്കു നീങ്ങുന്നതു പലരും കണ്ടിരുന്നെങ്കിലും പതിവുപോലെ മണല്‍ കടത്തു പിടിക്കാനാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍, തുടരെത്തുടരെ പോലീസ് വാ ഹനങ്ങള്‍ ഇരച്ചെത്തിയതോടെ നാടാകെ പരിഭ്രമത്തിലായി. കെട്ടിടം വളഞ്ഞു 21 പേരെ അറസ്റ് ചെയ്യുകയും ബോംബുകളും മറ്റും പിടികൂടുകയും ചെയ്തതോടെ പരിഭ്രമം ഞെട്ടലായി മാറുകയായിരുന്നു.


രഹസ്യവിവരത്തേത്തുടര്‍ന്നായിരുന്നു പോലീസ് റെയ്ഡിനെത്തിയത്. എന്നാല്‍, പോലീസും ഇത്രയൊന്നും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ സായുധരായല്ല പോലീസ് എത്തിയത്. കെട്ടിടത്തിനുള്ളില്‍ കണ്ട ദൃശ്യങ്ങള്‍ പോലീസിനെയും നടുക്കി. ഇതേത്തുടര്‍ന്നു കൂടുതല്‍ പോലീസിനെ മിന്നല്‍ വേഗത്തില്‍ സ്ഥലത്തെത്തിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തു പാഞ്ഞെത്തി. പരിശീലനകേന്ദ്രത്തിലുണ്ടായിരുന്നവര്‍ ആക്രമണത്തിനു തുനിഞ്ഞിരുന്നെങ്കില്‍ പോലീസിന്റെ കൈയില്‍നിന്നു കാര്യങ്ങള്‍ കൈവിട്ടുപോകുമായിരുന്നു.

പോലീസിന്റെ ശ്രദ്ധ എളുപ്പത്തില്‍ എത്തിപ്പെടാത്ത സ്ഥലത്തായിരുന്നു പരിശീലന കേന്ദ്രം. അടുത്ത കാലത്തായി പോലീസ് പ്രധാനമായും മണല്‍ കടത്തുകാരുടെ പിന്നാലെയായതു വിധ്വംസക ശക്തികള്‍ മുതലെടുക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.