സിപിഎമ്മിന്റെ വിലക്കു മറികടന്നു ചന്ദ്രശേഖരന്റെ സ്മൃതികുടീരം
വടകര: സിപിഎം ഏരിയാ കമ്മിറ്റിയുടെ വിലക്കു മറികടന്ന് ഒഞ്ചിയം നെല്ലാച്ചേരിയിലെ ടി.പി. ചന്ദ്രശേഖരന്റെ വീട്ടുമുറ്റത്തു സ്മൃതികുടീരം ഒരുങ്ങുന്നു. പ്രശസ്ത ചിത്രകാരനും സിപിഎം സഹയാത്രികനുമായ മധു മടപ്പള്ളിയാണു സിപിഎമ്മിന്റെ എതിര്‍പ്പ് മറികടന്നു സ്മൃതികുടീരത്തിന്റെ നിര്‍മാണവുമായി മുന്നോട്ടുപോകുന്നത്.

ദീര്‍ഘകാലം സിപിഎം അംഗവും സിപിഎം സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യസംഘം ഒഞ്ചിയം മേഖലാ കമ്മിറ്റി അംഗവുമാണു മധു മടപ്പള്ളി. ടി.പി. ചന്ദ്രശേഖരനു പാര്‍ട്ടി സഹയാത്രികന്‍ സ്മൃതികുടീരം ഒരുക്കുന്നതിനെതിരേ സിപിഎം ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി രംഗത്തുവരുകയായിരുന്നു.

സ്മൃതികുടീരം നിര്‍മിക്കുന്നതു വിലക്കാന്‍ ഊരാളുങ്കല്‍ ലോക്കല്‍ സെക്രട്ടറി നേരിട്ടെത്തിയെങ്കിലും മധു പിന്‍മാറിയില്ല. തുടര്‍ന്ന് ഒഞ്ചിയം ഏരിയാ കമ്മിറ്റിയും എതിര്‍പ്പുമായി രംഗത്തെത്തി. ഒഞ്ചിയം സ്വദേശിയായ മധുവുമായി അടുപ്പമുള്ള ഏരിയാ കമ്മിറ്റി അംഗങ്ങളും സ്മൃതികുടീര നിര്‍മാണവുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മധു നിലപാടില്‍ ഉറച്ചുനിന്നതോടെ സിപിഎം നേതൃത്വം പിന്‍മാറി.


ചിത്രകാരനെന്ന നിലയ്ക്കാണു താന്‍ സ്മൃതികുടീരം നിര്‍മിക്കുന്നതെന്നും തന്റെ നിലപാടു സ്വതന്ത്രമാണെന്നും മധു പറയുന്നു. ടി.പി. ചന്ദ്രശേഖരന്റെ സുഹൃത്തും മടപ്പള്ളി ഗവ.കോളജിലെ സമകാലികനുമാണു മധു. ചന്ദ്രശേഖരന്റെ കൊലപാതകം മധുവിനെ മാനസികമായി തളര്‍ത്തിയിരുന്നു. കടപ്പാടിന്റെ രൂപത്തിലാണു സ്മൃതികുടീരത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. നേരത്തേ തന്നെ കുടീരത്തിന്റെ പ്രാഥമിക ജോലികള്‍ ആരംഭിച്ചിരുന്നു. ചന്ദ്രശേഖരന്റെ മൃതദേഹം സംസ്കരിച്ച സ്ഥലത്തു വൃത്താകൃതിയിലുള്ള പ്ളാറ്റ് ഫോമിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ ചന്ദ്രശേഖരന്റെ പ്രതിമ സ്ഥാപിക്കും. ദീപശിഖ ജ്വലിപ്പിക്കാനുള്ള മകുടമുണ്ടാവും. സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള സൌകര്യവും സമീപത്ത് ഒരുക്കുന്നുണ്ട്. ചിത്രകാരന്‍ മുരളി ഏറാമലയും മധുവിനൊപ്പമുണ്ട്. കുടീരത്തില്‍ സ്ഥാപിക്കാനുള്ള ടി.പിയുടെ പ്രതിമ സതീഷ് പട്ടാമ്പിയാണു നിര്‍മിക്കുന്നത്. അടുത്ത ദിവസം തന്നെ പ്രതിമ ഒഞ്ചിയത്തെത്തിക്കും. മേയ് നാലിനു ടി.പി. ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനത്തില്‍ സ്മൃതികുടീരത്തെ സാക്ഷിയാക്കിയാകും വിവിധ ചടങ്ങുകള്‍.