കയിലിയാട് അപകടം: പരിക്കേറ്റ യുവതി അപകടനില തരണംചെയ്തു
ഷൊര്‍ണൂര്‍: കയിലിയാട് മാമ്പറ്റപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ പ്രതിശ്രുതവധു ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. മുഖത്തിനും ശരീരത്തിനും കാര്യമായി പരിക്കേറ്റ ദിവ്യ വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലാണു ചികിത്സയിലുള്ളത്. ഇന്നായിരുന്നു ദിവ്യയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍, വിവാഹം മാറ്റിവച്ചതായി ബന്ധു രാമചന്ദ്രന്‍ പറഞ്ഞു. അപകടത്തില്‍ ദിവ്യയുടെ സഹോദരീ ഭര്‍ത്താവ് നിധീഷ്, ഒരുവയസുള്ള മകന്‍ സച്ചിന്‍ എന്നിവര്‍ മരിച്ചിരുന്നു. സഹോദരി ജിജി ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിധീഷും ഭാര്യ ജിജിയും സഹോദരി ദിവ്യയും കൂടി ഷൊര്‍ണൂരിലേക്കു പോകവേയാണ് അപകടമുണ്ടായത്. കയിലിയാട് ഉപ്പത്രവീട്ടില്‍ വിവാഹ ഒരുക്കങ്ങളും ആഹ്ളാദവും അലതല്ലുന്നതിനിടെ പെട്ടന്നുണ്ടായ ദുരന്തവാര്‍ത്ത വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കനത്ത ആഘാതമായി. മരിച്ച നിധീഷ്, മകന്‍ സച്ചിന്‍ എന്നിവരുടെ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനുശേഷം തൃത്താലയില്‍ സംസ്കരിച്ചു.


(ഇന്നലത്തെ പ്രസിദ്ധീകരിച്ച അപകടവാര്‍ത്തയില്‍ പരിക്കേറ്റ ദിവ്യയുടെ വിവരങ്ങള്‍ തെറ്റായാണു ചേര്‍ത്തിരുന്നത്. ഇതുമൂലം ബന്ധുമിത്രാദികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുന്നു. - പത്രാധിപര്‍.)