കറന്റ് ചാര്‍ജും ഓണ്‍ലൈനില്‍
തിരുവനന്തപുരം: വൈദ്യുതി ഓഫീസില്‍ പോകാതെ വൈദ്യുതി ചാര്‍ജ് ഓണ്‍ലൈനായി അടയ്ക്കാവുന്ന സംവിധാനം 23 മുതല്‍ സംസ്ഥാനത്തു നടപ്പാക്കുമെന്നു വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

വൈദ്യുതി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ ംംം.സലെയ.ശി ലെ പേ ബില്‍സ് ഓണ്‍ലൈന്‍ എന്ന ലിങ്കു വഴി എല്ലാ ഇലക്ട്രിക്കല്‍ സെക്ഷനിലെയും വൈദ്യുതി ഉപയോക്താക്കള്‍ക്കു നെറ്റ് ബാങ്കിംഗിലൂടെയും ഡെബിറ്റ് (വീസ), മാസ്റര്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും വൈദ്യുതിബില്‍ അടയ്ക്കാന്‍ കഴിയും. സൈറ്റില്‍ പ്രവേശിച്ചശേഷം ആദ്യം ബില്‍ അടയ്ക്കേണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ തെരഞ്ഞെടുക്കണം. കണ്‍സ്യൂമര്‍ നമ്പരും അടയ്ക്കേണ്ട ബില്ലിന്റെ നമ്പരും നല്കണം. ഇതോടൊപ്പം ഇ- മെയില്‍ ഐഡിയോ മൊബൈല്‍ ഫോണ്‍ നമ്പരോ നല്കണം.

നെറ്റ് ബാങ്കിംഗ് അക്കൌണ്ടുള്ളവര്‍ക്ക് എസ്ബിഐ, എസ്ബിടി, ഫെഡറല്‍ ബാങ്ക്, കനറാബാങ്ക് തുടങ്ങിയ 36 ബാങ്കുകള്‍ വഴി വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയും. ബില്‍ അടച്ചതിന്റെ വിശദാംശങ്ങള്‍ എസ്എംഎസ് വഴി മൊബൈല്‍ ഫോണ്‍ നമ്പരിലും ഇ-മെയിലിലും ലഭിക്കും. പണം അടച്ചതിന്റെ വിവരങ്ങള്‍ പ്രിന്റ് എടുക്കാനും സൌകര്യമുണ്ട്. ഒരുമ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണു ബില്ലുകള്‍ തയാറാക്കുന്നത്. ഓണ്‍ലൈനായി പണമടച്ചവരുടെ വിശദാംശങ്ങള്‍ അടുത്ത ദിവസം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ ലഭ്യമാകും.


ഇ-പേമെന്റ് സംവിധാനത്തിന് ആവശ്യമായ സോഫ്റ്റ്വെയര്‍ വൈദ്യുതി ബോര്‍ഡിലെ ഐടി വിഭാഗം ജീവനക്കാരാണു തയാറാക്കിയത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനത്തിലുള്ള ഇതുപയോഗിച്ചു ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ്വേ സൌകര്യം ഒരുക്കിയിട്ടുള്ളത് ഐഡിബിഐ ബാങ്കാണ്.