മഹാദാനത്തിലൂടെ മാതൃകയായ വൈദികര്‍ക്കു വലിയ ഇടയന്റെ ആദരം
കൊച്ചി: മഹാദാനത്തിലൂടെ സഭയ്ക്കും സമൂഹത്തിനും മാതൃകയായ വൈദികര്‍ക്കു വലിയ ഇടയന്റെ ആദരം. വൃക്കദാനത്തിനുശേഷം വിശ്രമിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ടു വൈദികരെയാണു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ച് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചത്.

ഇടവകാംഗമായ ചെറുപ്പക്കാരനു വൃക്കകളിലൊന്നു പകുത്തു നല്‍കിയ വാഴക്കാല സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജേക്കബ് കൊഴുവള്ളിയെ സന്ദര്‍ശിച്ച മാര്‍ ജോര്‍ജ് ആലഞ്ചേരി അദ്ദേഹത്തിനായി പ്രത്യേകം പ്രാര്‍ഥന നടത്തി.

അരമണിക്കൂറോളം ഫാ. കൊഴുവള്ളിക്കൊപ്പം ചെലവഴിച്ച കര്‍ദിനാള്‍ അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മാര്‍ച്ച് 11-ന് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ഫാ. കൊഴുവള്ളിയുടെ വൃക്കദാനം. വാഴക്കാല ഇടവകയിലെ കെസിവൈഎം പ്രസിഡന്റും മതാധ്യാപകനുമായ ഫിലിപ്പ് ജോയിക്കാണു വൃക്ക നല്‍കിയത്.


വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം എറണാകുളത്തെ ഫ്ളാറ്റില്‍ വിശ്രമിക്കുന്ന ഫിലിപ്പ് സുഖം പ്രാപിച്ചുവരുന്നു. ചാത്തമ്മയിലുള്ള വീട്ടില്‍ വിശ്രമത്തിലാണ് ഫാ. കൊഴുവള്ളി. കര്‍ദിനാളിന്റെ സന്ദര്‍ശനവും പ്രാര്‍ഥനയും വലിയ ശക്തി പകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വൃക്കരോഗിയായ അതിരൂപതയിലെ പാസ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മണ്ടാനത്തിനു തന്റെ വൃക്കകളിലൊന്നു നല്‍കിയ വൈദികനെയും കര്‍ദിനാള്‍ സന്ദര്‍ശിച്ചു. മാര്‍ച്ച് 25-നു നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന ഇരുവരെയും ലിസി ആശുപത്രിയിലാണ് കര്‍ദിനാള്‍ സന്ദര്‍ശിച്ചത്. രണ്ടു വൈദികരുടെയും വൃക്കദാനം സമൂഹത്തിനു മുഴുവന്‍ മാതൃകയാണെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.