പ്രാഥമിക പരിശോധനാസമയത്തു പ്രചാരണം വേണ്ടെന്നു വിജിലൻസിനോടു മുഖ്യമന്ത്രി
പ്രാഥമിക പരിശോധനാസമയത്തു പ്രചാരണം വേണ്ടെന്നു വിജിലൻസിനോടു മുഖ്യമന്ത്രി
Friday, December 9, 2016 4:34 PM IST
തിരുവനന്തപുരം: വിജിലൻസിനു ലഭിക്കുന്ന പരാതിയുടെ അടിസ്‌ഥാനത്തിൽ പ്രാഥമിക പരിശോധന നടത്തുമ്പോൾ ഇതിനു വൻ പ്രചാരണം നൽകി സംശുദ്ധരെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിക്കരുതെന്നു വിജിലൻസിനോടു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക പരിശോധനാ സമയത്തു പ്രചാരണം നൽകേണ്ടതില്ല. അന്വേഷണം പൂർത്തിയാകുമ്പോൾ ക്രമക്കേടു കണ്ടെത്തിയാൽ മാത്രം വിജിലൻസ് പ്രചാരണം നൽകിയാൽ മതിയെന്നും വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ സംഘടിപ്പിച്ച അഴിമതി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി നിർദേശം നൽകി.

സംശുദ്ധമായ ഔദ്യോഗിക ജീവിതത്തിന് ഉടമയായ ഉന്നതവ്യക്‌തിയെ പ്രാഥമിക പരിശോധനയുടെ പേരിൽ വൻ പ്രചാരണം നൽകി തേജോവധം ചെയ്ത സംഭവം മനസിൽ വച്ചുകൊണ്ടാണ് താൻ ഇക്കാര്യം പറയുന്നതെന്നും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിന്റെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞു.


ലളിതകുമാരി കേസിന്റെ അടിസ്‌ഥാനത്തിൽ, വിജിലൻസിന് ലഭിക്കുന്ന ഒരു പരാതിയും നിരാകരിക്കാനാകില്ല. ഒരു ഉദ്യോഗസ്‌ഥനെതിരെ പ്രാഥമിക പരിശോധന നടത്തിയതിന്റെ പേരിൽ മാത്രം അദ്ദേഹം കുറ്റക്കാരനാകില്ല.

അഴിമതിക്കെതിരേ പ്രവർത്തിക്കുന്ന ഉദ്യോഗസ്‌ഥർക്കു സർക്കാർ പൂർണ പിന്തുണ നൽകും. എന്നാൽ, അഴിമതി അവകാശമായി കൊണ്ടുനടക്കുന്ന സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരേ കർശന നടപടി കൈക്കൊള്ളും. പുതുതായി സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർക്ക് ഒരാഴ്ചത്തെ അഴിമതി വിരുദ്ധ പരിശീലനം നൽകും. അഴിമതി വിരുദ്ധ പോരാട്ടങ്ങൾ ശക്‌തമാക്കുന്നതിന്റെ ഭാഗമായാണു നടപടി.

അഴിമതിക്കെതിരെ പൊതുജനങ്ങൾക്കു പ്രതികരിക്കാൻ തയാറാക്കിയ മൊബൈൽ ആപുകളായ എ റൈസിംഗ് കേരള, വിസിൽ നൗ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.