ജനവാസമേഖലകളിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
1458505
Thursday, October 3, 2024 1:34 AM IST
മൂന്നാർ: പ്രദേശത്തെ ജനവാസമേഖലകളിൽ കാട്ടാനശല്യം രൂക്ഷമായി. മൂന്നാർ രാജീവ് ഗാന്ധി നഗറിലാണ് ഒടുവിൽ കാട്ടാനകൾ ഇറങ്ങി നാശം വരുത്തിയത്. കഴിഞ്ഞ രാത്രിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ വാഴയടക്കമുള്ള കൃഷിവിളകൾ നശിപ്പിച്ചു.
പ്രദേശത്ത് കുടിവെള്ള ലഭ്യതയ്ക്കായി ഉപയോഗിച്ചിരുന്ന പൈപ്പുകൾക്കും കാട്ടാനകൾ നാശം വരുത്തി. രണ്ടാനകളാണ് ജനവാസ മേഖലയിലെത്തിയത്. പെരിയവാര, പഴയകാട് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യമുണ്ടായിരുന്നു.
കാട്ടാനകൾ സ്ഥിരമായി രാജീവ്ഗാന്ധി നഗറിൽ നിലയുറപ്പിക്കുമോയെന്നും പ്രദേശവാസികൾ ഭയപ്പെടുകയാണ്. ദിവസങ്ങൾ കഴിയുന്തോറും പുതിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തുന്ന സ്ഥിതിയാണ് മൂന്നാറിലുള്ളത്.