ഉരുൾപൊട്ടൽ ദുരന്തം: തെരച്ചിൽ തുടരും
1445132
Thursday, August 15, 2024 8:43 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ ഇന്നലെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. നിലന്പൂർ വയനാട് മേഖലകളിൽ പതിവ് പോലെ തെരച്ചിൽ ഉൗർജിതമായിരുന്നു. എൻഡിആർഎഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും തെരച്ചിലിൽ വ്യാപൃതരായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ 231 മൃതദേഹങ്ങളും 210 ശരീരഭാഗങ്ങളുമാണ് ഇതിനകം കണ്ടെത്തിയത്.
മുണ്ടക്കൈ, ചൂരൽമല ദുരന്ത പ്രദേശങ്ങളിൽ 26 ടീമുകളിലായി 191 സന്നദ്ധ പ്രവർത്തകരാണ് ഇന്നലെ സേനാവിഭാഗങ്ങൾക്കൊപ്പം തെരച്ചിലിൽ അണിനിരന്നത്. ചൂരൽമല പാലത്തിന് താഴെ ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങൾ കേന്ദ്രീകരിച്ചും നിരന്തര പരിശോധന നടത്തിയിരുന്നു.
മലപ്പുറം ജില്ലയിൽ ചാലിയാറിലും വിശദമായ തെരച്ചിൽ ഇന്നലെയും തുടർന്നു. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ ദൂരത്തിലാണ് പരിശോധനകൾ നടന്നത്. എൻഡിആർഎഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമാണ് ഇവിടെ തെരച്ചിലിന് നേതൃത്വം നൽകിയത്.
ഉരുൾപൊട്ടലിന് ഇരകളായവരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന്
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിന് ഇരകളായ എല്ലാ കുടുംബങ്ങളുടെയും കാർഷിക, കാർഷികേതരകടങ്ങളും എഴുതിത്തള്ളണമെന്ന് സംസ്ഥാനതല ബാങ്കേഴ്സമിതിയോട് കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ ആവശ്യപ്പെട്ടു. കൃഷിയും കൃഷിയിടവും കിടപ്പാടവും കുടുംബാംഗങ്ങളേയും നഷ്ടപ്പെട്ടവർ വായ്പകൾ തിരിച്ചടക്കാനുള്ള ശേഷിയില്ലാത്തവരാണ്. അതുകൊണ്ടുതന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് ദുരിതബാധിതരായവരുടെ വായ്പകൾക്ക് ആശ്വാസമാവുകയില്ല.
ദുരന്തബാധിതരായവരുടെ എല്ലാ വായ്പകളും ബാങ്കുകൾ എഴുതിത്തള്ളുകയോ വായ്പകൾ വയനാട് ദുരന്തബാധിതർക്കായുള്ള ദുരിതാശ്വാസനിധിയിൽനിന്നു തിരിച്ചടയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിലങ്ങാട് ഉരുൾപൊട്ടലിൽ ഇരയായവരുടെ വായ്പകളും എഴുതിത്തള്ളുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്
കൽപ്പറ്റ: മുണ്ടെകൈയിലും ചൂരൽ മലയിലും ഉണ്ടായ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പുനരധിവാസം എത്രയും വേഗം നടപ്പാക്കണമെന്നും സംസ്ഥാന ടിംബർ മർച്ചൻസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ആദ്യഘട്ടമായി ഒരു കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു. വയനാടിന്റെ ചുമതല വഹിക്കുന്ന റവന്യു മന്ത്രി രാജനുമായും വനം മന്ത്രി ശശീന്ദ്രമായും കൽപ്പറ്റ റസ്റ്റ് ഹൗസിൽ വിവിധ ജില്ലകളിൽ നിന്ന് എത്തിയ നേതാക്കൾ ചർച്ച നടത്തി. ദുരന്തഭൂമി സന്ദർശിച്ച ശേഷം മേപ്പാടിയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയിംസ് അന്പലവയൽ അധ്യക്ഷത വഹിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് സി.എച്ച്. മുനീർ, എ.എ. ഷിഹാബ്, ടി.പി. അശോകൻ, കെ. ജോസഫ്, ടി.പി. മൂസ, സി.പി. മുഹമ്മദ്, ജോസഫ്, കെ.എം. ഷാഫി, ശ്രീനിവാസൻ, ജാബിർ കരണി, വി.ജെ. ജോസ്, കെ.സി.കെ. തങ്ങൾ, കെ.പി. ബെന്നി, കെ. ബേബി, കെ.എ. ടോമി, എൻ.കെ. സോമ സുന്ദരൻ, പി.എ. മാത്യു, എ.എം. ഹനീഫ, കെ. ബാവ, എം.കെ. വിജയൻ, കെ.എച്ച്. സലീം, കെ.വി. ജോയ്, കെ. നാസിർ, വി. പ്രസാദ്, പി.ടി. ഏലിയാസ്, പി.എസ്. ജോസ് കുട്ടി, കെ. റഫീഖ്, കെ. ഷിബു, എ. സലീം എന്നിവർ പ്രസംഗിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി വിദ്യാർഥികൾ
കൽപ്പറ്റ: പാഷൻഫ്രൂട്ട് വിൽപന ചെയ്ത് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വിദ്യാർഥികൾ. മേപ്പാടി കാപ്പുംക്കൊല്ലി സ്വദേശികളും മേപ്പാടി ഗവ ഹൈസ്കൂളിലെ വിദ്യാർഥികളുമായ മുഹമ്മദ് റാഷിദ്, നിയാസ്, കൽപ്പറ്റ ഗ്രീൻവാലി സ്കൂളിലെ മുഹമ്മദ് റിസാൻ എന്നിവരാണ് കളക്ടറേറ്റിലെത്തി ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്.
തൊട്ടടുത്ത വീടുകളിൽ താമസിക്കുന്ന ഇവർ സ്വരൂപിച്ച തുകയുമായി മേപ്പാടി ഗവ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലെ ചാർജ് ഓഫീസറെ കാണുകയായിരുന്നു. സാധന സാമഗ്രികളാണെങ്കിൽ കൈമാറാമെന്നും അല്ലെങ്കിൽ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് നേരിട്ടു നൽകാമെന്ന് വിദ്യാർഥികളെ അറിയിച്ചതിനെ തുടർന്ന് കളക്ടറേറ്റിലെത്തിയ കുട്ടികൾ റവന്യു മന്ത്രി കെ. രാജന് തുക കൈമാറിയാണ് മടങ്ങിയത്.
ദുരിതാശ്വാസ നിധി:ചെക്ക് കൈമാറി
കൽപ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മീനങ്ങാടി സർവീസ് സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് മന്ത്രിസഭാ ഉപസമിതി അംഗങ്ങൾക്ക് കൈമാറി. മീനങ്ങാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എസ്. പ്രസാദ്, സെക്രട്ടറി എം.എൻ. മുരളി, ബോർഡ് അംഗം സി. അബ്ദുൾ റഹ്മാൻ, ജോയിന്റ് രജിസ്ട്രാർ അബ്ദുൾ റഷീദ് തിണ്ടുമ്മൽ എന്നിവർ പങ്കെടുത്തു. വയനാട് ലാസ ഐസ്ക്രീം ഡിസ്ട്രിബ്യൂട്ടേഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രിസഭാ ഉപസമിതി അംഗങ്ങൾക്ക് കൈമാറി. ലാസ ഡയറക്ടർ നൈനാൻ വി. മാത്യു, പ്രതിനിധികൾ എം.കെ. റഫീഖ്, എം.കെ. ഷമീർ എന്നിവരാണ് ചെക്ക് കൈമാറിയത്.