ലോകപുകയിലവിരുദ്ധ ദിനാചരണം നടത്തി
1564041
Sunday, June 1, 2025 5:35 AM IST
മഞ്ചേരിയിൽ മാരത്തണ്‍ നടത്തി
മഞ്ചേരി: തിമിർത്തു പെയ്യുന്ന മഴയയെ അവഗണിച്ച് പ്രായം ചെന്നവരടക്കം എഴുപതോളം പേർ പങ്കെടുത്ത മാരത്തണ്‍ ശ്രദ്ധേയമായി. ലോകപുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസും ചുള്ളക്കാട് വാക്കിംഗ് എക്സസൈസ് യോഗ ക്ലബും സംയുക്തമായാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. റണ്‍ എഗൈൻസ്റ്റ് ടുബാക്കോ ആൻഡ് ഡ്രഗ് എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച മാരത്തണ്‍ മഞ്ചേരി ഇന്ത്യൻ മാൾ പരിസരത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷ് ഫ്ളാഗ് ഓഫ് ചെയ്തു.
ക്ലബ് പ്രസിഡന്റ് എം.പി. ഹംസ കുരിക്കൾ, വൈസ് പ്രസിഡന്റ് ഖാലിദ് മഞ്ചേരി, ട്രഷറർ അസ്കർ, കുഞ്ഞുമുഹമ്മദ് കുരിക്കൾ തുറക്കൽ എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ മഞ്ചേരി പോലീസ് ഇൻസ്പെക്ടർ പ്രതാപ്കുമാർ, വിമുക്തി കോ ഓർഡിനേറ്റർ ഗാഥ എന്നിവർ പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ക്ലാസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വിജയൻ, പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനിൽകുമാർ, എം.ടി. ഹരീഷ് ബാബു, ഇർഷാദ്, അതിര, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
റാലിയും പ്രദർശനവും നടത്തി
പെരിന്തൽമണ്ണ: അന്താരാഷ്ട്ര പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ എക്സൈസ്, മെക് 7, വാക്കേഴ്സ് ക്ലബ്, ലഹരി വിരുദ്ധ കൂട്ടായ്മകൾ ചേർന്ന് ’റണ്‍ എഗെയിൻസ്റ്റ് ടുബാക്കോ ആൻഡ് ഡ്രഗ്സ് എന്ന പരിപാടി സംഘടിപ്പിച്ചു.
പെരിന്തൽമണ്ണ ടൗണ്‍ സ്ക്വയറിൽ നിന്നരംഭിച്ച് ടൗണ്‍ ചുറ്റി കോടതിപ്പടിയിൽ അവസാനിപ്പിച്ച ചടങ്ങിന് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപ് ഫ്ളാഗ് ഓഫ് ചെയ്തു. ഡോ. നിലാർ മുഹമ്മദ്, ഡോ. അബ്ദുസലാം, ഡോ. നഹിം, കെ.ടി. ഹംസ, ഷംസു, എക്സൈസ് ഇൻസ്പെക്ടർ എം. യൂനസ് എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.
പെരിന്തൽമണ്ണ: പുകവലി വിരുദ്ധദിനത്തോടനുബന്ധിച്ച് മൗലാന കോളജ് ഓഫ് ഫാർമസി പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. പുകവലിയുടെ ഭവിഷ്യത്തിനെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസി പ്രാക്ടീസ്, എൻഎസ്എസ് യൂണിറ്റ് എന്നിവർ സംയുക്തമായി നടത്തിയ പ്രദർശനത്തിന് ഒന്നാം വർഷ ഡിഫാം വിദ്യാർഥികൾ നേതൃത്വം നൽകി.
മൗലാന ഫാർമസി കോളജ് കാന്പസിൽ സംഘടിപ്പിച്ച പ്രദർശനം പെരിന്തൽമണ്ണ പാലിയേറ്റീവ് കോ ഓർഡിനേറ്റർ കുറ്റീരി മാനുപ്പ ഉദ്ഘാടനം ചെയ്തു. ഫാർമസി കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.പി.പി. നസീഫ് അധ്യക്ഷത വഹിച്ചു. ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ.സി. മുഹാസ്, എൻഎസ്എസ് പ്രോഗ്രാം കണ്‍വീനർ സൂര്യനാരായണൻ, ഡോ. കെ. അബ്ദുൾ വാജിദ്, കെ. റാഷിദ്,ഡോ.ടി.എസ്. കൃഷ്ണേന്ദു, എം.വി. ഷംസീത, കെ.കെ. ആയിശ ഹിബ, കെ.പി. സ്വാതി എന്നിവർ പ്രസംഗിച്ചു.
പുകയില വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തി
മഞ്ചേരി: ലോക പുകയില വിരുദ്ധദിനത്തിന്റെ ഭാഗമായി നഗരസഭ, ഗവണ്മെന്റ് മെഡിക്കൽ കോളജ്, പോലീസ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മെഡിക്കൽ കോളജ് അടക്കമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന പത്തോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ഉത്പന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. പരിശോധനയുടെ ഭാഗമായി മെഡിക്കൽ കോളജിൽ പുകയില വിരുദ്ധ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി തോമസ്, സി. രതീഷ്, റിൽജു മോഹൻ, എസ്ഐ കെ. വിശ്വനാഥൻ, സിവിൽ പോലീസ് ഓഫിസർമാരായ മുഹമ്മദ് ഷാഫി, കൃഷ്ണദാസ്,
രാജേഷ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, പിആർഒ സി. അലിബാപ്പു, ജഐച്ച്ഐമാരായ ഷിനോയ്, രേഷ്മ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾ നശിപ്പിച്ചു.