കടുവാഭീഷണി: മലയോര സംരക്ഷണ സമിതി പ്രതിഷേധ മാർച്ച് നടത്തി
1564037
Sunday, June 1, 2025 5:35 AM IST
കാളികാവ്: കാളികാവ് ബ്ലോക്ക് മലയോര സംരക്ഷണ സമിതി ജനകീയ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. അടക്കാകുണ്ട് റാവുത്തൻകാട്ടിൽ ടാപ്പിംഗ് തൊഴിലാളിയെ അക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ 15 ദിവസമായിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് മലയോര മേഖല സംരക്ഷണ സമിതി പ്രതിഷേധ മാർച്ചും സംഗമവും നടത്തിയത്. കാളികാവ് ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് അങ്ങാടി ബസ് സ്റ്റാൻഡിൽ പ്രതിഷേധ സമ്മേളനത്തോടെ സമാപിച്ചു.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മു ഉദ്ഘാടനം ചെയ്തു. വിവിധ മത, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ അണിനിരന്ന പ്രതിഷേധ സംഗമത്തിൽ കിഫ സംസ്ഥാന സെക്രട്ടറി അഡ്വ.അലക്സ് ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തി. മലയോര സംരക്ഷണ സമിതി ചെയർമാൻ വാടയിൽ സക്കീർ അധ്യക്ഷത വഹിച്ചു.
കാളികാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുബൈദ, കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, ജോജി കെ. അലക്സ്, ജോഷി റാത്തപിള്ളി, റഷീദ് കാരയിൽ, സാജിത, അടക്കാകുണ്ട് സെന്റ് ജോർജ് പള്ളി വികാരി ഫാ. നിർമൽ, ഫാറൂഖ് വാഫി, എസ്.കെ. ശശികുമാർ, ശൈലേഷ് പട്ടിക്കാടൻ, സിപിഎം ലോക്കൽ സെക്രട്ടറി രാമചന്ദ്രൻ എന്ന കുട്ടൻ, അഷ്റഫ് ദോസ്ത്, കെ.അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.