ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് തിരൂരിൽ സമാപനം
1570726
Friday, June 27, 2025 5:26 AM IST
തിരൂർ: കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് തിരൂരിൽ സമാപനമായി. മേയ് അഞ്ചിന് ആരംഭിച്ച് 13 ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് സന്ദേശയാത്ര തിരൂരിൽ സമാപിച്ചത്. വിദ്യാർഥികളും കായികതാരങ്ങളും കലാപ്രവർത്തകരും ചേർന്ന് നടത്തിയ അന്പ്രല്ല റാലി തിരൂരിന് ആവേശമായി. തിരൂർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച റാലി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു.
കൗമാരക്കാരെയും യുവാക്കളെയും പിടികൂടുന്ന രാസ ലഹരിയെ പൂർണമായി ഇല്ലാതാക്കുക എന്നതായിരുന്നു ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലക്ഷ്യമെന്നും ആവേശോജ്വലമായ സ്വീകരണമാണ് യാത്രയ്ക്ക് സംസ്ഥാനമാകെ ലഭിച്ചതെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞു.
വ്യാപകമായ പരിശോധനയിലൂടെ രാസ ലഹരികൾ കണ്ടെടുത്ത് നശിപ്പിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ വാങ്ങികൊടുത്തു. ലഹരിക്കെതിര് ശക്തമായ പോരാട്ടമാണ് സർക്കാർ നടത്തി വരുന്നത്. ഇതര സംസ്ഥാനങ്ങളിലടക്കം എത്തി ലഹരി മാഫിയയെ പിടികൂടാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പഠനത്തിന്റെ ഭാഗമായ സമ്മർദം ഒഴിവാക്കാൻ കുട്ടികളെ കളിക്കളങ്ങളിലേക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ. വിനോദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫുട്ബോൾ താരം പത്മശ്രീ ഐ.എം. വിജയൻ, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, സംഗീത സംവിധായകൻ ബിജിബാൽ, ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. ചടങ്ങിൽ രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു.