ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യാനെത്തുന്നവരിൽ വൻ വർധന
1443351
Friday, August 9, 2024 5:14 AM IST
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യാൻ എത്തുന്നവരുടെഎണ്ണം ദിനംപ്രതി വർധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജില്ലാ ആശുപത്രിയിൽ 2021 ജൂലൈ 14നാണ് ഡയാലിസിസ് പ്ലാന്റ് തുടങ്ങിയത്.
2024 ജൂലൈ ആയപ്പോഴേക്കും 12,187 പേർ ഡയാലിസിസിനായി ആശുപത്രിയിൽ വന്നുകഴിഞ്ഞു. രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നിലവിൽ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിച്ചുവരുന്നത്. മൂന്നാമത്തെ ഷിഫ്റ്റിലേക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് ഇതിനകം ആയിക്കഴിഞ്ഞു.
എന്നാൽ ഫ്ലൂയിന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചാൽ മാത്രമേ മൂന്നാമത്തെ ഷിഫ്റ്റ് ആശുപത്രിയിൽ തുടങ്ങുവാൻ സാധിക്കുകയുള്ളൂ. ഇതിനായി ജില്ലാ പഞ്ചായത്ത് ഐആർഡിസിയെ ചുമതലപ്പെടുത്തി ഡിപിആർ തയാറാക്കി കഴിഞ്ഞു. ഡിപിആർ പ്രകാരം 30 ലക്ഷം രൂപ ഇടിപി 2024-25 പ്രോജക്ടിൽ വിഭാവനം ചെയ്തിട്ടുണ്ട്.
താമസിയാതെ ഡിപിസി കഴിഞ്ഞാൽ ഓർഡർ കൊടുക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ് പറഞ്ഞു. മൂന്നുമാസത്തിനുള്ളിൽ ഫ്ലൂയിന്റ് ട്രീറ്റ്മെൻറ് സാധ്യമാകുന്നതോടെ തൊട്ടടുത്തുതന്നെ മൂന്നാമത്തെ ഷിഫ്റ്റ് ഡയാലിസിസ് ആരംഭിക്കുവാൻ സാധിക്കും. ഒരു ഷിഫ്റ്റിൽ എട്ടു പേരെന്ന നിലക്ക് 16 പേർക്കാണ് സേവനം കൊടുത്തുവരുന്നത്.
കീമോയുടെ കാര്യത്തിലും കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ 2023 ജനുവരി മുതൽ ഡിസംബർ വരെ 1,161 പേരെയും 2024 ജൂൺ വരെ 546 പേരെയും കീമോ ചെയ്തു കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി എച്ച്എംസി യോഗത്തിൽ പറഞ്ഞു.