കാഞ്ഞിരപ്പുഴ വറ്റിവരണ്ടു ; 100 ലേറെ കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ
1280374
Thursday, March 23, 2023 11:51 PM IST
നിലന്പൂർ: കാഞ്ഞിരപുഴ വറ്റിവരണ്ടു, 100 ലേറെ കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ.ചാലിയാർ പഞ്ചായത്തിലെ പ്രധാന ജലത്രോതസുകളാണ് കുറുവൻപുഴയും കാഞ്ഞിരപുഴയും. 2018ലെയും 2019ലെയും പ്രളയത്തിൽ നിറഞ്ഞൊഴുകിയ കാഞ്ഞിരപ്പുഴയാണ് വറ്റിവരണ്ട് ഒരുതുള്ളി വെള്ളം പോലുമില്ലാതെ കിടക്കുന്നത്.
ഇതോടെ നന്പൂരിപ്പൊട്ടി പീപ്പിൾ വില്ലേജിലെ 12 കുടുംബങ്ങൾ ഉൾപ്പെടെ 100 ലേറെ കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
വരണ്ടു കിടക്കുന്ന പുഴയിൽ ചെറിയ കുഴികൾ ഉണ്ടാക്കി അതിൽ നിന്നും കിട്ടുന്ന വെള്ളമാണ് കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത്. വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് 72 കാരിയായ ആമിന പറയുന്നു. കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതിനാൽ കുട്ടികൾക്ക് ഉൾപ്പടെ ത്വക്ക് രോഗങ്ങൾ ഉണ്ടാകുന്നതായും ഇവർ പറഞ്ഞു.
മാർച്ച് അവസാനത്തോടെ പുഴ വറ്റിവരണ്ടതിനാൽ കിണറുകളിലും വെള്ളമില്ലാത്ത അവസ്ഥയാണ്.
വേനൽ മുന്നിൽ കണ്ട് പുഴയിൽ തടയണ നിർമിക്കാൻ വനംവകുപ്പ് തയാറാവാതിരുന്നതും ജലക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്.
ആഡ്യൻപാറ മുതൽ മൈലാടി വരെയുള്ള ആറു കിലോമീറ്ററോളം ദൂരത്തെ ജനങ്ങളുടെ ഏക ആശ്രയമാണ് കാഞ്ഞിരപ്പുഴ.
കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ജനം വലയുന്പോഴും ആഡ്യൻപാറ ചെറുകിട ജലവൈദ്യുതി പദ്ധതിയിൽ വൈദ്യുതി ഉത്പാദത്തിന് ജലം തടഞ്ഞു നിർത്തുന്നതാണ് പുഴ വറ്റിവരളാൻ കാരണമെന്ന് പീപ്പിൾ വില്ലേജിലെ കുടുംബങ്ങൾ പറയുന്നു.