ഹൈറേഞ്ചിലെ ഒറ്റമൂലി (കഥ)
ഹൈ റേഞ്ചിൽ നിന്നും നഗരത്തിലെത്തിയ ആദ്യം അപ്പുവിനെ കോളേജിലുള്ള കൂട്ടുകാർ നല്ലതു പോലെ കളിയാക്കിയിരുന്നു...
തിരിച്ചു പോകുമ്പോൾ വള്ളിയെ തൂങ്ങിയാണോ പോകുന്നത് ....'
" ഒരുപാട് ദൂരം നടന്നു വേണമല്ലേ വീട്ടിലേക്കു പോകുവാൻ ..വണ്ടിയും വഴിയും ഒന്നുമില്ലായിരിക്കുമല്ലോ ല്ലേ ...' അടുത്തയാളുടെ സംശയം.
അപ്പു വിട്ടു കൊടുത്തില്ല.
"രണ്ടു ദിവസമെടുക്കും....
ആദ്യം കാളവണ്ടിയിൽ പോകും , പിന്നെ ഉൾവഴിയിലൂടെ ഒരുപാട് ദൂരം നടന്ന്.....'
ആദ്യം കെ എഫ് സി യും മറ്റും ഓർഡർ ചെയ്തു വരുത്തി കഴിച്ചപ്പോഴും അപ്പുവിനെ അവർ കളിയാക്കിയിരുന്നു...
" കാട്ടു ജാതി...' എന്ന്…
പിന്നീട് "ചടയൻ അപ്പു' എന്നായി
കാരണം ഉണ്ട് .....
നഗരത്തിലുള്ളവർ വിചാരിച്ചിരുന്നത് ഹൈറേഞ്ചിലെല്ലാം എവിടെ തെരഞ്ഞാലും കള്ളും കഞ്ചാവുമാണെന്നാണ്....
" എടാ നീല ചെടയൻ കിട്ടുവോടാ ...'
"പിന്നെ , ഞങ്ങൾ ഹൈറേഞ്ച് കാർ അതല്ലേ കൃഷി ചെയ്യുന്നത് ..'
ജീവിതത്തിൽ കഞ്ചാവ് ചെടി ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത
അപ്പു പറഞ്ഞത് കേട്ട് മറ്റുള്ളവർ വിശ്വസിച്ചു .
പിന്നീട് അവരുടെ നല്ല സുഹൃത്തായി അവൻ പെട്ടെന്ന് മാറുകയായിരുന്നു.
അധികം വൈകാതെ ഒരു കാര്യം അപ്പു ശ്രദ്ധിച്ചു.
ഇടയ്ക്കിടെ കൂട്ടുകാരിൽ പലരും കോളേജിൽ ആബ്സെൻസ് ആകുന്നു ...കാരണം സുഖമില്ലായ്മ തന്നെ...
സതീഷിനു വയറിനു സുഖമില്ലെങ്കിൽ മാത്യുവിന് പനിയായിരിക്കും.
ജിമ്മിന് സ്ഥിരമായി പോകുന്ന റഷീദിനാകട്ടെ തലവേദന യായിരിക്കും വില്ലൻ.....
ഹോസ്റ്റലിൽ ഭക്ഷണം ഒരു മാതിരിയും....പിന്നെ റസ്റ്റോറന്റുകൾ തന്നെ
പലപ്പോഴും ശരണം .....
ഇപ്പോൾ സ്ഥിരമായിരിക്കുന്നു....
അടുത്തിടയുണ്ടാകുന്ന കൂട്ടുകാർക്കുണ്ടാകുന്ന അസുഖങ്ങൾക്ക് ഹൈ റേഞ്ച് കാർക്ക് ഒരു ഒറ്റമൂലിയുണ്ടെന്ന് അവൻ പറഞ്ഞപ്പോൾ അവർ അവന്റെ പിന്നാലെയായി ...
വിശേഷപ്പെട്ട ആ ഒറ്റമൂലിയുടെ കൂട്ട് അവൻ അവരോട് വിവരിച്ചു
" തലേ ദിവസം വേവിച്ച ചോറ്, വെള്ളമൊഴിച്ചിടുക,അത് ഒരു പ്ലേറ്റ്
അതിന്റെ കൂടെ കപ്പ മേടിച്ചു നന്നായി കുഴച്ചു പുഴുങ്ങി ..അത് ഒരു പ്ലേറ്റ് , ഒപ്പം പറമ്പിൽ നിന്നും മാത്രം എടുക്കുന്ന രണ്ടു പച്ചക്കാന്താരിയും, പിന്നെ കട്ട തൈര് രണ്ട് കപ്പ്, …….
രാവിലെ കിട്ടുന്ന മീൻ കറിവെച്ചത് ഒരു പ്ലേ റ്റ് ' വൈകിട്ട് വെച്ചതിന്റെ ബാക്കി ഉള്ള അവിയലോ മോര് കറിയോ മറ്റോ ഉണ്ടെങ്കിൽ നന്ന് , എല്ലാം കൂടി കുഴച്ചു ആവശ്യത്തിന് ഉപ്പും ചേർത്ത് കഴിക്കുക ……
....പക്ഷെ ഒരു കാര്യം ഓർക്കുക ...ഇതെല്ലം വീട്ടിൽ ഉണ്ടാക്കിയതാവണം .. പിന്നെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാനും പാടില്ല .'
അതിശയം ഒറ്റമൂലി ഫലം കണ്ടിരിക്കുന്നു....!!!!
ഇപ്പൊ അപ്പുവിന്റെ കൂട്ടുകാർക്ക് ഒരസുഖവുമില്ലത്രേ .......
ഒപ്പം പൂർണ്ണ ആരോഗ്യവും ....
"ഹൈ റേഞ്ച്" കാരുടെ ഒറ്റമൂലിയുടെ പേര് പറഞ്ഞില്ലല്ലോ ....
"പഴംകഞ്ഞിയും കപ്പപ്പുഴുക്കും '
പൂന്തോട്ടത്ത് വിനയകുമാർ