എന്നാൽ, മണ്ണറിഞ്ഞു ജാതികൃഷി ചെയ്യണമെന്നുമാത്രം. മാതൃവൃക്ഷത്തിന്റെ മികവ് കണ്ടു മനസിലാക്കിയശേഷം മാത്രമേ തൈകൾ തെരഞ്ഞെടുക്കാവൂവെന്നും സെബാസ്റ്റ്യൻ പറഞ്ഞു. രണ്ടടി ഉയരമുള്ള നല്ല തൈകൾ നട്ടശേഷം മികച്ച പരിചരണം നൽകിയാൽ മൂന്നാം വർഷം ജാതി പൂവിട്ടു തുടങ്ങും. അഞ്ചാം വർഷം മുതൽ ഒരു മരത്തിൽനിന്നു കുറഞ്ഞത് 500 കായ് ലഭിക്കും.
കന്പോളത്തിൽനിന്നു വാങ്ങുന്ന വളങ്ങളൊന്നും ജാതിക്ക് നൽകേണ്ടതില്ല. നാടൻപശുവിന്റെ ചാണകം ചേർത്ത ജൈവവളം നൽകിയാൽ കൂടുതൽ വിളവ് ലഭിക്കും. നനയ്ക്കാൻ സൗകര്യമുണ്ടായിരിക്കണമെന്നു മാത്രം.
വാഴകൃഷി സെബാസ്റ്റ്യന്റെ നല്ലൊരു വരുമാന മാർഗമാണ്. രണ്ടു രീതിയിലാണ് വാഴകൃഷി. ഒരു സ്ഥലത്തെ കുലകൾ വെട്ടി തുടങ്ങുന്പോഴേക്കും മറ്റൊരു സ്ഥലത്ത് വാഴകൾ കുലച്ചു തുടങ്ങും. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ പരമാവധി പുരയിടത്തിൽതന്നെ കൃഷി ചെയ്തെടുക്കുകയാണ്. ജൈവ രീതിയിലാണ് കൃഷി.
തനിയെ കൃഷിപ്പണികൾ ചെയ്യുന്നതാണു സെബാസ്റ്റ്യന്റെ രീതി. എന്നാൽ, അധിക ജോലിയുള്ളപ്പോൾ പുറത്തുനിന്ന് ആളുകളെ വിളിക്കും. രാവിലെ കൃഷിയിടത്തിലെത്തി ഓരോ ചെടികളെയും തഴുകി തലോടി നടക്കുന്നതു തന്നെ വലിയ ഊർജമാണ് സമ്മാനിക്കുന്നതെന്ന് സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.