ഒരിക്കല്‍ നട്ടാല്‍ എട്ടു തവണ വിളവെടുക്കാം
ഒരിക്കല്‍ നട്ടാല്‍ എട്ടു തവണ വിളവെടുക്കാം
Thursday, March 23, 2023 7:51 PM IST
നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നെല്‍കര്‍ഷകരുടെ പ്രതീക്ഷകള്‍ സഫലമാക്കി ബഹുവര്‍ഷ നെല്ലിന്‍റെ മൂന്നിനങ്ങള്‍ ചൈനീസ് ഗവേഷകര്‍ പുറത്തിറക്കി. രാജ്യാന്തര ഗവേഷക സംഘത്തിന്റെ സഹകരണത്തോടെയാണു ദക്ഷിണ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ കാര്‍ഷിക ശാസ്ത്രജ്ഞര്‍ ബഹുവര്‍ഷ നെല്ലിനങ്ങള്‍ പുറത്തിറക്കിയത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തില്‍ സുസ്ഥിര നെല്‍കൃഷിക്കു വലിയ സംഭാവനയാണ് ചൈനയുടെ ഈ കണ്ടുപിടുത്തം. മൂന്നു പുതിയ ബഹുവര്‍ഷ നെല്ലിനങ്ങളും വ്യാപകമായി കൃഷി ചെയ്യാന്‍ ചൈനയിലെ നെല്‍കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരിനത്തിന്റെ വിത്ത് ഉഗാണ്ടയിലെ കര്‍ഷകര്‍ക്കും നല്‍കി. ഇതിനു പുറമെ ലാവോസ്, ബംഗ്ലാദേശ്, മ്യാന്‍മാര്‍, തായ്‌ലന്‍ഡ്, കമ്പോഡിയ, വിയറ്റ്‌നാം, ഇറാന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളിലും ചൈനയുടെ സഹായത്തോടെ ബഹുവര്‍ഷ നെല്ലിനങ്ങളുടെ കൃഷി തുടങ്ങിയിട്ടുണ്ട്.

ബഹുവര്‍ഷ നെല്ലിനങ്ങളില്‍ ഏറ്റവും വിജയകരം 2018ല്‍ പുറത്തിറക്കിയ പിആര്‍ 23 എന്ന ഇനമാണ്. 2020ല്‍ പി ആര്‍ 25 (ചൈനയില്‍ യുണ്ട 25) എന്ന രണ്ടാമത്തെ ഇനവും പി ആര്‍ 107 (ചൈനയില്‍ യുണ്ട 107) എന്ന മൂന്നാമത്തെ ഇനവും ചൈന പുറത്തിറക്കി. പി ആര്‍ 107 എന്ന ബഹുവര്‍ഷ നെല്ലിനമാണ് നാറോ റൈസ് 107 എന്ന പേരില്‍ ചൈന ഉഗാണ്ടയിലെ നെല്‍കര്‍ഷകര്‍ക്കു നല്‍കിയിരിക്കുന്നത്.

ഇതിനു പുറമെ വിവിധ കര്‍ഷിക കാലാവസ്ഥാ മേഖലകള്‍ക്ക് അനുയോജ്യമായ നിരവധി ബഹുവര്‍ഷ നെല്ലിനങ്ങള്‍ ചൈനീസ് കാര്‍ഷിക ഗവേഷകരുടെ പരീക്ഷണത്തിലുണ്ട്. 2018 പുറത്തിറക്കിയ പി ആര്‍ 25 എന്ന നെല്ലിനത്തിന്റെ പരീക്ഷണ വിവര ങ്ങളാണ് ഇപ്പോള്‍ ചൈനീസ് ഗവേ ഷകര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദക്ഷിണ ചൈനയിലെ യുന്നാന്‍ പ്രവിശ്യയില്‍ 2021ല്‍ അര ലക്ഷ ഓളം ചെറുകിട നെല്‍ കര്‍ഷകര്‍ 15000 ത്തോളം ഹെക്ടര്‍ സ്ഥലത്ത് പി ആര്‍ 23 കൃഷി ചെയ്തു.

1990കളുടെ ആരംഭത്തില്‍ ഫിലി പ്പീന്‍സിലെ മാനില അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രം കരനെല്ലില്‍ ബഹുവര്‍ഷ ഇനങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഫണ്ടിന്റെ കുറവു കാരണം 2001ല്‍ ഈ ഗവേഷണം അവസാനിപ്പിക്കുകയായിരുന്നു. ബഹുവര്‍ഷ നെല്ലിനങ്ങള്‍ വികസിപ്പി ക്കാനുള്ള ചൈനീസ് ഗവേഷണത്തിന് രണ്ടു പതിറ്റാണ്ടിലേറെ പഴക്ക മുണ്ട്.1999 ലാണ് യുന്നാന്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ ഫെന്‍ജി ഹു, ഡായുന്‍ താവോ എന്നീ കൃഷി ശാസ്ത്രജ്ഞരുടെ നേതൃത്വ ത്തില്‍ ബഹുവര്‍ഷ നെല്ലിനങ്ങള്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തിന് തുടക്കമിട്ടത്.

അമേരിക്കയിലെ ഇല്ലി നോയിസ് യൂണിവേഴ്‌സിറ്റിയിലെ എറിക് സാക്ക്‌സും ഗവേഷണത്തില്‍ പങ്കാളിയായി. ഈ വിഷയത്തില്‍ ഗവേഷണ പരിചയമുള്ള മാനില അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്ര ത്തിന്റെ സാങ്കേതിക സഹായവും ഈ സംഘത്തിനുണ്ടായിരുന്നു. പിന്നീട് ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയും ചൈനയിലെ യുന്നാന്‍ യൂണിവേഴ്‌സിറ്റിയും ഇവരോ ടൊപ്പം ചേര്‍ന്നു.

കാര്‍ഷിക ഗവേഷണത്തില്‍ ബഹു രാഷ്ട്ര കുത്തകള്‍ ഉള്‍പ്പെടെ ഏതു രാജ്യാന്തര ഏജന്‍സിയുടെയും സഹ കരണം ഉറപ്പാക്കുന്നതില്‍ ചൈനയ്ക്ക് ആശയപരമായ യാതൊരു പ്രതിബന്ധ ങ്ങളുമില്ല. 2007ല്‍ അമേരിക്കയിലെ കന്‍സാസിലെ ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ബഹുവര്‍ഷ നെല്ല് ഗവേഷണത്തിന് ചൈനയ്ക്ക് സ്റ്റാര്‍ട്ട് അപ് ഫണ്ടും സാങ്കേതിക സഹായവും അനുവദിച്ചു.

നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ വിളകളില്‍ 'പാരിസ്ഥിതിക ഊര്‍ജിത വത്കരണം' എന്ന രീതിയിലൂടെ ബഹുവര്‍ഷ ഇനങ്ങള്‍ വികസിപ്പിക്കാന്‍ ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപ നമാണ് ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്. 2008 മുതല്‍ ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ ചൈനയിലെത്തി ഗവേഷ ണത്തിന് മാര്‍ഗനിര്‍ദേശം നല്‍കിത്തു ടങ്ങി. ചൈന, ലാവോസ് എന്നിവിട ങ്ങളില്‍ നടത്തിയ വിള പരീക്ഷണ ങ്ങള്‍ക്കു ശേഷം 2018ല്‍ ആദ്യത്തെ ബഹുവര്‍ഷ നെല്ലിനം പി ആര്‍ 23 പുറത്തിറക്കാന്‍ ചൈനീസ് ഗവ ണ്മെന്റ് അനുമതി നല്‍കി.

നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്ന ഒറൈസ സറ്റൈവ എന്ന ഏഷ്യന്‍ സ്പീഷീസും ആഫ്രിക്കയില്‍ കണ്ടു വരുന്ന ഒറൈസ ലോന്‍ജിസ്റ്റാമിനേറ്റ എന്ന ബഹുവര്‍ഷ സ്പീഷിസും തമ്മിലുള്ള സങ്കരണത്തിലൂടെയാണ് പി ആര്‍ 23 വികസിപ്പിച്ചെടുത്തത്.




സങ്കരണത്തിന് തായ്‌ലന്‍ഡല്‍ നിന്നു ള്ള ഏഷ്യന്‍ നെല്ലിനം ആര്‍ഡി 23 മാതൃ നിരയായും നൈജീരിയയില്‍ നിന്നുള്ള ആഫ്രിക്കന്‍ ഇനം പിതൃ നിരയായും ഗവേഷകര്‍ ഉപയോഗിച്ചു. ആഴത്തിലും വ്യാപ്തിയിലും വേരു പടലങ്ങളുള്ളതാണ് ആഫ്രിക്കന്‍ നെല്ലിനം. രണ്ടു സ്പീഷിസുകള്‍ തമ്മിലുള്ള ഈ സങ്കരണത്തിലൂടെ യുണ്ടാകുന്ന ഭ്രൂണം വികസിച്ചു വിത്താകില്ലെന്നതായിരുന്നു ഗവേഷകര്‍ നേരിട്ട വെല്ലുവിളി.


'എംബ്രിയോ റെസ്‌ക്യൂ' എന്ന ടിഷ്യു കള്‍ച്ചര്‍ സാങ്കേതിക വിദ്യയി ലൂടെ ഈ പരിമിതി മറികടന്നു. പല ഘട്ടങ്ങളിലുള്ള സങ്കരണത്തിനും നിര്‍ധാരണത്തിനും ശേഷം ആഫ്രി ക്കന്‍ നെല്ലിന്റെ ശക്തമായ വേരുപടല ങ്ങളും ഏഷ്യന്‍ ഇനത്തിന്റെ കതിര്‍ക്കു ലകളുമുള്ള ബഹുവര്‍ഷ നെല്ലിനം വികസിപ്പിക്കുന്നതില്‍ ചൈനീസ് ഗവേഷകര്‍ വിജയിച്ചു.

പതിനായിരത്തോളം വര്‍ഷങ്ങള്‍ ക്കുമുമ്പ് നെല്‍കൃഷി തുടങ്ങിയതു മുതല്‍ ഒരു വിതയും ഒരു കൊയ്ത്തും എന്നതായിരുന്നു പതിവ്. എന്നാല്‍ ബഹുവര്‍ഷ നെല്ല് കൃഷി ചെയ്യുമ്പോള്‍ ഒരിക്കല്‍ നട്ടാല്‍ എട്ടു തവണ തുടര്‍ച്ച യായി വിളവെടുക്കാം.

വര്‍ഷം രണ്ടു തവണ വീതം നാലു വര്‍ഷത്തേക്ക് സാധാരണ നെല്ലു പോലെ കൊയ് തെടുക്കാം. അഞ്ചാം വര്‍ഷം മുതല്‍ വിളവു കുറയുമെന്നതിനാല്‍ വീണ്ടും നടേണ്ടി വരും. എട്ടുതവണ വിളവെടു ത്താലും ഉത്പാദനം സാധാരണ നെല്ലിനങ്ങളെക്കാള്‍ അല്പം കൂടി കൂടുതലായിരിക്കും. പി ആര്‍ 23 എന്ന ബഹുവര്‍ഷ നെല്ലിന് നാലു വര്‍ഷം എട്ട് കൊയ്ത്തുകളിലായി ഓരോ തവണയും ഹെക്ടറിന് ശരാശരി 6.8 ടണ്‍ വിളവ് ലഭിച്ചു.

താരതമ്യ പഠന ത്തില്‍ ഉള്‍പ്പെടുത്തിയ സാധാരണ നെല്ലിനങ്ങളുടെ ശരാശരി വിളവ് ഹെക്ടറിന് 6.7 ടണ്ണായിരുന്നു. കാര്‍ഷിക കാലാവസ്ഥാ മേഖലയും സാഹചര്യ വുമനുസരിച്ച് കര്‍ഷകര്‍ക്ക് സാധാരണ നെല്ലിനെക്കാള്‍ 17 മുതല്‍ 161 ശത മാനം വരെ അധികം ലാഭവും കിട്ടി.

ലോകത്ത് മറ്റെല്ലായിടത്തും എന്നതു പോലെ ചൈനയിലും യുവാക്കള്‍ കൃഷിയില്‍ നിന്നും പിന്തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. ബഹുവര്‍ഷ നെല്ലു പോലുള്ള കണ്ടുപിടുത്തങ്ങള്‍ നിലവിലുള്ള കര്‍ഷകരുടെ ജോലി ഭാരം കുറയ്ക്കുമെന്നാണു ചൈനീസ് ഗവേഷകരുടെ പ്രതീക്ഷ. ബഹുവര്‍ഷ നെല്ല് ഉത്പാദനച്ചെലവും തൊഴിലാളി കളുടെ ആവശ്യവും കുറയ്ക്കും.

നടുന്ന ആദ്യ സീസണില്‍ ബഹുവര്‍ഷ നെല്ലിന്റെയും സാധാരണ നെല്ലി ന്റെയും കൃഷിച്ചെലവ് ഏകദേശം ഒരു പോലെ ആയിരിക്കും. എന്നാല്‍ രണ്ടാ മത്തെ സീസണ്‍ മുതല്‍ ഉഴവ്, വിത്ത്, വളം തുടങ്ങിയവയുടെ ചെലവ് ബഹുവര്‍ഷ നെല്ലിന് കുറവായിരിക്കും. ബഹുവര്‍ഷ നെല്ലിന്റെ രണ്ടാമത്തെ പുനര്‍ വളര്‍ച്ചാ ഘട്ടം മുതല്‍ തൊഴി ലാളികളുടെ ചെലവില്‍ 58 ശതമാനവും വിത്ത്, വളം തുടങ്ങിയ വയുടെ ചെലവില്‍ 49.1 ശതമാനവും കണ്ട് കുറവുണ്ടാകുമെന്നാണ് പഠന ങ്ങള്‍ വ്യക്തമാക്കുന്നത്.

സുസ്ഥിര കൃഷിക്കും പാരിസ്ഥി തിക സേവനങ്ങള്‍ക്കും സാധാരണ നെല്ലിനങ്ങളെക്കാള്‍ വലിയ സംഭാവന ബഹുവര്‍ഷ നെല്ലിനങ്ങള്‍ നല്‍കു മെന്നു ചൈനീസ് കൃഷി ശാസ്ത്ര ജ്ഞര്‍ പറയുന്നു. ഓരോ സീസണിലും നിലം ഉഴുത് തയാറാക്കേണ്ടതില്ല.

പാടങ്ങള്‍ക്കു ചുറ്റുമുള്ള സസ്യങ്ങള്‍ എപ്പോഴും നശിപ്പിക്കേണ്ട. ഓരോ വിളവെടുപ്പിനുശേഷവും പാടം തരിശിടേണ്ടതില്ലാത്തതിനാല്‍ മണ്ണൊലിപ്പും മറ്റ് ശല്യങ്ങളും ഉണ്ടാ കില്ല. ബഹുവര്‍ഷ നെല്ല് വളരുന്ന നാലു വര്‍ഷം കൊണ്ട് മണ്ണില്‍ 0.95 ടണ്‍ ജൈവ കാര്‍ബണും 0.11 ടണ്‍ നൈട്രജനും അധികമായി കൂട്ടിച്ചേര്‍ ക്കപ്പെടും. മണ്ണിന്റെ പിഎച്ച് നെല്ലിന് അനുകൂലമായി മാറും, മണ്ണിന്റെ ഘടനയിലും സൂക്ഷ്മാണുക്കളുടെ സാന്നിധ്യത്തിലും മാറ്റമുണ്ടാകും. മണ്ണില്‍ നെല്‍ച്ചെടിക്ക് ലഭ്യമാകുന്ന വെള്ളത്തിന്റെ അളവിലും വര്‍ധന വുണ്ടാകും.

സാധാരണ ഉഷ്ണ മേഖലാ കാലാ വസ്ഥയില്‍ മാത്രമാണ് പി ആര്‍ 23 മികച്ച വിളവ് നല്‍കുന്നത്. കൊടും തണുപ്പും കടുത്ത ചൂടും താങ്ങുകയില്ല. ജലസേചന സൗകര്യമുള്ള പാടങ്ങ ളിലായിരിക്കണം ഇതിന്റെ കൃഷി.കര നെല്‍കൃഷിക്ക് യോജിച്ചതല്ല.

വരള്‍ച്ച യോടും കീട രോഗങ്ങളോടും പ്രതിരോധ ശേഷിയില്ല. കളനാശിനികള്‍ ഒന്നു രണ്ടു തവണ കൂടുതല്‍ തളിക്കേണ്ടി വരും. നാലു വര്‍ഷത്തോളം നില്‍ക്കു ന്നതിനാല്‍ കീടങ്ങളും രോഗങ്ങളും വര്‍ധിക്കാനുള്ള സാധ്യതയും കൂടു തലാണ്. ബഹുവര്‍ഷ നെല്ലിനങ്ങളുടെ ഈ പരിമിതികളെ ജീന്‍ എഡിറ്റിംഗ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേ തിക വിദ്യകളിലൂടെ മറികടക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ഗവേഷകര്‍.

ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പുറത്തിറക്കിയ ആദ്യ ബഹുവര്‍ഷ നെല്ലിനമാണ് പി ആര്‍ 23. കര്‍ഷകര്‍ക്കു ശുപാര്‍ശ ചെയ്തിട്ടുള്ള നെല്ലിനങ്ങളുടെ പട്ടികയിലും ചൈനീസ് കൃഷി വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2021 ല്‍ യുന്നാന്‍ പ്രവിശ്യയിലെ നവീന സാങ്കേതിക വിദ്യകളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതും ബഹുവര്‍ഷ നെല്ലിനമാണ്. കാര്‍ഷിക ഗവേഷണ മേഖലയില്‍ രാജ്യാന്തര സഹകരണ ത്തിന്റെ വിജയത്തിന്റെ ഉത്തമ ഉദാ ഹരണം കൂടിയാണ് ഈ കണ്ടു പിടുത്തം.
ഫോണ്‍: 9387100119

ഡോ. ജോസ് ജോസഫ്
മുന്‍ പ്രഫസര്‍ & ഹെഡ്, വിജ്ഞാനവ്യാപന വിഭാഗം
കേരള കാര്‍ഷിക സര്‍വകലാശാല