ചെറുതല്ല, തായണ്ണന്‍കുടിക്ക് ചെറുധാന്യകൃഷി
ചെറുതല്ല, തായണ്ണന്‍കുടിക്ക്  ചെറുധാന്യകൃഷി
Tuesday, February 14, 2023 6:28 PM IST
ഇടുക്കി ജില്ലയുടെ വടക്കേ അറ്റത്ത് ചിന്നാര്‍ വന്യജീവി സങ്കേത ത്തിനുള്ളില്‍ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന തായണ്ണന്‍കുടി ചെറു ധാന്യങ്ങളുടെ കലവറയാണ്. ചിന്നാര്‍ പുഴയോരത്ത് തമിഴ്‌നാട്ടിലെ തൊണ്ടി മലയ്ക്കും കേരളത്തിലെ വണ്ട് മലയ്ക്കും വെള്ളക്കല്ല് മലയ്ക്കും ഇടയിലുള്ള ആദിവാസി ഊരാണ് തായണ്ണന്‍കുടി.

സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശത്ത് രണ്ടു മൂന്നു പതിറ്റാണ്ട് മുമ്പു വരെ റാഗി, തിന, ചോളം, ചാമ തുടങ്ങിയവയായിരുന്നു പ്രധാന കൃഷി. ഇവിടെയെത്താന്‍ ചിന്നാറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ വനത്തി ലൂടെ സഞ്ചരിക്കണം.

വനം വകുപ്പ് ഒരുക്കിയ പുനര്‍ജീവനം പദ്ധതിയിലൂടെയാണു ഊര് നിവാസികള്‍ പരമ്പരാഗത വിത്തിനങ്ങള്‍ ശേഖരിച്ചതും കൃഷി ചെയ്യുന്നതും. മറയൂര്‍ ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും തമിഴ്‌നാട് വനം വകുപ്പും പദ്ധതിയോട് ഏറെ സഹകരിച്ചു.

വിളവിലും രുചിയിലും തികച്ചും വ്യത്യസ്തമായ ആറിനം റാഗികളും പത്തിനം ചീരകളും അഞ്ച് തരം ബീന്‍സുമാണ് ആദ്യഘട്ടത്തില്‍ വീണ്ടെടുത്തു കൃഷിയിറക്കിത്. വെള്ള റാഗി, മട്ടതേങ്ങന്‍ റാഗി, വെള്ളക്കിനി, പാലക്കിനി, മുട്ടി റാഗി, റൊട്ടി റാഗി, പച്ചമുട്ടി റാഗി, ചോലകമ്പിളി റാഗി, അരക്കനാച്ചി റാഗി, കറുപ്പ് റാഗി, കാടമ്പാറ റാഗി, മീന്‍ കണ്ണി, പൂവന്‍ റാഗി, കരിമുട്ടി റാഗി, നീലക്കണ്ണി റാഗി തിന, ചാമ, കുതിരവാലി, പുല്ലു തിന, കമ്പന് തിന, മുളിയന്‍ തിന, പുല്ലു ചാമ, വെള്ളതിന, കരുവരഗ, വെള്ളവരക് തുടങ്ങിയവയും പിന്നീട് കൃഷി ചെയ്തു.

ഇതിനോടകം 38 ഇനം വിത്തുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഊരിലെ കാണി ചന്ദ്രന്‍ പറഞ്ഞു. പച്ചമുട്ടി, പൂവന്റാഗി, കരിമുട്ടി, തൊങ്കല്, നീല ക്കണ്ണി, ശിരിഗേപ എന്നിവയാണ് പുതുതായി കണ്ടെത്തിയ വിത്തുകള്‍. കുടങ്ങളിലും മുളങ്കുറ്റിയിലും മച്ചിലി ലുമൊക്കെയായി പൂര്‍വികര്‍ സൂക്ഷിച്ചിരുന്ന വിത്തുകളാണു കണ്ടെടുത്തത്. കൃഷി ചെയ്യാനായി വിത്തുകള്‍ വന ത്തിലെ വിവിധ കുടികളിലേക്കു കൈമാറു കയും ചെയ്യുന്നുണ്ട്. നൂറിനം ചെറുധാന്യങ്ങളുടെയെങ്കിലും വിത്തുകള്‍ കൈമോശം വന്നു പോയി ട്ടുണ്ടെന്നാണു നിഗമനം.

മണ്ണിളക്കി വെറുതെ വിതക്കുന്ന വിത്തുകളെല്ലാം നൂറും അതിലേറെയും മേനി വിളയും. ഒരിക്കലും വറ്റാത്ത ചിന്നാര്‍ പുഴയില്‍ നിന്നാണു കൃഷിക്കാവശ്യമായ വെള്ളമെടുക്കുന്നത്. കൃഷിക്കാവശ്യമായ വൈദ്യുതിയും പുഴയിലെ വെള്ളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു.

നല്ല വളക്കൂറുള്ള കറുത്ത മണ്ണാണിത്. കാലിവളവും ഗോമൂത്രവും മാത്രമാണു കൃഷിക്ക് ഉപയോഗിക്കുന്നത്. മണ്ണിന്റെ ശുദ്ധി നഷ്ടമാവാതിരിക്കാന്‍ നഗ്‌നപാദരായി മാത്രമെ ഇവര്‍ വിളഭൂമിയില്‍ കടക്കുകയുള്ളൂ. മലഞ്ചെരുവുകളില്‍ തട്ടുതട്ടായാണ് കൃഷിയിറക്കുന്നത്. ഓരോ തട്ടിലും ഓരോ ഇനം കൃഷി. കീടങ്ങളോ രോഗങ്ങളോ ചെടികളെ ബാധിക്കാറില്ല. വിളവുകള്‍ ആവശ്യാനുസരണം വീതം വച്ചെടുക്കുന്നതാണ് രീതി. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും കൃഷിയില്‍ സജീവമാണ്.

ഏറെ രൂചികരവും ആരോഗ്യദായകവുമാണ് ഈ വന വിഭവങ്ങള്‍. ചോളം ഉപ്പുമാ, റാഗി അട, തേന്‍, തിന ഉണ്ട, റാഗി ഉപ്പുമാ, ചക്കര കപ്പ, ചോളം, തേന്മാവ് പായസം, മുളയരി കഞ്ഞി, ചമ്മന്തി, മുളക്കൂമ്പ് തോരന്‍, മത്തന്‍ പുഴുക്ക് അങ്ങനെ പോകുന്നു വനവിഭവങ്ങള്‍. ചെമ്പരത്തി ജൂസ്, ചീര തോരന്‍, അത്തിക്കായ് തോരന്‍, ചുണ്ടക്ക വറുത്തത് എന്നിങ്ങനെയും വിഭവങ്ങളുണ്ട്. ചമ്മന്തിയുടെ വകഭേദ ങ്ങള്‍ അതിലേറെ കൗതുകം. ചീര ചമ്മന്തി, നെല്ലിക്ക ചമ്മന്തി, കുടമ്പുളി ചമ്മന്തി, കാന്താരി ചമ്മന്തി.


ചുക്ക് കാപ്പി, മുളയരി കഞ്ഞി, മുള ക്കൂമ്പ് തോരന്‍, വരക് കഞ്ഞി, കമ്പം കൂഴ്, ചീനി വാഴ കിഴങ്ങ്, മലക്കിഴങ്ങ്, ചക്കര വള്ളി കിഴങ്ങ്, ചെറുകിഴങ്ങ്, കപ്പ പായസം, തിന പായസം, മത്തങ്ങ പായസം, റാഗി അട തുടങ്ങി വേറെയും വിഭവങ്ങളുണ്ട്. ഒരു നേരം റാഗിപ്പൊടി കഴിച്ചാല്‍ പിന്നെ ആ ദിവസം വിശ ക്കുക പോലുമില്ല.

പരമ്പരാഗത വിത്തിനങ്ങളും കൃഷി രീതികളും പരിപാലിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ 2018 ലെ പ്ലാന്റ് ജിനോം സേവ്യര്‍ പുരസ്‌കാരം തായണ്ണന്‍ കുടിക്കാണ് കിട്ടിയത്. പ്രശസ്തി പത്രവും പത്ത് ലക്ഷം രൂപയുമടങ്ങുന്നതായിരുന്നു പുരസ്‌കാരം. 2017 ലെ സംസ്ഥാന സര്‍ക്കാരിന്റെ മൂന്നു ലക്ഷം രൂപയുടെ കാര്‍ഷിക അവാര്‍ഡും ലഭിച്ചു. പുരസ്‌കാര തുകയത്രയും കൃഷിവ്യാപനത്തിനായിട്ടാണ് കുടിക്കാര്‍ ഉപയോഗിക്കുന്നത്.

കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ വേലിയായി മുള്‍ ചെടികളും നാരകവും കൃഷിയിടത്തിനു ചുറ്റും നട്ടു വളര്‍ത്തുന്നുണ്ട്. മൃഗങ്ങള്‍ വന്നാല്‍ പന്തം കത്തിച്ചും പാട്ട കൊട്ടിയും ഓടിക്കാന്‍ മലയുടെ എല്ലാ കോണുകളിലും മുള കെട്ടി പുല്ലു മേഞ്ഞ കാവല്‍പ്പുരകളുണ്ട്. ചിന്നാറി ന്റെ ഇക്കോ ഷോപ്പില്‍ കാട്ടു തേന്‍, ചോളപ്പൊടി, റാഗിപ്പൊടി, വിവിധ കാട്ടു വിഭവങ്ങളുടെ അച്ചാറു കള്‍, പുല്‍ ത്തൈലം, ചന്ദനതിരി എന്നിവ വില്‍ ക്കുന്നുണ്ട്.

വര്‍ഷത്തില്‍ രണ്ടു തവണ കൃഷിയിറക്കും. ആദ്യ കൃഷിയില്‍ ചോളം, റാഗി, വരക്, പുല്ലുചാമ, തിന, കപ്പ എന്നിവയും രണ്ടാം വിളയായി നെല്ല്, ബീന്‍സ്, ശീതകാല പച്ചക്കറി കള്‍ എന്നിവയും. മേയില്‍ വിതയ്ക്കുന്ന റാഗി ഒക്ടോബര്‍, നവംബര്‍ മാസങ്ങ ളില്‍ വിളവെടുക്കും. കുടിയിലെ 38 വീടുകളിലുള്ള 50 പുരുഷന്മാരും 53 സ്ത്രീകളുമാണു ചെറുധാന്യകൃഷിയില്‍ സജീവമായുള്ളത്. ഇവര്‍ ക്കൊപ്പം കുട്ടികളും പങ്കാളികളാകുന്നു.

ഉള്‍വനങ്ങളിലെ ആദിവാസി ഊരു കളില്‍ മാത്രം കൃഷിചെയ്തും സംരക്ഷിച്ചും പോരുന്ന ചെറുധാന്യ ങ്ങള്‍ കലാലയങ്ങളിലെ കാമ്പസുകളി ലേക്കും എത്തിക്കാനുള്ള ശ്രമം സജീവമാണ്. ആദിവാസികള്‍ കൃഷി ചെയ്തുപോന്നിരുന്ന റാഗിയും തിനയും ചാമയും വരകും

കലാലയങ്ങളില്‍ വിളിയിക്കുന്നതിനുള്ള പദ്ധതി ഐഎ ച്ച്ആര്‍ ഡിയുടെ കാന്തല്ലൂര്‍ കോളജില്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഒരേക്കര്‍ ഭൂമിയില്‍ വിദ്യാര്‍ഥികള്‍ റാഗിയും തിനയും ചാമയും കൃഷി ചെയ്യുന്നു.
ഫോണ്‍: 9946612802

ജിതേഷ് ചെറുവള്ളില്‍