കണ്ണീര്‍ നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
കണ്ണീര്‍ നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
പാലക്കാട് ജില്ലയിലെ തേനൂര്‍ ഗ്രാമവാസികള്‍ക്കു കൃഷി ജീവനു തുല്യമാണ്. എങ്ങും പച്ചപരവതാനി വിരിച്ച പോലെ ഹരിതാഭമായ കൃഷിയിടങ്ങള്‍. അവിടെയെത്തിയാല്‍ പിന്നെ വേദനയും ദുഃഖവുമൊക്കെ അവര്‍ മറക്കും. നനച്ചും വളമിട്ടും ചെടികളെ തലോടിയും സംസാരിച്ചുമൊക്കെ സമയം പോക്കും. അത്തരമൊരു കര്‍ഷകനാണു തേനൂര്‍ അയ്യര്‍മല മൂട്ടീല്‍തൊടി കുഞ്ചു.

കൂര്‍ക്കയ്ക്കു കളപറിച്ചു വളമിട്ട് മൂടന്ന തിരക്കിലാണ് ബിരുദധാരിയായ ആ യുവകര്‍ഷകന്‍. ആവേശത്തോടെ പണിയെടുക്കുന്ന കുഞ്ചുവിനെക്കണ്ടാല്‍ സന്തോഷവാനായ മനുഷ്യന്‍ എന്നേ തോന്നൂ. എന്നാല്‍, പൊള്ളുന്ന മനസിന് ആശ്വസത്തിന്റെ തണല്‍ നല്‍കാനാണ് കൃഷി.

പന്ത്രണ്ടാം വയസില്‍ കൂലിപ്പണിയിലേക്ക് ഇറങ്ങിയതു ജീവിക്കാനും പഠിക്കാനുമായിരുന്നു. പിന്നീട്, പാട്ടത്തിന് ഭൂമിയെടുത്തു സ്വന്തമായി കൃഷിചെയ്തു. ആദ്യം നെല്ലും പച്ചക്കറികളുമായിരുന്നു. പിന്നാലെ കൂര്‍ക്കക്കൃഷിയും ആരംഭിച്ചു. പഠനത്തിനു ശേഷം കെല്‍ട്രോണില്‍ ജോലി കിട്ടി.

കുടുംബവും കുഞ്ഞുമൊക്കെയായി. എന്നാല്‍, ജോലിത്തിരക്കിനിടയിലും കൃഷിയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. ചെറിയൊരു വീട്ടില്‍ പരിമിതികള്‍ക്കുള്ളില്‍ സന്തോഷകരമായ ജീവിതം. വീടിന് ചുറ്റും അല്പം പച്ചക്കറികളൊക്കെ കൃഷിചെയ്യുന്നുണ്ടെങ്കിലും കുഞ്ചുവിന് അതു പോരെന്നു തോന്നി.

രണ്ട് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു. സീസണനുസിച്ച് നെല്ല്, പച്ചക്കറികള്‍, കൂര്‍ക്ക എന്നിങ്ങനെ മൂന്നു കൃഷി. ഭൂരിഭാഗം പണികളും കുഞ്ചുതന്നെയാണ് ചെയ്യുന്നത്. അവധി ദിവസങ്ങളെല്ലാം കൃഷിക്കായി മാറ്റിവച്ചു. നടീല്‍ സമയത്ത് മാത്രം ആളുകളെ വിളിക്കും. അല്ലലില്ലാത്ത ജീവിതം.

അങ്ങനെയിരിക്കെ, അപ്രതീക്ഷിതമായി മകനു ഗുരുതരമായ രോഗം. 2011 ല്‍ കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി. നല്ലൊരു തുക ചെലവായി. കണ്ണീരിന്റെ നനവ് വീണു വീട് തളര്‍ന്നു. മാരത്തണ്‍ ഓട്ടത്തിലും നടത്തത്തിലും താരമായിരുന്ന ഇദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവന്‍ മകനായി ചെലവിട്ടു. കടവും കയറി. കൃഷിയിലൂടെ കടങ്ങള്‍ വീട്ടി വരുന്നതിനിടയിലാണ് അടുത്ത ആഘാതം.

മകന് സെറിബ്രല്‍ പാള്‍സി രോഗം. തലച്ചോറിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങലെയും ബാധിച്ച് ചലനവൈകല്യത്തിനും ചിലപ്പോള്‍ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന രോഗമാണ് സെറിബ്രല്‍ പാള്‍സി. അതോടെ മകനെ കൂടുതല്‍ ശ്രദ്ധിച്ച് പരിചരിക്കേണ്ട അവസ്ഥ.

ജോലിയില്‍ നിന്ന് നീണ്ട അവധിയെടുത്തു. മാനസികമായും ശാരീരികമായും തളര്‍ന്നുപോയ അവസ്ഥയില്‍ പുതുജീവന്‍ നല്‍കി ആത്മവിശ്വാസം പകര്‍ന്നു നല്‍കിയത് കൃഷികളും കര്‍ഷക സുഹൃത്തുക്കളുമായിരുന്നു. ഈ വേദനകള്‍ മുഴുവന്‍ ഉള്ളിലൊതുക്കി കുഞ്ചു കൃഷി ചെയ്യുകയാണ്. മകന്റെ ജീവിതം തിരികെ പിടിക്കാനുള്ള പണം കണ്ടെത്താനായിട്ടാണ് അത്. പണികളെല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്.

കൂടുതല്‍ വിളവ് കിട്ടുന്ന വെള്ളത്തലയുള്ള കൂര്‍ക്കയാണു കുഞ്ചു കൃഷി ചെയ്യുന്നത്. കിഴങ്ങു വര്‍ഗത്തില്‍പെട്ട ഭക്ഷ്യവിളയാണിത്. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണമേഖലകളിലും നന്നായി വളരും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതലുള്ളത്. ചൈനീസ് പൊട്ടറ്റോ എന്ന പേരിലും ഇത് അറിയപ്പെടുന്നു.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും അണുബാധയെ നിയന്ത്രിക്കാനും കൂര്‍ക്ക സഹായിക്കും. ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെയാണു വിളവെടുപ്പ്കാലം. കുഞ്ചുവിനോടൊപ്പം തെട്ടടുത്ത് കൂര്‍ക്ക കൃഷിചെയ്യുന്ന ജൈവ കര്‍ഷകനാണ് കല്ലൂര്‍ പുള്ളോട് കളത്തുപടി നാസര്‍.

എന്നാല്‍, അല്പം രാസവളം ചേര്‍ത്താലേ ലാഭം കിട്ടൂ എന്ന അഭിപ്രായമാണ് കല്ലൂര്‍ പുള്ളോട് വടക്കേത്തൊടി വെള്ളക്കുട്ടി. ഇദ്ദേഹം രണ്ട് ഏക്കര്‍ പാട്ടത്തിനെടുത്താണു കൃഷി ചെയ്യുന്നത്. പാട്ടത്തുക വര്‍ഷം ഇരുപതിനായിരം രൂപ. സ്വന്തമായിട്ടുള്ള ഒരേക്കറിലാണ് നാസറിന്റെ കൃഷി. ഒരേക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെ കൃഷി ചെയ്യുന്ന ആയിരത്തോളം കൂര്‍ക്ക കര്‍ഷകര്‍ പാലക്കാട് ജില്ലയിലുണ്ട്.

ഒന്നാം വിളയായി നെല്‍ക്കൃഷി ചെയ്തു കഴിഞ്ഞ പാടങ്ങളിലാണു സധാരണ കൂര്‍ക്ക ചെയ്യുന്നത്. കരപ്പറമ്പുകളിലും കൃഷി ചെയ്യുന്നവരുണ്ട്. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് കൃഷിക്ക് അനുയോജ്യം. വര്‍ഷത്തില്‍ രണ്ട് തവണയാണു കൂര്‍ക്കകൃഷി. എന്നാല്‍, ചിലര്‍ ആദ്യകൃഷിക്കു ശേഷം പച്ചക്കറികള്‍ നടും. മികച്ച വിളവിന് ഇളക്കമുള്ള മണ്ണില്‍ നടണം.


ആദ്യം പാടം ഉഴുതു മറിച്ച് നിരപ്പാക്കും. പിന്നീട് 60 മുതല്‍ 100 സെന്റീമീറ്റര്‍ വരെ വീതിയില്‍ വാരങ്ങളെടുക്കും. അടിസ്ഥാന വളമായി കാലിവളം ഇടും. മാസത്തില്‍ ഒരു വളം എന്ന കണക്കില്‍ പൂവിടുന്നതുവരെ വളം ഇടണം. കളകള്‍ പറിച്ചു കഴിഞ്ഞാണു വളമിടീല്‍. പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞാല്‍ പിന്നെ വളങ്ങള്‍ വേണ്ട. ഏക്കറിന് മൂന്ന് ലക്ഷത്തോളം രൂപ കൃഷിച്ചെലവ് വരും.

നടീല്‍ കാലം

ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയാണ് കൂര്‍ക്കയുടെ നടീല്‍ കാലം. പ്രത്യേക സ്ഥലത്ത് വിത്ത് കിഴങ്ങുകള്‍ പാകിമുളപ്പിച്ചെടുക്കുന്നതാണ് ആദ്യപടി. പിന്നീട് ഇവയുടെ തലപ്പുകള്‍ ശേഖരിച്ചു നിശ്ചിത അകലത്തില്‍ വാരങ്ങളില്‍ നട്ടാണ് കൃഷി ചെയ്യുന്നത്. വിത്തുകള്‍ പാകി മുളച്ച് ഒരു മാസം കഴിയുമ്പോഴാണു നടാനായി വള്ളികള്‍ മുറിച്ചെടുക്കുന്നത്.

വൃത്താകൃതിയും ചെറിയ ചുഴികളുമുള്ള വിത്തുകളാണു വള്ളികള്‍കള്‍ക്കായി കൂടുതലും ഉപയോഗിക്കുന്നത്. ഇവ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ചാക്കുകളില്‍ പരത്തിയിടുന്നു. മാര്‍ച്ച് മാസത്തോടെ വിത്തുകളില്‍ മുള വന്നു തുടങ്ങും.

മുള വന്നവ മാത്രമെടുത്ത് തലപ്പുകള്‍ ശേഖരിക്കാനായി നടും. കൃഷിക്കായി ഉപയോഗിക്കുന്ന തലപ്പുകള്‍ക്ക് 15 സെന്റീമീറ്ററില്‍ കുറയാത്ത നീളം വേണം. വാരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന രീതിയില്‍ ചരിച്ചാണു നടുന്നത്. മഴക്കാലമായതിനാല്‍ നനയുടെ ആവശ്യം വരില്ല. വാരങ്ങള്‍ ഉണങ്ങി വരണ്ടു പോകാതെ നോക്കണം.

വേനല്‍ക്കാലത്ത് നടുമ്പോള്‍ വേര് പിടിക്കുന്നതുവരെ പുതയിടുന്ന രീതിയുണ്ട്. ഒപ്പം നനയും. തലകള്‍ മുളച്ചു പടര്‍ന്ന് തുടങ്ങുന്ന സമയത്താണ് ആദ്യവളം ചെയ്യേണ്ടത്. ചാണകപ്പൊടിയും മണ്ണിര കംബോസ്റ്റുമാണ് ജൈവകൃഷിയില്‍ ഉപയോഗിക്കുന്നത്. മറ്റുള്ളവര്‍ യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവയുടെ കൂട്ട് ഇട്ട് കൊടുക്കും.

50 ദിവസത്തിന് ശേഷമാണ് രണ്ടാം മേല്‍വളം. കൂര്‍ക്കത്തലകളില്‍ വെള്ളമില്ലാത്ത സമയത്ത് വേണം രാസവളങ്ങള്‍ നല്‍കേണ്ടത്. വളങ്ങള്‍ ഇട്ട് കഴിഞ്ഞാല്‍ മണ്ണ് കൂട്ടികൊടുക്കാന്‍ മറക്കരുത്. തണ്ടുകളില്‍ മൂന്നു മാസം കഴിയുന്നതിനു മുമ്പായി പൂങ്കുലകള്‍ വന്നു തുടങ്ങും. ഈ സമയത്ത് മൂന്നാമത്തെ മേല്‍വളം നല്‍കണം.

കീടബാധ

ഇല തീനിപ്പുഴുക്കളുടെയും തണ്ട് തുരപ്പന്റേയും ശല്യമാണു കൂടുതല്‍. ജൈവ കീടനാശിനിയായ വേപ്പിന്‍ സത്ത് ഫലപ്രദമാണ്. വെള്ളം കൂടിയാല്‍ കടചീയല്‍ രൂക്ഷമാകും.

ഇടവിളകള്‍

തലപ്പുകള്‍ നടുന്നതോടൊപ്പം തക്കാളി, മുളക്, വഴുതന തുടങ്ങിയ പച്ചക്കറികള്‍ നടുന്ന രീതിയുമുണ്ട്. മൂന്നടി അകലത്തിലാണ് ഇവ നടുന്നത്. കൂര്‍ക്ക പുഷ്പിക്കുന്നതിനു മുമ്പായി ഇവയുടെ വിളവെടുപ്പ് കഴിയും. അല്പം വളം കൂടുതലായി നല്‍കണമെന്നു മാത്രം. കൂര്‍ക്ക നട്ട് നാല് മാസം കഴിയുമ്പോള്‍ വിളവെടുക്കാന്‍ പാകമാകും. വള്ളികള്‍ ഉണങ്ങി തുടങ്ങുന്നതു നോക്കിയാണു പറിച്ചെടുക്കുന്നത്. വാരങ്ങളില്‍ വെള്ളം ഉള്ളപ്പോള്‍ പറിക്കരുതെന്നാണു കുഞ്ചുവിന്റെ അഭിപ്രായം.

ഈര്‍പ്പം കൂടിയാല്‍ കിഴങ്ങുകള്‍ ചീയാനുള്ള സാധ്യതകൂടുതലാണ്. ഈര്‍പ്പം ഇല്ലാത്ത നേരത്ത് വാരങ്ങള്‍ കിളച്ചിളക്കി കിഴങ്ങുകള്‍ വേര്‍പ്പെടുത്തി എടുക്കുന്നതാണ് സാധാരണ രീതി. ഇതില്‍ നിന്നു വിത്തിനുള്ള കിഴങ്ങുകള്‍ തെരഞ്ഞെടുക്കുകയും ചെയ്യും. തെരഞ്ഞെടുത്ത കിഴങ്ങുകള്‍ ഈര്‍പ്പവും ചൂടും തട്ടാത്ത മുറികളില്‍ മണലോ ഉമിയോ കലര്‍ത്തി സൂക്ഷിച്ചു വയ്ക്കും.

എന്നാല്‍, ഇന്ന് ഏറെ കര്‍ഷകരും വിത്തുകള്‍ പുറത്തു നിന്നു വാങ്ങുകയാണ്. നാടന്‍ ഇനങ്ങളും കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ സങ്കരയിനമായ ശ്രീധരയും കാര്‍ഷിക സര്‍വകലാശാലയുടെ നിധി, സുഫല ഇനങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. അനുകൂല കാലാവസ്ഥയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും. ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലങ്കില്‍ ഒരേക്കറില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ലഭിക്കും. കുഞ്ചു: 9074672448; നാസര്‍: 9048516928.

നെല്ലി ചെങ്ങമനാട്‌