സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
സൗന്ദര്യവിപണി കീഴടക്കാന്‍  കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്‌നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട് എടുക്കുന്ന, ബുദ്ധിയില്ലാത്ത മൃഗങ്ങളുടെ ഗണത്തില്‍പ്പെടുത്തി വിളിപ്പാട് അകലെ നിറുത്തിയിരിക്കുന്ന കഴുതകള്‍ക്ക് അങ്ങനെയൊക്കെ പെരുമാറാനാവില്ല എന്നാവും ഏറെപ്പേരുടെയും വിചാരം. എന്നാല്‍, അങ്ങനെയങ്ങ് എഴുതിത്തള്ളാന്‍ വരട്ടെ.

ഇണങ്ങാത്ത കഴുതകളെ മെരുക്കിയെടുത്തു വളര്‍ത്തി മികച്ച വരുമാനം ഉണ്ടാക്കുന്ന നൂതന സംരംഭകരും നമുക്കിടയിലുണ്ട്. എറണാകുളം ജില്ലയില്‍ പിറവത്തിനടുത്ത് രാമമംഗലം വലിയമറവത്ത് പരേതനായ ബേബിയുടെയും അമ്മിണിയുടെയും മകന്‍ എബി ബേബിയുടെ ഡോള്‍ഫിന്‍ ഡോങ്കി ഫാമിലെത്തിയാല്‍ കാണുന്നതെല്ലാം പുതുമയെന്നു മാത്രമല്ല അതിശയകരവുമാണ്.

ഒരു കിറുക്കന്‍ സ്വപ്നത്തിനു പിന്നാലെയുള്ള പരക്കം പാച്ചിലിനൊടുവിലാണ് എബി കഴുത ഫാമിലെത്തിയത്. രണ്ടു പതിറ്റാണ്ടോളം ബംഗളൂരില്‍ ഐടി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നപ്പോഴും വാണിജ്യ-വ്യവസായ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിക്കണമെന്ന ആഗ്രഹം എബിയുടെ മനസില്‍ എപ്പോഴുമുണ്ടായിരുന്നു. ജനങ്ങള്‍ ചോദിച്ചുവാങ്ങുന്ന ഉത്പന്നം വിപണിയിലിറക്കണമെന്ന ചിന്ത ഏറെ ശക്തവുമായിരുന്നു. മാര്‍ക്കറ്റിംഗ് രംഗത്തെ പരിചയമാണ് അത്തരം ചിന്തകളിലേക്കു എബിയെ നിയിച്ചത്.

ബൈബിള്‍ വായിക്കുന്ന സ്വഭാവം എബിക്കു ചെറുപ്പം മുതലുണ്ടായിരുന്നതിനാല്‍ അതില്‍ പരാമര്‍ശിക്കുന്ന കഴുതകള്‍ എങ്ങനെയോ തലയില്‍ കയറി. കഴുതപ്പുറത്തേറി ജറുസലേം ദേവാലയത്തിലേക്കുള്ള യേശുവിന്റെ വരവും പഴയ നിയമത്തിലെ ഇയ്യോബിന്റെ ആയിരം പെണ്‍കഴുതകളുമൊക്കെ എബിയുടെ മനസിനെ വല്ലാതെ സ്വാധീനിക്കുകയും ചെയ്തു.

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലീയോപാട്രായും റോമന്‍ ചക്രവര്‍ത്തിയായിരുന്ന നീറോയുടെ ഭാര്യ സാബിനയും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ സഹോദരി പൗളിനുമെല്ലാം സൗന്ദര്യം നിലനിറുത്താന്‍ കഴുതപ്പാലില്‍ കുളിച്ചിരുന്നതൊക്കെ പുതിയ സംരംഭം തുടങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനയില്‍ തെളിഞ്ഞു വന്നു. കഴുതപ്പാലില്‍ നിന്നുള്ള സ്‌കിന്‍ ക്രീമിനും ഫെയര്‍ നസ് ക്രീമിനും ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും നല്ല ഡിമാന്‍ഡായിരിക്കുമെന്നു എബി കണക്കു കൂട്ടി. അവസാനം അതു തന്നെ തന്റെ വഴിയെന്നു തീരുമാനിച്ചുറപ്പിച്ചു.

പിന്നെ വൈകിയില്ല, ബംഗളൂരില്‍ നിന്നു മടങ്ങാന്‍ തീരുമാനിച്ചു. മടക്കം ആഘോഷമായിട്ടായിരുന്നു. ലഗേജിനൊപ്പം ഒരു ലോഡ് കഴുതയും. കണ്ടവര്‍ കണ്ടവര്‍ മൂക്കത്തു വിരല്‍വച്ചു. എബിയുടെ ചര്‍മലേപന നിര്‍മാണ സംരംഭത്തിനു കഴുതപ്പാലില്ലാതെ പറ്റില്ല. പാല്‍ ആവശ്യത്തിനു വേണമെങ്കില്‍ കഴുതകള്‍ വേണം. പാല്‍ വാങ്ങാമെന്നു വച്ചാല്‍ നടപ്പുള്ള കാര്യവുമല്ല. 10 മില്ലിക്കു നൂറും നൂറ്റമ്പതുമൊക്കെയാണു വില. ലിറ്ററിനാണെങ്കില്‍ 5000- 6000 രൂപയും. കാര്യം പറഞ്ഞിട്ടും വിശദീകരിച്ചിട്ടും ആര്‍ക്കും അത്രയ്ക്കു ബോധ്യമായില്ല. പലരും പലതും പറഞ്ഞെങ്കിലും എബിയൊന്നും കാര്യമാക്കിയില്ല. ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍.

പരീക്ഷണങ്ങള്‍ക്കായുള്ള ലാബ് വീടിനോടു ചേര്‍ന്നും കുറച്ചകലെ ഫാമും സജ്ജീകരിച്ചു. 2016-ലായിരുന്നു അത്. ഫാമില്‍ നിന്ന് എത്തിയാല്‍ ലാബില്‍. കഠിനാധ്വാനത്തിന്റെ നാളുകള്‍. പഠനവും പരീക്ഷണങ്ങളുമായി മാസങ്ങള്‍. സ്‌കിന്‍ ക്രീമും ഫെയര്‍നസ് ക്രീമുമാണു ഡോള്‍ഫിന്‍ ഐബിഎയുടെ ലേബലില്‍ ആദ്യം പുറത്തിറക്കിയത്. വില അല്പം കൂടുതലാണെങ്കിലും ഗുണമുണ്ടെന്നു കണ്ടതോടെ ഉത്പന്നങ്ങള്‍ക്കു നല്ല ഡിമാന്‍ഡായി. ഓണ്‍ ലൈനിലും നേരിട്ടും വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടി വന്നു.

വൈകാതെ ഷാംപൂ, ബോഡി വാഷ്, ഫെയ്‌സ് ക്രീം എന്നിവയും പുറത്തിറക്കി. ഡോള്‍ ഫിന്‍ ഐബിഎയുടെ ബ്രാന്‍ഡില്‍ ഏഴോളം വ്യത്യസ്ഥ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ഇപ്പോള്‍ മാര്‍ക്കറ്റിലുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് നാടുകളിലും ഡോള്‍ഫിന്‍ ഉത്പന്നങ്ങള്‍ക്കു നല്ല ഡിമാന്‍ഡുണ്ടെന്ന് എബി പറഞ്ഞു. ദിനംപ്രതി നിരവധി അന്വേഷണങ്ങളും എത്തുന്നു.

ഇതിനിടെ, കാനഡയില്‍ നിക്ഷേപം നടത്താന്‍ കനേഡിയന്‍ സര്‍ക്കാരിന്റെ ക്ഷണം പോലും എബിക്കു കിട്ടി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കനേഡിയന്‍ കോണ്‍സല്‍ ആന്‍ഡ് ട്രേഡ് കമ്മീഷണര്‍ കെന്നത്ത് വോങ് ബംഗളൂരിലെ ഓഫീസിലേക്ക് എബിയെ നേരിട്ടു ക്ഷണിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.

കഴുതപ്പാല്‍ ഫ്രീസ് ഡ്രയിംഗ് നടത്തിയാണ് ഉത്പന്നങ്ങളണ്ടാക്കുന്നത്. ഫ്രീസ് ഡ്രയിംഗ് മെഷ്യന് വലിയ മുതല്‍ മുടക്കുള്ളതിനാല്‍ തത്കാലം അതുമാത്രം പുറത്താണു ചെയ്യുന്നത്. കഴുതപ്പാലിനൊപ്പം പപ്പായ, കറ്റാര്‍വാഴ തുടങ്ങിയവയൊക്കെയാണു ചേരുവകകള്‍.

കഴുതപ്പാലിന്റെ ഔഷധ ഗുണം എബി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. അമേരിക്കയിലുള്ള സഹോദരന്റെ കുഞ്ഞിനുണ്ടായ ചൊറിച്ചില്‍ കഴുതപ്പാല്‍ പുരട്ടിയതോടെ മാറി യതും ഡോള്‍ഫിന്‍ ബോഡി വാഷ് ഉപയോഗിച്ചയാള്‍ക്കു പുഴുക്കടി പോലെ ചര്‍മത്തിലുണ്ടായ അസുഖം മാറിയതും എബിയുടെ ആത്മവിശ്വാസം ഇരിട്ടിയാക്കി.

സമീപത്തൊന്നും അധികം ആള്‍ത്താമസമില്ലാത്ത കുന്നിന്‍ ചെരുവിലാണ് എബി ബേബിയുടെ ഡോള്‍ഫിന്‍ ഐബിഎ ഡോങ്കി ഫാം. രണ്ടേരയേക്കറോളം വരുന്ന സ്ഥല ത്തെ റബര്‍ വെട്ടി മാറ്റി അതിനു നടുവിലാണ് ഫാം. മേല്‍ക്കൂരയും ഇരുമ്പ് വേലികളുമൊക്കെയുള്ള വിശാലമായ ഇടം. ആണും പെണ്ണും കുഞ്ഞുങ്ങളുമൊക്കെയായി മുപ്പതോളം എണ്ണം.

തിന്നും കുടിച്ചും കളിച്ചും ഇടയ്ക്കു പരസ്പരം തൊഴിച്ചും കടിച്ചുമൊക്കെ കഴിയുന്ന കഴുതകള്‍. ഫാമിനു ചുറ്റും വിവിധിയിനം തീറ്റപ്പുല്ലുകളുടെ സമൃദ്ധി. കഞ്ഞിയും പുല്ലുമാണു പ്രധാന ഭക്ഷണം. ഗോതമ്പു തവിട്, അരിത്തവിട്, ചോളത്തവിട് എന്നിവ നിശ്ചിത അനുപാദത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന സമീകൃതാഹാരവും കൊടുക്കും. പിന്നെ ആവശ്യത്തിനു വെള്ളവും. ഭക്ഷണം നിത്യവും മാറിമാറി കൊടുക്കണം.

ഇന്നു കഴിച്ചതു നാളെ കഴിക്കില്ല. നടന്നു തിന്നുന്നതാണു കഴുതകളുടെ രീതി. അതുകൊണ്ടുതന്നെ ഫാമില്‍ ധാരാളം സ്ഥലവുമുണ്ട്. പ്രത്യേക ചീപ്പ് ഉപയോഗിച്ചുള്ള മുടി ചീകലും കുളിപ്പിക്കലും ദിനചര്യയുടെ ഭാഗമാണ്. നോട്ടക്കാരായി രണ്ടു പേരുണ്ട്. സമീപത്തു തന്നെയാണ് അവരുടെ താമസവും.

ബോബന്‍, റാണി, സുന്ദരി എന്നിവ ഫാമിലെ തലയെടുപ്പുള്ള കഴുതകളാണ്. ഇതില്‍ ബോബന്‍ ആണാണ്. എബി വിളിച്ചാല്‍ അവന്‍ ഓടിയെത്തി ചേര്‍ന്നു നില്‍ക്കും. പ്രായം മൂന്നു വയസ് മാത്രം. എല്ലാം ഫ്രഞ്ച് ബ്രീഡ്. ഓരോന്നിനും അഞ്ചര ലക്ഷത്തോളം രൂപ വില വരും. ഹലാരി ഇനത്തില്‍പ്പെട്ട അപൂര്‍വ കഴുതയും ഫാമിലുണ്ട്. പൊതുവെ അപകടകാരിയായ ഇവനെ തനിച്ചാണു നിറുത്തിയിരിക്കുന്നത്. ഈ ഇനത്തില്‍പ്പെട്ട 432 കഴുതകള്‍ മാത്രമേ ഇന്ത്യയിലുള്ളൂവെന്ന് എബി പറഞ്ഞു.

ആറു വര്‍ഷം മുമ്പ് 32 കഴുതകളുമായിട്ടാണ് എബി ഫാം തുടങ്ങിയത്. ലക്ഷണമൊത്ത കഴുതകളെത്തേടി തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രായിലുമൊക്കെ എബി അലഞ്ഞു നടന്നിട്ടുണ്ട്. പലയിടത്തും പല വില. അവസാനം തമിഴ്‌നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നാണ് 32 എണ്ണത്തിനെയും വാങ്ങിയത്. ഒന്നിന് 25,000 രൂപ വച്ചു നല്‍കി.

ഒരാണും ബാക്കി കറവയുള്ള പെണ്‍ കഴുതകളും. ഫാമിലെത്തി അധികമാകുന്നതിനു മുമ്പ് 15 എണ്ണം അനാപ്ലാസ്‌മോസിസ് രോഗം ബാധിച്ചു ചത്തു. ഫാമിനു ചുറ്റുമാണ് അവയെ കുഴിച്ചിട്ടതെന്ന് എബി വേദനയോടെ പറഞ്ഞു.

മണ്ണുത്തി വെറ്ററിനറി കോളജിലെ ഡോ. സുധീഷിന്റെ നിര്‍ദേശാനുസരണമായിരുന്നു പിന്നീടുള്ള പരിചരണം. മാസങ്ങള്‍ കഴിഞ്ഞതോടെ ഫാമിലുണ്ടായിരുന്ന പെണ്‍കഴുതകള്‍ ഗര്‍ഭിണികളാകുകയും പ്രസവിക്കുകയും ചെയ്തതോടെ എബി വീണ്ടും പ്രതീക്ഷയിലായി.

പതിമൂന്നു മാസമാണു കഴുതകളുടെ ഗര്‍ഭകാലം. സാധാരണ ഒരു കഴുതയില്‍ നിന്ന് 50-100 മില്ലി വരെ പാല്‍ മാത്രമേ കിട്ടൂ. ഏറിയാല്‍ 300- 400 മില്ലി. ആദ്യത്തെ ഒരു മാസം കറക്കാറില്ല. പാല്‍ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്. പിന്നീട് കറവ തുടങ്ങുമ്പോള്‍ കറന്നെടുക്കുന്ന അത്രയും പാല്‍ കിടാവിനുവേണ്ടി അവശേഷിപ്പിക്കുകയും ചെയ്യും. അല്ലെങ്കില്‍ അവയുടെ അതിജീവന സാധ്യത കുറയും.

പാലിന്റെ ലഭ്യതക്കുറവ് മൂലം ഡിമാന്‍ഡ് അനുസരിച്ചു ഡോള്‍ഫിന്‍ ഐബിഎ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയുന്നില്ലെന്നു എബി പറഞ്ഞു. അത്രയും പാല്‍ കിട്ടാന്‍ കുറഞ്ഞത് നാലായിരം കഴുതകളെങ്കിലും വേണം. സമീപ ഭാവിയില്‍ അതിനു കഴിയുമെന്ന വിശ്വാസത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ കഴുത ഫാം ഉടമയായ എബി ബേബി.

പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ അഗ്രി ബിസിനസുകള്‍ക്കു ഇന്ത്യയില്‍ വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന് എബി ചൂണ്ടിക്കാട്ടി. കാര്‍ഷിക ഉത്പന്നങ്ങള്‍ വിവിധയിനം മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുമ്പോള്‍ മാത്രമേ കര്‍ഷകന് പ്രയോജനം കിട്ടൂ. അതിനു സര്‍ക്കാരിന്റെ പിന്തുണയില്ലാതെ പറ്റുകയുമില്ല. ഫോണ്‍: 9544716677

ജിമ്മി ഫിലിപ്പ്