'ആര്യ'യിലൂടെ സുജയ്ക്ക് നഴ്‌സറി വിജയം
'ആര്യ'യിലൂടെ സുജയ്ക്ക് നഴ്‌സറി വിജയം
കാര്‍ഷികമേഖലയില്‍ യുവജനങ്ങള്‍ക്കു വഴികാട്ടിയായ ആര്യ പദ്ധതി ശ്രദ്ധേയമാകുന്നു. യുവാക്കളെ കാര്‍ഷിക മേഖലയിലെ ഉത്തമ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ മൂന്നു വര്‍ഷമായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തിവരുന്ന പദ്ധതിയാണ് ആര്യ. ഇതിന്റെ ഭാഗമായി വിജയം കൈവരിച്ച യുവസംരംഭകയാണ് അടൂര്‍ പുതുശേരി ഭാഗം സ്വദേശി എസ.് വി. സുജ.

ഫൈനാന്‍സ് മേഖലയിലെ ജോലി വിരസമായപ്പോള്‍ അതിനോട് വിടപറഞ്ഞ സുജ 'അശ്വതി ഗാര്‍ഡന്‍സ്' എന്ന നഴ്‌സറി തുടങ്ങുകയായിരുന്നു. നഴ്‌സറി പരിപാലനം എന്ന വിഷയത്തില്‍ ലഭിച്ച നൈപുണ്യവികസന പരിശീലനമാണു നഴ്‌സറി വിജയകരമായി നടത്താന്‍ സഹായമായത്. ഒരുവര്‍ഷം നീണ്ട പരിശീലനത്തോടൊപ്പം നഴ്‌സറിക്ക് ആവശ്യമായ ഉപകരണങ്ങളും ലഭിച്ചതു മുതല്‍ക്കൂട്ടായി.


വിവിധ തരം അലങ്കാരചെടികള്‍ (റോസ്, യൂജിനിയ, അരേലിയ, തെറ്റി തുടങ്ങിയവ), ബഡ് ചെയ്ത ഫലവൃക്ഷതൈകള്‍ (മാവ്, പ്ലാവ്, മാങ്കോസ്റ്റീന്‍, നാരകം തുടങ്ങിയവ) എന്നിവയുടെ വിപുലമായ ശേഖരം 50 സെന്റ് സ്ഥലത്തെ നഴ്‌സറിയിലുണ്ട്. ഇതുകൂടാതെ പ്രതിവര്‍ഷം അറുപതിനായിരത്തോളം റബര്‍ തൈകളും ബഡ് ചെയ്തു വിപണനം നടത്തുന്നുണ്ട്. ഇതുവഴി പ്രതിമാസം 50,000 രൂപ വരെ വരുമാനം ഉണ്ടാക്കാനും സുജയ്ക്കു സാധിക്കുന്നു.്