പ്രശ്‌നങ്ങളുണ്ട്, മണ്ണിലെ പൊന്നിനും
പ്രശ്‌നങ്ങളുണ്ട്, മണ്ണിലെ പൊന്നിനും
Tuesday, September 27, 2022 4:15 PM IST
മഞ്ഞളിന്‍റെ ഗുണങ്ങള്‍ കണക്കിലെടുത്താല്‍ അതു പൊന്നിനെക്കാള്‍ ഒരു പടി മുകളിലാണ്. വളര്‍ത്തു പക്ഷികളുടെയും മൃഗങ്ങളുടെയും ചികിത്സാരംഗം മുതല്‍ ആധുനിക രീതിയിലുള്ള അര്‍ബുദ ചികിത്സ വരെ വ്യാപിച്ചു കിടക്കുന്നു മഞ്ഞളിന്റെ ഔഷധപ്പെരുമ. കോവിഡ് കാലത്ത് മഞ്ഞളിന്‍റെ ഉപയോഗം നാം കണ്ടറിഞ്ഞതുമാണ്. ഉപഭോഗവും ആവശ്യകതയും ഉയരുന്നതനുസരിച്ച് മഞ്ഞളിന്റെ ഉത്പാദനവും വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍.

മഞ്ഞള്‍ പൊതുവെ കീട-രോഗബാധ കുറവുള്ള വിളയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഒരു വിള ഒരേ സ്ഥലത്ത് സ്ഥിരമായും വ്യാപകമായും കൃഷി ചെയ്യുമ്പോള്‍ ഉണ്ടാകാറുള്ള പ്രശ്‌നങ്ങള്‍ മഞ്ഞളിലും തലപൊക്കി തുടങ്ങിയിട്ടുണ്ട്. കീടങ്ങളും രോഗങ്ങളുമാണ് ഇതില്‍ പ്രധാനം. മഞ്ഞളിന്റെ കുടുബക്കാരായ ഇഞ്ചി, കൂവ തുടങ്ങിയവയില്‍ നിന്നാണ് കീട-രോഗങ്ങള്‍ മഞ്ഞളിലേക്കും എത്തുന്നത്. മഞ്ഞളിനെ ബാധിക്കുന്ന കീട-രോഗങ്ങളും അവയെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളും നിയന്ത്രണ രീതികളും നോക്കാം.

തണ്ടുതുരപ്പന്‍

മഞ്ഞനിറമുള്ള ചിറകുകളില്‍ കറുത്ത പൊട്ടുള്ള ചെറുനിശാ ശലഭമാണ് ഇവിടത്തെ വില്ലന്‍. ഇവ ചെടിയുടെ ഇളം ഭാഗങ്ങളില്‍ മുട്ടയിടും. മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ മഞ്ഞളിന്റെ തണ്ട് തുരന്ന് അകത്ത് കയറി ഉള്ളിലിരുന്ന് തണ്ടിന്റെ വളര്‍ന്നു വരുന്ന ഭാഗങ്ങള്‍ തിന്നു നശിപ്പിക്കും. ഇതുമൂലം പുതുനാമ്പ് ഉണങ്ങിപ്പോകും. ഇവ തണ്ടിനുള്ളില്‍ പ്രവേശിച്ച ഭാഗത്ത് ദ്വാരവും അതിനു ചുറ്റും പുഴുവിന്റെ വിസര്‍ജ്യവും കാണും.

ഇതാണ് കീടബാധയുടെ ലക്ഷണങ്ങള്‍. മഞ്ഞളിനു പുറമെ ഇഞ്ചി, ഏലം എന്നീ വിളകളെയും ഈ കീടം ആക്രമിക്കാറുണ്ട്. തണ്ടിന്റെ ഭാഗങ്ങള്‍ തിന്നു പൂര്‍ണ വളര്‍ച്ചയെത്തുന്ന പുഴുക്കള്‍ തണ്ടിനുള്ളില്‍ തന്നെ സമാധിദശ പൂര്‍ത്തിയാക്കി ശലഭമായി പുറത്തുവരുന്നു. ഇവയുടെ ആക്രമണം മൂലം ചെടിയുടെ വളര്‍ച്ച നിലയ്ക്കുകയും ഉത്പാദനം കുറയുകയും ചെയ്യും.

ആരംഭദശയില്‍ തന്നെ തണ്ടുതുരപ്പന്‍റെ സാന്നിധ്യം കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചാല്‍ ഇവയെ നിയന്ത്രിക്കാനാകും. ജൈവിക മാര്‍ഗമായി മിത്ര കുമിളായ ബ്യൂവേറിയ ബാസിയാന പൊടി രൂപത്തില്‍ ലഭ്യമായത് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളി അരിച്ചെടുത്ത് ചെടികളില്‍ തളിക്കുന്നത് ഫലപ്രദമാണ്. വേപ്പധിഷ്ഠിത കീടനാശിനി പ്രയോഗവും കീടങ്ങളെ അകറ്റി നിറുത്തും.

ആക്രമണം അധികരിക്കുന്ന പക്ഷം രാസകീടനാശിനിയായ ക്വിനാല്‍ ഫോസ് (2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ ക്ലോട്രാന്‍ട്രാനിലിപ്രോള്‍ (ഒരുമില്ലി 10 ലിറ്റര്‍ വെള്ളത്തില്‍) ഉപയോഗിക്കാം. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമാകുന്നത്.

ഇലചുരുട്ടിപ്പുഴു

മഞ്ഞളിന്റെ കായിക വളര്‍ച്ചാഘട്ടത്തില്‍ ഇലകളുടെ അരികുകള്‍ മുറിച്ചു മടക്കി വച്ചിരിക്കുന്നതായി കാണുന്നതാണ് ഇതിന്റെ ലക്ഷണം. ഇലമടക്കിനുള്ളില്‍ ഈ കീടത്തിന്റെ വിവിധ പ്രായത്തിലുള്ള പുഴുക്കളെ കാണാം. സന്ധ്യാനേരത്ത് വളരെ വേഗത്തില്‍ തെന്നിപ്പറക്കുന്ന തവിട്ടു നിറത്തിലുള്ള ശലഭം ഇലയുടെ അടിവശത്തായി നിക്ഷേപിക്കുന്ന മുട്ടകള്‍ വിരിഞ്ഞാണ് പുഴുക്കള്‍ ഉണ്ടാകുന്നത്. ഇലമടക്കിനുള്ളില്‍ കഴിയുന്ന പുഴുക്കള്‍ ഇലകള്‍ തിന്നു നശിപ്പിക്കും.

പച്ച നിറമുള്ള ഉടലും കറുത്ത തലയുമുള്ള പുഴുക്കള്‍ രണ്ടു മുതല്‍ മൂന്നാഴ്ചയോളം ഇലകള്‍ തിന്നും. തുടര്‍ന്ന് ഇലമടക്കിനുള്ളില്‍ തന്നെ സമാധി പ്രാപിച്ച് ഒരാഴ്ച കഴിഞ്ഞ് ശലഭമായി പുറത്തു വരികയും ചെയ്യും. ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് ഇവയുടെ ആക്രമണം കാണുന്നത്. തണ്ടുതുരപ്പനെതിരേ പ്രയോഗിക്കുന്ന ജൈവ-രാസ കീടനാശിനികള്‍ ഇലചുരുട്ടിപ്പുഴുവിനേയും നിയന്ത്രിക്കാന്‍ സഹായിക്കും.

കാഷ്യു പുഴു

ഇലചുരുട്ടിപ്പുഴുവിനെപ്പോലെ തന്നെ ഇലകളെയാണ് ഇവയും ആക്രമിക്കുന്നത്. ഈ പുഴു അതിന്റെ കാഷ്ഠം മുതുകത്ത് വച്ചാണു സഞ്ചരിക്കുന്നത്. കാഷ്ഠം മാറ്റി നോക്കിയാല്‍ അതിനടിയിലായി മഞ്ഞ നിറത്തിലുള്ള ഉരുണ്ട പുഴുവിനെ കാണാം. ലെമ്മ എന്നറിയപ്പെടുന്ന ഇവ ഒരിനം വണ്ടിന്റെ പുഴുക്കളാണ്.

പുഴുക്കള്‍ ക്കു പുറമെ ഇവയുടെ വണ്ടുകളും ഇലകള്‍ തിന്നാറുണ്ട്. ഇലകളുടെ പ്രതലം ചുരണ്ടിത്തിന്നാണ് പുഴുക്കള്‍ ജീവിക്കുന്നത്. നാമ്പിലകളില്‍ ഇവയുടെ ആക്രമണം കൂടുതലായിരിക്കും. ആക്രമമുള്ള ഇലകളില്‍ വെളുത്ത പാടുകളും ചെറു ദ്വാരങ്ങളും കാണും.

നിമാവിരകള്‍

മണ്ണില്‍ താവളമുറപ്പിച്ചിട്ടുള്ള സൂക്ഷ്മജീവികളാണ് നിമാവിരകള്‍. ഇവ മഞ്ഞളിന്റെ തണ്ട് മണ്ണിനോടു ചേരുന്ന ഭാഗം, തട, ഭൂകാണ്ഡങ്ങള്‍, വേരുകള്‍ എന്നിവയെ ആക്രമിക്കുന്നു. വേരു ബന്ധക നിമാവിര, തുരപ്പന്‍ നിമാവിര എന്നിങ്ങനെ വിവിധ തരങ്ങളുണ്ട്.

വേരുകളിലും ഭൂകാണ്ഡങ്ങളിലും മുഴകളോ കറുത്ത പാടുകളോ കാണാം. മണ്ണിനടിയില്‍ സസ്യഭാഗങ്ങളില്‍ നിമാവിരകള്‍ ഉണ്ടാകുന്ന മുറുവുകള്‍ മണ്ണിലുള്ള ദോഷകാരികളായ രോഗാണുക്കള്‍ക്ക് ചെടിക്കുള്ളിലേക്കുള്ള പ്രവേശനം സൂഗമമാക്കും.

നടുമ്പോള്‍ തന്നെ നിമാവിര നിയന്ത്രണം ആരംഭിക്കണം. നിമാവിര ആക്രമണമില്ലാത്ത നടീല്‍ വസ്തുക്കള്‍ തെരെഞ്ഞെടുക്കണം. വാഴ, മറ്റു വഴുതനവര്‍ഗ പച്ചക്കറികളായ മുളക്, തക്കാളി, വഴുതന എന്നിവ മഞ്ഞളുമായി വിള ചംക്രമണം ചെയ്യുന്ന കൃഷി സ്ഥലങ്ങളില്‍ നിമാവിരകളുടെ ആക്രമണം തുടര്‍ന്നേക്കാം. ജൈവവളം ചേര്‍ക്കുമ്പോള്‍ ട്രൈക്കോഡെര്‍മ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച കാലിവളം നല്‍കുന്നത് നല്ലതാണ്. വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ക്കുന്നതും ഇവയുടെ വളര്‍ച്ചയെ തടയും.

മഞ്ഞളിനെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടവ മൂന്നു കുമിള്‍ രോഗങ്ങളാണ്. ഇലകളെ ബാധിക്കുന്ന രണ്ടു രോഗങ്ങളും ഭൂകാണ്ഡത്തെ ബാധിക്കുന്ന ഒന്നും.

ഇലകരിച്ചില്‍

അരികില്‍ നിന്നു കരിഞ്ഞു തുടങ്ങി ഇല മുഴുവനായി ബാധിച്ചു കരിഞ്ഞ് ഉണങ്ങുന്നു. നന്നേ ചെറിയ പുള്ളിക്കുത്തുകളായിട്ടാണ് തുടക്കം.

ഇലപ്പുള്ളി രോഗം

ഈ കുമിള്‍ രോഗം ആര്‍ദ്രത കുറഞ്ഞ സമയത്താണ് കൂടുതലായും കണ്ടുവരുന്നത്. ഇലകളില്‍ മഞ്ഞപ്പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് ഇലകള്‍ മൊത്തമായി വ്യാപിക്കുകയും ഇലകള്‍ കരിഞ്ഞുണങ്ങി പോകുകയും ചെയ്യും. രോഗബാധിതമായ ഇലകള്‍, തണ്ട് എന്നിവ തീയിട്ട് നശിപ്പിക്കണം.

ചുവട് ചീയല്‍

ഈ കുമിള്‍ രോഗം ബാധിക്കുന്നതു മഞ്ഞളിന്റെ വേരിനേയും ഭൂകാണ്ഡത്തെയുമാണ്. രോഗബാധയേറ്റ കാണ്ഡഭാഗങ്ങള്‍ ചീഞ്ഞുപോകും. ഉള്ളില്‍ നിറവ്യത്യാസവും ഉണ്ടാകും. ഈ രോഗാണുക്കള്‍ മണ്ണിലൂടെ പകരും. ഈ രോഗം ബാധിച്ച സ്ഥലങ്ങളില്‍ നിന്നു വിത്ത് ശേഖരിക്കുന്നത് ഒഴിവാക്കണം.

ഈ കുമിള്‍ രോഗങ്ങള്‍ക്കെതിരെ സ്യൂഡോമോണസ് മിത്ര ബാക്ടീരിയ തുടര്‍ച്ചയായി പ്രയോഗിക്കണം. ഇതിനായി 20 ഗ്രാം സ്യൂഡോമോണസ് പൊടി വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ആലപ്പി സുപ്രീം, കേദാരം, വര്‍ണ, സോനാ എന്നീ മഞ്ഞള്‍ ഇനങ്ങള്‍ ഇല കരിച്ചിലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്.

നടുന്നതിനു മുന്‍പായി വിത്ത് മഞ്ഞള്‍ 5 ശതമാനം വീര്യമുള്ള സ്യൂഡോമോണാസ് (50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍) ലായനിയില്‍ 15 മിനിറ്റ് മുക്കിവച്ചശേഷം നടണം. ഇതിനു പകരമായി മാങ്കോസെബ് എന്ന കുമിള്‍നാശിനി മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ അര മണിക്കൂര്‍ നേരം വിത്ത് മഞ്ഞള്‍ മുക്കിവച്ചശേഷവും നടാം. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യാം.

ചുവട് ചീയല്‍ നിയന്ത്രിക്കാന്‍ ട്രൈക്കോഡെര്‍മ ചേര്‍ത്തു സമ്പുഷ്ടീകരിച്ച കലിവളമോ മണ്ണിര കമ്പോസ്റ്റോ ചുവട്ടിലിടാം. ഇതുപയോഗിക്കുമ്പോള്‍ ബോര്‍ഡോ മിശ്രിതം ഒപ്പം പ്രയോഗിക്കരുത്. ചുവട് ചീയല്‍ രോഗമുള്ള സ്ഥലങ്ങളില്‍ മഞ്ഞള്‍, ഇഞ്ചി എന്നിവ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.

ഡോ.ടി. ശിവകുമാര്‍
കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ

ഡോ. എന്‍.എസ്.രാധിക
കാര്‍ഷിക കോളജ്, പടന്നക്കാട്