ഗ്രോബാഗുകളുടെ ചെറുവയലില്‍ സത്യനാരായണയുടെ വിത്തുബാങ്ക്
ഗ്രോബാഗുകളുടെ ചെറുവയലില്‍ സത്യനാരായണയുടെ വിത്തുബാങ്ക്
നെല്‍കൃഷി ഏറെയൊന്നുമില്ലാത്ത കുന്നിന്‍ചെരുവില്‍ താമസിക്കുന്ന ഒരു കര്‍ഷകന് പരമ്പരാഗത നെല്‍വിത്തുകളോട് എന്നുമൊരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. സ്വന്തമായുള്ള അഞ്ചേക്കറില്‍ വളര്‍ന്നുനില്‍ക്കുന്നത് റബറും കവുങ്ങുമാണ്. എന്നാലും 14 വര്‍ഷം മുമ്പ് 25 സെന്റ് സ്ഥലം നിരപ്പാക്കി രണ്ടിനം നാടന്‍ നെല്‍വിത്തുകള്‍ കൊണ്ട് ഒരു പരീക്ഷണകൃഷി നടത്തിനോക്കി.

കാസര്‍ഗോഡ്, കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ബെള്ളൂര്‍ പഞ്ചായ ത്തിലെ നെട്ടണിഗെ ഗ്രാമത്തിലെ സത്യനാരായണ ബൊളേരി എന്ന കര്‍ഷകന്റെ നിയോഗം അതായിരുന്നു. കേവലം രണ്ടെണ്ണത്തില്‍ നിന്നു തുടങ്ങി ഇപ്പോള്‍ കേരളത്തിലും കര്‍ണാടകയിലും വിദേശരാജ്യങ്ങളില്‍ നിന്നു പോലുമുള്ള 650 ഓളം ഇനം നെല്‍വിത്തുകളുടെ കാവലാളാണു സത്യനാരായണ.

അപൂര്‍വ ഇനം നെല്‍വിത്തുകളുടെ ഉത്പാദനവും സംരക്ഷണവും ലക്ഷ്യമിട്ട് ഓരോ ഇനവും ഓരോ ഗ്രോബാഗില്‍ മാത്രമായി വര്‍ഷാവര്‍ഷം കൃഷി ചെയ്യുക യാണിപ്പോള്‍ സത്യനാരായണ. നെല്‍കൃഷി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്നില്ല. അതിന് നാണ്യവിളകള്‍ തന്നെ ഇപ്പോഴുമുണ്ട്. സ്വന്തം ആവശ്യത്തിനുവേണ്ടി അല്‍പം നെല്‍കൃഷി മണ്ണിലും നടത്തുന്നുണ്ട്. ബാക്കിയെല്ലാം വിത്തിനുവേണ്ടി മാത്രം. വിത്തുകള്‍ ആവശ്യക്കാര്‍ക്കു കൈമാറുകയും ചെയ്യുന്നുണ്ട്. ഒരു ഗ്രോബാ ഗില്‍ നിന്നു 300 ഗ്രാം വരെ വിത്തുകളാണു ലഭിക്കുക.

പ്ലാന്റ് ജീനോം സേവിയര്‍ റിവാര്‍ഡിനായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് ഇദ്ദേഹത്ത നാമനിര്‍ദേശം ചെയ്തത്. അങ്ങനെ കഴിഞ്ഞ മാസം സത്യനാരായണയെ തേടി ഈ പുരസ്‌കാരമെത്തുകയും ചെയ്തു.

മണ്ണുനിറച്ച പേപ്പര്‍ ഗ്ലാസുകളി ലാണ് വിത്തുകള്‍ മുളപ്പിച്ചെടുക്കുന്നത്. പത്തു ദിവസത്തിനു ശേഷം അവ ചാണകപ്പൊടി ചേര്‍ത്ത ഗ്രോബാഗിലെ മണ്ണിലേക്കു പറിച്ചുനടും. പോളിത്തീന്‍ ഷീറ്റില്‍ വെള്ളം കെട്ടിനിര്‍ത്തി അതില്‍ നിശ്ചിത അകലത്തിലാണ് ഗ്രോബാഗുകള്‍ നിരത്തുന്നത്. ഒറ്റനോട്ടത്തില്‍ ഒരു ചെറുവയല്‍ പോലെ തോന്നും.

കതിര്‍ വിരിയുന്ന സമയമാകുമ്പോള്‍ ഗ്രോബാ ഗുകള്‍ തമ്മിലുള്ള അകലം ഒന്നുകൂടി കൂട്ടും. വ്യത്യസ്ത ഇനങ്ങള്‍ തമ്മില്‍ പരാഗണം നടക്കാതെ വിത്തുകളുടെ സംശുദ്ധി കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണിത്. ബാഗുകള്‍ വെള്ളത്തില്‍ വയ്ക്കുന്നതു കൊണ്ട് എലിശല്യം കുറയ്ക്കാനുമാകും. ഇനങ്ങള്‍ മാറി പ്പോകാതിരിക്കാന്‍ ഓരോ ഗ്രോബാഗി ന്റെയും പുറത്ത് അതാതിനങ്ങളുടെ പേരെഴുതി വയ്ക്കും.

ഗന്ധകശാല, കര്‍ണാടകയുടെ തന തിനമായ രാജകയമ എന്നിവയായിരുന്നു 14 വര്‍ഷം മുമ്പ് സത്യനാരായണയുടെ തുടക്കകൃഷിയിലെ വിത്തിനങ്ങള്‍.


തന്റെ ബാല്യകാലത്ത് സമീപ പ്രദേശങ്ങളില്‍ കൃഷിചെയ്തിരുന്ന നാടന്‍ വിത്തിനങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത് ഇതിനു ശേഷമാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിത്തിനങ്ങള്‍ ശേഖരിച്ചുനല്‍കി. പിന്നീട് പുതിയ ഇനങ്ങള്‍ തേടി കേരള ത്തിലും കര്‍ണാടകയിലും ദീര്‍ഘദൂര യാത്രകള്‍ നടത്തി. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും വയനാട്, പട്ടാമ്പി, കുട്ടനാട്, ഷിമോഗ, ദാവനഗ രെ, മൈസൂരു, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലെ പരമ്പരാഗത കര്‍ഷകരില്‍ നിന്നും വിത്തുകള്‍ ശേഖരിച്ചു. ഇ പ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നു കൃഷിശാസ്ത്രജ്ഞരും ഗവേഷകരുമുള്‍പ്പെടെയുള്ളവര്‍ സത്യ നാരായണയ്ക്ക് വിത്തുകള്‍ അയച്ചു നല്‍കുന്നുണ്ട്. അവരുടെ കൈയില്‍ ഇല്ലാത്തവ ഇവിടെനിന്നു ശേഖരിക്കു ന്നുമുണ്ട്.

ഫിലിപ്പീന്‍സിലെ തനതിനമായ മനിലയും അസമില്‍ നിന്നുള്ള കരിമ്പനുമൊക്കെ സത്യനാരായണ യുടെ ശേഖരത്തിലുണ്ട്. ഉപ്പുവെള്ളത്തില്‍ വളരാന്‍ കഴിയുന്ന ഐകെ 20 ദിവസം വെള്ളത്തില്‍ മുങ്ങിക്കിട ന്നാലും ചീയാത്ത ഏടിക്കൂണി, വരണ്ട മണ്ണിലും വളരാന്‍ കഴിയുന്ന വെള്ള ത്തൊവ്വന്‍, പഴയകാലങ്ങളില്‍ പ്രസവ ശേഷം കഞ്ഞിവച്ചു കുടിക്കാന്‍ ഉപയോഗിച്ചിരുന്ന അന്തേമൊഹരി, ഇരുമ്പിന്റെ കലവറയായ കരിഗജ വലി, ഒരു നെല്ലില്‍ തന്നെ രണ്ട് അരിമണികളുണ്ടാകുന്ന ബംഗാളി ഇനമായ ജുഗല്‍, ആര്യന്‍, ചിറ്റേണി, കയമ, പറമ്പുവട്ടന്‍, തെക്കന്‍ചീര, നവര, രക്തശാലി, കുങ്കുമശാല, മധു ശാല, ബര്‍മ ബ്ലാക്ക് തുടങ്ങിയ ഇനങ്ങളെല്ലാം സത്യനാരായണയുടെ ഗ്രോബാഗുകളില്‍ വിളഞ്ഞുനില്‍ ക്കുന്നു. ഡല്‍ഹിയിലെ വിത്തു ബാങ്കില്‍ നിന്നു 30 ഇനങ്ങള്‍ സത്യ നാരായണയ്ക്ക് അയച്ചുകിട്ടിയിരുന്നു.

വിത്തുബാങ്കുകളിലെപ്പോലെ ഫ്രീസറില്‍ സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനമൊന്നും ഇല്ലാത്തതു കൊണ്ടാണ് ഓരോ വര്‍ഷവും ഗ്രോ ബാഗുകളില്‍ കൃഷിചെയ്ത് വിത്തു കളെ സംരക്ഷിക്കുകയും അഭിവൃദ്ധി പ്പെടുത്തുകയും ചെയ്യു ന്നത്.

ഇപ്പോള്‍ കുരുമുളക്, ചക്ക, മാങ്ങ തുടങ്ങിയവയുടെ നാടന്‍ ഇനങ്ങളും സത്യനാരായണ സമാഹരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഭാര്യ ജയശ്രീയും മക്കളായ നവ്യശ്രീ, ഗ്രീഷ്മ, അഭിനവ് എന്നിവരും എല്ലാത്തിനും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.ഫോണ്‍: സത്യനാരായണ:-9400 65 00 00

ശ്രീജിത് കൃഷ്ണന്‍
കാസര്‍ഗോഡ്, ഫോണ്‍: 96566 24175