ബയോഫ്‌ളോക്ക് തിലാപ്പിയയും ചില അനുഭവപാഠങ്ങളും
ബയോഫ്‌ളോക്ക് തിലാപ്പിയയും ചില അനുഭവപാഠങ്ങളും
പകച്ചു നില്‍ക്കുകയല്ല, പൊരുതി നേടുകയാണു വേണ്ടതെന്നാണ് കോവിഡ് കാലത്ത് ചന്ദനക്കു പറയാനുള്ളത്. ആലപ്പുഴ, ചേര്‍ത്തല അരൂക്കുറ്റിയിലെ ചന്ദനയുടെ വീടായ ചന്ദ്രാലയത്തിലെത്തിയാല്‍ ചന്ദനയുടെ അതിജീവനകൃഷി കാണാം. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഈ കര്‍ഷകയ്‌ക്കൊപ്പം അച്ഛന്‍, അമ്മ, അമ്മൂമ്മ, സഹോദരങ്ങളായ ഹരിത, ശ്രീഹരി എന്നിവരുമുണ്ട്.

കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്താണ് കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയെകുറിച്ച് അറിയുന്നത്. താമസിച്ചില്ല, അച്ഛന്റെ പേരില്‍ അരൂക്കുറ്റി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ കൊടുത്തു. അപേക്ഷ ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റും അംഗീകരിച്ചതോടെ ബയോഫ്‌ളോക്ക് മത്സ്യകൃഷി സബ്‌സിഡിയോടെ ചെയ്യാനുള്ള വഴിതെളിഞ്ഞു. ആകെ ചെലവ് 1,35,000 രൂപയാണ്. 50,000 രൂപ സബ്‌സിഡി യായി ലഭിക്കും. കൃഷി ആരംഭിക്കുന്നതിനു മുമ്പ് ബയോഫ്‌ളോക്ക് കൃഷി നടത്തുന്നവരെ സന്ദര്‍ശിച്ച് ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കി. ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് അഞ്ചു മീറ്റര്‍ വ്യാസവും 1.2 മീറ്റര്‍ ഉയരവുമുള്ള ടാങ്കും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു. ഫിഷറീസ് വകുപ്പില്‍ നിന്നുലഭിച്ച 1200 ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെ ടാങ്കില്‍ നിക്ഷേപിച്ചു. പ്ലസ്ടു പഠനത്തിനും ബയോഫ്‌ളോക്ക് കൃഷിക്കും ഒരുപോലെ പ്രാധാന്യം കൊടുത്തു ചന്ദന. രാവിലെ 6.30 നു ഫാമിലെത്തും. ബയോഫ്‌ളോക് ടാങ്കിലെ ജലത്തിന്റെ പിഎച്ച്, അമോണിയ, നൈട്രജന്‍ ഡയോക്‌സൈഡ്, നൈട്രേറ്റ്, ക്ഷാരത്വം എന്നിവ പരിശോധിക്കും. കാര്‍ബണ്‍, നൈട്രജന്‍ അനുപാതം കൃത്യമാണോ എന്നുനോക്കും. ഒരു ലിറ്ററിന്റെ ബയോകോണ്‍ അളവു പാത്രമുപയോഗിച്ച് ഫ്‌ളോക് സാന്ദ്രതയളക്കും.

പഠനത്തിലെ ഏകാഗ്രത വര്‍ധിപ്പിച്ച കൃഷി

മത്സ്യകൃഷി മൂലം പഠനത്തില്‍ തന്റെ ഏകാഗ്രത വര്‍ധിച്ചെന്ന് ചന്ദന പറയുന്നു. രാവിലെ അഞ്ചിന് പഠന ത്തോ ടെയാണ് ചന്ദനയുടെ ദിനചര്യ ആരംഭിക്കുക. 6.30 മുതല്‍ 7.30 വരെ ജല പരിശോധന, ഫ്‌ളോക് സാന്ദ്രത നോക്കല്‍, തീറ്റ നല്‍കല്‍, അമിതമായ ഫ്‌ളോക് മാറ്റല്‍, കാര്‍ബണ്‍ ഉറവിടമായ പഞ്ചസാര കൊടുക്കല്‍ എന്നിവയൊക്കെ നടത്തും. വൈകുന്നേരം 4.30 ന് ടാങ്കിലെ ഫ്‌ളോക്ക് നീക്കം ചെയ്യും. തുടര്‍ന്ന് മീനുകള്‍ക്കു തീറ്റ കൊടുക്കും. വീട്ടുജോലികളും പഠനവും 9.30 വരെ. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷ സമയത്ത് ഉണ്ടായിരുന്ന മാനസിക പിരിമുറുക്കങ്ങള്‍ ഒന്നും ഇത്തവണ അലട്ടിയില്ലെന്നു ചന്ദന പറയുന്നു.

തൂക്കം നോക്കി തീറ്റ

ബയോഫ്‌ളോക്കിലെ കൃഷി തുടങ്ങി മൂന്നുമാസം മുതല്‍ മത്സ്യത്തിന്റെ ശരാശരി തൂക്കം കണക്കാക്കി തീറ്റ ക്രമീകരിക്കുന്നു. അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ചില മത്സ്യങ്ങള്‍ 300-350 ഗ്രാം തൂക്കമെത്തി. എന്നാല്‍ ഇവയ്ക്കിടയില്‍ തീരെ ചെറിയ മത്സ്യങ്ങളും ഉണ്ടായിരുന്നു. വലിയ മത്സ്യങ്ങളെ പിടിച്ചു മാറ്റിയാലേ ചെറിയ മത്സ്യങ്ങള്‍ പെട്ടന്നു വളരൂ എന്ന തിരിച്ചറിവില്‍ വിളവെടുപ്പു വേഗത്തിലാക്കി.

വിപണിയിലെ പ്രതിസന്ധി

തുടക്കത്തില്‍ വിപണി ഒരു പ്രശ്‌നം തന്നെയായിരുന്നെന്നു ചന്ദന പറയുന്നു. കുറഞ്ഞ വിലക്ക് വിപണിയില്‍ തിലാപ്പിയ സുലഭമായിരുന്നു. കിലോയ്ക്ക് 150 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ബയോഫ്‌ളോക്കില്‍ പെല്ലറ്റ് കൊടുത്തു വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് കിലോയ്ക്ക് ഉത്പാദനച്ചെലവ് 110 രൂപ വരും. വിലകുറച്ച് മത്സ്യം വില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലായിരുന്നു. കുടുംബ സുഹൃത്തുക്കളിലൂടെയും മറ്റു കൂട്ടായ്മകളിലൂടെയും പ്രചരണം നടത്തി. വാട്‌സാപ്പ് ഗ്രൂപ്പുകളിലും മത്സ്യവില്‍പനയെക്കുറിച്ചുള്ള പോസ്റ്റുകളിട്ടു. തത്ഫലമായി ജീവനോടെ മത്സ്യങ്ങള്‍ വാങ്ങാന്‍ ആളെത്തി. എന്നാല്‍ ചില ദിവസങ്ങളില്‍ രണ്ടുകിലോ മാത്രമൊക്കെയായി വില്‍പന താഴ്ന്നു. കിലോയ്ക്ക് 200 രൂപ വിലയിട്ടു. മത്സ്യം ഉപയോഗിച്ചവര്‍ ഗുണമേന്മ തിരിച്ചറിഞ്ഞ് പിന്നെയുമെത്തുന്നുണ്ട്. പക്ഷെ കൊറോണ കാലമായതിനാല്‍ ദുരെനിന്നുള്ള ഓര്‍ഡറുകള്‍ എത്തിച്ചു കൊടുക്കാന്‍ കഴിയുന്നില്ല. മുല്യവര്‍ധിത ഉത്പന്നമായി തിലാപ്പിയ അച്ചാറും പരീക്ഷിക്കുന്നു. വിപണിയില്‍ പച്ചമത്സ്യത്തിന്റെ വിലകുറഞ്ഞാല്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിലേക്കു കടക്കുമെന്നു ചന്ദന പറഞ്ഞു.

ചന്ദനയുടെ കണക്കുക്കൂട്ടലില്‍ കുറഞ്ഞത് 350 കിലോ മത്സ്യം വിളവെടുക്കാനാകും. അടുത്ത രണ്ടുമാസം കൊണ്ട് 70,000 രൂപ വരുമാനം ലഭിക്കും.

ചന്ദനയുടെ ബയോഫ്‌ളോക്ക് കൃഷിരീതി

സാധാരണ ബയോഫ്‌ളോക് കൃഷി യില്‍ നിന്നു വ്യത്യസ്തമാണ് ചന്ദനയുടെ രീതി.

കുളങ്ങളിലും തോടുകളിലുമൊക്കെ സമൃദ്ധമായുള്ള ആല്‍ഗകളെയും ഫംഗസുകളെയും ബാക്ടീരിയകളെയുമാണ് കള്‍ച്ചര്‍ ചെയ് തെടുക്കുന്നത്. ഇതിനായി 22000 ലിറ്റര്‍ ടാങ്കില്‍ കുളത്തിലെ ജലം 100 ലിറ്റര്‍ ഒഴിച്ചു കൊടുക്കുന്നു.

* 120 എഎച്ചിന്റെ എയറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ജലത്തില്‍ വായൂ പ്രവാഹം ഉറപ്പുവരുത്തുന്നു. രണ്ട് സ്‌പൈഡര്‍ എയറോക്‌സി ട്യൂബ് 'ടാങ്കില്‍ ഫിറ്റ് ചെയ്‌തെങ്കിലും ഗ്രിഡ് എയറോക്‌സി ട്യൂബ് മാത്രമാണു പ്രവര്‍ത്തിപ്പിക്കുന്നത്. സ്‌പൈഡര്‍ എയറോക്‌സി ട്യൂബ് പ്രവര്‍ത്തിപ്പിക്കുന്നതിന് 120 എഎച്ചിന്റെ മറ്റൊരു എയറേറ്ററും കരുതിയിരുന്നു. തുടക്കത്തില്‍ ഒരു പമ്പ് മാത്രമാണു പ്രവര്‍ത്തിപ്പിച്ചത്.

* ടാങ്കിലെ ജലത്തിന്റെ പിഎച്ച്, അമോണിയ, നൈട്രജന്‍ ഡയോക്‌സൈഡ് , നൈട്രേറ്റ് എന്നിവ ഫ്രഷ് വാട്ടര്‍ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിക്കും.

* പിഎച്ച് ഏഴിനു താഴേക്കു പോകുകയാണെങ്കില്‍ ഒരു കിലോ ഡോളോമൈറ്റ് 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ടാങ്കില്‍ ഒഴിച്ചുകൊടുക്കും.

* ക്ഷാരത്വം 200 ല്‍ താഴെയാണെങ്കില്‍ സോഡാപ്പൊടി രണ്ടുകിലോ കിഴികെട്ടി ടാങ്കിലിടും.

* അമോണിയ കൂടുതലാണെങ്കില്‍ പഞ്ചസാര (കാര്‍ബണ്‍) ജലത്തില്‍ നേര്‍പ്പിച്ച് അഞ്ചു ലിറ്ററിന്റെ കുപ്പിയില്‍ ഒഴിക്കണം. ഈ കുപ്പിയുടെ താഴെ പിന്‍ഹോളിട്ട് തുള്ളിതുള്ളിയായി പഞ്ചസാര ലായനി ടാങ്കിലെ ജലവുമായി കലര്‍ത്തണം. ഇങ്ങനെ അമോണിയ പൂജ്യം ലെവലില്‍ നിലനിര്‍ത്താന്‍ കഴിയും. ഉദാ: ബയോഫ്‌ളോക്ക് ജലത്തില്‍ അമോണിയ 0.25 ഉണ്ടെങ്കില്‍ 100 ഗ്രാം പഞ്ചസാര ലായനി മേല്‍ പറഞ്ഞതുപോലെ ടാങ്കില്‍ ഒഴിച്ചു കൊടുത്തശേഷം പിറ്റേദിവസം നോക്കുമ്പോള്‍ അമോ ണിയ 0.25 തന്നെയാണെങ്കില്‍ 150 ഗ്രാം പഞ്ചസാര ലായനി കൊടുക്കാവുന്നതാണ്.


* ദിവസവും അമോണിയ, കാര്‍ബണ്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തിയാല്‍ 0.25 അമോണിയ ജലത്തിലുണ്ടെങ്കില്‍ എത്ര അളവില്‍ കാര്‍ബണ്‍ കൊടുക്കണമെന്ന് കൃത്യമായി മനസിലാക്കാന്‍ കഴിയും. അമോണിയ, കാര്‍ബണ്‍ അനുപാതം കൃത്യമായിരിക്കുക എന്നത് ബയോഫ്‌ളോക്ക് മത്സ്യകൃഷി വിജയത്തിന് അനിവാര്യമാണ്.

* മറ്റൊന്ന് ബയോഫ്‌ളോക് സാന്ദ്രതയാണ്. വെള്ളത്തില്‍ എത്രശതമാനം ഫ്‌ളോക് അടിയുന്നു എന്നത് ഏറെ പ്രധാനമാണ്. ഇതിന് ഒരു ലിറ്ററിന്റെ ബയോകോണ്‍ ഉപയോഗിക്കുന്നു. ഇതില്‍ കൃത്യമായി 50 വരെയുള്ള അളവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


* മത്സ്യത്തെ ടാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നാലു മില്ലിലിറ്റര്‍ ഫ്‌ളോക്ക് ഉണ്ടാകുന്നത് നല്ലതാണ്. എന്നാല്‍ മത്സ്യം വളരുന്നതോടെ ഫ്‌ളോക്കിന്റെ സാന്ദ്രത കൂടാന്‍ സാധ്യതയുണ്ട്. ഈ അവസരത്തില്‍ 20 ല്‍ താഴെ മാത്രം ഫ്‌ളോക്ക് നിലനിര്‍ത്തും. ഇതിന് 200 ലിറ്റര്‍ ടാങ്ക് ഒരടി മുകളില്‍ ടാങ്കിനു തൊട്ടുടുത്തായി സ്ഥാപിക്കണം. ചെറിയൊരു പമ്പുവഴി ടാങ്കിലെ ജലം 200 ലിറ്റര്‍ ടാങ്കിലേക്കു പമ്പുചെയ്യണം. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഫ്‌ളോക്ക് കൃത്യമായി 200 ലിറ്റര്‍ ടാങ്കിന്റെ അടിയില്‍ അടിഞ്ഞുകൂടും. ഇത് ഈ ടാങ്കി ന്റെ താഴത്തെ വാല്‍വുവഴി നീക്കം ചെയ്യുകയും തെളിഞ്ഞവെള്ളം തിരികെ മത്സ്യടാങ്കിലേക്ക് ഒഴിക്കുകയും ചെയ്യാം. ഫ്‌ളോക്ക് കൂടുന്ന അവസരത്തില്‍ ഇത് ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യണം. ക്രമാതീതമായി ഫ്‌ളോക്ക് കൂടിയാല്‍ ജലത്തില്‍ ഓക്‌സിജന്റെ അളവുകുറയും. മത്സ്യത്തിന്റെ ചെകിളകളില്‍ ഫ്‌ളോക്ക് അടിയും. ഇത് മല്‍സ്യത്തിനു ഹാനികരമാണ്.

ബയോഫ്‌ളോക്കിലെ പൊടിക്കൈകള്‍

* മാസത്തില്‍ രണ്ട് പിപിഎം(പാര്‍ട് പെര്‍ മില്യണ്‍) അളവില്‍ കല്ലുപ്പ് ലയിപ്പിച്ച് ടാങ്കില്‍ ഒഴിച്ചു കൊടുക്കുന്നു. മല്‍സ്യത്തിന് ഫംഗല്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലതാണിത്. മല്‍സ്യങ്ങള്‍ക്ക് ചേറിന്റെ രുചി ഉണ്ടാകാതിരിക്കാനും ഇതു സഹായിക്കും.

* മറ്റൊന്ന് തീറ്റയെ സംബന്ധിച്ചാണ്. തുടക്കത്തില്‍ 0.5എംഎം അല്ലെങ്കില്‍ 0.8 എംഎം തീറ്റകളാണ് നല്‍കുന്നത്. തുടര്‍ന്ന് മല്‍സ്യത്തിന്റെ വളര്‍ച്ചക്കനുസരിച്ച് 1.8എംഎം, രണ്ട് എംഎം, 2.5 എംഎം, മൂന്ന് എംഎം, നാല് എംഎം തീറ്റകള്‍ നല്‍കാം. 150 ഗ്രാം തൂക്കമുള്ള മല്‍സ്യത്തിന് 2.5 എംഎം തീറ്റയാണ് ചന്ദന നല്‍കുന്നത്.

* എത്രതീറ്റയാണ് ഒരു ദിവസം മല്‍സ്യങ്ങള്‍ക്ക് നല്‍കേണ്ടത് എന്നത് മിനിമം 10 മത്സ്യത്തിനെ പിടിച്ച് അതിന്റെ ശരാശരി തൂക്കമെടുത്ത് ഒരു മല്‍സ്യത്തിന്റെ തൂക്കത്തിന്റെ മൂന്നു ശതമാനം എന്ന കണക്കിലാണ് ചന്ദന നല്‍കുന്നത്.

* മറ്റൊന്ന് ബയോഫ്‌ളോക് ടാങ്കില്‍ ചേര്‍ക്കുന്ന പ്രോബയോടിക്കിനെ കുറിച്ചാണ്. സാധാരണ നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന മലിനമാകാത്ത കുളങ്ങളിലും തോടുകളിലുമൊക്കെ സസ്യപ്ലവകങ്ങള്‍ കാണാം. അവയെ തിന്നു ജീവിക്കുന്ന ജന്തുപ്ലവകങ്ങളും ബാക്ടീരിയകളും ഫംഗസുകളും യഥേഷ്ടം ഉണ്ട്. ജീവനുള്ള ഇവ പെരുകി ഒന്നിച്ചുകൂടിയിരിക്കുന്ന അവസ്ഥയെയാണ് ബയോഫ്‌ളോക്ക് എന്നു പറയുന്നത് (ജീവനുള്ളവയുടെ കൂട്ടം). ഈ ആല്‍ഗകളുടെ ശരീരത്ത് പ്രോട്ടീന്‍ വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ മത്സ്യങ്ങളുടെ ഇഷ്ടഭക്ഷണമാണിവ. അതിനാല്‍ ബയോഫ്‌ളോക്ക് കൃഷിയില്‍ മത്സ്യങ്ങള്‍ക്കാവശ്യമായ തീറ്റയുടെ 25 ശതമാനം കുറച്ചു കൊടുത്താല്‍മതി. ആല്‍ഗകള്‍ക്ക് ജീവിക്കണമെങ്കില്‍ കാര്‍ബണ്‍, നെട്രജന്‍ എന്നിവ ആവശ്യമാണ് നൈട്രജന്‍ മത്സ്യത്തിന്റെ കാഷ്ഠത്തില്‍ നിന്നും കൊടുക്കുന്ന തീറ്റയുടെ അവശിഷ്ടത്തില്‍ നിന്നും ലഭിക്കും. കാര്‍ബണ്‍ മാത്രം നാം നല്‍കിയാല്‍ മതിയാവും. പഞ്ചസാര, ശര്‍ക്കര, ഗോതമ്പുപൊടി, വെര്‍മികമ്പോസ്റ്റ്, കഞ്ഞിവെള്ളം എന്നിവയില്‍ യഥേഷ്ടം കാര്‍ബണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഏതെങ്കിലും ഒന്നു നല്‍കിയാല്‍ മതിയാവും. ചന്ദനയുടെ ബയോഫ്‌ളോക്കില്‍ പഞ്ചസാരയാണ് ഉപയോഗിക്കുന്നത്. 24 മണിക്കൂറും ജലത്തില്‍ വായൂ പ്രവാഹം ഉറപ്പാക്കണം. ടാങ്കില്‍ തുടക്കത്തില്‍ 120 എഎച്ചിന്റെ ഒരു എയറേറ്റര്‍ മതിയാവും. മൂന്നു മാസങ്ങള്‍ക്കു ശേഷം മല്‍സ്യം വളര്‍ന്നു തുടങ്ങുമ്പോള്‍ 120 എഎച്ചിന്റെ മറ്റൊരു എയറേറ്റര്‍ കൂടി ആവശ്യമാണ്. പകല്‍ ഒരു എയറേറ്റര്‍ മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയാകും. വൈകുന്നേരം മുതല്‍ രണ്ടും പ്രവര്‍ത്തിപ്പിക്കും. വൈദ്യുതി തടസപ്പെടാതിരിക്കാന്‍ 200 എഎച്ചിന്റെ യുപിഎസ് എങ്കിലും കരുതണം.

ദിവസവും കുറച്ചുസമയം നീക്കിവയ്ക്കാനും കൃത്യമായി വിപണി കണ്ടെത്താനും കഴിഞ്ഞാല്‍ ബയോഫ്‌ളോക്ക് ലാഭകരമാക്കാമെന്നാണ് ചന്ദനയുടെ അനുഭവപാഠം.

ഫുഡ് പ്രോസസിംഗ് ടെക്‌നോളജിയില്‍ ബിടെക് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ സഹോദരി ഹരിത കഴിഞ്ഞ കൊറോണ കാലത്ത് കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപയോഗിച്ച് സ്‌ക്വാഷും കേക്കുമൊക്കെ നിര്‍മിച്ച് ഓണ്‍ലൈനിലൂടെയും സുഹൃത്തുക്കള്‍ വഴിയും വിപണനം നടത്തിയിരുന്നു. സഹോദരനായ ശ്രീഹരി, ബിവി 380 ഇനം മുട്ടക്കോഴികളെ വളര്‍ത്തി ചെറുതെങ്കിലും സ്വന്തവരുമാനം കണ്ടെത്തുന്നുണ്ട്. സ്വന്തമായി ഇന്‍ക്യൂബേറ്റര്‍ ഉണ്ടാക്കി കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് വില്‍ക്കുന്നതിനുള്ള തയാറെടുപ്പുകളും ശ്രീഹരി നടത്തുന്നു. ഫോണ്‍: ഹരിഹരന്‍- 88485 10319, 90480 02625.

സി. ഹരിഹരന്‍