വിരിപ്പിനൊരുങ്ങാം, വിളകളുടെ നടീല്‍കാലം
വിരിപ്പിനൊരുങ്ങാം, വിളകളുടെ നടീല്‍കാലം
നെല്ല്

പൊടിവിത

ഏപ്രില്‍ മാസത്തില്‍ പൊടിവിത നടത്താന്‍ പറ്റാത്തവര്‍ക്ക് മേയ് മാസത്തിലും പൊടിവിത നടത്താം. ഇതിനായി വേനല്‍മഴ കിട്ടിക്കഴിഞ്ഞ കണ്ടങ്ങളില്‍ ഏക്കറിന് 120 കി.ഗ്രാം കുമ്മായവും രണ്ടു ടണ്‍ ജൈവവളവും വിതറി കട്ടകള്‍ ഉടച്ച് നിലം തയാറാക്കണം. ഏക്കറിന് അര കി.ഗ്രാം സ്യൂഡോ മോണാസ് 20 കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി രണ്ടു ദിവസം ചേര്‍ത്തു വച്ചശേഷം മണ്ണില്‍ ഇളക്കിച്ചേര്‍ത്തു കൊടുക്കണം. മണ്ണിന്റെ അമ്ലത്വം കുറയ്ക്കുന്നതിന് കുമ്മായപ്രയോഗവും ഫലപുഷ്ടി നിലനിര്‍ത്തുന്നതിന് ജൈവവളപ്രയോഗവും അത്യാവശ്യമാണ്. റോട്ടവേറ്റര്‍ എന്ന ഉപകരണം ട്രാക്ടറില്‍ ഘടിപ്പിച്ച് അവസാനത്തെ പൂട്ടിന് ഉപയോഗിക്കുന്നത് കണ്ടം നല്ല പൊടിപ്പരുവമാകാന്‍ സഹായിക്കും. വിത്ത് വിതയ്ക്കുകയോ സീഡ് ഡ്രില്‍ അഥവാ വിതയന്ത്രം ഉപയോഗിച്ച് നുരിയിടുകയോ ചെയ്യാം. ഒരേക്കറില്‍ വിതയ്ക്കുന്നതിന് 30-35 കി.ഗ്രാം വരെ വിത്ത് ഉപയോഗിക്കാം. നുരിയിടുന്നതിന് 25 കി.ഗ്രാം വിത്ത് ആവശ്യമായി വരും. വിതയന്ത്രം ഉപയോഗിച്ച് വിത്ത് നുരിയിടുമ്പോള്‍ വിത്ത് വീഴുന്ന ആഴം പരമപ്രധാനമാണ്. വളരെ ആഴത്തില്‍ നുരിയിട്ട വിത്തുകള്‍ മുളയ്ക്കാതെ നശിച്ചുപോകും. വിരിപ്പില്‍ നുരികളുടെ എണ്ണം കുറയരുത്. ഹ്രസ്വകാല ഇനങ്ങള്‍ക്ക് ചതുരശ്ര മീറ്ററില്‍ 67 നുരികള്‍ എങ്കിലും ഉണ്ടായിരിക്കണം. സ്യൂഡോമോണാസ് 10 ഗ്രാം ഒരു കി.ഗ്രാം വിത്തിന് എന്ന തോതില്‍ വിത്തുമായി കൂട്ടിക്കലര്‍ത്തി 12-14 മണിക്കൂറിനു ശേഷം വിതച്ചാല്‍ വിത്തില്‍ കൂടി പകരുന്ന രോഗങ്ങളായ തവിട്ടുപുള്ളിക്കുത്ത്, ബ്ലാസ്റ്റ് എന്നീ രോഗങ്ങള്‍ ചെറുപ്രായത്തില്‍ ഉണ്ടാകുന്നത് തടയാം.

വിരിപ്പില്‍ മെച്ചപ്പെട്ട വിളവിന് യോജിച്ച ഇനങ്ങള്‍ തെരഞ്ഞെടുക്കണം. രണ്ട് വിള എടുക്കുന്ന കണ്ടങ്ങളില്‍ വിരിപ്പിന് മൂപ്പ് കുറഞ്ഞ ജ്യോതി, കാഞ്ചന, മട്ടത്രിവേണി, വര്‍ഷ, ഹര്‍ഷ, കുഞ്ഞുകുഞ്ഞ് എന്നിവയും ഇടത്തരം മൂപ്പുള്ള ഉമ, ഐശ്വര്യ, ജയ എന്നിവയും യോജിക്കും. മലപ്പുറം, പാലക്കാടന്‍ നിലങ്ങളില്‍ വിരിപ്പിന് പൊടിവിതയ്ക്ക് യോജിച്ച ഇനമാണ് സംയുക്ത (115 ദിവസം).

കളശല്യം വളരെ രൂക്ഷമായ കണ്ടങ്ങളില്‍ നെല്ലിനൊപ്പം ഏക്കറിന് 6 കിലോ എന്ന തോതില്‍ പയറും ചേര്‍ത്ത് വിതയ്ക്കാം.

പൊടിഞാറ്റടി

വിരിപ്പില്‍ നടുന്നതിന് പൊടിമണ്ണില്‍ ഞാറ്റടി തയാറാക്കാം. ഇതിനായി നന്നായി തണുക്കെ മഴ കിട്ടി കഴിഞ്ഞാല്‍ നിലമുഴുത് പൊടിക്കണം. നല്ല സൂര്യപ്രകാശവും ജലപരിപാലനസൗകര്യവും വളക്കൂറുമുള്ള സ്ഥലം ഞാറ്റടിക്ക് തെരഞ്ഞെടുക്കണം. ഒന്ന് ഒന്നര മീറ്റര്‍ വീതിയും 5-10 സെ.മീ. ഉയരവുമുള്ള ഞാറ്റടിത്തടങ്ങള്‍ തയ്യാറാക്കണം. ഒരു ച. മീറ്ററിന് ഒരു കിലോ ഗ്രാം വീതം ഉണക്കിപ്പൊടിച്ച് ചാണകമോ കമ്പോസ്റ്റോ ചേര്‍ക്കാം. നല്ല തുടമുള്ളതും 80 ശതമാനമെങ്കിലും അങ്കുരണശേഷിയുമുള്ളതുമായ 25 കിലോ വിത്ത് 10 സെന്റില്‍ പാകിയാല്‍ ഒരേക്കറില്‍ പറിച്ചുനടാന്‍ ആവശ്യത്തിനുള്ള ആരോഗ്യമുള്ള ഞാറ് കിട്ടും. 50 ഗ്രാം സ്യൂഡോമോണാസ് 2കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി 2 ദിവസം ചേര്‍ത്ത് വച്ചശേഷം മണ്ണില്‍ ഇളക്കിച്ചേര്‍ത്ത് കൊടുക്കണം. വിത്ത് തുല്യമായി വീഴത്തക്കവിധം പാകി വിത്ത് മൂടത്തക്കവിധം മീതെ പൊടിമണ്ണോ മണലോ വിതറണം. മഴയില്ലെങ്കില്‍ ഞാറ്റടി മൂന്ന് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം.

ഏപ്രില്‍ മാസം പൊടിവിത നട ത്തിയ കണ്ടങ്ങളില്‍ നന്നായി മഴ കിട്ടി ഈര്‍പ്പമുണ്ടെങ്കില്‍ ഇടയിളക്കി കളകള്‍ നീക്കം ചെയ്ത് ചിനപ്പ് പൊട്ടുന്ന അവസരത്തില്‍ ശിപാര്‍ശയുടെ മൂന്നിലൊന്ന് യൂറിയയും പൊട്ടാഷും നല്‍കുക.

രണ്ടാംകൃഷിയിറക്കുന്ന കുട്ടനാടന്‍ പാടങ്ങളില്‍ പുഞ്ചകൃഷി കൊയ്തശേഷം പൊടിയില്‍ കൂട്ടി വെള്ളം കയറ്റിയിടുന്നത് കച്ചിക്കുറ്റിയും കളകളും വേഗം ചീഞ്ഞഴുകുന്നതിന് സഹായിക്കും. വരി കൂടുതലുണ്ടാകുന്ന പാടങ്ങളില്‍ കളയ്ക്ക് കിളിര്‍പ്പിക്കലും ഒന്നുരണ്ടു പ്രാവശ്യം ചെയ്യണം.

തെങ്ങ്

നല്ല മഴ കിട്ടിയാല്‍ ഈ മാസം തടം തുറക്കാം. രണ്ടു മീറ്റര്‍ ചുറ്റളവുള്ള തടങ്ങളെടുക്കാം. തടം തുറന്നയുടന്‍ തന്നെ ഒരു കി.ഗ്രാം കുമ്മായം വിതറുക. രണ്ടാഴ്ച കഴിഞ്ഞ് തടമൊന്നിന് 25 കിഗ്രാം ജൈവവളം ചേര്‍ക്കണം. വിത്തു തേങ്ങകള്‍ പാകാനും ഈ മാസം അനുയോജ്യമാണ്. ആവശ്യാനുസരണം നീളത്തില്‍ ഒരു മീറ്റര്‍ വീതിയുള്ള തവാരണകളില്‍ 30 സെന്റീമീറ്റര്‍ ഇടയകലത്തില്‍ വരികളായി തൈകള്‍ പാകാം. ഇടയ്ക്കുള്ള സ്ഥലത്ത് മണ്ണിട്ട് മേല്‍ഭാഗം മണല്‍ നിരത്തണം. ഇതിനുമുകളില്‍ ഉണങ്ങിയ തെങ്ങോലകള്‍ വിരിക്കാം. മഴ കുറവാണെങ്കില്‍ നനയ്ക്കുക. തേങ്ങ ചരിച്ചോ കുത്തനെയോ പാകാം.

പുതുതായി തൈകള്‍ നടുന്നതിനുവേണ്ടിയും ഈ മാസം കുഴികള്‍ തയാറാക്കണം. കുഴിക്ക് ഒരു മീറ്റര്‍ വീതം നീളം, വീതി, ആഴം വേണം. കുഴിയുടെ അടിയില്‍ നിന്ന് 60 സെമി ഉയരത്തില്‍ വരെ മേല്‍മണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേര്‍ത്ത് നിറയ്ക്കുക. ഇതിന് നടുക്ക് ഒരു കുഴിയെടുത്ത് തൈ നടുക. തേങ്ങ മാത്രം മണ്ണിട്ടു മൂടുക. തൈയ്ക്ക് ചുറ്റും മണ്ണ് ചവിട്ടി ഉറപ്പിക്കണം. കൊമ്പന്‍ ചെല്ലിയുടെ ആക്രമണം ഏറ്റവും കൂടുന്നത് ഈ മാസമാണ്. തൈതെങ്ങുകളിലും ഇതനുവര്‍ത്തിക്കണം. ചെല്ലിക്കോല്‍ ഉപയോഗിച്ച് കൊമ്പന്‍ചെല്ലിയെ പുറത്തെടുത്ത് നശിപ്പിക്കാം. കൂടാതെ പാറ്റാഗുളിക മണലുമായി ചേര്‍ത്ത് അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക്/ മരോട്ടി പിണ്ണാക്ക് മണലില്‍ കലര്‍ത്തി ഓലക്കവിളുകളില്‍ നിക്ഷേപിക്കാം. കൂമ്പുചീയല്‍, ഓലചീയല്‍ രോഗങ്ങള്‍ക്കുള്ള പ്രതിവിധി ഈ മാസം ചെയ്യണം. ബോര്‍ഡോ മിശ്രിതം ഓലകളിലും കൂമ്പോലകളിലും മണ്ടയിലും നന്നായി തളിയ്ക്കണം. .

കമുക്

മഴയുടെ ലഭ്യതയ്ക്കനുസരിച്ച് ജലസേചനം ക്രമീകരിക്കണം. കഴിഞ്ഞ വര്‍ഷം കുമ്മായം ചേര്‍ത്തില്ലെങ്കില്‍ ഈ വര്‍ഷം ഓരോ ചുവടിനും 500 ഗ്രാം വീതം ചേര്‍ക്കണം. മാഹാളി രോഗത്തിനെതിരെ ഈ മാസം 1% ബോര്‍ഡോമിശ്രിതം തളിക്കണം. കമുകിന്‍ തൈ നടാനും ഈ മാസം അനുയോജ്യം.

മാവ്

കാലവര്‍ഷാരംഭത്തോടെ മാവിന്‍ തൈ നടാം. ഒരു മീറ്റര്‍ നീളവും വീതിയും താഴ്ചയുമുള്ള കുഴികള്‍ തൈ നടുന്നതിന് ഒരു മാസം മുന്‍പേ തയാറാക്കണം. വളക്കൂറുള്ള മേല്‍മണ്ണിട്ട് കുഴി മൂടിയശേഷം മദ്ധ്യഭാഗത്തായി ഒരു ചെറിയ കുഴി കൂടി ഉണ്ടാക്കണം. വേരിനും അതിനെ പൊതിഞ്ഞിരിക്കുന്ന മണ്ണിനും ഉലച്ചില്‍ തട്ടാതെ തൈ മെല്ലെയിളക്കി ഈ കുഴിയില്‍ നടണം. നടുമ്പോള്‍ തൈ ചരിയരുത്. തൈ പോളിത്തീന്‍ കവറില്‍ എത്ര ആഴത്തിലായിരുന്നുവോ അത്രയും ആഴത്തില്‍ വേണം കുഴിയിലും നടാന്‍. ഏറെ താഴ്ത്തി നടരുത്. ഒട്ടുസന്ധി മണ്ണിനടിയിലാകരുത്. തൈയ്ക്കു ചുറ്റും മണ്ണ് നന്നായി ഉറപ്പിക്കണം. തൈയ്ക്ക് താങ്ങ് കൊടുക്കുന്ന ഒട്ടുസന്ധിയുടെ താഴെ സ്റ്റോക്കില്‍ നിന്ന് ചിലപ്പോള്‍ മുളകള്‍ പൊട്ടി വളരുന്നതായി കാണാം. അത് അപ്പപ്പോള്‍ നുള്ളിക്കളയണം. മാവിന്‍ തൈയ്ക്ക് നാലു വയസ്സെങ്കിലും ആകുന്നതുവരെ കായ്ക്കാന്‍ അനുവദിക്കരുത്.


വാഴ

മഴയെ ആശ്രയിച്ചുള്ള കൃഷി തുടങ്ങാം. പൂവന്‍, ചെങ്കദളി, റോബസ്റ്റ, പാളയന്‍കോടന്‍, ഞാലിപ്പൂവന്‍, കുന്നന്‍ മുതലായ ഇനങ്ങള്‍ നടാന്‍ സമയമായി. മഴക്കാലത്ത് വാഴ നടുമ്പോള്‍ കുഴി ഉടനെ തന്നെ മൂടണം. വലിയ വാഴകള്‍ക്ക് മഴ ലഭിക്കുന്നതുവരെ ജലസേചനം ക്രമീകരിക്കുക. തടങ്ങള്‍ ചെത്തിക്കൂട്ടണം.

കശുമാവ്

വിളവെടുപ്പ് തുടരാം. വിത്തണ്ടി ഉണക്കി സംഭരിക്കണം. നഴ്‌സറിയില്‍ ഒട്ടുതൈകളിലെ ഒട്ടുഭാഗത്തിനു താഴെയുള്ള ചിനപ്പുകള്‍ അടര്‍ത്തി കളയണം. പുതിയ ഇടവിളകള്‍ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടരാം. തൈകള്‍ നടാനുള്ള കുഴികള്‍ എടുക്കാം. പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ ബാഗുകളില്‍ വിത്തണ്ടി പാകാം.

കൈതച്ചക്ക

നടീല്‍ സമയം. കനത്ത മഴയുള്ള സമയത്ത് കന്നുകള്‍ നടരുത്. തനിവിളയായും ഇടവിളയായും മൗറീഷ്യസ് ഇനം കൃഷി ചെയ്യാം.

ഏലം

രണ്ടാം തവാരണയിലും പോളിത്തീന്‍ ബാഗുകളിലും പരിപാലിച്ചു പോരുന്ന തൈകള്‍ കൃഷി സ്ഥലത്തേയ്ക്ക് മാറ്റി നടുന്നതിനു പ്രായമായിട്ടുണ്ട്. തൈകള്‍ മഴയുടെ ലഭ്യതയനുസരിച്ച് മേയ് അവസാനമോ ജൂണ്‍ ആദ്യമോ തോട്ടങ്ങളിലേയ്ക്ക് പറിച്ചു നടാം. തോട്ടങ്ങളില്‍ തണല്‍ ക്രമീകരിച്ച് കൂടുതല്‍ സൂര്യപ്രകാശം വീഴാനനുവദിക്കണം.

കുരുമുളക്

പുതുതായി തൈകള്‍ നടാനുള്ള കുഴികള്‍ തയ്യാറാക്കാം. താങ്ങു കാലിന്റെ വടക്കുഭാഗത്ത് 50 സെ.മീ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുക്കണം. മേല്‍ മണ്ണില്‍ നാലു കിഗ്രാം കാലിവളം ചേര്‍ത്ത് കുഴി മൂടുക.

നല്ല മഴ കിട്ടിക്കഴിഞ്ഞാല്‍ 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം കൊടികളുടെ ഇലകള്‍, ചെറുതണ്ടുകള്‍ മുതലായവ എല്ലാ ഭാഗത്തും വീഴത്തക്കവിധം നന്നായി തളിക്കണം. അല്ലെങ്കില്‍ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ തുടങ്ങിയവ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം.

ഗ്രാമ്പൂ, ജാതി

കാലവര്‍ഷം തുടങ്ങുന്നതുവരെ ജലസേചനം തുടരണം. ജൈവവളങ്ങളും രാസവളങ്ങളും നിര്‍ദ്ദിഷ്ട അളവില്‍ ചേര്‍ക്കേണ്ട മാസമാണിത്. ഒന്നാം കൊല്ലം ചെടി ഒന്നിന് 10 കി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. വളത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ത്തി 15 വര്‍ഷം പ്രായമായ ഒരു മരത്തിന് 15 കി ഗ്രാം ജൈവവളം ഒരു കൊല്ലം എന്ന തോതില്‍ ലഭ്യമാക്കണം. ഒരു വര്‍ഷം പ്രായമായ തൈയ്ക്ക് യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, പൊട്ടാഷ് വളം ഇവ യഥാക്രമം 20,45,40 ഗ്രാം വീതം, രണ്ടു വര്‍ഷമായതിന് 45,90,85 ഗ്രാം വീതം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ രാസവളം ക്രമമായി ഉയര്‍ത്തുക. 15 വര്‍ഷമാകുന്നതോടെ 320,625,625 ഗ്രാം വീതമാക്കാം. ജാതിക്ക് പൊട്ടാഷ് 835 ഗ്രാം ചേര്‍ക്കണം. തുടര്‍ന്ന് അളവില്‍ മാറ്റമില്ല. മഴക്കാലത്ത് ബോര്‍ഡോ മിശ്രിതം തളിക്കുന്നത് നല്ലതാണ്. പുതുകൃഷിക്ക് കുഴികളെടുത്ത് മേല്‍മണ്ണും കമ്പോസ്റ്റും കലര്‍ത്തി നിറച്ചശേഷം കാലവര്‍ഷാരംഭത്തില്‍ തൈകള്‍ നടാം.

ചേമ്പ്

ചേമ്പ് നടാന്‍ അനുയോജ്യമായ സമയം. നനയുള്ള സ്ഥലങ്ങളില്‍ ഇത് എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം. ശ്രീ രശ്മി, ശ്രീ. പല്ലവി, ശ്രീ കിരണ്‍ എന്നിവ കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണകേന്ദ്രത്തില്‍ നിന്ന് പുറത്തിറക്കിയ മികച്ചയിനങ്ങളാണ്. (0471-2598551). നടുന്നതിന് 25-35 ഗ്രാം തൂക്കം വരുന്ന ചേമ്പു വിത്തുകള്‍ ഉപയോഗിക്കാം. ഒരു സെന്റിലേക്ക് ഏകദേശം 5 കി.ഗ്രാം വിത്ത് വേണ്ടിവരും. നിലം നല്ല പോലെ കിളച്ചിളക്കി രണ്ടടി അകലത്തില്‍ വാരങ്ങളുണ്ടാക്കി അതില്‍ ഒന്നരയടി അകലത്തില്‍ ചേമ്പ് നടാം. നട്ടതിനുശേഷം പുതയിടണം. ഒരു സെന്റില്‍ 150 മൂട് ചേമ്പ് നടാം. നിലമൊരുക്കുന്ന സമയത്ത് സെന്റൊന്നിന് 50 കി.ഗ്രാം എന്ന തോതില്‍ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കാം. കൂടാതെ 650 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 350 ഗ്രാം വീതം യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മുളച്ച് ഒരാഴ്ചയ്ക്കുശേഷം നല്‍കണം. ബാക്കി 350 ഗ്രാം വീതം യൂറിയയും പൊട്ടാഷും ഒരു മാസം കഴിഞ്ഞ് കളനീക്കിയതിന് ശേഷം നല്‍കണം. ഇതോടൊപ്പം മണ്ണ് കൂട്ടികൊടുക്കുകയും വേണം.

കാച്ചില്‍

മുളച്ച് ഒരാഴ്ച കഴിയുന്നതോടെ ആദ്യമേല്‍വളം ചേര്‍ക്കണം. സെന്റിന് 50 ഗ്രാം യൂറിയയും 1.2 കി.ഗ്രാം റോക്ക് ഫോസ്‌ഫേറ്റും 250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നല്‍കണം. വള്ളികള്‍ പിടിച്ചുകയറുന്നതിന് താങ്ങുകളും നല്‍കുക.

മരച്ചീനി

മരച്ചീനി നടീല്‍ തുടരാം. ആറുമാസം കൊണ്ട് വിളവെടുക്കാവുന്ന ഇനങ്ങളാണ് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കല്പക, നിധി, വെള്ളായണി ഹ്രസ്വ. കൂടാതെ ശ്രീകാര്യം കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ അത്യുത്പാദനശേഷിയുള്ള ഇനങ്ങളുമുണ്ട്. 15-20 സെ.മീ നീളമുള്ള മധ്യഭാഗത്തെ കമ്പുകളാണ് നടാനെടുക്കുക. ഒരു സെന്റില്‍ നടാന്‍ ഇത്തരം 50-80 കമ്പുകള്‍ വേണ്ടി വരും. ശാഖകളുള്ള ഇനങ്ങള്‍ 90ഃ90 സെ.മി അകലത്തിലും ശാഖകളില്ലാത്തവ 75ഃ75 സെ.മി അകലത്തിലും നടണം. 15 ദിവസങ്ങള്‍ക്കകം മുളയ്ക്കാതെ പോയ കമ്പുകള്‍ മാറ്റി നീളം കൂടിയ (40 സെമി) പുതിയ കമ്പുകള്‍ നടണം. അടിവളമായി ചുവടിന് ഒരു കി.ഗ്രാം വീതം കാലിവളം ചേര്‍ക്കണം.നടുന്ന സമയത്ത് അടിവളമായി അര കി.ഗ്രാം യൂറിയ, 1.2 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 350 ഗ്രാം പൊട്ടാഷ് എന്നിവ സെന്റൊന്നിന് നല്‍കുക. നട്ട് രണ്ട് മാസത്തിനകം ഇതേ അളവില്‍ യൂറിയയും പൊട്ടാഷും നല്‍കുക.

അടുക്കള തോട്ടത്തില്‍ ഈ മാസം

മഴക്കാല പച്ചക്കറി കൃഷിക്ക് തയാറെടുക്കാം. എല്ലാ വീടുകളിലും ലഭ്യമായ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്താല്‍ വിഷഭയമില്ലാതെ പോഷകാംശമുള്ള പച്ചക്കറികള്‍ കഴിക്കാം.


ശീമചേമ്പ് - ഇടവിള കൃഷിക്കനുയോജ്യം

ശീമചേമ്പ് (പാല്‍ ചേമ്പ്) തെങ്ങ്, വാഴ, റബര്‍, തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യാം. തെങ്ങിന്‍ തോപ്പില്‍ 90 സെ.മി. അകലത്തില്‍ 35 മൂടും വാഴയ്ക്കിടയില്‍ 30 മൂടും ഉള്‍പ്പെടുത്താം. പുതിയ റബര്‍ത്തോട്ടങ്ങളില്‍ ആദ്യത്തെ 5 വര്‍ഷം വരെ പാല്‍ ചേമ്പ് കൃഷി ചെയ്യാം. തനിവിളയായി നടുമ്പോഴും മൂന്നടി അകലം പാലിക്കണം. 150-200 ഗ്രാം വലിപ്പത്തില്‍ മുറിച്ച് കഷണങ്ങളാക്കിയ തള്ളചേമ്പോ 50-75 ഗ്രാം വലിപ്പമുള്ള പിള്ള ചേമ്പോ നടാം. ചെറിയ ചേമ്പിന് ശിപാര്‍ശ ചെയ്ത വളം മതിയാകും. എന്നാ ല്‍ തെങ്ങിന്‍തോപ്പില്‍ ശിപാര്‍ശയുടെ പകുതി മതി. വാഴയുടെ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ യൂറിയയും സൂപ്പര്‍ ഫോസ്‌ഫേറ്റും പകുതിയും പൊട്ടാഷ് മുഴുവനും നല്‍കണം.

കൂവ

തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി നടാം. സൗകര്യമുള്ള നീളത്തിലും വീതിയിലും വാരങ്ങള്‍ ഉയരത്തില്‍ എടുത്ത് കിഴങ്ങുകഷണങ്ങള്‍ 30 ഃ 15 സെ.മി അകലത്തില്‍ നടാം. നട്ടയുടനെ പുതയിടണം. സെന്റിന് 500 ഗ്രാം യൂറിയ, 625 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 500 ഗ്രാം പൊട്ടാഷ് നല്കണം. 7-ാം മാസം വിളവെടുക്കാം.

അനിത സി. എസ്