ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ്ധിക്കാന്‍
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ്ധിക്കാന്‍
Friday, February 26, 2021 2:49 PM IST
പാശ്ചാത്യരാജ്യങ്ങളില്‍ ഒരു വലിയ വ്യവസായ സംരംഭമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്‌കരിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കുന്നതിലാണിത് അവസാനിക്കുന്നത്. പായ്ക്ക് ചെയ്ത കോഴിയിറച്ചി വിപണനം ചെയ്യുന്നതില്‍ നാം വലിയ പുരോഗതി നേടിയിട്ടില്ല. എങ്കിലും കോഴിമാംസ ഉത്പാദന സംരംഭങ്ങള്‍ക്ക് കേരളത്തില്‍ സാധ്യതകളേറെയാണ്. അഞ്ചോ ആറോ ആഴ്ച പ്രായമായ ഇറച്ചിക്കോഴികളെ ഏതാണ്ട് 2-2.2 കിലോഗ്രാം ഭാരമാകുമ്പോള്‍ വിപണിയിലെത്തിക്കുന്നതാണ് പുതുരീതി. മൊത്ത ചെലവിന്റെ 70 ശതമാനത്തോളം തീറ്റയ്ക്കു തന്നെയാകുമെന്നതിനാല്‍ ശാസ്ത്രീയ തീറ്റക്രമവും പരിചരണരീതികളും നന്നായി മനസിലാക്കിയ ശേഷമേ ഈ മേഖലയിലേക്കു പ്രവേശിക്കാവു.

ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ട്രാക്റ്റ് ഫാമിംഗാണ്(കരാര്‍കൃഷി) ഇറച്ചിക്കോഴി മേഖലയിലെ വന്‍ കുതിപ്പിനു കാരണം. പ്രമുഖ കമ്പനികള്‍ ബ്രോയ്‌ലര്‍ കുഞ്ഞുങ്ങളെയും അവയ്ക്കാവശ്യമായ തീറ്റ, മരുന്ന്, വൈദ്യസഹായം എന്നിവയും കര്‍ഷകര്‍ക്കു നല്‍കുന്നു. കര്‍ഷകരുടെ സ്ഥലത്ത് അവയെ വളര്‍ത്തി ഇറച്ചിക്കായി തിരിച്ചേല്‍പ്പിക്കുന്നു. കര്‍ഷകരെ സംബന്ധിച്ചിടത്തോളം നഷ്ട സാധ്യത കുറഞ്ഞ രീതിയാണിത്. കോഴികളെ പാര്‍പ്പിക്കുന്നതിനുള്ള ഷെഡ്, വെള്ളപ്പാത്രങ്ങള്‍, വൈദ്യുതി എന്നിവ കര്‍ഷകര്‍ ഒരുക്കണം. വളര്‍ത്തിക്കൊടുക്കുന്ന കുഞ്ഞുക്കള്‍ക്ക് തൂക്കവും തീറ്റപരിവര്‍ത്തനശേഷിയും നോക്കിയുള്ള കമ്മീഷനാണ് കര്‍ഷകര്‍ക്കു ലഭിക്കുക.

സ്വന്തം നിലയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, തീറ്റ കൊടുത്ത് പരിപാലിച്ച് ചാഞ്ചാടുന്ന വിപണി വിലയില്‍ ഉഴലുന്ന കര്‍ഷകര്‍ക്ക് പലപ്പോഴും കരാര്‍കൃഷി ഒരനുഗ്രഹമാണ്. പുതുതായി ഈ മേഖലയിലേക്കു കടന്നുവരുന്നവര്‍ക്കും വിശദമായി കാര്യങ്ങള്‍ പഠിക്കുന്നതുവരെ കരാര്‍കൃഷിയായിരിക്കും അഭികാമ്യം. വളര്‍ത്തുന്ന കോഴികള്‍ക്കനുസരിച്ച് ലാഭം കൂടും. തുടക്കക്കാര്‍ സ്വന്തം നിലയ്ക്ക് കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്ന റിസ്‌ക് എടുക്കാതിരിക്കുന്നതാവും അനുയോജ്യം. ഈ മേഖലയില്‍ പരിചയ സമ്പന്നത നേടിയശേഷം സ്വന്തം നിലയ്ക്ക് ബ്രോയ്‌ലര്‍ സംരംഭം തുടങ്ങാം.

ആയിരം കോഴികളെയോ അതിലധികമോ വളര്‍ത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി ആവശ്യമാണ്. കോഴിക്കുഞ്ഞുങ്ങളുടെ ശാസ്ത്രീയ പരിചരണത്തെ ക്കുറിച്ചുള്ള ക്ലാസുകള്‍ മൃഗസംരക്ഷണവകുപ്പിലെ ട്രെയിനിംഗ് സെന്ററുകള്‍, കൃഷിവിജ്ഞാന കേന്ദ്രം, വെറ്ററിനറി സര്‍വകലാശാല എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഇവിടെ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വച്ച് ട്രെയിനിംഗ് കഴിയുമ്പോള്‍ ബാങ്ക്‌ലോ ണിനും അപേക്ഷിക്കാം. സ്വന്തമായി കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നവര്‍ അയല്‍ സംസ്ഥാന സ്വകാര്യ ഹാച്ചറികളെ ആശ്രയിക്കേണ്ടതായി വരും. കുഞ്ഞുങ്ങളുടെ വിപണി വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ലാഭനഷ്ടക്കണക്കുകളെ സ്വാധീനിക്കും.

ഫാം തുടങ്ങുമ്പോള്‍

* ബ്രോയ്‌ലര്‍ കോഴിക്കുഞ്ഞുങ്ങളെ വിരിപ്പു രീതിയില്‍ (ഡീപ് ലിറ്റര്‍) വളര്‍ത്തുന്നതാണ് അനുയോജ്യം.
* വെള്ളക്കെട്ടില്ലാത്ത, വൈദ്യുതി, ശുദ്ധജലം എന്നിവ ലഭിക്കുന്ന സ്ഥലത്തു വേണം ഫാം തുടങ്ങാന്‍.
* ഒരു കോഴിക്ക് 1.1 ചതുരശ്ര അടി തറസ്ഥലം ലഭ്യമാക്കണം.
* കിഴക്കു പടിഞ്ഞാറു ദിശയില്‍ ഷെഡു പണിതാല്‍ സൂര്യപ്രകാശം നേരിട്ട് അകത്തേക്കു പതിക്കുന്നത് ഒഴിവാക്കാം.
* കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിനു മുമ്പ് തറയും ഭിത്തിയും കഴുകി, കുമ്മായം പൂശി അണുനശീകരണം നടത്തണം.
* ഫാമിലേക്കു സന്ദര്‍ശകരെ അനുവദിക്കരുത്. പ്രവേശന കവാടത്തില്‍ അണുനാശിനികൊണ്ട് കാല്‍ കഴുകാനുള്ള സംവിധാനമൊരുക്കണം.
* അറക്കപ്പൊടി ചിന്തേര്, ചകിരിച്ചോറ് എന്നിവയിലേതെങ്കിലും രണ്ടിഞ്ചു കനത്തില്‍ വിരിപ്പായി ഉപയോഗിക്കാം.
* നനഞ്ഞ വിരിപ്പ് പൂപ്പല്‍ ബാധയ്ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകും. വിരിപ്പ് നനഞ്ഞ് കട്ടപിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ബ്രൂഡിംഗ് (ചൂടു നല്‍കല്‍)

* കോഴിക്കുഞ്ഞുങ്ങള്‍ക്കു തൂവലുകള്‍ വരുന്നതുവരെ കൃത്രിമമായി ചൂടു നല്‍കണം. 100 കോഴിക്കുഞ്ഞുങ്ങള്‍ക്ക് 60 വാട്ടിന്റെ രണ്ടു ബള്‍ബെങ്കിലും ഒരടിപൊക്കത്തിലായി ക്രമീകരിക്കണം. രണ്ടാഴ്ച വരെയെങ്കിലും കൃത്രിമമായി ചൂടു നല്‍കണം.

* കുഞ്ഞുങ്ങളെ ബള്‍ബിനടിയില്‍ തന്നെ നിര്‍ത്തുന്നതിനായി ഒരടി പൊക്കമുള്ള ചിക്ക് ഗാര്‍ഡുകള്‍ ഉപയോഗിച്ച് മറ നിര്‍മിക്കാം. കുഞ്ഞുങ്ങള്‍ ബള്‍ബിനു കീഴില്‍ പലയിടത്തായി ചിതറി നിന്നു തീറ്റയെടുക്കുന്നതു ശരിയായി ചൂടു ലഭിക്കുന്നതിന്റെ സൂചനയാണ്.

തീറ്റയും വെള്ളവും

ഇറച്ചിക്കോഴികള്‍ക്ക് അവ കഴിക്കുന്ന അത്രയും തീറ്റ നല്‍കുന്നതാണു പതിവ്. അതിനാല്‍ തീറ്റപ്പാത്രത്തില്‍ എപ്പോഴും തീറ്റയുണ്ടായിരിക്കണം. ആദ്യത്തെ ആഴ്ച പ്രീസ്റ്റാര്‍ട്ടര്‍, പിന്നീടുള്ള രണ്ടാഴ്ച സ്റ്റാര്‍ട്ടര്‍, ഒടുവിലത്തെ മൂന്നാഴ്ച ഫിനിഷര്‍ എന്നീ തീറ്റകളാണു നല്‍കേണ്ടത്.


* തീറ്റ നല്‍കാനായി നീളത്തിലുള്ള ലീനിയര്‍ പാത്രങ്ങളോ വൃത്താകൃതിയിലുള്ള ട്യൂബ് ഫീഡറുകളോ ഉപയോഗിക്കാം. $തീറ്റ അധികം പാഴാക്കികളയാതിരിക്കാന്‍ ഗ്രില്‍ വച്ച തീറ്റപ്പാത്രങ്ങളും വിപണിയില്‍ ലഭ്യമാണ്.

* ഒരു കുഞ്ഞിന് രണ്ടാഴ്ചവരെ 2.5 സെന്റീമീറ്റര്‍, മുതിര്‍ന്നവയ്ക്ക് അഞ്ചു സെന്റീമീറ്റര്‍ എന്നയനുപാദത്തില്‍ തീറ്റസ്ഥലം ലഭ്യമാക്കണം.

* നീളമുള്ള തീറ്റപ്പാത്രത്തിന്റെ രണ്ടുവശങ്ങളിലായി നിന്ന് തീറ്റ തിന്നാവുന്നതാണ്. ടൂബ് ഫീഡറില്‍ ഒരിക്കല്‍ തീറ്റ നിറച്ചാല്‍ കൂടുതല്‍ ദിവസത്തേക്കു ലഭിക്കുമെന്ന ഗുണവുമുണ്ട്.

* 100 കോഴിക്കുഞ്ഞുങ്ങള്‍ക്ക് 12 കിലോഗ്രാം കൊള്ളുന്ന മൂന്ന് ടൂബ് ഫീഡറുകള്‍ മതിയാകും.

* വെള്ളപ്പാത്രം തെരഞ്ഞെടുക്കുമ്പോള്‍ ചെലവു കുറഞ്ഞതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതും കോഴികള്‍ക്ക് അകത്തുകയറി വെള്ളം ചീത്തയാക്കാന്‍ പറ്റാത്തതുമാകാന്‍ ശ്രദ്ധിക്കണം.

* വിപണിയില്‍ ലഭിക്കുന്ന വെള്ളപ്പാത്രങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ബേസിനുകളില്‍ വെള്ളം നല്‍കാവുന്നതാണ്. കോഴി ബേസിനുള്ളിലേക്കു കയറി വൃത്തികേടാക്കാതിരിക്കാന്‍ ഗ്രില്‍ വച്ചു മറയ്ക്കാം.

* വെള്ള, തീറ്റപ്പാത്രങ്ങള്‍ വൃത്തിയാക്കി അണുനാശിനി ഉപയോഗിച്ച് കഴുകി വെയിലത്തുണക്കി സൂക്ഷിക്കാം.

* തണുത്തതും വൃത്തിയുള്ളതുമായ വെള്ളം മുഴുവന്‍ സമയവും കൂടുകളില്‍ ലഭ്യമാക്കണം.

* ചൂടുള്ള കാലാവസ്ഥയില്‍ ചുടിന്റെ കാഠിന്യം കുറയ്ക്കാന്‍ ഐസ് ചേര്‍ത്തു തണുപ്പിച്ച് വെള്ളം നല്‍കാം. എന്നാല്‍ വെള്ളം യാതൊരു കാരണവശാലും താഴെ വീണ് ലിറ്റര്‍ നനയാന്‍ പാടില്ല. കുടിക്കാനായി ക്ലോറിനോ, അണുനാശിനിയോ കലര്‍ത്തിയ വെള്ളം മാത്രം നല്‍കണം.

രോഗപ്രതിരോധം

ഇറച്ചികോഴികള്‍ക്ക് അനാവശ്യമായി മരുന്നുകള്‍ നല്‍കേണ്ടതില്ലെങ്കിലും വൈറസ് രോഗങ്ങള്‍ തടയാന്‍ കൃത്യമായ ഇടവേളകളില്‍ പ്രതിരോധ മരുന്നുകള്‍ നല്‍കണം.

* സാധാരണയായി വെള്ളത്തില്‍ കലര്‍ത്തി നല്‍കുന്ന വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. ഏഴാം ദിവസം നല്‍കുന്ന കോഴിവസന്ത പ്രതിരോധ വാക്‌സിന്‍ കണ്ണിലോ, മൂക്കിലോ ഒരു തുള്ളി ഇറ്റിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും.

ഒന്നാം ദിവസം നല്‍കുന്ന മാരക്‌സ് പ്രതിരോധകുത്തിവയ്പ്പ് ബ്രോയ്‌ലര്‍ കോഴികള്‍ക്കു നല്‍കേണ്ടതില്ല. സാധാരണയായി 100 കുഞ്ഞുങ്ങള്‍ക്കുള്ള ഡോസായാണ് വാക്‌സിനുകള്‍ ലഭ്യമാവുക. ഇവ ശീതീകരിച്ചു സൂക്ഷിക്കേണ്ടതാണ്.

* ഒരിക്കല്‍ പൊട്ടിച്ചാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ വാക്‌സിന്‍ നേര്‍പ്പിച്ചുപ യോഗിക്കേണ്ടതാണ്. മിച്ചം വരുന്നത് ഒരു കാരണവശാലും ശീതീകരിച്ചുപയോഗിക്കരുത്.

* വാക്‌സിന്‍ നല്‍കുമ്പോള്‍ ക്ലോറിനോ, അണുനാശിനിയോ കലരാത്ത ശുദ്ധമായ കിണര്‍ വെള്ളം ഉപയോഗിക്കണം.

* വാക്‌സിന്‍ നല്‍കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് വെള്ളം നല്‍കാതിരുന്നാല്‍ വാക്‌സിന്‍ നല്‍കിയ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ അതുകുടിച്ചു തീര്‍ത്തോളും.

* ഒരു കാരണവശാലും നേര്‍പ്പിച്ച വാക്‌സിന്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ പുറത്തുവച്ചശേഷം ഉപയോഗിക്കരുത്.

* ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം എന്ന അനുപാദത്തില്‍ പാല്‍പ്പൊടി കലക്കിയശേഷം അതിലേക്ക് വാക്‌സിന്‍ കലര്‍ത്തി നല്‍കണം. ഇത് വാക്‌സിനുകളുടെ ശക്തി ക്ഷയിക്കാതിരിക്കാന്‍ സഹായിക്കും.

വിപണനം

മുന്‍കാലങ്ങളില്‍ എട്ടും പത്തും ആഴ്ചയ്ക്കു ശേഷം വിപണനം നടത്തിയിരുന്ന ഇറച്ചിക്കോഴികള്‍ ഇന്ന് 5-6 ആഴ്ച പ്രായമെത്തുമ്പോള്‍ തന്നെ വിപണിക്കാവശ്യമായ ഭാരം കൈവരിക്കുന്നു. ഇവ ഡ്രസ് ചെയ്‌തോ ഉത്പന്നങ്ങളാക്കിയോ വിറ്റഴിച്ചാല്‍ കൂടുതല്‍ ലാഭം നേടാനാകും. കൂടാതെ വിപണിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് കോഴികളുടെ എണ്ണം കൂട്ടുന്നതും നിജപ്പെടുത്തുന്നതുമെല്ലാം ലാഭം വര്‍ധിപ്പിക്കാനുതകുന്ന തന്ത്രങ്ങളാണ്.

ബ്രോയ്‌ലര്‍ കോഴികളുടെ വാക്‌സിന്‍ ക്രമം

* 7-ാം ദിവസം
ആര്‍.ഡി.എഫ്/ലസോട്ട ഒരു തുള്ളി കണ്ണിലോ മൂക്കിലോ

* 14-ാം ദിവസം
ഐ.ബി.ഡി- കുടിവെള്ളത്തില്‍

* 21-ാം ദിവസം
ആര്‍.ഡി. ലസോട്ട- കുടിവെള്ളത്തില്‍

* 28-ാം ദിവസം
ഐ.ബി.ഡി- കുടിവെള്ളത്തില്‍

ഡോ. ഹരികൃഷ്ണന്‍ എസ്.
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി.
9446 44 3700.