രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്‍. കായംകുളം താമരക്കുളത്ത് ചത്തിയറ പതിനാലാം വാര്‍ഡില്‍ ആര്‍.കെ. ഭവനത്തില്‍ കെ.ആര്‍. രാമചന്ദ്രന്‍ നാട്ടുമത്സ്യങ്ങളെ ഇഷ്ടപ്പെടുന്നൊരു കര്‍ഷകനാണ്. മീന്‍ വളര്‍ത്തലില്‍ മുഖ്യസ്ഥാനവും നാടന്‍ മത്സ്യങ്ങള്‍ക്കാണ്. വരാല്‍, കാരി, കരട്ടി (ചെമ്പല്ലി), കുറുവ, കരിമീന്‍, ചെറുമത്സ്യങ്ങള്‍ തുടങ്ങി നാടന്‍ ഇനങ്ങളെ വളര്‍ത്തി വില്‍പന നടത്തുന്നതില്‍ മുന്‍പന്തിയിലാണിദ്ദേഹം.

മീന്‍ വളര്‍ത്തുന്നതിനു മുമ്പ് നെല്ലും തെങ്ങുമായിരുന്നു കൃഷി. ഇദ്ദേഹത്തിന്റെ രണ്ടേക്കര്‍ പാടത്താണ് നാടന്‍ മത്സ്യങ്ങള്‍ വളരുന്നത്. കര്‍ഷകരില്‍ നിന്ന് ഉപഭോക്താവിന്റെ പക്കല്‍ നേരിട്ടെത്തിക്കുന്നതിനാല്‍ മത്സ്യകൃഷിയില്‍ സ്ഥിരത നേടാനും സാധിച്ചു. മീന്‍ വളര്‍ത്തലില്‍ ഒരു സംരംഭകന്റെ മനസുകൂടി യുണ്ടായിരുന്ന രാമചന്ദ്രന്‍ സ്വന്തമായി മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. ദീര്‍ഘ ചതുരാകൃതിയിലുളള വലകളാല്‍ നിര്‍മിച്ച ' ഫിഷ് ഹാപ്പ' യിലാണ് ചെറിയ മീന്‍കുഞ്ഞുങ്ങള്‍ വളരുന്നത്. ഹാച്ചറിവഴി വര്‍ഷംതോറും നാലു ലക്ഷം മീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. പുതിയ മത്സ്യകര്‍ഷകര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ടിദ്ദേഹം.


സമ്മിശ്ര കൃഷിയും തനിക്കു വഴങ്ങുമെന്നു തെളിയിക്കുകയാണ് ഈ കര്‍ഷകന്‍. മീന്‍ വളര്‍ത്തുന്ന പാടത്തിനു ചുറ്റും തെങ്ങ് വച്ചു പിടിപ്പിച്ചിരിക്കുന്നു. വിവിധ സമയങ്ങളില്‍ വിളവെടുക്കാവുന്ന തരത്തില്‍ ഏത്ത വാഴ കൃഷി ചെയ്യുന്നു. വെറ്റില കൃഷി, പച്ചക്കറികളായ കോവല്‍, പച്ചമുളക്, പടവലം, പപ്പായ, എന്നിവയും സമൃദ്ധ മായി വിളവു നല്‍കുന്നു. കൃഷിക്കാ വശ്യമായ ജൈവവളങ്ങള്‍ ലഭിക്കാന്‍ നാലു പശുക്കളെയും വളര്‍ത്തുന്നു. ഒരു സംയോജിത കര്‍ഷകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ എല്ലാ ഉത്പന്നങ്ങളും വാങ്ങാന്‍ തയാറായി ചത്തിയറയില്‍ ഒരു ക്ലസ്റ്ററും പ്രവര്‍ത്തിക്കുന്നു. ഇതിനാല്‍ വില്‍പന തടസമുണ്ടാകാതെ നടക്കുന്നു. കൃഷിയില്‍ ഭാര്യ രാജ മ്മയും മരുമകന്‍ രതീഷും കൂടെയുണ്ട്. രാമചന്ദ്രന്‍ - ഫോണ്‍ 95 62137154

സുരേഷ്‌കുമാര്‍ കളര്‍കോട്