അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അനിവാര്യതയുമാണ്. മാറിവരുന്ന ഭക്ഷണരീതികളും ജീവിത സാഹചര്യങ്ങളും ജീവിതശൈലീ രോഗങ്ങളിലേക്കാണു നമ്മെ നയിക്കുന്നത്. പോഷക സമ്പുഷ്ടമായ പച്ചക്കറികളുടെ ഉത്പാദനം ഓരോ വീടുകളിലുമുണ്ടായാല്‍ ഈ പ്രശ്‌നങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും. കൃഷിചെയ്യാന്‍ ഒരുപാടു സ്ഥലമോ മറ്റു സൗകര്യങ്ങളോ അടുക്കളത്തോട്ടത്തിന് ആവശ്യമില്ല. മറിച്ച് ഉറച്ച മനസോടെയുള്ള ഒരു ചെറിയ കാല്‍വയ്പു മതി. ശാസ്ത്രീയ കൃഷിപരിപാലന രീതികള്‍ കൂടി അവംലബിച്ചാല്‍ വീട് നാടന്‍ പച്ചക്കറികളുടെ ഒരു കലവറയാകും.

പച്ചക്കറികളുടെ ഉത്പാദനത്തിലെന്ന പോലെ ഉപഭോഗത്തിലും കേരളീയര്‍ പിറകിലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരു മനുഷ്യന് പ്രതിദിനം 280-300 ഗ്രാം പച്ചക്കറി ആവശ്യമുണ്ട്. അതില്‍ തന്നെ ഇലക്കറികള്‍, കിഴങ്ങു വര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിങ്ങനെ മൂന്നു ഘടകങ്ങളായി ഭാഗിച്ചിട്ടുണ്ട്. കേരളത്തില്‍ ശരാശരി 120-150 ഗ്രാം പച്ചക്കറിയേ ഒരാള്‍ ഭക്ഷിക്കുന്നുള്ളൂ. അതിനാല്‍ പച്ചക്കറി ഉത്പാദനം വര്‍ധിപ്പിച്ചേ മതിയാകൂ.

ശാസ്ത്രീയ ആസൂത്രണത്തോടെ വീടുകളില്‍ പച്ചക്കറിത്തോട്ടമൊരുക്കിയാല്‍ കുറഞ്ഞ സ്ഥലത്തുനിന്നു മെച്ചപ്പെട്ട വിളവുണ്ടാക്കാന്‍ സാധിക്കും. ഇതിനു സഹായിക്കുന്ന അടുക്കളത്തോട്ടത്തിന്റെ ഒരു രൂപരേഖ ഇതോടൊപ്പം നല്‍കുന്നു

മോഡല്‍ അടുക്കളത്തോട്ടം

വെറും ഒരു സെന്റ് സ്ഥലത്തെ പച്ചക്കറിത്തോട്ടത്തിന്റെ രേഖാ ചിത്രമാണിവിടെ നല്‍കിയിരിക്കുന്നത്. ഇതുപോലെ കൃത്യമായ നീളവും വീതിയും ലഭ്യമല്ലെങ്കില്‍ നമ്മുടെ അഭിരുചിക്കനുസരിച്ച് പ്ലാന്‍ മാറ്റാം. പക്ഷെ ആകെ വിസ്തൃതി ഒരു സെന്റി ല്‍ കുറയരുതെന്നു മാത്രം. ഇനി മട്ടുപ്പാവില്‍ പച്ചക്കറിത്തോട്ടമൊരുക്കുന്നവര്‍ക്ക് 400-450 ചതുരശ്ര അടി സ്ഥലമാണാവശ്യം. മണ്‍ചട്ടികള്‍, ഗ്രോബാഗുകള്‍ എന്നിവ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. അടുക്കളത്തോട്ടത്തിലെ വിളക്രമീകരണം പ്രധാനപ്പെട്ടതാണ്. ഓരോ പച്ചക്കറികളും അവയ്ക്ക് യോജിച്ച വളര്‍ച്ചാകാലത്ത് കൃഷിചെയ്യാനായാല്‍ നല്ല വിളവു ലഭിക്കും. കീടാക്രമണം കുറയുകയും ചെയ്യും.

വീടുകളിലെ പച്ചക്കറിത്തോട്ടങ്ങള്‍ക്ക് വളരെ കൃത്യമായ വിസ്തൃതി ആവശ്യമില്ല. അത് ഭൂമിയുടെ കിടപ്പ്, സ്ഥലലഭ്യത എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഒരു സെന്റില്‍ (40 ചതുരശ്ര മീറ്റര്‍) പോലും മികച്ച പച്ചക്കറിത്തോട്ടമൊരുക്കാന്‍ കൃത്യമായ ആസൂത്രണം നമ്മെ സഹായിക്കുന്നു.

വിവിധ നടീല്‍ രീതികള്‍

ടെറസില്‍ ഗ്രോബാഗുകളില്‍ കൃഷിചെയ്യാം. മണ്ണ്, മണല്‍ ചാണകപ്പൊടി എന്നിവ നിറച്ച് കൃഷി ആരംഭിക്കാം. ഗ്രോബാഗിനു പകരം അത്രയും വലിപ്പമുള്ള പ്ലാസ്റ്റിക് ചാക്കുകളോ, ചെടിച്ചട്ടികളോ ഉപയോഗിക്കാം. ടെറസില്‍ കൈവരിയോടു ചേര്‍ത്തും അടിയില്‍ ചുമര്‍ ഭാഗത്തിനു മുകളിലുമാണ് ഇവ വയ്‌ക്കേണ്ടത്. ഗ്രോബാഗുകള്‍ രണ്ട് ഇഷ്ടികകള്‍ക്കു മുകളില്‍ വച്ചാല്‍ മഴവെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കും. ചെളികെട്ടാത്ത ടെറസ് വൃത്തിയായി സൂക്ഷിക്കാനും സഹായകരമാണിത്. മണ്ണില്‍ ഗ്രോബാഗുകള്‍ വയ്ക്കുമ്പോഴും ഈ രീതി സ്വീകരിക്കാം.

പ്ലാന്റിംഗ് ബോര്‍ഡുകള്‍

വിസ്തൃതമായ ടെറസുള്ളവര്‍ക്ക് പ്ലാന്റിംഗ് ബോര്‍ഡുകള്‍ ഉപയോഗിക്കാം. 4-5 അടി നീളവും രണ്ടരയടി വീതിയും അരയടി ഉയരവുമുള്ള പ്ലാന്റിംഗ് ബോര്‍ഡുകളില്‍ നടീല്‍ മിശ്രിതം നിറച്ചു കൃഷിചെയ്യാം. ഇലക്കറി വര്‍ഗങ്ങള്‍, മൈക്രോഗ്രീന്‍സ് (പയര്‍ പോലുള്ള പച്ചക്കറികള്‍ മുളച്ചു കുറച്ചുകഴിയുമ്പോള്‍ മുറിച്ച് ഇലക്കറിയായി ഉപയോഗിക്കുന്നത്)എന്നിവ മികച്ച രീതിയില്‍ വളര്‍ത്താം.

ഉപയോഗശൂന്യമായ കുപ്പികള്‍

കുടിവെള്ളത്തിന്റെയും ശീതളപാനീയങ്ങളുടെയും പ്ലാസ്റ്റിക് കുപ്പികള്‍ ലംബമായോ തിരശ്ചീനമായോ മുറിച്ചെടുത്ത് ഉപയോഗിക്കാം. അധികം ആഴത്തിലേക്കു വേരിറങ്ങാത്ത ചീര, മല്ലിയില, പുതിന എന്നിവ ഇതില്‍ വളര്‍ത്തിയെടുക്കാം.

തൈകള്‍ മുളപ്പിക്കാനായി മുട്ടത്തോടുകള്‍

പച്ചക്കറിതൈകള്‍ മുളപ്പിച്ചെടുക്കാന്‍ മുട്ടത്തോടുകളില്‍ ചകിരിച്ചോര്‍ കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് എന്നിവ തുല്യ അളവില്‍ നിറച്ച് വിത്തു നടാം. ഈ തൈകള്‍ മുട്ടത്തോടോടെ നടാം. ചെടികള്‍ക്ക് വളര്‍ച്ചാ കാലഘട്ടത്തില്‍ ആവശ്യമായ കാല്‍സ്യം ചെറിയൊരളവില്‍ നല്‍കാനും മുട്ടത്തോടിനു സാധിക്കും. പ്ലാസ്റ്റിക് ട്രേകളെ ഒഴിവാക്കുകയും ചെയ്യാം.

അടുക്കളത്തോട്ടത്തിലെ ജലസേചന രീതികള്‍

കേരളത്തില്‍ അടുക്കളത്തോട്ടങ്ങളിലും മട്ടുപ്പാവുകൃഷിയിലും വ്യത്യസ്ത തരം ജലസേചനരീതികള്‍ അവലംബിച്ചു വരുന്നു. എന്നാല്‍ ചിലപ്പോഴെങ്കിലും അടുക്കളത്തോട്ടങ്ങളിലെ ജലസേചനം നമ്മെ ബുദ്ധിമുട്ടിക്കാറുണ്ട്. ചെടികള്‍ക്ക് ധാരാളം ജലം നല്‍കുന്ന രീതിയായി ജലസേചനം മാറാറുണ്ട്. കൂടുതല്‍ ജലം നല്‍കലല്ല, പകരം ആവശ്യമുള്ള വെള്ളം ആവശ്യമായ സമയങ്ങളില്‍ കൃത്യമായി നല്‍കലാണ് ശരിയായ രീതി. ഇതിനായി മൂന്നു രീതികള്‍ അവലംബിക്കാം.


1. പൂപ്പാളി ഉപയോഗിച്ചുള്ള രീതി: പൂപ്പാളി അഥവാ റോസ്‌കാന്‍ ഉപയോഗിച്ചുള്ള ജലസേചനം വളരെ സാധാരണമാണ്. പൂപ്പാളികള്‍ക്കു പകരം ഹോസ്‌പൈപ്പില്‍ ചെറിയ സ്‌പ്രേയര്‍ ഘടിപ്പിച്ചും നന ക്രമീകരിക്കാം. അളവില്‍ കൂടുതല്‍ വെള്ളം നഷ്ടമാകുമെന്ന ന്യുനതയിതിനുണ്ട്.

2. തുള്ളിനന: ഡ്രിപ്പ് ഇറിഗേഷന്‍ എന്ന സങ്കേതം ഉപയോഗപ്പെടുത്തിയാല്‍ ജലത്തിന്റെ 90 ശതമാനം കാര്യക്ഷമതയും ലഭ്യമാകുന്നെന്ന മെച്ചമുണ്ട്. വെള്ളത്തിലൂടെ വളവും നല്‍കാം. ഇതിനുള്ള ഡ്രിപ്പ് കിറ്റുകള്‍ ലഭ്യമാണ്. എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ഇറിഗേറ്റ് ഈസി, ഫാമിലി ഡ്രിപ്പ് യൂണിറ്റുകള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. കൃഷിഭവന്‍ വഴി ഇതിനു ധനസഹായവും ലഭിക്കുന്നുണ്ട്.

3. തിരിനന: വിക്ക് ഇറിഗേഷന്‍ എന്നത് മട്ടുപ്പാവു കൃഷിയിലെ മികച്ച ജലസേചന രീതിയാണ്. വെള്ളത്തിന്റെ ദൗര്‍ലഭ്യമുള്ളിടത്തും ഗ്രോബാഗുകള്‍ ഉപയോഗിക്കുന്നയിടങ്ങളിലുമാണ് ഇതുപയോഗിക്കുന്നത്. കോഴിക്കോടുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രം ( പരിചയപ്പെടുത്തിയ മാതൃകയും പിന്നീട് നവീകരിച്ചെടുത്ത ചില മാതൃകകളും ഇതില്‍പ്പെടുന്നു. കേശികത്വം എന്ന തത്വമുപയോഗിച്ച് ഗ്ലാസ് വുള്‍, ചകിരിച്ചോര്‍ എന്നിവകൊണ്ടു നിര്‍മിച്ച തിരികള്‍ ഉപയോഗിക്കുന്നു. രണ്ടാഴ്ച വരെയു ള്ള ജലസേചനത്തിനുള്ള ജലംസംഭരിക്കാവുന്ന മോഡലുകളും വിപണിയിലുണ്ട്. ഇതില്‍ ആവശ്യമുള്ള മോഡല്‍ കണ്ടെത്തി അടുക്കളത്തോട്ടത്തില്‍ ഉപയോഗിക്കാം.

വളപ്രയോഗം

അടുക്കളത്തോട്ടത്തിലെ വളപ്രയോഗം ജൈവരീതിയിലാക്കുന്നതാ ണു നല്ലത്. വീട്ടിലെ മാലിന്യങ്ങളെ നമുക്ക് ആവശ്യമായരീതിയില്‍ ബയോകമ്പോസ്റ്റാക്കി മാറ്റിയാല്‍ നല്ലൊരു ജൈവവളവുമായി. അതിനായി ചെറിയ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്, ബയോകമ്പോസ്റ്റ് യൂണിറ്റ്, പൈപ്പ് കമ്പോസ്റ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉണ്ടാക്കിയെടുക്കണം. കൂടാതെ ചാണകപ്പൊടി, കപ്പലണ്ടിപിണ്ണാക്ക് തുടങ്ങിയവയും ഉപയോഗിക്കാം.

ജൈവീക നിയന്ത്രണം

അടുക്കളത്തോട്ടങ്ങളിലെ ജൈവീക നിയന്ത്രണരീതികള്‍ അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ, വെര്‍ട്ടിസീലിയം, ബ്യൂവേറിയ തുടങ്ങിയ ജീവാണുകുമിള്‍നാശിനികള്‍, ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ് എന്നീ വളര്‍ച്ചാത്വരകങ്ങള്‍, വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം, പുകയില കഷായം, കാന്താരിമുളകു ലായനി തുടങ്ങിയ ജൈവകീടനാശിനികള്‍ ഉപയോഗിക്കാം. മഞ്ഞ - നീല നിറത്തിലുള്ള ഒട്ടുന്ന കെണികള്‍, ഫിറമോണ്‍ കെണികള്‍ എന്നിവയും ആവശ്യം വേണ്ടവയാണ്. ജൈവകീടനാശിനികളാണെങ്കില്‍ പോലും ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ.

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

1. ശാസ്ത്രീമായി സംവിധാനം ചെയ്ത ഒരു സെന്റ് ഭൂമി (40 ചതുരശ്ര മീറ്റര്‍) അടുക്കളത്തോട്ടത്തിനായി തെരഞ്ഞെടുക്കാം. അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിനു വര്‍ഷം മുഴുവനും വേണ്ട പച്ചക്കറി ഈ തോട്ടത്തില്‍ നിന്ന് ഉത്പാദിപ്പിക്കാം.

2. അടുക്കളത്തോട്ടം വീടിന്റെ അടുത്ത പരിസരത്തായിരിക്കണം. അടുക്കള, കുളിമുറി എന്നിവയുടെ അടുത്തായാല്‍ നന്ന്.

3. വിം, സോപ്പ്, ചൂടുവെള്ളം എന്നിവ വീഴുന്ന മണ്ണ് കൃഷിക്കു നന്നല്ല.

4. തുറസായ, സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് തെരഞ്ഞെടുക്കേണ്ടത്. ടെറസായാലും നല്ലത്.

5. വെട്ടുകല്ലും പാറയുമുള്ള മണ്ണാണെങ്കില്‍ കൃഷി ചാക്കിലോ, ചട്ടിയിലോ നടത്തണം.

6. അതിര്‍ത്തി വേലികെട്ടി തിരിച്ച് കൃഷി തുടങ്ങിയാല്‍ നന്ന്. മധുരച്ചീരക്കമ്പുകള്‍ നട്ടു വേലിയൊരുക്കാം.

7. കയറുന്ന ഭാഗത്ത് ബസല്ല ചീര വള്ളി പടര്‍ത്താം. മറ്റു വശങ്ങളില്‍ കോവല്‍, നിത്യവഴുതന, വാളരിപ്പയര്‍, അമര, ചതുരപ്പയര്‍, പീച്ചില്‍, കുരുത്തോലപ്പയര്‍ എന്നിവ നടാം.

8. വേലിക്ക് ഇടയ്ക്കിടെ അഗത്തിച്ചീര കമ്പ് രണ്ടു മീറ്റര്‍ വ്യത്യാസത്തില്‍ വേലിയുടെ ബലത്തിനായി നടാം.

9. ദീര്‍ഘകാല വിളകളായ മുരിങ്ങ, ഇരിമ്പന്‍പുളി, കറിവേപ്പ്, ഒടിച്ചുകുത്തി നാരകം, പപ്പായ, വാഴ എന്നിവ കഴിവതും ഒരു ഭാഗത്തു നടണം. വടുക്കുഭാഗമാണു നല്ലത്.

10. സാമ്പാര്‍ചീര, കാന്താരി തുടങ്ങിയ സൂര്യപ്രകാശം കുറച്ചു മാത്രം ആവശ്യമുള്ള വിളകള്‍ ദീര്‍ഘകാലവിളകള്‍ക്കിടയില്‍ വളര്‍ത്താം.

11. തോട്ടത്തില്‍ ഒരു കമ്പോസ്റ്റ് കുഴി ആവശ്യമാണ്. മണ്ണിരകമ്പോസ്റ്റ് കുഴി ആയാലും മതി.

12. രണ്ടടി വീതിയുള്ള നടവഴികള്‍ നല്ലതാണ്. വഴികള്‍ക്ക് ഇരുവശവും ചീര നടാം.

13. ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ ഒരേ ഭാഗത്തു തന്നെ കൃഷി ചെയ്യരുത് (ഉദാ: തക്കാളി, വഴുതന, മുളക്)

14. ദീര്‍ഘകാലം വിളവു നല്‍കാന്‍ സാധിക്കുന്ന ഇനങ്ങള്‍ തെരഞ്ഞെടുക്കുക. ഉദാ: വെണ്ടയില്‍ സുസ്ഥിര, സല്‍കീര്‍ത്തി.

ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, ജില്ലാ മണ്ണുപരിശോധന കേന്ദ്രം
തൃശൂര്‍, ഫോണ്‍: 94475 29904