ബിഗോണിയ, നിന്‍ സൗന്ദര്യത്തില്‍ ഞാന്‍...
ബിഗോണിയ, നിന്‍ സൗന്ദര്യത്തില്‍ ഞാന്‍...
Tuesday, October 6, 2020 3:17 PM IST
വൈവിധ്യമേറിയ ഇലകളുടെ മനോഹാരിതകൊണ്ടും നിറമാര്‍ന്ന പൂക്കളുടെ സൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്നൊരു ഉദ്യാന സസ്യമാണ് ബിഗോണിയ. ബിഗോണിയേസിയ കുടുംബത്തില്‍പ്പെട്ട ബിഗോണിയ ജനസീറില്‍ 1800 ഓളം വ്യത്യസ്ത ജാതികളുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതോഷ്ണ മേഖലാപ്രദേശങ്ങളിലുമാണ് ബിഗോണിയ അധികം കണ്ടുവരുന്നത്.

ചാള്‍സ് പ്ലമേറിയ എന്ന ബ്രസീലിലെ ഒരു ഫ്രാന്‍സിസ്‌കന്‍ സന്യാസിയാണ് ഈ ചെടി ആദ്യമായി കണ്ടെത്തിയത്. അദ്ദേഹം തന്റെ സുഹൃത്തും ബോട്ടണിസ്റ്റും ഹയാത്തിയിലെ ഗവര്‍ണറുമായിരുന്ന മൈക്കിള്‍ ബിഗോണിനോടുള്ള ആദരസൂചകമായി ഈ ചെടിയ്ക്കിട്ട പേരാണ് ബിഗോണിയ.

നിരവധി ഇനങ്ങള്‍

എണ്ണിയാലൊടുങ്ങാത്ത നിരവധി ഇനം ബിഗോണിയകളുണ്ട്. ഇലകളുടെയും പൂക്കളുടെയും സ്വഭാവത്തില്‍ ഇവ പ്രകടമായ വ്യത്യാസം കാണിക്കും. അതിനാല്‍ ഇവയുടെ വേരുപടലത്തെ ആശ്രയിച്ച് മൂന്നായി തിരിക്കുകയാണ് സസ്യശാസ്ത്രം. ഇതിനു പുറമെ എണ്ണിയാലൊടുങ്ങാത്ത നിരവധി ഹൈബ്രിഡുകളുമുണ്ട്.

ഫൈബ്രസ് റൂട്ടഡ് ബിഗോണിയ, റൈസോമാറ്റസ് ബിഗോണിയ, ട്യൂബറസ് ബിഗോണിയ എന്നിവയാണ് പ്രധാന ഇനങ്ങള്‍. ബിഗോണിയ പൂക്കള്‍ കൂട്ടത്തോടെയാണ് വളരുന്നത്. ഒരു ചെടിയില്‍തന്നെ ആണ്‍ പുഷ്പങ്ങളും പെണ്‍ പുഷ്പങ്ങളും കാണും.


നടീല്‍ മിശ്രിതം

ചുരുങ്ങിയ തോതില്‍ ക്ഷാരഗുണമുള്ള നടീല്‍ മിശ്രിതമാണ് ബിഗോണിയയ്ക്കു നല്ലത്. പി.എച്ച് 5.5 നും 6.2 നും ഇടയിലായിരിക്കണം ആറ്റുമണല്‍, നല്ലവണ്ണം അഴുകിപൊടിഞ്ഞ ഇലവളം, വെര്‍മി കമ്പോസ്റ്റ് ഇവ 2:2:1 എന്ന തോതില്‍ കൂട്ടിച്ചേര്‍ത്ത് നടീല്‍ മിശ്രിതം തയാറാക്കാം. സാധാരണ മണ്ണു ചേര്‍ക്കുന്നത് രോഗബാധയ്ക്കു കാരണമായേക്കാം. ചെടികളുടെ വലിപ്പമനുസരിച്ചു വേണം ചട്ടികള്‍ തെരഞ്ഞെടുക്കാന്‍. ആദ്യം വെള്ളം വാര്‍ന്നുപോകുന്നതിനുള്ള ദ്വാരങ്ങള്‍ക്കു മുകളില്‍ പൊട്ടിയ ചട്ടിക്കഷണങ്ങള്‍ നിരത്തണം. ഇത് ചട്ടിയില്‍ വെള്ളം കെട്ടാതിരിക്കാന്‍ സഹായിക്കും. ഇതിനു മുകളില്‍, ചട്ടിയുടെ മുക്കാല്‍ഭാഗത്തോളം നടീല്‍ മിശ്രിതം നിറക്കുക. പുതിയ ചെടികള്‍ ചട്ടിയുടെ നടുവില്‍വച്ച് ചെറുതായിഅമര്‍ത്തി ഉറപ്പിക്കണം. ഒരു പൂവാളികൊണ്ട് ചട്ടികള്‍ നനച്ച് രണ്ടു ദിവസത്തോളം തണലില്‍ വയ്ക്കുക.

ഡോ. പോള്‍ വാഴപ്പിള്ളി
ചീഫ് സര്‍ജന്‍, നിവില്‍ ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം
ഫോണ്‍: 94473 05004