ജൈവനിയന്ത്രണത്തിന് സൂക്ഷ്മാണുക്കള്‍
ജൈവനിയന്ത്രണത്തിന് സൂക്ഷ്മാണുക്കള്‍
മഴക്കാലമാണ്. വിവിധതരം രോഗങ്ങള്‍ സസ്യങ്ങളെ ബാധിക്കാം. പ്രത്യേകിച്ച് കുമിള്‍ രോഗങ്ങള്‍. പുതിയ തൈകള്‍ വയ്ക്കുമ്പോഴും കീടാക്രമണം രൂക്ഷമാകാം. ഇവയില്‍ നിന്നെല്ലാം ചെടികളെ രക്ഷിക്കാന്‍ മണ്ണിലെ മിത്രസൂക്ഷ്മാണുക്കള്‍ക്കാകും. എന്നാല്‍ എല്ലാ മണ്ണിലും ഇത്തരം മിത്രസൂ ക്ഷ്മാണുക്കള്‍ ആവശ്യത്തിനുണ്ടാകണമെന്നില്ല.

ജൈവാംശമുള്ള മണ്ണില്‍ ഇത്തരം മിത്രാണുക്കളെ ചേര്‍ത്തുകൊടുത്താല്‍ രോഗപ്രതിരോധത്തിലും ഉത്പാദനത്തിലും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. സുസ്ഥിരകൃഷിക്കും സുരക്ഷിതമായ മണ്ണിനും സൂക്ഷ്മാണുക്കള്‍ ഉപയോഗിച്ചുള്ള ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കേണ്ടത് അനിവാര്യതയാണ്. കൃഷിക്കാര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്നതിനും കയറ്റുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും വിഷരഹിത വിളകള്‍ ഉത്പാദിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

സുഗന്ധവിളകളുടെ പരിപാലനത്തില്‍ രാസ- കീടനാശിനികള്‍ക്ക് അനിവാര്യമായ പങ്കുണ്ട്. എന്നാല്‍ വിഷമില്ലാത്ത സുഗന്ധവ്യഞ്ജനങ്ങള്‍ ലഭിക്കണമെങ്കില്‍ നാം ജൈവകൃഷിയെ ആശ്രയിച്ചേ മതിയാകൂ. അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവും കൂടുതലുള്ള നമ്മുടെ നാട്ടില്‍ കീട- രോഗബാധയും കൂടുതലാണ്. കാലാവസ്ഥാ മാറ്റം ആക്രമണം രൂക്ഷമാക്കുകയും ചെയ്യുന്നു.

അന്തരീക്ഷത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്ന രാസ-കീടനാശിനി പ്രയോഗത്തില്‍ നിന്നു മുക്തി നേടാന്‍ സൂക്ഷ്മാണുക്കള്‍ ഉപയോഗിച്ചുള്ള ജൈവ നിയന്ത്രണ മാര്‍ഗങ്ങള്‍ക്കു സാധിക്കും. കയറ്റുമതി പ്രാധാന്യമുള്ള സുഗന്ധവിള കൃഷിയില്‍ ജീവാണുക്കളെ ഉപയോഗിച്ചുള്ള രോഗ- കീട നിയന്ത്രണത്തിന്റെ സാധ്യതകള്‍ അനന്തമാണ്. പുതിയ തൈകള്‍ വയ്ക്കുമ്പോഴും വിത്തൊരുക്കുമ്പോഴും സൂക്ഷ്മാണുക്കളെ പ്രയോജനപ്പെടുത്താം.

ചെടിയുടെ ആരോഗ്യത്തിന് ട്രൈക്കോഡര്‍മ

കൃഷിക്ക് ദോഷവും ഗുണവുമുള്ള വിവിധതരം കുമിളുകള്‍ ഇന്ന് മണ്ണില്‍ ധാരാളമുണ്ട്. മണ്ണില്‍ നിന്നു വേര്‍തിരിച്ചെടുത്ത മിത്രകുമിളായ ട്രൈക്കോഡര്‍മ വിളകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും രോഗപ്രതിരോധത്തിനും പോഷകമൂലകങ്ങളുടെ ലഭ്യതയ്ക്കും അനുയോജ്യമാണ്. ചെടികളുടെ വളര്‍ച്ച പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന വിവിധതരത്തിലുള്ള ഹോര്‍മോണുകള്‍, എന്‍സൈമുകള്‍ എന്നിവ ട്രൈക്കോഡര്‍മ ഉത്പാദിപ്പിക്കുന്നു.

രോഗകാരികളായ കുമിളുകളെ നശിപ്പിക്കാനും ഇവയ്ക്കു സാധിക്കും. കുരുമുളകിലെ ദ്രുതവാട്ടം, ഏലത്തിലെ അഴുകല്‍, തെങ്ങിലെ ചെന്നീരൊലിപ്പ്, ഇഞ്ചിയിലെയും പച്ചക്കറികളിലെയും മൂടുചീയല്‍, പയറിലെ ചുവടഴുകല്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. വിളകള്‍ക്കു ഗുണകരമായ ട്രൈക്കോഡര്‍മ പൊടിയും കാപ്‌സ്യൂളുകളും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാണ്.

എങ്ങനെ ഉപയോഗിക്കാം ട്രൈക്കോഡര്‍മ പൊടി?

90 കിലോ ചാണകപ്പൊ ടിയില്‍ 10 കിലോ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ ത്തിളക്കുക. പുട്ടിനു പൊടികുഴയ്ക്കുന്ന പരുവത്തില്‍ വെള്ളം തളിച്ച് മിശ്രിതം ഇളക്കുക. ഇതിലേക്ക് 1-2 കിലോ ട്രൈക്കോഡര്‍മ പ്പൊടി വിതറി, മിശ്രിതം നന്നായി ഇളക്കി യോജിപ്പിക്കുക. ഇങ്ങനെ തയാറാക്കിയ മിശ്രിതം തണലുള്ള സ്ഥലത്ത് ഒരടി ഉയരത്തില്‍ നിരത്തി, നനഞ്ഞ ചാക്കോ, പത്രക്കടലാസോ, സുഷിരങ്ങളുള്ള പോളിത്തീന്‍ ഷീറ്റോ ഉപയോഗിച്ചു മൂടിയിടണം. ഒരാഴ്ച കഴിയുമ്പോള്‍ ഈ മിശ്രിതം ഇളക്കി ക്കൊടുക്കണം. ആവശ്യമെങ്കില്‍ വെള്ളം തളിക്കാം. രണ്ടാഴ്ച കഴിയുമ്പോള്‍ ഈ മിശ്രിതം വിളകളുടെ ചുവട്ടില്‍ വിതറി മണ്ണിളക്കിക്കൊടുക്കാം.

ട്രൈക്കോഡര്‍മ കാപ്‌സ്യൂള്‍ ചെടികള്‍ക്കു നല്‍കുന്ന വിധം?


ട്രൈക്കോഡര്‍മ കാപ്‌സ്യൂള്‍ ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ ലയിപ്പിക്കുക. ഈ ലായനി 100 ഇരട്ടി വെള്ളം ചേര്‍ത്തുനേര്‍പ്പിച്ച് രണ്ടുമണിക്കൂറിനകം ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കണം. മണ്ണില്‍ ധാരാളം ജൈവാംശം ചേര്‍ത്തശേഷമായിരിക്കണം ലായനി ഒഴിക്കേണ്ടത്.

പൊച്ചോണിയ ക്ലാമിഡോസ് പോറിയ

നിമാവിരയ്‌ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാവുന്ന മിത്രകുമിളാണ് പൊച്ചോണിയ. നിമാവിര നിയന്ത്രണത്തിന് ഉപയോഗിച്ചു വരുന്ന രാസകീടനാശിനികള്‍ ഇപ്പോള്‍ നിരോധിത കീടനാശിനി ഗണത്തില്‍പ്പെടുന്നു. നിമാവിരകളുടെ ജൈവനിയന്ത്രണ ത്തിന് ഉത്തമമായ ഒരു മിത്രകുമിളാണ് മണ്ണില്‍ നിന്നു വേര്‍തിരിച്ചെടു ത്ത പൊച്ചോണിയ. പ്രധാനമായും കൂട്ടംകൂട്ടമായി മുട്ടയിടുന്ന വേരുബന്ധക നിമാവിരകള്‍ അഥവാ സിസ്റ്റ് നിമാവിരകളുടെ ശത്രുവായിട്ടാണ് പൊച്ചോണിയ അറിയപ്പെടുന്നത്. എന്നാല്‍ ഇതരവര്‍ഗത്തില്‍പ്പെട്ട നിമാവിരകളെയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഇവയ്ക്കു കഴിയും.

കുരുമുളക്, ഏലം, ഇഞ്ചി എന്നിവയിലെ നിമാവിരബാധ നിയന്ത്രിക്കാന്‍ ഇവ ഫലപ്രദമാണെന്ന് ഐഐഎസ്ആറിന്റെ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. മണ്ണില്‍ സ്വതന്ത്രമായും പരാദമായും വൈവിധ്യമാര്‍ന്ന ജീവിതശൈലി സ്വീകരിക്കാന്‍ കഴിവുള്ളതിനാല്‍ കൃഷിയിടങ്ങളില്‍ ഇവ യ്ക്കു സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും.

പൊടിരൂപത്തിലും ദ്രവരൂപത്തിലും ഈ മിത്രകുമിള്‍ ഐഐഎസ് ആറില്‍ നിന്നു ലഭ്യമാണ്. പൊടി രൂപത്തിലുള്ള പൊച്ചോണിയ നേരിട്ടു ചെടികളുടെ ചുവട്ടില്‍ വിതറി മണ്ണില്‍ ചേര്‍ത്തു കൊടുക്കാം. വളര്‍ച്ചയെ ത്തിയ ഒരു കുരുമുളകു വള്ളിക്ക് 50 ഗ്രാം എന്ന തോതില്‍ നല്‍കാവുന്നതാണ്. ദ്രാവക രൂപത്തിലുള്ള പൊ ച്ചോണിയ ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടിലൊഴിച്ചു കൊടുക്കാവുന്നതാണ്. പൊച്ചോണിയ കൊടുക്കുന്ന സമയത്ത് മണ്ണില്‍ ധാരാളം ജൈ വാംശമുണ്ടായിരിക്കണം.

ബാസിലസ് ലൈക്കനിഫോര്‍മിസ്

ഇഞ്ചിയുടെ വാട്ടരോഗത്തെ ചെറുക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബാസിലസ് ഗണത്തില്‍പ്പെട്ട ബാക്ടീരിയയാണ് ബാസിലസ് ലൈക്കനിഫോര്‍മിസ്. ഇത് പൊടി രൂപത്തിലും ബയോകാപ്‌സ്യൂളുകളായും ലഭ്യമാണ്. ഇഞ്ചി വിത്തു നടുന്നതിനു മുമ്പ് വിത്തില്‍ പുരട്ടുന്നതിനായി ബാസില്ലിച്ച് എന്ന പൊടിരൂപ

സൂക്ഷ്മാണുക്കളെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* വെള്ളം കെട്ടിനില്‍ക്കുന്ന മണ്ണിലും ഈര്‍പ്പം കുറഞ്ഞ മണ്ണിലും ഉപയോഗിക്കരുത്.
* ചാരം, കുമ്മായം മുതലായവയുടെ കൂടെ ഉപയോഗിക്കരുത്.
* സൂക്ഷ്മാണുമിശ്രിതം മണ്ണില്‍ ചേര്‍ത്ത് 10-14 ദിവസത്തിനു ശേഷം മാത്രമേ രാസവളങ്ങളോ ഇതര കീടനാശിനികളോ പ്രയോഗിക്കാവൂ.
* ഓരോ ഉത്പന്നവും ഉപയോഗിക്കേണ്ട രീതി വ്യത്യസ്തമാണ്. നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ തന്നെ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
* സൂക്ഷ്മാണു കള്‍ച്ചറിന്റെ കാലാവധി തീരുന്നതിനു മുമ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഡോ. പ്രവീണ ആര്‍., ഡോ. ആര്‍. ദിനേശ്, ഡോ. സന്തോഷ് ജെ. ഈപ്പന്‍
ശാസ്ത്രജ്ഞര്‍, ഭാരതീയ സുഗന്ധവിള, ഗവേഷണ കേന്ദ്രം- ഐസിഎആര്‍, കോഴിക്കോട്.