തെരഞ്ഞെടുക്കാം, തറവാടിയെ
തെരഞ്ഞെടുക്കാം, തറവാടിയെ
മഴക്കാലമായി. പുതിയ തെങ്ങിന്‍തൈകള്‍ നടാന്‍ ഉചിതമായ സമയം. തിരക്കേറിയ ജീവിതത്തിനിടയില്‍ പ്രായാധിക്യം കൊണ്ടും രോഗം ബാധിച്ചും നശിച്ച തെങ്ങുകള്‍ക്കു പകരം നല്ല തൈകള്‍ നട്ടുവളര്‍ത്തണം. സമയക്കുറവുമൂലം പലപ്പോഴും നമുക്കതിനു സാധിക്കാറില്ല. എന്നാലിന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലിരിക്കുന്ന സമയത്തതു സാധിക്കും. നശിച്ചു പോയ തെങ്ങുകള്‍ക്കു പകരം പാരമ്പര്യഗുണമുള്ള തെങ്ങിന്‍തൈകള്‍ തെരഞ്ഞെടുത്തു നടണം.

പാരമ്പര്യ ഗുണമുള്ള തൈകള്‍ എവിടെ നിന്നു ലഭിക്കും? ഇവ എങ്ങനെ തിരിച്ചറിയും? സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തെങ്ങിന്‍തൈകള്‍ പരിമിതമായതിനാല്‍, സ്വകാര്യ നഴ്‌സറികളില്‍ നിന്നാണ് ഭൂരിഭാഗം പേരും തെങ്ങിന്‍തൈ വാങ്ങുന്നത്. കൂടാതെ ഔണ്‍ലൈന്‍ വഴിയും തെങ്ങിന്‍തൈ വിപണനം നടക്കുന്നു.

എന്താണീ പാരമ്പര്യ ഗുണം?

എന്താണീ പാരമ്പര്യഗുണങ്ങളുള്ള തൈകള്‍? തെങ്ങിന്റെ ഉത്പാദനക്ഷമത ഉള്‍പ്പെടെയുള്ള സ്വഭാവ ഗുണങ്ങള്‍ നിയന്ത്രിക്കുന്നത് ഒരോ കോശങ്ങളിലും അടങ്ങിയിരിക്കുന്ന 32 ക്രോമസോമുകളിലെ ജീനുകളാണ്. ഇവയാണ് തെങ്ങിന്റെ ജന്മസിദ്ധമായ നല്ല ഗുണങ്ങളായ കൂടിയ വളര്‍ച്ചാനിരക്ക്, നേരത്തെ കായ്ക്കുക, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയവ പാരമ്പര്യമായി കൈമാറുന്നത്. ഗുണമേന്മയുള്ള മാതൃവൃക്ഷങ്ങളും വിത്തുതേങ്ങയും തൈകളും തെരഞ്ഞെടുക്കുക വഴി പാരമ്പര്യഗുണമുള്ള തൈക ളാണ് നടുന്നതെന്ന് ഉറപ്പുവരുത്താന്‍ കഴിയും. നല്ല ലക്ഷണമൊത്ത മാതൃവൃക്ഷങ്ങളും അതില്‍ നിന്നുള്ള വിത്തുതേങ്ങയും തെരഞ്ഞെടുത്ത് തൈ ഉത്പാദിപ്പിക്കുക വഴി തെങ്ങിന്‍ തൈയുടെ ഗുണനിലവാരം 50 ശതമാനം വരെ ഉറപ്പുവരുത്താം. ഗുണനിലവാര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള തെങ്ങിന്‍ തൈകള്‍ നഴ്‌സറിയില്‍ വളര്‍ത്തണം. അവയുടെ തേങ്ങ നടാന്‍ ഉപയോഗിച്ചാല്‍ ഗുണനിലവാരം 90 ശതമാനം വരെ ഉറപ്പാക്കാം.

നടാനായി ഏതിനം തൈ തെരഞ്ഞെടുക്കണം?

പ്രധാനമായും മൂന്നിനം തെങ്ങിന്‍ തൈകള്‍ വിപണിയില്‍ ലഭ്യമാണ്. ഉയരം കൂടിയ നാടന്‍ നെടിയ ഇനം, ഉയരം കുറഞ്ഞ കുഞ്ഞന്‍ ഇനം കൂടാ തെ ഇവ രണ്ടുംചേര്‍ത്ത് കൃത്രിമ സങ്കരണം വഴി ഉത്പാദിപ്പിക്കുന്ന സങ്കര ഇനങ്ങളും. കരിക്കിനുവേണ്ടിയും അലങ്കാരത്തിനുവേണ്ടും തൈനടുമ്പോള്‍ ഉയരം കുറഞ്ഞ കുഞ്ഞന്‍ ഇനങ്ങള്‍ ഉപയോഗിക്കാം. ഗംഗാ ബോന്തം, ചാവക്കാട് കുറിയ ഓറഞ്ച് (ഗൗരീഗാത്രം), മലയന്‍ കുറിയ പച്ച, ചാവക്കാട് കുറിയ പച്ച എന്നീ കുറിയ ഇനങ്ങള്‍ നമ്മുടെ നാടിനനു യോജ്യമാണ്. എന്നാല്‍ മലയന്‍ കുറിയ ഓറഞ്ച്, മലയന്‍ കുറിയ മഞ്ഞ എന്നീ ഇനങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ചതല്ല. ഇവയ്ക്ക് പെട്ടെന്ന് കാറ്റുവീഴ്ച രോഗം ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനാല്‍ ഈ കുറിയ ഇനങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും ഉത്തമം. തേങ്ങയ്ക്കും കൊപ്രയ്ക്കും വേണ്ടി തൈനടുമ്പോള്‍ നമ്മുടെ നാടന്‍ നെടിയ ഇനങ്ങളും സങ്കര ഇനങ്ങളും തെരഞ്ഞെടുക്കണം.


എങ്ങനെ തെരഞ്ഞെടുക്കാം ലക്ഷണമൊത്ത തൈകള്‍?

വിത്തു തേങ്ങയില്‍ അന്തര്‍ലീനമായിരിക്കുന്ന മിക്ക സ്വഭാവഗുണങ്ങളും തൈകള്‍ പ്രകടമാക്കും. അതുകൊണ്ട് തൈകളുടെ ആദ്യകാല സ്വഭാവഗുണങ്ങള്‍ നോക്കി പാരമ്പര്യ ഗുണമുള്ളവ തെരഞ്ഞെടുക്കാം.

* ഒമ്പതു മുതല്‍ 12 മാസം വരെ പ്രായമായ തൈകളാണ് നടാനായി തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ കുറിയ ഇനങ്ങള്‍ക്ക് ആറു മുതല്‍ ഒമ്പതു മാസം വരെ പ്രായം മതിയാകും. ഈ പ്രായത്തില്‍ നെടിയ ഇനങ്ങള്‍ക്ക് ഒന്നു മുതല്‍ 1.20 മീറ്റര്‍ വരെ പൊക്കമുണ്ടാകും. കുറിയ ഇനങ്ങള്‍ക്ക് 80 സെന്റീമീറ്റര്‍ പൊക്കം കാണും. നല്ല പുഷ്ടിയോടെ വളരുന്ന തണ്ടുകള്‍ക്ക് നീളംകുറഞ്ഞ നാലു മുതല്‍ ആറുവരെ വിരഞ്ഞ ഓലകളുമുണ്ടാകും.
* ലക്ഷണമൊത്ത തെങ്ങിന്‍തൈകളുടെ മറ്റൊരു പ്രത്യേകത വിത്തുതേങ്ങയില്‍ നിന്നു തൈകള്‍ മുളച്ചുവരുന്ന തൈയുടെ കടഭാഗത്തെ വണ്ണമാണ്. നല്ല പാരമ്പര്യഗുണമുള്ള തൈകള്‍ക്ക് ഇതു കൂടിയിരിക്കും. നെടിയ ഇനം തൈകള്‍ക്ക് ചുരുങ്ങിയത് 10-12 സെന്റീമീറ്ററും കുറിയ ഇനത്തിന് 8-10 സെന്റീമീറ്ററും കടവണ്ണമുണ്ടായിരിക്കണം.
* നേരത്തെ പീലിയോല വിരിയുന്നത് മറ്റൊരു ഗുണമേന്മ മാനദണ്ഡമാണ്. തൈകളുടെ ഓലക്കാലുകള്‍ സാധാരണ പരസ്പരം ചേര്‍ന്നിരിക്കും. എന്നാല്‍ ഗുണമേന്മയുള്ള തൈകളിലെ ഓലക്കാലുകള്‍ വലിയ തെങ്ങുകളിലേതു പോലെ നേരത്തെ വേര്‍തിരിഞ്ഞു നില്‍ക്കും.
* ലംബമായുള്ള തൈയുടെ പുഷ്ടിയോടെയുള്ള വളര്‍ച്ച, നീളംകുറഞ്ഞതും ബലമുള്ളതുമായ ഓലത്തണ്ടുകള്‍, ധാരാളം വേരുകള്‍ ഇവയെല്ലാം പാരമ്പര്യഗുണമുള്ള നല്ല തൈയുടെ ലക്ഷണങ്ങളാണ്.
* തേങ്ങാ പാകിയാല്‍ നേരത്തെ മുളക്കുന്ന തൈകള്‍ നല്ലകരുത്തോടെ വളരുന്ന നല്ലതൈകളായിരിക്കും.
പാരമ്പര്യമായി ത്വരിതഗതിയില്‍ വളരാന്‍ കഴിവുള്ള വിത്തുതേങ്ങയാണ് ആദ്യം മുളക്കുന്നത്. സ്വന്തമായി വിത്തുതേങ്ങ പാകി, തൈ തെരഞ്ഞെടുത്തു നടുന്ന കര്‍ഷകര്‍ക്ക് ഈ സ്വഭാവഗുണം കൂടി കണക്കിലെടുത്ത് നല്ല തൈ തെരഞ്ഞെടുക്കാം.

നമ്മുടെ പൂര്‍വീകര്‍ നല്ല മാതൃവൃക്ഷങ്ങളില്‍ നിന്നുള്ള വിത്തുതേങ്ങ ഗുണമേന്മ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് വളര്‍ത്തിയ തെങ്ങുകളാണിന്നുള്ളത്. ഇവ പ്രായാധിക്യം കൊണ്ടും രോഗബാധ മൂലവും നശിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ പകരം പുതിയ തൈ നടുമ്പോള്‍ പാരമ്പര്യഗുണമുള്ള നല്ല തൈകള്‍ തെരഞ്ഞെടുത്താല്‍ മാത്ര മേ നമ്മുടെ വീട്ടുവളപ്പുകളിലെ തെങ്ങുകളെ പുതിയ ഊര്‍ജത്തോടെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാന്‍ സാധിക്കൂ. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലഭിക്കുന്ന കൂടുതല്‍ സമയം പാരമ്പര്യഗുണമുള്ള തെങ്ങിന്‍ തൈകള്‍ തെരഞ്ഞെടുത്ത് നട്ടുവളര്‍ത്താന്‍ വിനിയൊഗിക്കാം.

തെരഞ്ഞെടുപ്പ് പ്രധാനം

നാം ഒരോ വര്‍ഷവും വാങ്ങിനടുന്ന തൈകള്‍ നമ്മുടെ പ്രതീക്ഷയ്‌ക്കൊത്ത് കായ്ക്കാത്തതിനു കാരണം ഗുണമേന്മയുള്ള തൈകളല്ലാത്തതിനാലാണ.് അതിനാല്‍ തെങ്ങിന്‍ തൈ വാങ്ങുന്നതിനു മുമ്പ് അവയുടെ ഉറവിടവും ഗുണനിലവാരവും ഉറപ്പുവരുത്തണം.

ആര്‍. ജ്ഞാനദേവന്‍
മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, നാളികേര വികസന ബോര്‍ഡ്, ഫോണ്‍: 94460 54 597.