പാലുത്പാദനം ചില ന്യൂസിലാന്‍ഡ് പാഠങ്ങള്‍
പാലുത്പാദനം ചില ന്യൂസിലാന്‍ഡ് പാഠങ്ങള്‍
മനസറിഞ്ഞ് പരിചരിച്ചാല്‍ ശുദ്ധമായ പാലിനൊപ്പം പശു പണവും ചുരുത്തുമെന്ന് തെളിയിച്ച രാജ്യമാണ് ന്യൂസിലന്‍ഡ്. അമ്പതു വര്‍ഷം മുമ്പാണ് ജന്തു, ജീവി സംരക്ഷണത്തിനുള്ള ആദ്യ ചുവടുവയ്പായി പശുപരിപാലനം ഇവിടെ ശക്തമാക്കിയത്. ഒന്നു ശ്രദ്ധിച്ചാല്‍ മികച്ച ആദായം കൂടി കിട്ടുമെന്ന് മനസിലാക്കിയ ന്യൂസിലന്‍ഡ് പശുവളര്‍ത്തലിനു മുന്‍തൂക്കം നല്‍കി. രാജ്യത്ത് പരമാവധി പശുഫാമുകളും ഡയറി ഫാമുകളും തുടങ്ങി. ഇവയ്ക്കാവശ്യമായ പ്രോത്സാഹനവും സഹായവും നല്‍കിയതോടെ പാലുത്പാദനത്തില്‍ ലോകരാജ്യങ്ങളില്‍ മുന്‍നിരയിലെത്താനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത മികച്ചതാക്കാനും സാധിച്ചു. ഇന്ന് രാജ്യ വരുമാനത്തിന്റെ നല്ലൊരു പങ്ക് പശുപരിപാലനത്തില്‍ നിന്നും പാല്‍, മാംസം ഉത്പന്നങ്ങളില്‍ നിന്നുമാണ് ഈ രാജ്യം നേടുന്നത്.

രണ്ടുവലിയ ദ്വീപുകള്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം ദീപുകള്‍ ഉള്‍പ്പെട്ട രാജ്യം. 2,68,000 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള രാജ്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം വനമാണ്. പതിനെട്ടാം നൂറ്റാണ്ടിലെത്തിയ സഞ്ചാരികളും മിഷനറിമാരുമാണ് ഈ രാജ്യത്തെ പുരോഗതിയിലേക്കു നയിച്ചത്. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഈ പ്രദേശം 1919- ല്‍ ആണ് സ്വതന്ത്രമായത്. ജനകീയ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കാര്‍ഷിക മേഖലയ്ക്കാണ്. ഇന്ന് പതിമൂവായിരം ഡയറി ഫാമുകളിലായി 49.9 ലക്ഷം പശുക്കളുണ്ട്. മാംസത്തിനു വേണ്ടിയുള്ള കന്നുകാലിഫാമുകള്‍ വേറെയും. ഗുണമേന്മയേറെയുള്ള വേഗം ശരീരം ആഗിരണം ചെയ്യുന്ന എ-2 പാലാണ് ഈ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്നത്. പത്തു പശുവിന് ഒരു പരിചാരകന്‍ എന്നതാണ് കണക്ക്. പത്തു മുതല്‍ 400 വരെ പശുക്കളുള്ള ഫാമുകള്‍ ഇവിടെയുണ്ട്.

എ-2 പാലിനു വേണ്ടിയുള്ള പശുപരിപാലനം

നല്ലപോലെ വെയിലുകൊണ്ട് പുല്ലുതിന്നു ജീവിക്കുന്ന പശുക്കളില്‍ നിന്നാണ് യഥാര്‍ഥ എ-2 പാല്‍ ലഭിക്കുക. നമ്മുടെ നാട്ടില്‍ പാലിനനുസരിച്ചു നല്‍കുന്ന കാലിതീറ്റകള്‍ നല്‍കി വളര്‍ത്തിയാല്‍ നാടന്‍ പശുവില്‍ നിന്നു ലഭിക്കുന്ന പാലിന് എടു പാലിന്റെ ഗുണമുണ്ടാവില്ല. ഉണങ്ങിയ പുല്ല്, ധാന്യങ്ങളുടെ തവിട്, ഭക്ഷ്യവിളകളില്‍ നിന്നു ലഭിക്കുന്ന പിണ്ണാക്ക് തുടങ്ങിയവയാണ് നല്‍കേണ്ട ഭക്ഷ്യ വസ്തുക്കള്‍. ഒരു ദിവസത്തിന്റെ പകുതിയിലേറെ സമയം പറമ്പില്‍ പുല്ലു തിന്ന് മേഞ്ഞു നടക്കുന്ന രീതിയാണ് ന്യൂസിലാന്‍ഡിലുള്ളത്. ആവശ്യത്തിനു വെള്ളം ലഭ്യമാക്കാനുള്ള ജലടാങ്കുകള്‍ മേച്ചില്‍ സ്ഥലത്തുണ്ടായിരിക്കും. നാലു വശവും തുറന്നു കിടക്കുന്ന തൊഴുത്തില്‍ കിടക്കുമ്പോഴും ഉണക്കപ്പുല്ല് തീറ്റയായി നല്‍കുന്നു. ദാഹിച്ച് ഒരു പശുവും ബുദ്ധിമുട്ടരുതെന്ന് ക്ഷീരപരിപാലകര്‍ക്ക് നിര്‍ബന്ധമുണ്ട്. ദിവസത്തില്‍ രണ്ടു തവണ കറവയുള്ള ഫാമുകളാണ് കൂടുതല്‍. മൂന്നു തവണ കറവ നടത്തുന്ന രീതി അപൂര്‍വം ചില ഫാമുകളിലുണ്ട്. ഒരേ സമയം പത്തു മുതല്‍ ഇരുപത്തഞ്ചു പശുക്കളെ വരെ കറക്കാവുന്ന യന്ത്രസൗകര്യങ്ങള്‍ ഓരോ ഫാമിലുമുണ്ട്. കൈകള്‍ കൊണ്ട് തൊടാതെ പാല്‍ ശേഖരിക്കുന്നു. പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയശേഷമാണ് ഫാക്ടറികള്‍ ക്കു നല്‍കുന്നത്.

പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരു പശുവില്‍ നിന്ന് പാലെടുക്കുകയില്ല. കൃത്യമായ വൈദ്യപരിശോധനയിലൂടെ ആരോഗ്യം സംരക്ഷിച്ച് എട്ട്- ഒമ്പതു മാസം വരെ കറവ. പ്രത്യേകം സംരക്ഷിക്കുന്ന വിത്തു കാളകളെകൊണ്ടും കുത്തിവച്ചുമാണ് പ്രജനനം. നമ്മുടെ നാട്ടില്‍ പാല്‍ ഉത്പാദനം മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രജനനരീതിയാണുള്ളത്.

ലോകരാജ്യങ്ങളില്‍ പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കും മാംസത്തിനും മുന്‍നിരയില്‍ നില്‍ക്കുന്ന ന്യൂസിലന്‍ഡില്‍ പതിനഞ്ചു ശതമാനം പശുക്കള്‍ ജഴ്‌സിയും വളരെ കുറഞ്ഞ തോതില്‍ സ്വിസ് ബ്രൗണും ജര്‍മന്‍ ഇനങ്ങളുമുണ്ട്. 37 ശതമാനം പശുക്കളും ഫ്രിസിയന്‍ ഇനമാണ്. 35 ശതമാനത്തോളം പശുക്കളും ഹോള്‍സ്റ്റിന്‍ ഇനമാണ്. ഇവയ്ക്കു പുറമെ പ്രാദേശിക കുള്ളന്‍ പശുക്കളുമുണ്ട്. ഒരു മീറ്ററോളം ഉയരംവയ്ക്കുന്ന ബ്രിട്ടീഷ് ഇനമായ ഡെക്‌സറ്റര്‍ ഇനമാണ് ന്യൂസിലന്‍ഡിന്റെ കുള്ളന്‍. പത്തു ലിറ്റര്‍ പാല്‍ ലഭിക്കുന്ന ഇവ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കടല്‍ കടന്നെത്തിയതാണ്. മാംസത്തിനും പാലിനുമായി ഇവിടത്തെ ഗ്രാമങ്ങളിലാണ് പ്രധാനമായും വളര്‍ത്തുന്നത്. കുള്ളനെ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിനുമായി പ്രത്യേക അനുകൂല്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തണ്ട് ചോളം

നമ്മുടെ നാട്ടില്‍ തണ്ടു ചോളമെന്നറിയപ്പെടുന്ന മക്കച്ചോളമാണ് പശുക്കള്‍ക്ക് നല്‍കാനായി കൃഷി ചെയ്യുന്ന പുല്ലിനം. ഇതിന്റെ തണ്ട് ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നുണ്ട്. പുഷ്പിച്ച് മൂപ്പെത്തിയതിനു ശേഷം വെട്ടിയുണക്കി സൂക്ഷിക്കുന്നു. മൂന്നു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. നമ്മുടെ നാട്ടിലെ വൈക്കോല്‍ പോലെയാണ് മക്കച്ചോളം. പച്ചയ്ക്ക് ചെറിയ കഷണങ്ങളാക്കിയും നല്‍കുന്നുണ്ട്. പുലര്‍ച്ചേ യുള്ള കറവയ്ക്കു ശേഷം പുറത്തേക്ക് ഇറക്കിവിടുന്ന പശുക്കള്‍ സ്വതന്ത്രമായി പറമ്പിലൂടെ നടന്നു പുല്ലു തിന്നുന്നു. പശുക്കള്‍ക്ക് സൂര്യപ്രകാശം കിട്ടാന്‍വേണ്ടി പറമ്പിലൊന്നും തന്നെ കൃഷി ചെയ്യുന്നില്ല. വിശാലമായ സ്ഥലത്ത് ചില തണല്‍ വൃക്ഷങ്ങള്‍ മാത്രം. ഏതു കാലാവസ്ഥയിലും വളരുന്ന നാടന്‍ പുല്ലാണ് പറമ്പു മുഴുവന്‍. പശുക്കള്‍ തിന്നു കഴിഞ്ഞ പുല്ലിന്റെ കടകള്‍ കിളര്‍ക്കാനായി ആഴ്ചയില്‍ രണ്ടു ദിവസം നനയ്ക്കുന്ന രീതിയു മുണ്ട്. ചൂടു കൂടിയാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചു കൊടുക്കും. മേഞ്ഞു നടക്കുന്ന പശുക്കളുടെ ചാണകവും മൂത്രവും പുല്ലിനു വളമായി മാറുന്നു. വിളവെടപ്പു കഴിഞ്ഞ് ചോളപ്പാടങ്ങള്‍ ട്രാക്ടര്‍ കൊണ്ട് ഉഴുതുമറിച്ച് നിരയായി ചോളവിത്തുകള്‍ പാകുന്നു. നനയോടൊപ്പമാണ് വളവും നല്‍കുന്നത്. തൊഴുത്തില്‍ നിന്നു ശേഖരിക്കുന്ന ചാണകവും മൂത്രവുമാണ് ചോളത്തിന്റെ പ്രധാനവളം. ബാക്കി വരുന്ന ചാണകം കര്‍ഷകര്‍ മൊത്തമായി വാങ്ങി കൃഷികള്‍ക്കുപയോഗിക്കുന്നു.കിടാക്കള്‍

കിടാക്കളില്‍ നിന്ന് ആരോഗ്യമുള്ളവയെ സംരക്ഷിക്കുന്നു. മറ്റുള്ളവയെ മാംസത്തിനായി പരിപാലിക്കും. അഞ്ചു വയസാകുന്നതോടെ മാംസം ശേഖരിക്കും. പ്രായക്കുടുതലുള്ള മൃഗങ്ങളുടെ മാംസം ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോ ഗിക്കാറില്ല. അതുകൊണ്ടുതന്നെ ഇവിടെ ഉത്പാദിപ്പിക്കുന്ന മാംസത്തിന് ഗുണവും കൂടുതലുണ്ട്. സാമ്പത്തിക ലാഭം നോക്കിയുള്ള കൃത്രിമരീതികള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ മികച്ച പാലും പാല്‍ ഉത്പന്നങ്ങളും മാംസവും വില്പനയ്ക്ക് എത്തിക്കുവാന്‍ ന്യൂസിലന്‍ഡ് ഫാമുകള്‍ക്ക് കഴിയുന്നുണ്ട്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ പരിപാലനവും നടത്തിയാല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക. ജനങ്ങളുടെ ആരോഗ്യപരമായ വളര്‍ച്ച യ്ക്കും സാമ്പത്തിക ഉയര്‍ച്ചയ്ക്കുമാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.

എ- 2 പാലെന്നാല്‍...

സാധാരണ നാടന്‍ പശുക്കളുടെ പാല് എ- 2 ആണ്. അമ്മമാരുടെ മുലപ്പാലിനു തുല്യമായ ഔഷധഗുണങ്ങളുള്ള പാല്‍. ഇതു കുടിച്ചാല്‍ ദഹനക്കേടൊ മറ്റ് അസുഖങ്ങളോ ഉണ്ടാകില്ല. എ- 2 പാലില്‍ 85 ശതമാനം വെള്ളവും ബാക്കി പഞ്ചസാരയായ ലാക്‌ടോസ്, പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍ തുടങ്ങിയവയുമാണ്. പാലിലുള്ള പ്രോട്ടീന്റെ മുപ്പതു ശതമാനം ബീറ്റാകേസിനാണ് പശുക്കളുടെ ഇനമനുസരിച്ച് ബീറ്റാകേസിനുകള്‍ക്ക് മാറ്റം ഉണ്ടാകും. മുഖ്യമായും എ-2, എ-1, ബീറ്റാകേസിനുകളാണ് ഉള്ളത്. ആരോഗ്യത്തിന് ഉത്തമമായ പാല്‍ എപ്പോഴും എ-2 തന്നെയാണെന്ന് ആരോഗ്യപഠനങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. ആരോഗ്യത്തിനു ഹാനികരമല്ലാത്ത ഈ പാല്‍ പോഷകസമൃദ്ധവുമാണ്. അത്യുത്പാദനശേഷിയുള്ള പശുക്കളില്‍ നിന്ന് കൂടുതല്‍ പാല്‍ ലഭിക്കുമെങ്കിലും അത് എ-1 ബീറ്റാകേസിനുള്ള പാലായിരിക്കും. ഇത് ദഹിക്കാന്‍ പ്രയാസമാണ്. ചില ആരോഗ്യപ്രശ്‌നങ്ങളും ഇതുമൂലമുണ്ടാകുമെന്നുള്ള പഠനങ്ങളുമുണ്ട്. എ- 2 പാല്‍ കഴിക്കുന്നതിലൂടെ ഓട്ടിസം, ഹൃദ്രോഗം, ഡയബറ്റിക്‌സ്, ഉദരരോഗങ്ങള്‍, സഡന്‍ ഇന്‍ഫന്റ് ഡത്ത് സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാനും ആരോഗ്യം സംരക്ഷിക്കാനും കഴിയും.

നമ്മുടെ നാട്ടില്‍ പാല്‍ ഉത്പാദനം മാത്രം ലക്ഷ്യംവച്ച് മികച്ച പശുക്കളുടെ സങ്കരയിനങ്ങള്‍ സൃഷ്ടിച്ച് അവയുടെ പരിപാലനം സജീവമാക്കിയപ്പോള്‍ എ-2 പാലിനു പകരം എ-1 പാലായിമാറി. ആ പാലിലും മായം ചേര്‍ത്താണ് ജനങ്ങളുടെ കൈകളിലെത്തുന്നത്. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുവാനോ നല്ല പാല്‍ ഉപയോഗിക്കുവാനോ നാം തയാറാകുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ പ്രോത്‌സാഹനവും സഹായവും ഉണ്ടെങ്കില്‍ മികച്ച എ-2 പാല്‍ ഉത്പാദിപ്പിക്കുവാന്‍ നമുക്കു കഴിയും. നമ്മുടെ നാടന്‍ പശുക്കളായ കാസര്‍ഗോഡ് കുള്ളന്‍, പെരിയാര്‍ കുള്ളന്‍, വെച്ചൂര്‍ തുടങ്ങിയവയുടെ പാലില്‍ ചെറിയ തോതിലുള്ള കൊഴുപ്പുകണങ്ങള്‍, മികച്ച ഇമ്യൂണോ ഗ്ലോബുലിന്‍, ഉയര്‍ന്ന തോതിലുള്ള എ-2 ബീറ്റകേസിന്‍, പ്രതിരോധശേഷി തുടങ്ങിയവയുണ്ട്.

നെല്ലി ചെങ്ങമനാട്