രോഗമുക്തരാക്കാം പശുക്കളെ
രോഗമുക്തരാക്കാം പശുക്കളെ
ലോകത്ത് ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ഉള്ള രാജ്യമാണ് ഭാരതം. 2017 ലെ കന്നുകാലി സെന്‍സസ് പ്രകാരം 192.49 മില്ല്യണ്‍ പശുക്കളും, 109.85 മില്യണ്‍ എരുമകളുമായി ആകെ 302.79 മില്യണ്‍ കന്നുകാലികള്‍ നമ്മുടെ രാജ്യത്തുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യവും ഭാരതമാണ്. 2017-18 ലെ കണക്കുപ്രകാരം 176.3 ദശലക്ഷം ടണ്‍ പാലാണ് ഭാരതത്തിന്റെ പ്രതിവര്‍ഷ ഉത്പാദനം.

കന്നുകാലികളുടെ എണ്ണത്തിലും പാലുത്പാദനത്തിലും മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആരോഗ്യമുള്ള പശുക്കള്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

പശുക്കളില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളെ അവയുടെ കാരണങ്ങളെ അടിസ്ഥാനപ്പെടുത്തി അഞ്ചായി തരംതിരിച്ചിരിക്കുന്നു.

1. ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍
2. വൈറസ്
3. പരാദരോഗങ്ങള്‍
4. ഉപാപചയ രോഗങ്ങള്‍
5. തീറ്റയില്‍ വരുന്ന മാറ്റങ്ങള്‍ വരുത്തുന്ന രോഗങ്ങള്‍

1. ബാക്ടീരിയല്‍ രോഗങ്ങള്‍

അടപ്പന്‍

പശുക്കളില്‍ കാണുന്ന മാരകമായ ഒരു രോഗമാണ് അടപ്പന്‍ അഥവാ ആന്ത്രാക്‌സ്. ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയയാണ് ഇതുണ്ടാക്കുന്നത്. രോഗം ബാധിച്ച പശുവില്‍ നിന്നു മനുഷ്യനു പകരുന്നതിനാല്‍ ഇത് പ്രധാനപ്പെട്ട ജന്തുജന്യരോഗമാണ്. രോഗം ബാധിച്ച പശുക്കള്‍ തീറ്റയെടുക്കാന്‍ വിസമ്മതിക്കുകയും വയര്‍പ്പെരുപ്പം ഉണ്ടാവുകയും ചെയ്യും. കഴുത്ത്, കീഴ്ത്താടി, വയറിനടിവശം, വയറിനിരുവശം എന്നീ ഭാഗങ്ങളില്‍ നീര്‍ വീക്കം കാണപ്പെടും. കന്നുകാലില്‍ പെട്ടന്നു ചത്തൊടുങ്ങി ശരീരത്തില്‍ നിന്നു ടാറിന്റെ നിറത്തിലുള്ള രക്തം ഒലിക്കുന്നതാണ് പ്രധാനലക്ഷണങ്ങള്‍. ചത്ത പശുക്കളെ ഒരു കാരണവശാലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. പശു കിടന്ന ഭാഗങ്ങളും സ്രവങ്ങളാല്‍ മലിനമാക്കപ്പെട്ട മണ്ണും കത്തിച്ചുകളയുകയും രണ്ടുമീറ്റര്‍ ആഴത്തില്‍ കുഴിച്ചു മൂടി അതിനു മുകളില്‍ കുമ്മായം വിതറണം. തൊഴു ത്തും പരിസരവും ഫോര്‍മാലിന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. യഥാസമയം പ്രതിരോധ കുത്തിവയ്പ്പു നല്‍കണം.

കുരലടപ്പന്‍

പാസ്ച്ചുറല്ല ഇനം അണുജീവികള്‍ ഉണ്ടാക്കുന്ന രോഗമാണ് കുരലടപ്പന്‍. രോഗാണുക്കള്‍ മണ്ണില്‍ ഏറെക്കാലം നില്‍ ക്കാന്‍ കെല്‍പ്പുള്ളവയാണ്. രോഗം ബാധിച്ച പശുവിന്റെ തല, കഴുത്ത്, കീഴ്ത്താടി, അടിവയര്‍ എന്നീ ഭാഗങ്ങളില്‍ ചൂട് അനുഭവപ്പെടുകയും വേദനയുണ്ടാകുകയും ചെയ്യും. പാല്‍ ഗണ്യമായി കുറയും. രോഗം ബാധിച്ച പശുവിന് കടുത്ത വയറുവേദനയും വയറിളക്കവും ഉണ്ടായിരിക്കും. കഠിനാവസ്ഥയില്‍ പശു 4-8 മണിക്കുറുകള്‍ക്കുള്ളില്‍ ചത്തുപോകാറുണ്ട്. രോഗനിയന്ത്രണത്തിനായി പ്രതിരോധ കുത്തിവയ്പുകള്‍ വര്‍ഷം തോറും ചെയ്യിപ്പിക്കേണ്ടതുണ്ട്.

ബ്രൂസല്ലോസിസ്

ബ്രൂസല്ല അബോര്‍ട്ടസ് എന്ന ബാക്ടീരിയയാണ് ഈരോഗം പരത്തുന്നത്. കര്‍ഷകര്‍ക്ക് വളരെയേറെ സാമ്പത്തികനഷ്ടം വരുത്തുന്ന രോഗമാണിത്. ജന്തുജന്യരോഗമായതിനാല്‍ മനുഷ്യര്‍ക്കും രോഗം പിടിപെടാം. ഗര്‍ഭകാലത്തിന്റെ ആറാം മാസത്തിലാണ് ഗര്‍ഭം അലസുന്നത്. ഗര്‍ഭമലസിയതിനുശേഷമുള്ള മറുപിള്ളയും മറ്റു സ്രവങ്ങളും ശരിയായ രീതിയില്‍ നീക്കം ചെയ്യേണ്ടതാണ്. ചാരനിറം കലര്‍ന്ന വെള്ളസ്രവം യോനിയിലൂടെ പോകുന്നതും കാണാം. രോഗബാധയുള്ള പശുവിനെ പ്രജനനപ്രക്രിയയില്‍ നിന്ന് ഉടനെ ഒഴിവാക്കണം. 4-8 മാസം പ്രായത്തിലുള്ള കന്നുകുട്ടികളെ പ്രതിരോധകുത്തിവയ്പിന് വിധേയമാക്കുന്നത് രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.

അതിസാരം

കന്നുകുട്ടികളെ ബാധിക്കുന്ന ബാക് ടീരിയല്‍ രോഗമാണ് അതിസാരം. രണ്ടുദിവസം പ്രായമായതു മുതല്‍ ചെറിയ കിടാങ്ങളിലാണ് ഇതു കണ്ടുവരുന്നത്. ശക്തിയായ വയറിളക്കം ഉണ്ടാവുകയും ചികിത്സിച്ചില്ലെങ്കില്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ കന്നുകുട്ടി ചത്തുപോവുകയും ചെയ്യും. കുഴിഞ്ഞ കണ്ണുകളും പരുപരുത്ത രോമങ്ങളും ഒട്ടിയവയറുമാണ് മറ്റുരോഗലക്ഷണങ്ങള്‍. ജനിച്ച് 4-6 ദിവസമെങ്കിലും കന്നിപ്പാല്‍ കൊടുത്താല്‍ അതിസാരത്തില്‍ നിന്നു രക്ഷിക്കാം.

ക്ഷയം

മൈകോബാക്ടീരിയം ടുബര്‍കുലോസിസ് എന്ന ബാക്ടീരിയ മൂലമുള്ള രോഗമാണ് ക്ഷയം. ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നും തന്നെ കാണിക്കാറില്ല. ക്ഷയം ബാധിച്ച പശുവിന്റെ ശരീരഭാരം ക്രമേണ കുറഞ്ഞുവരുന്നു. ശ്വാസതടസവും കാണപ്പെടാറുണ്ട്. ജന്തുജന്യരോഗമായതിനാല്‍ മനുഷ്യനിലേക്ക്, പ്രത്യേകിച്ച് കുട്ടികളിലേക്കു പകരാവുന്നതാണ്. ക്ഷയം ബാധിച്ച പശുവിന്റെ പാല്‍ ഉപയോഗിക്കരുത്.

അകിടുവീക്കം

അകിടുവീക്കം ശുചിത്വക്കുറവുമൂലമുണ്ടാകുന്ന ഒരു രോഗമാണ്. ബാക്ടീരിയ, വൈറസ്, പൂപ്പല്‍ തുടങ്ങിയവ രോഗമുണ്ടാക്കുന്നതിനു കാരണമാകുന്നു. പാലുത്പാദനത്തിന്റെ ആരംഭദിശയില്‍, ഏറ്റവും കൂടുതല്‍ പാല്‍ ലഭിക്കുന്ന സമയത്തും രോഗബാധകൂടുതലാണ്. പാലിന്റെ നിറം, രുചി, മണം എന്നിവയിലുണ്ടാകുന്ന വ്യതിയാനം, പാലുത്പാദനത്തിലുള്ള ഗണ്യമായ കുറവ്, അകിടിനു നീരും വേദനയും ചൂടും തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. മുടന്ത്, പനി തുടങ്ങിയ രോഗലക്ഷണങ്ങളും കാണപ്പെടുന്നു.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ വിദഗ്ധ സേവനം തേടേണ്ടതാണ്. ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതാണ്. അകിടിന്റെ പുറത്ത് നീരു കുറയ്ക്കാനുള്ള മരുന്നുകള്‍ പുരട്ടുക, പാല് ഇടയ്ക്കിടയ്ക്ക് കറന്നുകളയുക മുതലായവ ചെയ്യേണ്ടതാണ്.

തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കറവയ്ക്കു മുമ്പും പിമ്പും അകിടും മുലക്കാമ്പുകളും പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകേണ്ടതാണ്. ഇവ നിത്യേന പരിശോധിക്കുക. പശുക്കള്‍ക്ക് രണ്ടുമാസം വറ്റുകാലവും വറ്റുകാലചികിത്സയും നല്‍കുക. രോഗലക്ഷണം കണ്ടാലുടന്‍ വിദഗ്ധ ചികിത്സ നല്‍കുക.

2. വൈറസ് രോഗങ്ങള്‍

കുളമ്പുരോഗം

കുളമ്പുരോഗം ഒരു വൈറസ് രോഗമാണ്. പിക്കോര്‍ണ വൈറസാണ് രോഗകാരി. ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന തികച്ചും മാരകമായ ഒരു പകര്‍ച്ചവ്യാധിയാണ്.

വൈറസിന് വായുവില്‍ക്കൂടി ബഹുദൂരംസഞ്ചരിക്കാനുള്ള കഴിവുണ്ട്. വായുവില്‍ക്കൂടിയാണ് ഈ രോഗം പ്രധാനമായും പടര്‍ന്നു പിടിക്കുന്നത്. വൈറസുകള്‍ വായുവിലൂടെ ആരോഗ്യമുള്ള ഉരുക്കളിലെത്തി രോഗം ഉണ്ടാക്കും. കടുത്ത പനി, വിശപ്പില്ലായ്മ, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് നൂലുപോലെ ഒഴുകുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. തുടര്‍ന്ന് നാവിനടിയിലും മോണയിലും കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരം കുമിളകള്‍ പൊട്ടി വ്രണമായിതീരുന്നു. കൈകാലുകളിലെ കുളമ്പിന്റെ ഇടഭാഗത്തും ഇത്തരം കുമിളകള്‍ കണ്ടുവരാറുണ്ട്. അകിടുവീക്കം ഉണ്ടാകുകയും പാലുത്പാദനം ഗണ്യമായ കുറയുകയും ചെയ്യുന്നു. ഗര്‍ഭിണികളായ പശുക്കളുടെ ഗര്‍ഭം അലസിപ്പോകാനും സാധ്യതയുണ്ട്.


കര്‍ശനമായ പ്രതിരോധകുത്തിവയ്പ്പ് നടത്തുകയാണ് പ്രധാനമായും കൈകൊള്ളാവുന്ന നിയന്ത്രണമാര്‍ഗം. നാലു മാസത്തിനു മുകളില്‍ പ്രായമുള്ള എല്ലാ ഉരുക്കളേയും കുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണ്. എല്ലാ ആറു മാസം കൂടുമ്പോഴും കുത്തിവയ്പ്പ് നിര്‍ബന്ധമായും എടുക്കണം. തൊഴുത്തും പരിസരവും ശുചിയായി സൂക്ഷിക്കുക, രോഗബാധയുള്ള പ്രദേശത്തുനിന്നും കന്നുകാലികളെയാതൊരു കാരണവശാലും മറ്റുസ്ഥലങ്ങളിലേക്ക് മാറ്റാതിരിക്കുക. രോഗബാധ സംശയിക്കുന്നെങ്കില്‍ ആ പ്രദേശത്ത് കന്നുകാലി പ്രദര്‍ശനങ്ങള്‍, കന്നുകാലി ചന്തകള്‍ എന്നിവ ഒഴിവാക്കണം. രോഗബാധയില്ലാത്ത സ്ഥലങ്ങളില്‍ ചന്തകളും പ്രദര്‍ശനങ്ങളും നടത്തുകയാണെങ്കില്‍ കുത്തിവയ്പ്പ് എടുത്ത മൃഗങ്ങളെ മാത്രമേ പ്രവേശിപ്പിക്കാവൂ. രോഗം ബാധിച്ചവയെ മാറ്റിപ്പാര്‍പ്പിക്കേണ്ടതാണ്. കറവക്കാരും മൃഗങ്ങളെ പരിചരിക്കുന്ന ആളുകളും സമ്പൂര്‍ണ ശുചിത്വം പാലിക്കണം. ഏഴുമാസത്തിനു മുകളില്‍ ചെനയുള്ള പശുക്കളെയും കിടാരികളെയും കുത്തിവയ്‌ക്കേണ്ടതില്ല.

3. ഉപാപചയ രോഗങ്ങള്‍

പശുക്കളുടെ പരിപാലനത്തിലും തീറ്റ ക്രമങ്ങളിലുമുള്ള അശ്രദ്ധയോ അറിവില്ലായ്മയോ മൂലം ഉണ്ടാവുന്ന രോഗങ്ങളെയാണ് ഉപാപചയ രോഗങ്ങള്‍ എന്നു പറയുന്നത്.

ക്ഷീരസന്നി

പശുപ്രസവിച്ച് മണിക്കൂറുകള്‍ക്കുകമോ 2-3 ദിവസങ്ങള്‍ക്കുള്ളിലോ ഉണ്ടാവുന്ന രോഗമാണ് ക്ഷീരസന്നി അഥവ പാല്‍പനി. പ്രസവശേഷം പാലുത്പാദം വര്‍ധിക്കുന്നതിനാല്‍ രക്തത്തില്‍ കാത്‌സ്യത്തിന്റെ അളവു കുറയുന്നതിനാലാണ് ഈ രോഗമുണ്ടാവുന്നത്. സാധാരണയായി അഞ്ചു മുതല്‍ ഒമ്പതു വയസു വരെ പ്രായമുള്ള പശുക്കളിലാണ് രോഗം കാണുന്നത്. പ്രസവം കഴിഞ്ഞയുടനെയാണെങ്കില്‍ പശുവിന് എഴുന്നേറ്റു നില്‍ക്കാന്‍ സാധിക്കാതെവരും. ഒരുവശത്തേക്കു ചെരിഞ്ഞു വീഴുകയും തല പിന്‍ഭാഗത്തേക്ക് ചെരിച്ച് ഒരു പ്രത്യേക വിധത്തില്‍ കിടക്കുകയും പിന്നീട് തളര്‍ച്ചയായി മാറുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ കണ്ടാ ലുടന്‍ തന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടി കാത്സ്യം ലായനി രക്തധമനിയില്‍ കുത്തിവയ്ക്കണം. അടുത്ത പ്രസവത്തിനു മൂന്നാഴ്ച മുമ്പ് പതിവായി കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഡി- 3 എന്നിവ അടങ്ങിയ ധാതുലവണമിശ്രിതം കൊടുക്കുന്നതു നിര്‍ത്തണം. എന്നാല്‍ പ്രസവത്തിനു തൊട്ടുമുമ്പ് കൂടുതല്‍ കാലിത്തീറ്റ നല്‍കണം. ആവശ്യത്തിന് ഫോസ്ഫറസ് ലഭിക്കുവാന്‍ വേണ്ടി ഒരു കിലോ തവിട് വീതം രണ്ടു നേരമായി നല്‍കണം.orcalp, Keramin, Minfa, Agriman, Rovix ix തുടങ്ങിയ ധാതുലവണമിശ്രിതങ്ങല്‍ പശുവിന് തീറ്റയോടൊപ്പം ദിവസേന കൊടുക്കണം.

കീറ്റോസിസ്

ഉപാപചയ തകരാര്‍ മൂലം കറവപ്പശുക്കളില്‍ കാണുന്ന മറ്റൊരു രോഗമാണ് കീറ്റോസിസ്. കൊടുക്കുന്ന തീറ്റയിലെ ഊര്‍ജത്തിന്റെ കുറവാണ് കീറ്റോസിസിനിടവരുത്തുന്നത്. പ്രസവിച്ച് 2-3 ആഴ്ച കഴിഞ്ഞ് കൂടുതല്‍ പാലുത്പാദനശേഷിയുള്ള പശുക്കളിലാണ് സാധാരണയായി കീറ്റോസിസ് കാണപ്പെടുത്തുന്നത്. പശുവിന്റെ ശ്വാസത്തിനും മൂത്രത്തിനും കീറ്റോണ്‍ബോഡികളുടെ ഗന്ധമുണ്ടായിരിക്കും.

പ്രസവകാലത്ത് പശു അമിതവണ്ണം വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രസവത്തിനുശേഷമുള്ള 2-3 മാസങ്ങളില്‍ അമിതവണമുള്ള പശുക്കള്‍ കുറച്ച് തീറ്റയേ എടുക്കുകയുള്ളു. ഈ തീറ്റയിലടങ്ങിയിരിക്കുന്ന ഊര്‍ജവും വളരെ കുറവാണ്. ഇത് കീറ്റോസിസിലേക്കു നയിക്കുന്നു.

ഗ്രാസ് ടെറ്റനി

പശുക്കളില്‍ കാണുന്ന മറ്റൊരു പ്രധാനരോഗമാണ് ഗ്രാസ് ടെറ്റനി. രക്തത്തില്‍ മഗ്നീഷ്യത്തിന്റെ അളവു കുറയുന്നതു കാരണമാണ് ഈ രോഗമുണ്ടാകുന്നത്. തഴച്ചുവളരുന്ന ഇളം പുല്ലില്‍ മേയുന്ന പശുക്കള്‍ക്കാണ് ഈ രോഗത്തിനു സാധ്യത കൂടുതല്‍. ഇവ പരിഭ്രാന്തരായി കാണപ്പെടുന്നു. കാലുകള്‍ മടക്കാനാവാകാതെ പശു ഒരു വശം ചെരിഞ്ഞു വീഴുകയും ചില സന്ദര്‍ഭങ്ങളില്‍ പേയിളകിയതുപോലെയുള്ള ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. കുടിക്കുന്ന വെള്ളത്തില്‍ മഗ്നീഷ്യം നല്‍കുന്നതു നല്ലതാണ്. ഇളം പുല്ലുള്ള സ്ഥലങ്ങളില്‍ അമിതമായി മേയാന്‍ അനുവദിക്കാതിരിക്കുക.

4. പരാദരോഗങ്ങള്‍

പശുക്കളില്‍ സാധാരണയായി കണ്ടുവരുന്നവയാണ് പരാദരോഗങ്ങള്‍. ആന്തരികപരാദങ്ങളും ബാഹ്യപരാദങ്ങളും മൂലം പശുക്കളുടെ ആരോഗ്യം ക്ഷയിക്കുന്നതിനും ഉല്പാദനക്ഷമത കുറയുന്നതിനും കാരണമാകുന്നു. വിളര്‍ച്ച, ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, പരുപരുത്ത രോമങ്ങള്‍ തുടങ്ങിയവ പരാദബാധയെ സൂചിപ്പിക്കുന്നു. കഠിനമായ വയറിളക്കവും കീഴ്ത്താടിയില്‍ നീരും വിരബാധയുള്ള പശുക്കളില്‍ കാണാവുന്നതാണ്. ആന്തരിക പരാദങ്ങളില്‍ നിന്നു പശുക്കളെ പ്രതിരോധിക്കാന്‍ ചാണകം പരിശോധിച്ച് വേണ്ടവിധം വിരയിളക്കണം.

5. തീറ്റയിലെ മാറ്റങ്ങള്‍ വരുത്തുന്ന രോഗങ്ങള്‍

ദഹനക്കേട്/ലാക്ടിക് അസിഡോസിസ്

പശുക്കളില്‍ സാധാരണയായി കണ്ടുവരുന്ന രോഗമാണ് ലാക്ടിക് അസിഡോസിസ്. ആവശ്യത്തില്‍ കൂടുതല്‍ അരിക്കഞ്ഞിയും അന്നജം കൂടിയകാലിത്തീറ്റയും കൊടുക്കുന്നതു കൊണ്ട് ഈരോഗം ഉണ്ടാവും. പ്രത്യേകിച്ച് അന്നജം കൂടുതല്‍ അടങ്ങിയ കഞ്ഞി, സന്ധ്യ കഴിഞ്ഞ് ബാക്കിവരുന്ന ഭക്ഷണം, ബിരിയാണി എന്നിവ കൊടുത്താല്‍ ഈ അസുഖം വരാന്‍ സാധ്യത ഏറെയാണ്. രോഗം ബാധിച്ചപശുക്കള്‍ തീറ്റയെടുക്കാന്‍ വിസമ്മതിക്കുകയും പിന്നീട് എഴുന്നേല്‍ക്കാതിരിക്കുകയും ചെയ്യും.

ധാരാളം അന്നജം അടങ്ങിയതോ, പഴകിയതോ ആയ ഭക്ഷണം പശുവിനു കൊടുക്കരുത്. കാലിത്തീറ്റ കുറഞ്ഞ അളവില്‍ ഇടയ്ക്കിടെ നല്‍കണം. വൈക്കോല്‍, പച്ചപ്പുല്ല് എന്നിവ കൂടുതല്‍ നല്‍കണം. രോഗലക്ഷണം കണ്ടയുടനെ ചികിത്സ ലഭ്യമാക്കണം.

വയറുപെരുപ്പം/ബ്ലോട്ട്

വയറുപെരുപ്പം പശുക്കളില്‍ സാധാരണയായി കണ്ടുവരുന്നു. ഈ രോഗാവസ്ഥയില്‍ പശുവിന്റെ ഇടത് അമാശയം വീര്‍ത്തിരിക്കും. ഇത് ധാരാളം ഇളം പുല്ലു തിന്നുന്നതു കാരണമോ, തീറ്റക്രമത്തിലെ വ്യത്യാസം മൂലമോ, അന്നനാളത്തിലെ തടസം മൂലമോ ആകാം. വയറില്‍ വായുകെട്ടിക്കിടക്കുന്നത് പുറത്തുവിടാന്‍ സാധിക്കാതെ വരുന്നതിനാല്‍ പശുവിന് കഠിനമായ വേദന അനുഭപ്പെടുകയും ശ്വാസതടസം സംഭവിക്കുകയും ചെയ്യും.

വയറുപെരുപ്പം ഒഴിവാക്കാന്‍ നനവുള്ളതും ഇളം പുല്ല് തഴച്ചു വളരുന്നതുമായ മേച്ചില്‍പ്പുറങ്ങളില്‍ നിന്നും പശുവിനെ മാറ്റിക്കെട്ടാന്‍ ശ്രദ്ധിക്കണം. പച്ചപ്പുല്ല് കൂടിയ അളവില്‍ ഒരുമിച്ച് നല്‍കരുത്. 2-3 മണിക്കൂര്‍ നേരം പുല്ല് വെയിലത്തുണക്കി നല്‍കുന്നത് വയറുപ്പെരുപ്പം വരുന്നതു കുറയ്ക്കും.

ഡോ. ബിജുചാക്കോ, ഡോ. സി. ഫെബിന
ആനിമല്‍ ന്യൂട്രീഷന്‍ വിഭാഗം, വെറ്ററിനറി കോളജ്, പൂക്കോട്, വയനാട്
ഫോണ്‍: ഡോ.ബിജു- 94472 71487.