വീട്ടകങ്ങള്‍ക്കു മോടി കൂട്ടാന്‍ കൊക്കഡാമ
ആധുനിക ഉദ്യാനനിര്‍മാണകലയില്‍ വീട്ടകങ്ങള്‍ക്ക് മോടി കൂട്ടാന്‍ കൊക്കഡാമ വരുന്നു. പേരു കേട്ട് ആശങ്കവേണ്ട; അതിലളിതമായ ഒരു ഉദ്യാന നിര്‍മാണവിരുതാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജപ്പാന്‍കാര്‍ കണ്ടെത്തിയ ഈ ഉദ്യാനകൗതുകം ഇന്നു നമ്മുടെ നാട്ടിലും പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏതാണ്ട് മൂന്നു ദശാബ്ദം മുമ്പ് ജപ്പാനില്‍ രൂപം കൊണ്ടതാണ് കൊക്കഡാമ. ജാപ്പനീസ് ബോണ്‍സായ് സങ്കേതത്തില്‍ നിന്നാണിതിന്റെ പിറവി. 'കൊക്കെ-ബോണ്‍സായ്' എന്നും പറയാറുണ്ട്.

നി-അരായ് എന്ന ബോണ്‍സായി രീതിയില്‍ നന്നാണിതിനു തുടക്കം. 'നി-അരായ്' എന്ന വാക്കിനു വേരുകള്‍ കഴുകുക എന്നര്‍ഥം. വേരുകള്‍ തിങ്ങിഞെരുങ്ങി വളര്‍ന്ന ചട്ടിയില്‍ നിന്ന് ഒരു ചെടിയെ മാറ്റി, അതിന്റെ വേരുകള്‍ വൃത്തിയാക്കി വേണ്ടത്ര വായൂ സഞ്ചാരം നല്‍കി. വേരുകളുടെ ഭംഗിയും സ്‌നിഗ്ധതയും പ്രദര്‍ശിപ്പിച്ച് ചെടിയെ പുനരുജ്ജീവിപ്പിച്ച് വേരുകള്‍ പായല്‍ പൊതിഞ്ഞ് പാത്രത്തില്‍ വയ്ക്കുന്നതാണ് 'നി-അരായ്'.

'കൊക്കെ' എന്നാല്‍ പായല്‍, ഡാമ എന്നാല്‍ പന്ത.് 'കൊക്ക ഡാമയുടെ' വാച്യാര്‍ഥം പായല്‍പ്പന്ത് എന്നാണ്. ജാപ്പനീസ് കൊക്കഡാമയില്‍ ഉപയോഗിച്ചിരുന്നത് പച്ചപ്പായല്‍ (ഗ്രീന്‍മോസ്) തന്നെ ആയിരുന്നു. എല്ലാ ചെടികളിലും വ്യത്യസ്ത അര്‍ഥതലം കാണുന്ന ജപ്പാന്‍കാര്‍ ഇവിടെ മോസ് എന്ന പായലിനും സവിശേഷത കണ്ടെത്തിയിരുന്നു. അവരെ സംബന്ധിച്ച് മോസ് മാതൃസ്‌നേഹത്തിന്റെയും ദീനാനുകമ്പയുടെയും പ്രതീകമാണ്. ഇതിനു പകരമാണ് ഉഷ്ണമേഖലാരാജ്യങ്ങളില്‍ കൊക്കഡാമ തയാറാക്കുന്നവര്‍ 'സ്ഫാഗ്നം മോസ്'എന്ന പായല്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. സസ്യാവശിഷ്ടങ്ങള്‍ ഈര്‍പ്പത്തിന്റെ സാന്നിധ്യത്തില്‍ വിഘടിച്ച് അതില്‍ നിന്നുണ്ടാകുന്ന പായലാണിത്. പരസ്പരം പറ്റിപ്പിടിച്ചു വളരുന്ന ഇത് കട്ടിയുള്ള ഒരു പായ പോലെയായി ധാരാളം ഈര്‍പ്പം ആഗിരണം ചെയ്യും. ഇതാണ് കൊക്കഡാമയ്ക്ക് ഉത്തമം. കാരണം സ്വന്തം ഭാരത്തിന്റെ ഇരുപതിരട്ടിയോളം വെള്ളം ഇതിന് ആഗിരണം ചെയ്യാന്‍ കഴിവുണ്ട്.

വര്‍ത്തമാനകാല ഉദ്യാന നിര്‍മാണശൈലിക്കനുസൃതമായി ഇന്നത്തെ കൊക്കഡാമകള്‍ നാരിലോ ചരടിലോ ബന്ധിപ്പിക്കുന്ന ഗോളാകൃതിയോ പന്തിന്റെ രൂപത്തിലോ ഒക്കെയാണ് തയാറാക്കുന്നത്. ഇന്നിപ്പോള്‍ വീട്, ഓഫീസ്, ഷോപ്പിംഗ് മാള്‍, ആശുപത്രി, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇന്റീരിയര്‍ ഡിസൈനിന്റെ പ്രധാന ചേരുവകളിലൊന്നാണ് കൊക്കഡാമ. വീട്ടകങ്ങളിലോ പുറത്തോ ഒരു ബൗളിലോ ആകര്‍ഷകമായ പ്ലെയിറ്റിലോ സ്ലെയ്റ്റിലോ ഒക്കെ കൊക്കഡാമ പ്രദര്‍ശിപ്പിക്കാം. വെറും ചെടികള്‍ മാത്രം വച്ച് അലങ്കരിച്ചിരുന്ന അകത്തള ഉദ്യാനങ്ങള്‍ക്ക് വേറിട്ട മുഖം നല്‍കുന്നു കൊക്കഡാമ. അകത്തള ഉദ്യാനങ്ങളുടെ ആധുനിക ട്രെന്‍ഡാണ് ഇന്നിവ. പരിചരിക്കാന്‍ എളുപ്പം, കാഴ്ചയ്ക്ക് ഹൃദയഹാരിയും. പ്രകൃതിയും കലാവൈഭവവും ഒത്തിണങ്ങുന്ന സവിശേഷഭംഗി. ഒന്നിലേറെ കൊക്കഡാമകള്‍ വീട്ടകങ്ങളില്‍ ഞാത്തിയിട്ടാല്‍ ഒരു സ്ട്രിംഗ് ഗാര്‍ഡന്‍ തന്നെ തയാര്‍. ഹാംഗിംഗ് ഗാര്‍ഡന്‍ എന്നും പറയാം. സ്ഥലപരിമിതിയുള്ള വീടുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങള്‍ക്ക് യോജിച്ച ഉദ്യാനനിര്‍മാണ വിരുതാണ് കൊക്കഡാമ. പാവങ്ങളുടെ ബോണ്‍സായ് എന്നും കൊക്കഡാമയ്ക്കു പേരുണ്ട്.

ഏതൊക്കെ ചെടികള്‍

ചെറിയ വേരുകളുള്ള ഏതു ചെടിയും കൊക്കഡാമ തയാറാക്കാന്‍ ഉപയോഗിക്കാം. മെയ്ഡന്‍ ഹെയര്‍ഫേണ്‍, ബേഡ്‌സ് നെസ്റ്റ് ഫേണ്‍, സ്റ്റാഗ്‌ഹോണ്‍ ഫേണ്‍, ബോസ്റ്റണ്‍ ഫേണ്‍, ടേബിള്‍ ഫേണ്‍ തുടങ്ങിയ പന്നല്‍ ചെടികള്‍ പോത്തോസ്, ഫിലോഡെന്‍ഡ്രണ്‍, ബിഗോണിയ, സ്‌പൈഡര്‍ പ്ലാന്റ്, ബില്‍ബേര്‍ജിയ, നിയോറെഗീലിയ, ടില്ലാന്‍ഡ്‌സിയ തുടങ്ങിയ രസഭരസസ്യങ്ങള്‍, ഫിറ്റോണിയ, റിബണ്‍ ഗ്രാസ്, പന്‍ഡാനസ്, കൂടാതെ ജെയിഡ്, ഹോയ്, ലിപ്സ്റ്റിക്ക് ചെടി തുടങ്ങി നിരവധി ചെടികള്‍ കൊക്കഡാമ തയാറാക്കാനെടുക്കാം.


എന്തൊക്കെ വേണം?
വീട്ടില്‍ കൊക്കഡാമ തയാറാക്കാന്‍ ഇനി പറയുന്ന സാമഗ്രികള്‍ കരുതണം.
- ഒരു ചെറിയ ചെടി
- മോസ് (പായല്‍)
- ഉണങ്ങിയ ചകിരിനാര്
- പെര്‍ലൈറ്റ്/വെര്‍മിക്കുലൈറ്റ്
- ചകിരിച്ചോര്‍ ചേര്‍ത്ത കമ്പോസ്റ്റ് (ചകിരിച്ചോര്‍-ചാണകപ്പൊടി മണ്ണ് മിശ്രിതം)
- പ്ലാസ്റ്റിക്/നൈലോണ്‍ വള്ളി
- ഇഴയടുപ്പമുള്ള വല
- കത്രിക/കത്തി
- മോസ് ബോള്‍ അഥവാ പായല്‍പ്പന്ത്

എങ്ങനെ തയാറാക്കാം

ആദ്യം മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും ചേര്‍ത്തു കുഴച്ച മിശ്രിതം ചെറു നനവോടെ ഉരുട്ടിയെടുക്കണം. നനവ് അമിതമായാലും ബലത്തില്‍ അമര്‍ത്തിയാലും ഉരുളപൊട്ടിപ്പോകാം. അതിനാല്‍ വളരെ ശ്രദ്ധയോടെ വേണം ഇതു ചെയ്യാന്‍. ഉരുള നൈലോണ്‍ അഥവാ ചാക്കുനൂലുകൊണ്ട് തലങ്ങും വിലങ്ങും കെട്ടി വരിഞ്ഞു ബലപ്പെടുത്തണം. എന്നിട്ട് ഈര്‍പ്പം ഉറപ്പാക്കാന്‍ പുറത്ത് നനവുള്ള പായല്‍ പൊതിയണം. നടാന്‍ ഉദ്ദേശിക്കുന്ന ചെടിയുടെ വലിപ്പമനുസരിച്ചു വേണം പായല്‍പ്പന്തു തയാറാക്കാന്‍. മണ്ണു കുറച്ചുപയോഗിച്ചാലും തെറ്റില്ല. വായ് വട്ടമുള്ള ഒരു ചെറിയ പാത്രത്തില്‍ ആദ്യം ചണനൂലുകള്‍ വച്ച് മീതെ മിശ്രിതം വിതറി ഗോളാകൃതിയിലാക്കിയും പായല്‍പ്പന്തു തയാറാക്കാം.

ചെടി നടാം

പായല്‍പ്പന്തില്‍ നടാനുള്ള ചെടി ഒരുക്കിയെടുക്കണം. ചെടിയുടെ വേരുഭാഗത്തെ മണ്ണ് വേരുകള്‍ക്കു ക്ഷതം വരാതെ നീക്കുക. നീളന്‍ വേരുകളുണ്ടെങ്കില്‍ മുറിച്ചു മാറ്റാം. വേരുപടലം നനച്ച് മോസ് കൊണ്ടു പൊതിയണം. തുടര്‍ന്ന് ഗോളാകൃതിയിലുള്ള പായല്‍പ്പന്ത് നെടുകെ രണ്ടായി പിളര്‍ന്നോ അതില്‍ ദ്വാരമുണ്ടാക്കിയോ ചെടിയുടെ വേരുഭാഗം ഇറക്കിവയ്ക്കണം. വേരിറക്കിവച്ചിട്ട് മിശ്രിതം വീണ്ടും വേരിനു ചുറ്റും ഗോളാകൃതിയില്‍ തന്നെ പൊതി ഞ്ഞുറപ്പിക്കുക. പൊതിയുന്ന മോസിന്റെ ഭാഗങ്ങള്‍ പുറത്തേക്കു തള്ളി നില്‍ക്കാതെ ഒതുക്കി നൂല്‍ ചുറ്റിയാല്‍ നന്ന്. തുടര്‍ന്ന് പായല്‍ പന്ത് 3-4 മിനിട്ട് വെള്ളത്തില്‍ മുഴുവനായി മുക്കി കുതിര്‍ക്കുക. ഇതു പിന്നീട് പ്ലേറ്റിലോ ട്രേയിലോ വച്ച് മുറികള്‍ അലങ്കരിക്കുകയും ചെയ്യാം.

ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഏതെങ്കിലും രാസവളമിശ്രിതം, ലായനി രൂപത്തിലാക്കി നേര്‍പ്പിച്ചു തളിക്കാം. കൊക്കഡാമയിലെ മോസ് ദീര്‍ഘനാള്‍ നനവ് നിലനിര്‍ത്തും എന്നതിനാല്‍ ഇതു നനയ്ക്കുന്നത് വളരെ ശ്രദ്ധിച്ചുമാത്രം മതി. ഇത് ആവശ്യാനുസരണം തൂക്കിയിടുകയോ പ്ലേറ്റിലോ മറ്റോ വയ്ക്കുകയോ ചെയ്യാം. മേശപ്പുറത്തോ സ്റ്റാന്‍ഡുകളിലോ ഒക്കെ ഇതു വയ്ക്കാം. കൊക്കഡാമ ചുറ്റിക്കെട്ടാന്‍ ഉപയോഗിക്കുന്ന നൂലിന് പല നിറമായാല്‍ അതു കൂടുതല്‍ ആകര്‍ഷകമാകും. പച്ചനൂലാണെങ്കില്‍ പായലിനോടു ചേര്‍ന്നു പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും. തിരിച്ചറിയില്ല.

ഒരാഴ്ച കൂടുമ്പോള്‍ ഒരു ബൗളിലെ വെള്ളത്തില്‍ അഞ്ചു മിനിറ്റ് മുക്കിയെടുത്തോ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ ഹാന്‍ഡ് സ്‌പ്രേയര്‍ ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്‌തോ നനവു നിലനിര്‍ത്താം. വെള്ളവും വളവുമൊന്നും അമിതമാകാതെ പ്രത്യേകം ശ്രദ്ധിക്കണം.

ഓര്‍ക്കിഡ് ആന്തൂറിയം പോലുള്ള അലങ്കാരപ്പൂച്ചെടികളും കൊക്കഡാമയാക്കി വളര്‍ത്താം. കുപ്പികളിലും ചിരട്ടയിലും ഒക്കെ കൊക്കഡാമ തയാറാക്കാം. ആദായകരമായ ഒരു ഉദ്യാനവൃത്തിക്കൂടെയാണ് കൊക്കഡാമയുടെ തയാറാക്കലും വിപണനവും. വീട്ടമ്മമാരുള്‍പ്പെടെ പലരും ഇന്ന് ഈ മേഖലയിലേക്കു വരുന്നുണ്ട്.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, കൃഷി വകുപ്പ്, തിരുവനന്തപുരം