എന്നും നമ്പര്‍ വണ്‍ ഈ പരമ്പരാഗത വിളകള്‍
എന്നും നമ്പര്‍ വണ്‍ ഈ പരമ്പരാഗത വിളകള്‍
Saturday, March 21, 2020 3:24 PM IST
നെയ്യാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്തെ ഫലഭൂയിഷ്ടമായ മണ്ണ്. ഇതിനു സമീപം തിരുവനന്തപുരത്തെ പെരുങ്കടവിള കളിവിളാകത്ത് വീട്ടില്‍ ശ്യാംകുമാര്‍ വിളയിക്കുന്ന പരമ്പരാഗത വിളകളുടെ ലിസ്റ്റ് നീണ്ടതാണ്. കേരളത്തില്‍ നടക്കുന്ന കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ ശ്യാംകുമാര്‍ വിളയിച്ച ഭീമന്‍ കിഴങ്ങുവര്‍ഗങ്ങള്‍ കണ്ട് കൃഷി താത്പര്യമുണ്ടായവരും അനവധി. ഇവയെല്ലാം മിക്കപ്രദര്‍ശനങ്ങളിലും ഒന്നാം റാങ്കുകാരുമാകാറുണ്ട്. കാച്ചില്‍, ചേന, ചേമ്പ്, ചെറുകിഴങ്ങ്, മുക്കിഴങ്ങ് എന്നിവയാണ് പ്രധാനമായും വിളയിക്കുന്നത്. ഇതില്‍ ചേനയ്ക്കുണ്ട് ചെറിയൊരു മുന്‍തൂക്കം. ഇവയില്‍ കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന്റെ ശ്രീപത്മ, ഗജേന്ദ്ര, കുഴിമുണ്ടാടന്‍ എന്നീ ഇനങ്ങളാണ് കൂടുതലും. ആദിവാസി ഗോത്രവര്‍ഗക്കാര്‍ കൃഷിചെയ്യുന്ന മുറംചാരി, മലതാങ്ങി, മലമുട്ടന്‍, പെരുംങ്കാലന്‍, പാറമുട്ടന്‍, നീലക്കാച്ചില്‍ തുടങ്ങി നമ്മുടെ പരമ്പരാഗത ഇനങ്ങള്‍ ഏറെ വിളയുന്നുണ്ടിവിടെ.

ചെറുകിഴങ്ങു വര്‍ഗങ്ങളില്‍ കാരമുള്ളന്‍, നനകിഴങ്ങില്‍ ചെറുമുള്ളന്‍, മുക്കിഴങ്ങിനത്തില്‍ പെരുങ്കിഴങ്ങ് എന്നിവ ശ്യാമിന് ഏറെ പ്രിയപ്പെട്ടവരാണ്. ഇതില്‍ ചിലയിനങ്ങളില്‍ ഒരു ചുവട്ടില്‍ നിന്ന് 50 മുതല്‍ 100 വരെ കിലോ വിളവുണ്ടാക്കുന്നുമുണ്ട് ശ്യാം. ജൈവവളങ്ങളുപയോഗിച്ചാണ് ഈ ഉത്പാദനമെന്നതാണ് പ്രത്യേകത.

വെയിലും ഒരുക്കവും പ്രധാനം

വലിയ കിഴങ്ങുകള്‍ ഉണ്ടാകണമെങ്കില്‍ ഇത് കൃഷിചെയ്യാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലം സൂര്യപ്രകാശം ലഭിക്കുന്നതാകണം. ഇങ്ങനെയുള്ള സ്ഥലം തെരഞ്ഞെടുത്താല്‍ അവിടെ കുഴിയെടുക്കാം. ഈ കുഴിയില്‍ ഡോളോമൈറ്റിട്ട് മണ്ണുമായി കൂട്ടിച്ചേര്‍ക്കണം. പതിനാലു ദിവസത്തിനു ശേഷം ഇതിലേക്ക് ചപ്പുചവറുകള്‍, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ഗോമൂത്ര-ശര്‍ക്കര മിശ്രിതം, വിവിധയിനം പച്ചിലകള്‍, ചാണകപ്പൊടി, ചാരം എന്നിവചേര്‍ത്ത് കുഴിയില്‍ മിശ്രിതം തയാറാക്കണം. ഇതിലേക്കാണ് തയാറാക്കി വച്ചിരിക്കുന്ന വിത്തു നടേണ്ടത്.

വിത്തുനടുന്നവര്‍ ഇങ്ങനെ ചെയ്താല്‍...


വിത്തുകള്‍ നടുന്നതിനു മുമ്പേ അവ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ ജലത്തില്‍ കലക്കിയ ലായനിയില്‍ മുക്കി തണലത്ത് ഉണക്കണം. ഇങ്ങനെ ചെയ്താല്‍ കിഴങ്ങുകളെ ബാധിക്കാറുള്ള ഫംഗസുകളെ പ്രതിരോധിക്കാനുള്ള ശേഷി ചെടിക്കു ലഭിക്കും. വിത്തില്‍ നിന്നു മുളവരുന്ന ഭാഗത്ത് മൈക്കോറൈസ എന്ന സൂക്ഷ്മാണു മിശ്രിതം നല്‍കണം. വിത്തിനുമുകളില്‍ പുതയിടുന്നതിനു മുമ്പ് ട്രൈക്കോഡര്‍മയും വേപ്പിന്‍പിണ്ണാക്കും ചാണകപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം നടീല്‍ വസ്തുവിന്റെ ചുറ്റും അഞ്ചു കിലോ വീതം നല്‍കുകയെന്നത് നിര്‍ബന്ധമാണ്. ഇത്രയുമായാല്‍ കിഴങ്ങിനെ ആക്രമിക്കുന്ന നിമാവിരകളില്‍ നിന്നും ഇവയ്ക്ക് സംരക്ഷണവുമായി.

വിത്തില്‍ നിന്ന് മുളപൊട്ടി പതിനഞ്ചാം ദിവസം ജൈവവളങ്ങള്‍ നല്‍കി, കളപറിച്ചു മൂടണം. ശേഷം പിജിപിആര്‍-1 മിശ്രിതം ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം കലര്‍ത്തി ചുവട്ടിലൊഴിച്ചു നല്‍കണം. നട്ട് ഒന്നാം മാസം മുതല്‍ പൊട്ടാഷ് അടങ്ങിയ ജൈവവളങ്ങളായ കോഴിക്കാഷ്ഠം, ചാരം, വിവിധയിനം ജൈവ- ജീവാണു വളങ്ങള്‍ എന്നിവ രണ്ടാഴ്ചയിലൊരിക്കല്‍ നല്‍കിക്കൊണ്ടിരിക്കണം. ഇടയ്ക്ക് കടലപ്പിണ്ണാക്കും മണ്ണിരക്കമ്പോസ്റ്റും ചേര്‍ത്താല്‍ കിഴങ്ങ് എപ്പോള്‍ സെഞ്ചുറി അടിച്ചെന്നു ചോദിച്ചാല്‍ മതിയെന്നാണ് ശ്യാമിന്റെ പക്ഷം.

കിഴങ്ങ് ഉത്പാദനത്തില്‍ താത്പര്യം തുടങ്ങിയപ്പോള്‍ കുമാര്‍ എന്നറിയപ്പെടുന്ന ശ്യാം ആദ്യമെത്തിയത് തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്രകിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലാണ്. ഇവിടെ കണ്ടുമുട്ടിയ ഡോ. ഷീലയും ഡോ. ബൈജുവും കൃഷി ശാസ്ത്രീയമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കാര്‍ഷികമേളകളിലെ സ്ഥിരം സാന്നിധ്യമായ കുമാറിന് ഇവിടെ നിന്നൊക്കെ കിട്ടിയ അറിവുകളും ലഭിച്ച പ്രോത്സാഹനങ്ങളുമാണ് മത്സരക്കിഴങ്ങുകളുടെ കൃഷിയില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരണയാകുന്നത്. എന്തു സംശയം വന്നാലും തീര്‍ത്തുകൊടുക്കുന്നത് കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശശാങ്കനാണെന്നും ഇദ്ദേഹം തനിക്കൊപ്പമുണ്ടെന്നും കുമാര്‍ പറയുന്നു. പരമ്പരാഗത വിളകളെ സ്‌നേഹിക്കുന്ന ഇദ്ദേഹത്തിന് മറ്റു കൃഷികളുമുണ്ട്. ഫോണ്‍: ശ്യാംകുമാര്‍- 80785 09 695.

ടോം ജോര്‍ജ്‌