മത്സ്യത്തിലും വിഷം
മീന്‍ചാറില്ലാതെ ചോറിറങ്ങാത്ത മലയാളിക്ക് മത്സ്യത്തിനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. നീളുന്ന ട്രോളിംഗ് നിരോധനവും മറ്റൊരു കാരണമാണ്. തത്ഫലമായി ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാന്‍ മത്സ്യത്തിലും മാരക വിഷവസ്തുക്കള്‍ ചേര്‍ക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന മത്സ്യത്തില്‍ പ്രധാനമായും കാണുന്നത് ഫോര്‍മലിന്‍, സോഡിയം ബെന്‍സോവേറ്റ്, അമോണിയ, ഫോര്‍മാലിന്‍ എന്നീ രാസവസ്തുക്കളാണ്. മൃതശരീരങ്ങള്‍ അഴുകാതെ ദിവസങ്ങളോളം സൂക്ഷിച്ചുവയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസപദാര്‍ഥമാണ് ഫോര്‍മാലിന്‍. ഫോര്‍മാലിന്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുവാണെന്നറിഞ്ഞാല്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗങ്ങള്‍ക്ക് മറ്റു കാരണങ്ങളന്വേഷിക്കേണ്ടതില്ലല്ലോ? ഈയിടെ ചെന്നൈയിലെ കാശിമേട് തുറമുഖത്ത് നടത്തിയ ഒരു പരിശോധനയില്‍ മീന്‍പിടിച്ച് ഗോഡൗണിലെത്തുന്നതുവരെ നിരവധി ഘട്ടങ്ങളില്‍ ഉപ്പുപോലെ തോന്നിക്കുന്ന രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി കണ്ടെത്തി. ഓണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ മാരകമായ വിഷസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 45 ലോഡുകളിലായെത്തിയ 6000 കിലോ ചെമ്മീനാണ് തടഞ്ഞു വച്ചത്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫീഷറീസ് തയാറാക്കിയ സിഫ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഈ രാസസാന്നിധ്യം കണ്ടെത്തിയത്. മത്സ്യത്തില്‍ മായമായി ചേര്‍ക്കുന്ന മറ്റു രണ്ടുവ സ്തുക്കളാണ് അമോണിയ, സോഡി യം ബെന്‍സോവേറ്റ് എന്നിവ. മീനില്‍ ഉപയോഗിക്കുന്ന ഐസ് പെട്ടെന്നലിഞ്ഞു തീരാതിരിക്കാനാണ് അമോണിയ ഉപയോഗിക്കുന്നത്. മീനില്‍ ഈച്ചവരാതിരിക്കാനും പഴക്കം തോന്നാതിരിക്കാനും പൊടിരൂപത്തിലെത്തുന്ന ബെന്‍സോവേറ്റ് കലക്കി ഒഴിക്കുന്നു. ഇതിന്റെ ഉപയോഗം കാന്‍സര്‍ മുതല്‍ ജനിതക വൈകല്യം വരെയുണ്ടാകാന്‍ പോന്നതാണ്. സോഡിയം ബെന്‍സോവേറ്റ് പാര്‍ക്കി ന്‍സണ്‍സ് രോഗം, അകാല വാര്‍ധക്യം തുടങ്ങിയവയ്ക്കും കാരണമാകും.


ഓപ്പറേഷന്‍ സാഗര്‍റാണി

മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്പനനടത്തുന്നതു തടയാന്‍ ഭക്ഷ്യ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന പരിശോധനസംവിധാനമാണ് ഓപ്പറേഷന്‍ സാഗര്‍ റാണി. മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ പരിശോധിച്ച് രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടോ എന്നറിയുകയാണ് ലക്ഷ്യം. ഇതിനു പുറമേ മത്സ്യവ്യാപാരികള്‍ക്ക് ബോധവത്കരണം നടത്തുകയും ചെയ്യുന്നു.

സിഫ്റ്റ്

മീനുകളിലെ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷാവകുപ്പ് ഉപയോഗിക്കുന്ന പ്രാഥമിക പരിശോധന സംവിധാനമാണ് സിഫ്റ്റ്. ഒരു പേപ്പര്‍ സ്ട്രിപ്പും രാസലായനിയും അടങ്ങുന്നതാണ് കിറ്റ്. കിറ്റിലെ പേപ്പര്‍, മത്സ്യത്തില്‍ ഉരസിയശേഷം കിറ്റിലെ ലായനി പേപ്പറിലേക്ക് ഒഴിക്കുന്നതാണ് പരിശോധനാരീതി. രാസവസ്തു ചേര്‍ന്നിട്ടുണ്ടെങ്കില്‍ പേപ്പറിന്റെ നിറം നീലയാകും.

പരിഹാരം

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങള്‍ ഉപയോഗിക്കുകയാണ് ഇത്തരം വിഷം ചേര്‍ത്ത മത്സ്യങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ആവശ്യം. കായലുകളില്‍ നിന്നും പ്രദേശത്തെ കടലില്‍ നിന്നും വരുന്ന മത്സ്യം നല്‍കുന്ന വില്‍പനക്കാരെ കണ്ടെത്തി വാങ്ങുകയാണ് മറ്റൊരു പരിഹാരം. മത്സ്യം വില്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥിരപരിശോധനകള്‍ നടത്തുന്നത് വിഷം ചേര്‍ന്ന മത്സ്യം എത്തിക്കുന്നതില്‍ നിന്ന് വ്യാപാരികളെ പിന്‍തിരിപ്പിക്കും. ഇത് സര്‍ക്കാരിനാണ് ചെയ്യാനാകുക. പൊതുജനങ്ങള്‍ക്കും സിഫ്റ്റ് പോലു ള്ള പരിശോധനാസംവിധാനങ്ങള്‍ ഉപയോഗിക്കുകയും വിഷം ചേര്‍ന്ന മത്സ്യം വില്‍ക്കുന്നുണ്ടെങ്കില്‍ അധികാരികളെ അറിയിക്കുകയും ചെയ്യാം.

ഡോ. പോള്‍ വാഴപ്പിള്ളി
മുന്‍ പ്രഫസര്‍, സര്‍ജറി ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍, മെഡിക്കല്‍ കോളജ്, പരിയാരം
ഫോണ്‍: ഡോ. പോള്‍- 94473 05 004.