മനസറിഞ്ഞ് കൃഷി, കൈനിറയെ വിളവ്
Tuesday, July 9, 2019 5:08 PM IST
മണ്ണ് ചിലപ്പോള്‍, തന്നെ സ്‌നേഹിക്കുന്നവരെ വന്‍ സമൃദ്ധി മടക്കി നല്കി യഥേഷ്ടമങ്ങ് സത്കരിക്കും. അങ്ങനെയൊരു കാഴ്ച തിരുവനന്തപുരത്തെ പുലയനാര്‍കോട്ട, തറുവിക്കല്‍ സ്പതരംഗം ലെയിനിലെ കേശവത്തിലുണ്ട്. മട്ടുപ്പാവില്‍ വമ്പന്‍ വള്ളിപോലെ, ഇളം പച്ചനിറത്തില്‍ നീണ്ടു വിളഞ്ഞു നില്ക്കുന്ന പടവലങ്ങ, ഏതൊരു കൃഷിസ്‌നേഹിയുടെയും കണ്ണു 'നിറയ്ക്കുന്ന' കാഴ്ചയാണ്. കേശവത്തില്‍ കൃഷിയെ ഉപാസിക്കുന്ന സഹോദരങ്ങളായ ആനന്ദന്റെയും ജാംബവതിയുടെയും മനസു പോലെയാണ് നെടുനീളന്‍ പടവലങ്ങകള്‍. തീരെ പ്രതീക്ഷിക്കാത്ത അവസരത്തിലാണ് ഈ സഹോദരങ്ങള്‍ക്ക് പ്രകൃതി ഇങ്ങനെ ഒരു വിളവു നല്കുന്നതും.
വിജിലന്‍സ് ട്രിബ്യൂണലില്‍ നിന്നു വിരമിച്ച ആനന്ദന്‍, വഞ്ചിയൂരിലെ ഒരു പരിചയക്കാരന്റെ ക ടയില്‍ നിന്നു വാങ്ങിയ പത്ത് പടവലങ്ങവിത്തുകളില്‍ ഒരെണ്ണമാ ണ് ഇപ്പോള്‍ ഇങ്ങനെ ഒരു മാന്ത്രികത സമ്മാനിച്ചത്. അഞ്ചുവിത്ത് പത്തുരൂപയ്ക്കു വാങ്ങുമ്പോള്‍ മറ്റൊരഞ്ചെണ്ണം സൗജന്യമായി കടക്കാരന്‍ നല്കി. വീടിനു കിഴ ക്കുവശം പത്തു വിത്തും പാകിയെങ്കിലും രണ്ടെണ്ണം മാത്രമേ കിളിര്‍ത്തുള്ളൂ. ഒന്നു പിന്നീട് നഷ്ടപ്പെട്ടു. ശേഷിച്ച ചെടി നന്നായി വളര്‍ന്നു. ആദ്യനാളുകളില്‍ കീടശല്ല്യങ്ങള്‍ ഉണ്ടായിരുന്നു.
ചെറിയ ചെടിയായിരുന്നപ്പോ ള്‍ ചുവട്ടില്‍ പുഴു കുത്തി. പുഴുവിനെ മാറ്റി ചെടിയുടെ തണ്ടില്‍ സ്യൂഡോമോണസ് മിശ്രിതം വച്ച് പ്ലാസ്റ്റിക്ക് കവര്‍ കൊണ്ടുകെട്ടി. ഇത്ര നീളമുള്ള കായ്കള്‍ പ്രതീക്ഷിക്കാത്തതിനാല്‍തന്നെ ചെടി വളര്‍ന്നപ്പോള്‍ സാധാരണ പടവലം പടര്‍ത്തുന്നപോലെ മട്ടുപ്പാവിലേക്കു പടര്‍ത്തുകയായിരുന്നു.
മൂന്നു മാസം കഴിഞ്ഞാണ് ആ ദ്യം കായ്ക്കുന്നത്. സാധാരണ പടവലങ്ങപോലെ നാരുരൂപത്തിലാണ് ഇളംകായ കണ്ടത്. പതിവുപോലെ പേപ്പര്‍ കവര്‍ കൊണ്ട് പൊതിഞ്ഞു കെട്ടി പരിപാലിച്ചു. പടവലങ്ങയുടെ ചുവട്ടില്‍ ചെറി യ കല്ലും കെട്ടിയിട്ടു. എന്നാല്‍ ദിവസം കഴിയുതോറും അദ്ഭുതകരമായ വിധത്തില്‍ പടവലങ്ങ വളര്‍ന്നു തുടങ്ങി. പേപ്പര്‍ കവറിനെ വകഞ്ഞു മാറ്റികൊണ്ടായിരുന്നു വളര്‍ച്ച. മട്ടുപ്പാവിലെ സിമന്റ് തറയില്‍ മുട്ടിക്കഴിഞ്ഞപ്പോള്‍ വേറെ മാര്‍ഗമില്ലാത്തതിനാല്‍ കയര്‍കെട്ടി വളച്ചെടുക്കേണ്ടിവന്നു.
തികച്ചും ജൈവരീതിയിലാണ് പടവലം വളര്‍ത്തിയത്. ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ്, കടലപ്പിണ്ണാക്കു പുളിപ്പിച്ചത് തുടങ്ങിയ ജൈവവളങ്ങളാണ് നല്‍കിയത്. ജൈവ കീടനാശിനി സ്‌പ്രേ ചെ യ്ത് കീടങ്ങളെയകറ്റി. ആവണക്കെണ്ണ, വേപ്പെണ്ണ, വെളുത്തുള്ളി, ബാര്‍സോപ്പ്, ഗോമൂത്രം, കഞ്ഞിവെള്ളം നേര്‍പ്പിച്ചത് എന്നിവ കൊ ണ്ട് തയാറാക്കുന്ന ജൈവ കീടനാശിനിയാണ് ഇതിനായി ഉപയോഗിച്ചത്. ജൈവ കര്‍ഷകന്‍ ആര്‍. രവീന്ദ്രന്‍ നേതൃത്വം നല്കുന്ന ആത്മ പ്രാക്ടിക്കല്‍ ഫീല്‍ഡ് ട്രെയിനിംഗ് സ്‌കൂളില്‍ നിന്നുമാണ് കൃഷിയെ കുറിച്ച് കൂടുതല്‍ പഠിക്കുന്നത്.
ഈ കൃഷിപാഠങ്ങളാണ് പടവലങ്ങ നന്നായി വളര്‍ത്തിയെടുക്കാന്‍ സഹായകമായത്. പരമ്പരാഗത കര്‍ഷക കുടുംബത്തിലെ അംഗങ്ങളാണ് ആനന്ദനും, ജാം ബവതിയും. ഉള്ളൂരിലെ കുടുംബ വീട്ടിലും നിറയെ കൃഷിയുണ്ടായിരുന്നു. പലതരം റോസാച്ചെടികളും ഇവിടെ നട്ടു വളര്‍ത്തിയിരുന്നു. പനിനീര്‍റോസ, നാടന്‍ റോ സാപ്പൂക്കള്‍ തുടങ്ങി ഹൈബ്രിഡ് റോസാപുഷ്പങ്ങളും നല്ല രീതിയില്‍ കൃഷിചെയ്തിരുന്നു. മാത്രമല്ല പുറത്ത് വില്പന നടത്തുകയും ചെയ്തിരുന്നു.
ലീഡര്‍ കെ. കരുണാകരന്റെ വീട്ടിലെ ആഘോഷച്ചടങ്ങുകള്‍ ക്ക് പുഷ്പങ്ങളെത്തിയരുന്നത് ആനന്ദന്റെയും ജാംബവതിയുടെയും കുടുംബവീട്ടില്‍ നിന്നാ ണ്. ഇരുപത്തിനാലുവര്‍ഷം മുമ്പ് തുറുവിക്കലില്‍ വീടുവാങ്ങിയതു മുതല്‍ ഇവിടെയും വലിയ രീതിയില്‍ കൃഷി നടത്തുന്നു. മട്ടുപ്പാവ് ഒരു കൃഷി സാമ്രാജ്യം തന്നെ യാണ്. മാവും ശിംശിപയും പുളിയും വേപ്പും കാരമരവും കൃഷിയുടെ അവിഭാജ്യ ഘടകമാണ്. ബോള്‍സായി ആയി പലചെടികളും പരിപാലിക്കുന്നു. മനോഹരങ്ങളായ ചുവപ്പു പൂക്കള്‍ വിടരുന്ന ശിംശിപാ വൃക്ഷച്ചുവട്ടിലാണ് രാവണന്റെ ലങ്കയില്‍ തടങ്കലിലായിരുന്ന സീതയിരുന്നതെ ന്ന് ഐതീഹ്യം. ശിംശിപാ വൃ ക്ഷം ബോണ്‍സായി ആയി നി ല്ക്കുന്ന കാഴ്ചയും വേറിട്ടതാണ്. അതുപോലെ ബോണ്‍സായി പ രുത്തി മരത്തില്‍ മഞ്ഞു പോലെ കാണപ്പെടുന്ന പഞ്ഞി യും കാ ഴ്ചക്കാരെ വിസ്മയിക്കുന്നു. ചെറു പരുത്തി മരത്തില്‍ നിന്നു കുഞ്ഞു പഞ്ഞിതണ്ടുകള്‍ അടര്‍ ത്തിയെടുക്കാം.
വിഷഗന്ധിച്ചെടിയും മട്ടുപ്പാവില്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ചിലന്തി വിഷത്തിനു ഫലപ്രദമാണ് വിഷഗന്ധിയുടെ ഇല. കാരറ്റ്, കോളിഫ്‌ളവര്‍, കാബേജ്, പുതിന, പയര്‍, തക്കാളി തുടങ്ങി പല ഇനം പച്ചക്കറികള്‍, നല്ല വയലറ്റ് നിറത്തില്‍ കായ്ച്ചു വിളഞ്ഞു നില്ക്കുന്ന കത്തിരിക്ക, നീണ്ട വഴുതനങ്ങ, നീല മുളക്, വെള്ള മുളക് തുടങ്ങി, പല ഇനം മുളകുകള്‍ എന്നിവയും കാഴ്ചയ്ക്ക് മനോഹരമാണ്. മയില്‍പീലിച്ചീര അമേരിക്കന്‍ചീര, പാല്‍ ചീര തുടങ്ങി ആറിനം ചീരകളാലും സമ്പന്നമാണ് പച്ചക്കറിത്തോട്ടം.
പല നിറങ്ങളിലെ ചെമ്പരത്തി, ജമന്തി, കാശിത്തുമ്പ, ഇളം പിങ്ക് നിറത്തിലെ ഹൈഡ്രാഞ്ചിയ, ജര്‍ബറ, അഡീനിയം, വിന്‍കാറോസിയ, മേന്തോന്നി, അലങ്കാരച്ചെ ടികള്‍ തുടങ്ങി പുഷ്പസസ്യ വൈവിധ്യവും കേശവത്തിലുണ്ട്. പല ഇലകള്‍ക്കു നടുവില്‍ കു ഞ്ഞുവയലറ്റ് പൂക്കളുമായി നില്ക്കുന്ന ആഫ്രിക്കന്‍ വയലറ്റ് മട്ടുപ്പാവിലെ ഒരു വ്യത്യസ്ത പുഷ്പ കാഴ്ചയാണ്. അതുപോലെ ഓറഞ്ച് ഇതളുകള്‍ വിടര്‍ത്തി നില്ക്കുന്ന കാനയും വേറിട്ട കാഴ്ച തന്നെ. അപൂര്‍വതയാര്‍ന്ന ആഫ്രിക്കന്‍ വയലറ്റും ഓറഞ്ച് കാനയും ജാംബവതിയുടെ കൂട്ടുകാരി അമേരിക്കയില്‍ നിന്നു സ്‌നേഹപൂര്‍വം സമ്മാനിച്ചതാണ്. പൂക്കളുടെയും കായ്കനികളുടെയും ലോകം ജീവിതത്തില്‍ വലിയ അര്‍ഥവും, ലക്ഷ്യ വും നല്കുന്നുവെന്നു ആനന്ദനും ജാംബവതിയും സാക്ഷ്യപ്പെടുത്തുന്നു.
എസ്. മഞ്ജുളാദേവി
ഫോണ്‍: -9633671974.