എന്നും നറുമണം വിതറി പുതിന
എന്നും നറുമണം വിതറി പുതിന
Tuesday, July 2, 2019 12:22 PM IST
ഗ്രീക്ക് ഇതിഹാസത്തില്‍ 'മിന്തെ' എന്നു പേരായ ഒരു അപ്‌സരസുന്ദരിയുണ്ടായിരുന്നു. പുരാതന ഗ്രീസിലെ അധോലോക രാജാവും മരിച്ചവരുടെ ദൈവവുമായി ഹെയിഡ്‌സ്, മിന്തെയുടെ ഭ്രമാത്മക സൗന്ദര്യത്തില്‍ ആകൃഷ്ടനായി. ഇതറിഞ്ഞ് ഹെയിഡ്‌സിന്റെ ഭാര്യയായ പെഴ്‌സിഫോണ്‍ കുപിതയായി. അവള്‍ 'മിന്തെ'യെ വകവരുത്തി ചവിട്ടിക്കൊല്ലാന്‍ തുനിഞ്ഞു. എന്നാല്‍ സൂത്രശാലിയായ ഹെയിഡ്‌സ് മിന്തെയെ ഒരു ഔഷധിയാക്കി മാറ്റി. ഇതാണ് 'മിന്റ്' എന്ന പുതിനച്ചെടി. ഇതേത്തുടര്‍ന്ന് പുതിനച്ചെടിയായി രൂപഭേദം സംഭവിച്ച സുന്ദരിയായ മിന്തെയ്ക്ക് വിശുദ്ധഭാവം കൈവന്നു. തുടര്‍ന്ന് പുതിന സൗഹാര്‍ദ്ദത്തിന്റെയും ബുദ്ധിയുടെയും പ്രതീകമായി മാറി. പുതിനയുടെ സവിശേഷമായ സുഗന്ധം തികച്ചും വേറിട്ട അനുഭവവുമായി.

ജൂതമതവിശ്വാസികള്‍ ചരിത്രാതീത കാലത്തുതന്നെ ദേവാലയങ്ങളില്‍ ഉണര്‍വിന്റെയും ഉന്മേഷത്തിന്റെയും ഗന്ധം ലഭിക്കാന്‍ പുതിന വിതറിയിടുന്ന പതിവുണ്ടായിരുന്നു. ഗ്രീക്കുകാരും റോമാക്കാരുമാകട്ടെ വീട്ടില്‍ അതിഥികള്‍ വരുന്നതിനു മുമ്പുതന്നെ ഇരിപ്പിടങ്ങള്‍ പുതിനയില കൊണ്ട് തുടച്ചിടുമായിരുന്നു. സുഗന്ധവാഹിയായ പുതിനയ്ക്ക് കൊതുക്, ചെ ള്ള്, മുഞ്ഞ, എലി തുടങ്ങിയ ജീവികളെ അകറ്റി നിര്‍ത്താനും കഴിഞ്ഞു.

യൂറോ, ഏഷ്യന്‍ സന്തതി

യൂറോപ്പിലെയും ഏഷ്യയിലെയും തണുത്ത പ്രദേശങ്ങളുടെ സന്തതിയാണ് പുതിനച്ചെടി. സസ്യനാ മം 'മെന്ത അര്‍വെന്‍ സിസ്. ഫീല്‍ഡ് മിന്റ്, വൈല്‍ഡ് മിന്റ്, കോ ണ്‍ മിന്റ്, ജാപ്പനീസ് മിന്റ് എന്നെല്ലാം വിളിപ്പേരുകള്‍. പുതിനച്ചെടി പരമാവധി 80 സെന്റീമീറ്റര്‍ ഉയരത്തില്‍ വളരും.

ഇതിനു പുറമേ മെന്ത പൈപ്പെറിറ്റ (പെപ്പര്‍ മിന്റ്), മെന്ത സ്‌പൈക്കേര്‍(സ്പിയര്‍ മിന്റ്), മെന്ത സിട്രേറ്റ (ബെര്‍ഗമോട്ട് മിന്റ്) എന്നിങ്ങനെ വേറെയും സ്പീഷിസുകളുണ്ട്. എങ്കിലും സുഗന്ധതൈലം വേര്‍തിരിച്ചെടുക്കുന്നതിന് ഏറ്റവുമധികം വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തിവരുന്നത് ജാപ്പനീസ് മിന്റ് എന്ന പുതിനച്ചെടിയാണ്. ഇന്ത്യക്കു പുറമെ ബ്രസീല്‍, പരാഗ്വേ, ചൈന, അര്‍ജന്റീന, ജപ്പാന്‍, തായ്‌ലന്‍ഡ്, അംഗോള എന്നീ രാജ്യങ്ങളിലും പുതിന വന്‍തോതില്‍ വളര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ ഉത്തര്‍പ്രദേശും പഞ്ചാബുമാണ് പുതിന ഏറ്റവുമധികം കൃഷിചെയ്യുന്ന സംസ്ഥാനങ്ങള്‍. ഇതില്‍ തന്നെ ഉത്തര്‍പ്രദേശാണ് മുന്നില്‍.

കേരളത്തിലും ജാപ്പനീസ് മിന്റ് എന്ന ഇനം പുതിന നന്നായി വളരുമെന്നും മറ്റു രാജ്യങ്ങളില്‍ വളര്‍ത്തുമ്പോള്‍ കിട്ടുന്ന തൈലത്തിന്റെ ഗുണമേന്മ ഇവിടെ വളരുന്ന ചെടികളില്‍ ലഭിക്കുമെന്നും നേരത്തെ തന്നെ കേരള കാര്‍ഷിക സര്‍വകലാശാല തെളിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് വെള്ളയാണി കാര്‍ഷിക കോളജിലും ഓടക്കാലി സുഗന്ധതൈലമരുന്നു ചെടി ഗവേഷണ കേന്ദ്രത്തിലും പഠനങ്ങള്‍ നടന്നിരുന്നു.

കൃഷിയറിവുകള്‍

സാധാരണഗതിയില്‍ ഉഷ്ണമേഖലാകാലാവസ്ഥ പുതിനക്കൃഷിക്ക് അനുയോജ്യമല്ല. എന്നാല്‍ ജാപ്പനീസ് മിന്റാകട്ടെ ഉഷ്ണമേഖലകളിലും ഉപോഷ്ണമേഖലകളിലും വളരും. നടുമ്പോള്‍ കിട്ടുന്ന നേരിയ മഴയും വിളവെടുക്കുമ്പോള്‍ ഉള്ള തെളിച്ചമുള്ള പകലുമാണ് നല്ല വിളവിനും ഗുണമേന്മയുമുള്ള ഇലകള്‍ക്കും അനിവാര്യം. മണല്‍ കലര്‍ന്ന കളിമണ്ണും ജൈവവളപ്പറ്റുള്ള ആഴമുള്ള മണ്ണും പുതിനക്കൃഷിക്ക് ഉത്തമം. ചെളിമണ്ണില്‍ പുതിന വളരില്ല. എന്നാല്‍ കരിമണ്ണും ചെമ്മണ്ണും നല്ലതാണ്. പുളിരസമുള്ളിടത്ത് കുമ്മായം ചേര്‍ക്കണം എന്നുമാത്രം.

കൃഷിയിടം നന്നായൊരുക്കി മിനുസപ്പെടുത്തണം. ഹെക്ടറിന് 25 മുതല്‍ 30 ടണ്‍ വരെ ജൈവവളം അടിവളമായി ചേര്‍ക്കണം. ചണമ്പുപോലുള്ള പച്ചില വളച്ചെടികളും അടിവളമായി ഉപയോഗിക്കാം. ചെടിയുടെ ചുവട്ടില്‍ നിന്ന് തിരശ്ചീനമായി വളരുന്ന തണ്ടുകള്‍ മുറിച്ചു നട്ടാണ് കൃഷി. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ 400 കിലോ തണ്ടുകള്‍ വേണമെന്നാണു കണക്ക്. ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് പ്രധാനകൃഷിക്കാലം.

തണ്ടുകള്‍ തെരഞ്ഞെടുത്ത് അവ ഏഴു മുതല്‍ 10 സെന്റീമീറ്റര്‍ വരെയുള്ള ചെറുകഷണങ്ങളായി മുറിച്ച് 45-60 സെന്റീമീറ്റര്‍ വരിയകലം വിട്ട് ഏതാണ്ട് 10 സെന്റീമീറ്റര്‍ താഴ്ത്തി നടുന്നു. നട്ടയുടന്‍ കൃഷിയിടം നനയ്ക്കണം. വാണിജ്യക്കൃഷിയില്‍ രാസവളപ്രയോഗം പതിവാണ്. പ്രത്യേകിച്ച് നൈട്രജന്‍വളം. അതു തന്നെ മൂന്നു തുല്യതവണകളായി നട്ട് ഒരു മാസം, ഒന്നര മുതല്‍ രണ്ടു മാസം, മൂന്നു മാസം എന്നിങ്ങനെ ചേര്‍ക്കുന്നു. ചെടിയുടെ ആദ്യവിളവെടുപ്പുകഴിഞ്ഞാണ് മൂന്നാം വളം ചേര്‍ക്കല്‍ നടത്തുക. ഹെക്ടറിന് 160 കിലോ നൈട്രജന്‍ എന്നതാണ് ശിപാര്‍ശ. പുതിനക്കൃഷിയില്‍ കളവളര്‍ച്ച നിയന്ത്രിക്കണം.

നട്ട് 100-120 ദിവസം കഴിയുമ്പോള്‍ ജാപ്പനീസ് മിന്റ് വിളവെടുക്കാം. അപ്പോഴേക്കും ചെടിയുടെ ചുവട്ടിലെ ഇലകള്‍ മഞ്ഞളിക്കാന്‍ തുടങ്ങും. വിളവെടുപ്പു വൈകിയാല്‍ ഇലകളിലെ തൈലത്തിന്റെ തോതും ഗണ്യമായി കുറയും. തറനിരപ്പില്‍ നിന്ന് 2-3 സെന്റീമീറ്റര്‍ ഉയരത്തില്‍ ചെടി അരിവാള്‍ കൊണ്ട് അരിഞ്ഞെടുക്കുകയാണു പതിവ്. വീണ്ടും 80 ദിവസം കഴിയുമ്പോള്‍ ഒരു വിളവെടുപ്പു കൂടെ നടത്താം. അടുത്ത 80 ദിവസം കഴിയുമ്പോള്‍ മൂന്നാം വിളവെടുപ്പുമാകും. ഒരു ഹെക്ടറില്‍ നിന്ന് 48 ടണ്‍ വരെ പച്ചപ്പുതിനയില കിട്ടും.


ഇങ്ങനെ അരിഞ്ഞെടുക്കുന്ന ചെടി അതേപടിയോ ഉണക്കിയോ ആവിയില്‍ വാറ്റി സുഗന്ധതൈലം വേര്‍തിരിക്കും. ഒരു ഹെക്ടര്‍ കൃഷിയിലെ വിളവില്‍ നിന്ന് 50-70 കിലോ തൈലം ശരാശരി കിട്ടും. ഒരു കിലോ തൈലത്തിന് 200 രൂപ നിരക്കില്‍ ഒരു ഹെക്റ്ററില്‍ നിന്ന് 20,000-25,000 രൂപ വരെ ലാഭം കിട്ടണം.


പുതിനത്തൈലം സ്വര്‍ണനിറത്തിലുള്ള ഒരു ദ്രാവകമാണ്. ഇത് ഈര്‍പ്പ രഹിതമാക്കി സ്റ്റീല്‍-അലൂമിനിയം സംഭരണികളില്‍ ഈര്‍പ്പവും വെളിച്ചവും കടക്കാത്തിടത്ത് സൂക്ഷിക്കും.

വിപണി

നിലവില്‍ ഇന്ത്യയാണ് ആഗോള തലത്തില്‍ പുതിനയുടെ ഏറ്റവും വലിയ ഉത്പാദകനും ഉപഭോക്താവും കയറ്റുമതിക്കാരനും. ഈ വര്‍ഷം മൂന്നു ലക്ഷം ഹെക്ടര്‍ കൃഷി സ്ഥലവിസ്തൃതി എത്തും. നൈസര്‍ഗിക മെന്തോള്‍ തൈലത്തിന്റെ ശരാശരി വില കിലോയ്ക്ക് 1500 രൂപയില്‍ കൂടുതലാണ്.

മേന്മകള്‍

* പുതിനയുടെ ചില ആരോഗ്യ സംരക്ഷക ഗുണങ്ങള്‍ ഇവയാണ്.
* ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും ദഹനക്കുറവിനും പരിഹാരം.
* തലവേദന, ഛര്‍ദ്ദി എന്നിവ ശമിപ്പിക്കും.
* ശ്വാസസംബന്ധമായ വൈഷമ്യങ്ങളും ചുമയും കുറയ്ക്കും.
* ആസ്തമ രോഗികള്‍ക്ക് ആശ്വാസം പകരും.
* ക്ഷീണം, തളര്‍ച്ച എന്നിവ അകറ്റും.
* വിഷാദ അവസ്ഥയില്‍ നിന്ന് രക്ഷനേടാം
* ശരീരഭാരം കുറയാന്‍ സഹായിക്കും.

നിരോക്‌സീകാരക സമൃദ്ധമാകയാല്‍ അര്‍ബുദം ഉള്‍പ്പെടെ നിരവധി രോഗങ്ങളെ ചെറുക്കാന്‍ കഴിവുണ്ട്. പുതിന കൊണ്ട് ഓറഞ്ച് ജ്യൂസ്, ഐസ്‌ക്രീം, പുതിനയും പച്ചമാങ്ങയും ചേര്‍ത്ത് കൂളര്‍, പുതിനയില അരിഞ്ഞ് ചട്ണി തുടങ്ങി വിവിധ വിഭവങ്ങള്‍ തയാറാക്കാം. ഇതിനെല്ലാം പുറമെ രണ്ട് പുതിനയില പൊട്ടിച്ച് ചവച്ചാല്‍ ഉച്ഛ്വാസവായു സുഗന്ധപൂരിതമാക്കാനും കഴിയും.

പുതിന നമുക്കും വളര്‍ത്താം

കടയില്‍ നിന്നു വാങ്ങുന്ന പുതിനയുടെ നല്ല തണ്ടുകള്‍ നട്ട് നമുക്ക് പുതിനക്കൃഷി ചെയ്യാം. ഇതിന് ചട്ടികളോ ഗ്രോബാഗുകളോ മതിയാകും. മണ്ണും ഉണങ്ങിയ ചാണകപ്പൊടിയും കലര്‍ ത്തിയ മിശ്രിതം ചട്ടിയില്‍ നിറച്ച് അതില്‍ പുതിനയുടെ തണ്ടുകള്‍ നടണം. മിതമായി നനയ്ക്കുകയും കുറച്ചു ദിവസം തണലത്തു സൂക്ഷിക്കുകയും വേണം. കുറച്ചു ദിവസം കൊണ്ട് പുതിയ ഇലകള്‍ മുളപൊട്ടും. ഇതോടെ ഭാഗികമായി സൂര്യപ്രകാശം കിട്ടുന്നിടത്തേക്കു മാറ്റാം. ഇനി മറ്റൊരു രീതി നോക്കാം. കടയില്‍ നിന്നു വാങ്ങുന്ന പുതിനയുടെ അത്യാവശ്യം കരുത്തും പുഷ്ടിയുമുള്ള തണ്ടുകളെടുക്കുക. ഒരു കുപ്പിയുടെ അടപ്പില്‍ സുഷിരമിട്ട് അതിലൂടെ പുതിനത്തണ്ടുകള്‍ അകത്തേക്കിറക്കി വയ്ക്കുക. കുപ്പിയില്‍ വെള്ളമുണ്ടായിരിക്കണം. രണ്ടാഴ്ചയാകുമ്പോള്‍ ഇലകളും വേരുകളും വളരാന്‍ തുടങ്ങുന്നതു കാണാം. തുടര്‍ന്ന് ഇതു മാറ്റി മണ്ണില്‍ നടാം.

ദിവസം ആറുമണിക്കൂര്‍ സൂര്യപ്രകാശം കിട്ടത്തക്ക വിധത്തില്‍ ജനലരികിലോ ബാല്‍ക്കണിയിലോ പുതിന വളര്‍ത്താം. ഇതിന് അത്യാവശ്യം ഒഴിഞ്ഞ മിനറല്‍ വാട്ടര്‍ ബോട്ടില്‍ വരെ ഉപയോഗിക്കാം. മണ്ണും ചകിരിച്ചോറും പച്ചിളവളമോ ചാണകമോ 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് പോട്ടിംഗ് മിശ്രിതം തയാറാക്കണം. നന വളരെ കുറച്ചു മാത്രം മതി. ഇങ്ങനെ നടുമ്പോള്‍ പുതിനയുടെ തലപ്പുകള്‍ തന്നെ നടാന്‍ കിട്ടിയാല്‍ ഏറെ നന്നായി. ഇനി തറയിലാണ് നടുന്നതെങ്കില്‍ നിലമൊരുക്കി ഒരു സെന്റിന് 100 കിലോ എന്ന തോതില്‍ കാലിവളമോ കമ്പോസ്റ്റോ വിതറി മണ്ണുമായി കലര്‍ത്തി തൈകള്‍ നടാം. ഇടയ്ക്ക് കമ്പോസ്റ്റ്, കാലിവളം, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളും ചേര്‍ക്കാം.

ഒഴിഞ്ഞ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വിവിധ തലങ്ങളിലായി 10-15 സുക്ഷിരങ്ങള്‍ ഇട്ടും പുതിന വളര്‍ത്താം. ജൈവവളപ്പറ്റുള്ള കുറച്ച് കറുത്ത മണ്ണ് കുപ്പിയില്‍ നിറച്ച് സുഷിരങ്ങളില്‍ തണ്ട് കുത്തിക്കൊടുത്താല്‍ അവിടെയും പുതിന തലനീട്ടി വളരാന്‍ തുടങ്ങും. ഇടക്ക് തെല്ലു നനച്ചുകൊടുക്കണമെന്നു മാത്രം.ഫോണ്‍: സുരേഷ്- 9446306909.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ