മണിമലയിലെ കൊക്കോ മുന്നേറ്റം
Friday, March 29, 2019 3:14 PM IST
റബറിന് വിലയിടിഞ്ഞപ്പോള്‍ പകരം വിളകള്‍ ഏറെ പരീക്ഷിക്കുന്നുണ്ട് കര്‍ഷകര്‍. എന്നാല്‍ പണ്ടുമുതലേ റബര്‍തോട്ടങ്ങളില്‍ അവിടവിടെയായി കണ്ടിരുന്ന കൊക്കോയെ പലരും കണ്ടില്ല, കണ്ടവര്‍ തന്നെ ഇതിന്റെ വാണിജ്യ ഉത്പാദനത്തില്‍ ശ്രദ്ധിച്ചുമില്ല. എന്നാല്‍ പ്രകൃതിദത്ത ചോക്ലേറ്റിന്റെ ഏക ഉറവിടമായ കൊക്കോയുടെ വാണിജ്യസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ രംഗത്തെത്തിയിരിക്കുകയാണ് മണിമലയിലെ ഒരുകൂട്ടം കര്‍ഷകര്‍.
40 വര്‍ഷമായി കൊക്കോ ഉത്പാദന, വാണിജ്യരംഗങ്ങളില്‍ സജീവ സാന്നിധ്യമായ കൊച്ചുമുറിയില്‍ കെ.ജെ. വര്‍ഗീസ് എന്ന മോനായിയുടെ നേതൃത്വത്തിലാണ് കൊക്കോ കര്‍ഷകര്‍ ഒരുമിക്കുന്നത്. മണിമല മൂലേപ്ലാവില്‍ കൊക്കോ ഉത്പാദക സഹകരണസംഘം രൂപീകരിക്കലായിരുന്നു ആദ്യപടി. ഇതിന്റെ പ്രസിഡന്റാണ് മോനായി. നബാര്‍ഡിന്റെ സഹകരണത്തോടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞു. കര്‍ഷകരില്‍ നിന്നു തന്നെ ഷെയര്‍ വാങ്ങിക്കൊണ്ടാണ് കമ്പനി രൂപീകരിക്കുന്നത്. കൊക്കോ ഉത്പാദക സഹകരണ സംഘത്തിനു കീഴില്‍ ഇ പ്പോള്‍ത്തന്നെ 1000 കര്‍ഷകര്‍ കൊക്കോക്കൃഷി ചെയ്യുന്നു. ഇവരെല്ലാം കമ്പനിയുടെ കീഴില്‍ വരും. താത്പര്യമുള്ള മറ്റു കര്‍ഷകരെയും കമ്പനിയില്‍ അംഗമാക്കും. കമ്പനിയില്‍ നിന്ന് കൊക്കോത്തൈ നല്‍കി കൃഷി ചെയ്യിപ്പിക്കും. ഇവരില്‍ ഉത്പന്നം കമ്പനി എടുക്കുകയും ചെയ്യുന്നു. കൊക്കോയില്‍ നിന്നു മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണവും ലക്ഷ്യമാണ്. എന്നാല്‍ വന്‍കിട ചോക്‌ളേറ്റ് നിര്‍മാണക്കമ്പനികളില്‍ നിന്ന് വലിയവെല്ലുവിളികള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെന്ന സത്യം ഇവര്‍ തുറന്നു സമ്മതിക്കുന്നു. പല സര്‍ക്കാര്‍ ഏജന്‍സികളും ഇത്തരം കമ്പനികള്‍ക്കൊപ്പം നിന്ന് കര്‍ഷകന് വേണ്ടത്ര പ്രോത്സാഹനം നല്‍കുന്നില്ലെന്നും ഇവിടത്തെ കര്‍ഷകര്‍ പറയുന്നു.
മോനായിയും സി.റ്റി. കൊക്കോയും
മോനായിക്ക് കൊക്കോ മേഖലയുമായി 40 വര്‍ഷത്തെ ബന്ധമുണ്ട്. വീട്ടില്‍തന്നെ കൊക്കോബീന്‍സ് എടുക്കുന്നു. കര്‍ണാടകത്തിലെ സുള്ളിയ എന്ന സ്ഥലത്ത് ലീസിന് സ്ഥലമെടുത്ത് കൊക്കോ സംഭരണം നടത്തുന്നുമുണ്ടിദ്ദേഹം. 25 ടണ്‍ വരെ കൊക്കോ ഒരുദിവസം ഇദ്ദേഹം കര്‍ണാടകത്തില്‍ നിന്നു സംഭരിച്ചിട്ടുണ്ട്. ഇപ്പോള്‍ ശരാശരി അഞ്ചുടണ്ണാണ് സംഭരണം. വീട്ടില്‍ റബറിന് ഇടവിളയായി ഒന്നര ഏക്കറില്‍ കൊക്കോ നട്ടിട്ടുണ്ട്. കൊക്കോക്കൃഷി തുടങ്ങിയ നാള്‍മുതല്‍ കൊക്കോയില്‍ എങ്ങനെ ഉത്പാദനം വര്‍ധിപ്പിക്കാമെന്ന ചിന്തയിലായിരുന്നു മോനായി. ദീര്‍ഘ നാളത്തെ ഇദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി ഫോറസ്റ്റിറോ ക്രയോളോ ഇനങ്ങള്‍ കൂട്ടിയോജിപ്പിച്ച് സി.റ്റി.-40, സി.റ്റി.-20 എന്നീ ഇനങ്ങളും കണ്ടെത്തിയിട്ടുണ്ട് ഇദ്ദേഹം. സി.റ്റി.-40 ഇനം ഒരു കായ് ഒരുകിലോ തൊണ്ടോടുകൂടി തൂങ്ങും. ഇതില്‍ നിന്ന് 40 ശതമാനം അല്ലെങ്കില്‍ 400 ഗ്രാം പച്ചപ്പരിപ്പ് കിട്ടുന്നതിനാലാണ് സി.റ്റി.-40 എന്നു പേരിട്ടത്. സി.റ്റി. എന്നാല്‍ കൊക്കോട്രീ എന്നതിന്റെ ചുരുക്കപ്പേരാണ്. സി.റ്റി.-20 ഇനം കായ്ക്ക് ഒന്നിന് അരക്കിലോ തൂക്കം വരും. 20 ശതമാനം പരിപ്പു ലഭിക്കും. അതിനാലാണ് ഇതിന് സി.റ്റി.-20 എന്നു പേരിട്ടിരിക്കുന്നത്.
നട്ട് രണ്ടാം വര്‍ഷം മുതല്‍ കായ്ച്ചുതുടങ്ങുന്ന ഈ കൊക്കോ മരങ്ങളില്‍ നിന്നും മൂന്നാം വര്‍ഷം മുതല്‍ ആദായമെടുക്കാം. ഈ സമയങ്ങളില്‍ 250-300 ഗ്രാം പരിപ്പ് ശരാശരി ലഭിക്കും. പത്താം വര്‍ഷം മുതലാണ് 400 ഗ്രാം പരിപ്പ് ലഭിക്കുക. സി.റ്റി.-20യ്ക്ക് മൂന്നാം വര്‍ഷത്തില്‍ ഒരു കിലോ കായയില്‍ നിന്ന് 150 ഗ്രാം പരിപ്പ് ലഭിക്കും.
തൊണ്ടിന് തീരെ കട്ടികുറവെന്നതാണ് സി.റ്റി.-40 യുടെ പ്രത്യേകത. 100 ഗ്രാം ഉണക്കപ്പരിപ്പ് 100 എണ്ണം തൂങ്ങണമെന്നതാണ് അന്താരാഷ്ട്ര നിലവാരം. എന്നാല്‍ സി.റ്റി.-40യുടേത് 100 ഗ്രാം തൂങ്ങാന്‍ 60 പരിപ്പുമതി. സി.റ്റി.-40 തൈകള്‍ ഒന്നിന് 20 രൂപ നിരക്കിലാണ് മോനായി വില്‍ക്കുന്നത് . ഇതിന്റെ ബഡ്ഡ് തൈകളും വില്‍ക്കുന്നുണ്ട്. സംസ്ഥാനകൃഷി വകുപ്പിന്റെ അംഗീകാരമുള്ള കൊക്കോ നഴ്‌സറിയാണ് മോനായിയുടേത്. അതിനാല്‍ സര്‍ക്കാര്‍ സംബ്‌സിഡി തൈ ഒന്നിന് 24 രൂപ നിരക്കില്‍ ലഭിക്കും.
നടീല്‍ രീതി
ഒരേക്കറില്‍ 200 തൈ വയ്ക്കാം. പ്രതിവര്‍ഷം ഒരു കൊക്കോയില്‍ നിന്ന് 45 കായ ലഭിക്കും. അത്യുത്പാദന ശേഷിയുള്ള തൈകളില്‍ നിന്ന് 60-100 കായകള്‍ വരെ ലഭിക്കുന്നുണ്ട്. ഒന്നര അടി നീളം, വീതി, ആഴമുള്ള കുഴികള്‍ എടുത്ത് കുഴിയുടെ മുക്കാല്‍ഭാഗം മേല്‍മണ്ണുപയോഗിച്ച് മൂടണം. ബാക്കി കാല്‍ ഭാഗത്ത് മേല്‍ മണ്ണും രണ്ടു കിലോ ചാണകപ്പൊടിയും ചേര്‍ത്തു മൂടണം. ഇതില്‍ ചെടി ഇറക്കിവയ്ക്കാന്‍ പാകത്തിന് ചെറിയ കുഴിയുണ്ടാക്കി അതില്‍ ചെടി നടാം. പൂര്‍ണ വളര്‍ച്ചയെത്തിയ ചെടിക്ക് പ്രതിദിനം 25 ലിറ്റര്‍ വെള്ളം ആവശ്യമാണെന്നാണ് കണക്ക്. ചെടിയുടെ കമ്പുകള്‍ കോതി കുടയുടെ ആകൃതിയില്‍ ചെടികള്‍ സംരക്ഷിച്ചാല്‍ വിളവെടുപ്പ് ആയാസരഹിതമായിരിക്കും.
മീലി മൂട്ട, തേയിലക്കൊതുക്, തണ്ടുതുരപ്പന്‍ പുഴു എന്നിവ കൃഷിയില്‍ വില്ലനാകാറുണ്ട്. ഇവയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന കീടനാശിനികള്‍ യഥാസമയം പ്രയോഗിക്കണം.
ജലസേചനത്തിനും ഒരു മോനായ് സ്റ്റൈല്‍
കൊക്കോയ്ക്ക് ജലസേചനം ക്രമീകരിച്ച് ഡിമാന്‍ഡുള്ള സമയത്തു തന്നെ കായ്പിക്കുന്ന ഒരു രീതിയും മോനായ് സ്വീകരിച്ചു വരുന്നു. ജനുവരിയില്‍ നന്നായി ജലസേചനം നല്‍കിയാല്‍ ഫെബ്രുവരിയില്‍ കായുണ്ടാകും. ജൂണ്‍ 30 നുമുമ്പ് കായ് വിളവെടുക്കാം. പൂക്കുന്നതുവരെ ദിവസവും ജലസേചനം ആവശ്യമാണ്. പൂത്ത ശേഷം ഒന്നിടവിട്ട ദിവസങ്ങളിലായി ജലസേചനം ക്രമീകരിക്കണം. സാധാരണ മഴയെത്തുന്ന ജൂണില്‍ കായ്ച്ച് ഒക്ടോബര്‍- നവംബര്‍ മാസത്തിലാണ് കൊക്കോ വിളവെടുപ്പു പ്രായമാകുന്നത്. മോനായിയുടെ ജലസേചന രീതി പിന്തുടര്‍ന്നാല്‍ നല്ല വിലയുള്ള സമയത്തു തന്നെ കൊക്കോ ഉത്പാദിപ്പിക്കാം.
സംസ്‌കരണം
വിപണിയില്‍ ന്ല്ലരീതിയില്‍ സംസ്‌കരിച്ച ബീന്‍സുകള്‍ക്ക് പ്രിയമേറെയാണ്. കൊക്കോ പൊട്ടിച്ച് ആദ്യദിവസം ഒരു മരത്തിന്റെ പെട്ടിയില്‍ കുരു ഇട്ട് കുരുവിനു പുറത്തെ ജ്യൂസ് കളയാന്‍ വയ്ക്കണം. ഒരു ദിവസത്തിനു ശേഷം ഇളക്കി ചണച്ചാക്കിട്ടു മൂടണം. മൂന്നു നാലു ദിവസം ഈ പ്രക്രിയ തുടരണം. അഞ്ചാം ദിവസം വെയിലത്തിടണം. നാലുദിവസം തിരിച്ചും മറിച്ചുമിട്ട് വെയില്‍ കൊള്ളിച്ചാല്‍ ഉണക്കബീന്‍സ് തയാറായി. ഇത്തരത്തില്‍ സംസ്‌കരിച്ച ബീന്‍സിന് കിലോയ്ക്ക് 200 രൂപയാണ് വില. ശേഖരിക്കുന്ന കൊക്കോ കര്‍ണാടകത്തിലെ കമ്പനിയായ കാംപ്‌കോ, മുംബൈയിലെ മോ ര്‍ഡേ, നാട്ടിലുള്ള ചോക്കലേറ്റ് കമ്പനികള്‍ എന്നിവര്‍ക്കാണ് നല്‍കുക.
കൊക്കോ തൊണ്ടിനും വില
കൊക്കോയ്ക്കുമാത്രമല്ല, കൊക്കോ തൊണ്ടിനും മോനായ് വിലകൊടുക്കുന്നു. ഒരു കായയുടെ തൊണ്ടിന് ഒന്നര രൂപനിരക്കില്‍ കര്‍ഷകനു ലഭിക്കും. ചോക്‌ളേറ്റ് ഐസ്‌ക്രീം നല്‍കാനുള്ള കപ്പായാണ് ഇത് ഉപയോഗിക്കുക. ജപ്പാന്‍, ജര്‍മനി എന്നിവിടങ്ങളിലേക്ക് മൂന്നു ലക്ഷം തൊണ്ടുകള്‍ക്ക് ഓര്‍ഡര്‍ ഉണ്ട്. ഒരു കയറ്റുമതി കമ്പനിയുമായി യോജിച്ചാണ് മോനായി കൊക്കോതൊണ്ട് ശേഖരിക്കുന്നതും വില്‍ക്കുന്നതും. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ചിരട്ട, മാങ്ങാ, പൈനാപ്പിള്‍ എന്നിവയുടെയെല്ലാം അകത്ത് ഐസ്‌ക്രീം നിറച്ച് 20 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിച്ചാണ് ജപ്പാനിലും ജര്‍മനിയിലുമെല്ലാം പുതിയ പരീക്ഷണം. ഇത്തരത്തില്‍ കട്ടിയുള്ള മാങ്ങയുടെ തോട്, ചിരട്ട, പൈനാപ്പിളിന്റെ പുറംതോട് എന്നിവയെല്ലാം ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കൊക്കോതോടിനും പണം ലഭിക്കുന്നതോടെ കര്‍ഷകര്‍ക്കത് വന്‍ നേട്ടമാകും. പ്രായപൂര്‍ത്തിയായ ഒരു മരത്തില്‍ നിന്ന് 1000-2000 രൂപവരെ പ്രതിവര്‍ഷം ലഭിക്കും. ഒരു പ്രദേശത്തെ എല്ലാവീടുകളിലും കൊക്കോ കൃഷിചെയ്താല്‍ അണ്ണാന്‍ ശല്യം കുറയുമെന്നാണ് മണിമലയിലെ കൊക്കോ ഉത്പാദക സഹകരണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
മീന്‍കുളത്തിലെ വെള്ളം കൊക്കോയ്ക്ക്
മീന്‍കുളത്തിലെ വളമുള്ള വെള്ളമാണ് മോനായ് തന്റെ കൊക്കോയ്ക്ക് നല്‍കുന്നത്. 50 അടി നീളവും 35 അടി വീതിയും 10 അടി താഴ്ചയുമുള്ള പടുതാക്കുളത്തില്‍ ഗൗരാമി മത്സ്യം വളര്‍ത്തുന്നു. ടാര്‍പ്പോളിന്‍ ഷീറ്റിനുപുറത്ത് ഷേഡ് നെറ്റും വിരിച്ച് അതിനുള്ളിലാണ് മീന്‍വളര്‍ത്തുന്നത്. പടുതാക്കുളത്തിന്റെ ആയുസ് ഇതുമൂലം കൂട്ടാന്‍ പറ്റുമെന്നാണ് മോനായ് പറയുന്നത്. പറമ്പില്‍ സ്ഥാപിച്ചിരിക്കുന്ന സ്പ്രിംഗളര്‍ മുഖേന സ്‌പ്രേ ചെയ്താണ് ചെടിച്ചുവട്ടില്‍ ഈ വെള്ളമെത്തിക്കുന്നത്. ഒന്നര ഏക്കറിനു പുറമേ രണ്ടര ഏക്കറില്‍ കൃഷിക്കാര്‍ക്ക് കണ്ടുപഠിക്കത്തക്ക രീതിയില്‍ മോഡല്‍ കൊക്കോ ഫാം തയാറാക്കിക്കൊണ്ടിരിക്കുകയാണിദ്ദേഹം. 500 കൊക്കോയും 100 തെങ്ങുമാണ് ഇവിടെ നട്ടിരിക്കുന്നത്. ഇതു കൂടാതെ ഒന്നര ഏക്കറില്‍ തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ലാവ് എന്നിവ മാത്രം വളര്‍ത്തുന്നു. ഫോണ്‍: മോനായ്- 94471 84735.
സാധ്യതകള്‍
രൂചിയൂറും ചോക്ലേറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നതിനാല്‍ തന്നെ കൊക്കോയ്ക്ക് എന്നും അന്താരാഷ് ട്ര മാര്‍ക്കറ്റില്‍ ഡിമാന്‍ഡുണ്ട്. കൊക്കോയുടെ പ്രതിവര്‍ഷ ഉപയോഗം അന്താരാഷ് ട്ര തലത്തില്‍ 15-20 ശതമാനം വര്‍ധിക്കുന്നുണ്ട്. രാജ്യത്ത് ഉത്പാദനത്തേക്കാള്‍ ഉപഭോഗമുള്ളതിനാല്‍ 60-70 ശതമാനം വരെ കൊക്കോ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നുന്നു.
തണല്‍ ഇഷ്ടപ്പെടുന്നതിനാല്‍ തെങ്ങിനും കവുങ്ങിനും റബറിനും ഇടവിളയായി കൊക്കോ നടാം. രണ്ടു തെങ്ങിനു നടുവിലായി ഒരു കൊക്കോ എന്നരീതിയില്‍ തെങ്ങിന്‍ തോട്ടങ്ങളില്‍ കൊക്കോ നടാം. കമുകിന്‍ തോട്ടങ്ങളില്‍ ഒന്നിടവിട്ട വരികളില്‍ നാലു കമുകുകളുടെ ഒത്ത നടുവില്‍ ഒന്ന് എന്ന കണക്കില്‍ കൊക്കോ നടാം. 20ഃ10 എന്ന അകലത്തില്‍ റബര്‍കൃഷി നടത്തിയ ശേഷം ഇതിനു മധ്യത്തില്‍ കൊക്കോ നടാം. കൊക്കോകള്‍ തമ്മിലുള്ള അകലം 10ഃ10 ആയിരിക്കണം.
ടോം ജോര്‍ജ്
ഫോണ്‍: 93495 99 023.