അഞ്ചേക്കറിലെ കൃഷി അദ്ഭുതം
Saturday, March 23, 2019 3:45 PM IST
സമുദ്ര നിരപ്പില്‍ നിന്നും 2230 അടി ഉയരത്തിലാണ് ഇടുക്കി പട്ടയക്കുടിയിലെ സമ്മിശ്രകര്‍ഷകന്‍ പുളിയമ്മാക്കല്‍ ജോര്‍ജിന്‍റെ അഞ്ചേക്കര്‍ കൃഷിയിടം. ഇതില്‍ ഇല്ലാത്തതായി ഒന്നുമില്ല. കാടിനു സമാനമായ അന്തരീക്ഷത്തില്‍ പ്രകൃതിസൗഹൃദമാണ് കൃഷി. കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ച് ജോര്‍ജ് വിളയിക്കുന്നത് നൂറുമേനി. ചോലപ്പില്‍ വിളവുകുറയുമെന്ന തത്ത്വശാസ്ത്രം തന്‍റെ വേറിട്ട കൃഷി രീതികളിലൂടെ തിരുത്തിക്കുറിച്ച് ഉത്പാദനം സാധ്യമാക്കുകയാണ് ഈ കര്‍ഷകന്‍.
അണലിയുടെ വിഷത്തിനുള്ള സിദ്ധൗഷധമായ അണലിവേഗം ഉള്‍പ്പെടെ 250 ഇനം ഔഷധ സസ്യങ്ങള്‍, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരിക്ക വാഴ, പച്ചച്ചിങ്ങന്‍ ഉള്‍പ്പെടെ പരമ്പരാഗത വാഴകള്‍, ഔഷധ നെല്ലിനമായ വരിനെല്ല്, പാരമ്പര്യ ഇനം നെല്ലുകള്‍, റബര്‍, ബ്രസീലിയന്‍ തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്ത് കുറ്റിച്ചെടിപോലെ വളര്‍ത്തുന്ന കുരുമുളക്, കുരുമുളകിനിടയില്‍ ഇടവിളയായി ഇഞ്ചി, മഞ്ഞള്‍, അപൂര്‍വമായി മാത്രം കാടുകളില്‍ കാണുന്ന മുള്ളന്‍കിഴങ്ങ്, കാച്ചില്‍ ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗങ്ങള്‍, നല്ല മധുരമുള്ള അത്തിപ്പഴം, ആദിവാസി ഗോത്രമുറ്റങ്ങളില്‍ കാണുന്ന മധുരനെല്ലി, മൂട്ടിപ്പഴം ഉള്‍പ്പെടെ നാടനും കാടനുമായ ഫലവര്‍ഗങ്ങള്‍, സ്വാദ് രാമന്‍, സെഡ് പോലുള്ള പരമ്പരാഗത കപ്പകള്‍, ഇവയില്‍ നിന്നു പുതുതായി വികസിപ്പിച്ച കപ്പ ഇനങ്ങള്‍, പച്ചക്കറി, കുരുമുളക്, ഏലം, ജാതി, തെങ്ങ്, കൊക്കോ എന്നിവയെല്ലാം ഇടതൂര്‍ന്നു വളരുന്നു. കുടമ്പുളി സ്വന്തമായി ഗ്രാഫ്റ്റ് ചെയ്ത് ഉത്പാദിപ്പിക്കുന്നു. റോബസ്റ്റ, അറബിക്ക ഇനങ്ങളിലെ കാപ്പിയും സമൃദ്ധമായ വിളവു നല്‍കുന്നു.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മുന്തിരി തക്കാളി ഇവിടെ വിളയുന്നു. വന്‍തേന്‍, ചെറുതേന്‍ ഈച്ചകളെയും ധാരാളമായി വളര്‍ത്തുന്നതിനാല്‍ ചെടികളിലെ പരാഗണം വര്‍ധിച്ച് ഉത്പാദനം കൂടുന്നു. കൃഷിക്കു പുറമെ ആട്, പശു, മുയല്‍, പന്നി, കോഴി, താറാവ്, വാത്ത, ഖള്‍ഗം, ഗിനിപ്പക്ഷി തുടങ്ങിയവയും വള ര്‍ത്തുന്നു. ഇവയുടെ എല്ലാം അവശിഷ്ടവും ചാണകവും വളമായി ഉപയോഗിക്കുന്നു. ജൈ വവളത്തിനായി ഏഴ് കമ്പോസ്റ്റ് ടാങ്കുകള്‍, സ്ലറി ഉപയോഗിച്ച് ഗ്യാസ് പ്ലാന്റ് എന്നിവയും ഇവിടെയുണ്ട്. ഇതില്‍ നിന്ന് വീട്ടു പയോഗത്തിന് ഗ്യാസും കൃഷിക്ക് വളമായ സ്ലറിയും ലഭിക്കുന്നു. സ്‌ളറിയാണ് ഈ കൃഷിയിടത്തിലെ പ്രധാന വളം. ഇതു കൂടാതെ പുരയിടത്തിന്റെ പല സ്ഥലങ്ങ ളിലായി അഞ്ചു കുളങ്ങള്‍ നിര്‍മിച്ച് റെഡ്‌ബെല്ലി, തിലാപ്പിയ, ഗ്രാസ് കാര്‍പ്പ്, നട്ടര്‍, ഗൗരാമി, അലങ്കാര മത്സ്യങ്ങള്‍ എന്നിവയെയും വളര്‍ത്തുന്നുണ്ട്. വിവിധ തരത്തിലുള്ള 1000 പ്ലാവുകള്‍ പുരയിടത്തിലുണ്ട്. ഈ മരങ്ങളിലെല്ലാം കുരുമുളകു ചെടികള്‍ കയറ്റി വിട്ടിരിക്കുകയാണ്.
ദേശീയ ശ്രദ്ധയാകര്‍ഷിച്ച സീയോന്‍മുണ്ടി
ദ്രുതവാട്ടത്തെ പ്രതിരോധിക്കും, ലിറ്റര്‍ വെയ്റ്റ് കൂടും, വലിപ്പമുള്ള കുരുമുളകിന് നല്ല കറു പ്പു നിറമാണ്, 15-20 സെന്റീമീറ്റര്‍ വരെ തിരിനീളം. ഹെക്ടറില്‍ നിന്ന് 7700 കിലോ കുരുമുളകു ലഭിക്കും. ഒരു തിരിയില്‍ 80 മുതല്‍ 110 മണികള്‍ വരെയുണ്ടാകും. വാട്ട, ചീയല്‍ രോഗങ്ങള്‍ക്കെതിരേ പ്രതിരോധ ശേഷി. തണലി ലും സീയോന്‍മുണ്ടിയുടെ വിളവ് 100 മേനി. വേഗം കൊഴിച്ചെടുക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. തണലില്‍ വളരും സീയോ ന്‍മുണ്ടി എന്നാണ് കാര്‍ഷികലോകം ഈ കുരുമുളകിനെ വി ശേഷിപ്പിക്കുന്നത്. ഇതിന്റെ സുഗന്ധവും മറ്റെല്ലാ കരുമുളകിനേക്കാളും വ്യത്യസ്തമാണ്. വലിപ്പവും തൈലവും എരിവും കൂടുതലുണ്ട്.
1985-86, 1990-91 കാലഘട്ടങ്ങളില്‍ ഉണ്ടായ കാലവര്‍ഷക്കെടുതിയില്‍ പടര്‍ന്ന ചീക്കുരോഗം മൂലം ഹൈറേഞ്ചിലെ കുരുമുളകു കൃഷി വ്യാപകമായി നശിച്ചു. ഈ സമയത്താണ് ഈ രോഗങ്ങളെ പ്രതിരോധിക്കുന്ന പുതിയ ഇനം കുരുമുളക് എന്ന ആലോചന ജോര്‍ജിന്റെ മനസിലുണ്ടായത്. 1992-93 ല്‍ നാടന്‍ ഇനങ്ങളായ തോട്ടമുണ്ടിയും(അരയന്‍ മുണ്ട), നീലമുണ്ടിയും താങ്ങുമരത്തില്‍ കയറ്റി, പ്രത്യേകരീതിയില്‍ പരാഗണം നടത്തി ഉണ്ടാക്കിയ കുരുമുളക് മണികള്‍ പാകി മുളപ്പിച്ചാണ് 1993- 94 കാലഘട്ടത്തില്‍ സീയോന്‍മുണ്ടിക്ക് ജന്മം നല്‍കിയത്. ജോര്‍ജിന്റെ കണ്ടു പിടിത്തത്തിന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രഥമ കര്‍ഷക ശാസ്ത്ര കോണ്‍ ഗ്ര സില്‍ അംഗീകാരം ലഭിച്ചി രുന്നു. പിന്നീടാണ് കര്‍ഷകരുടെ കണ്ടുപിടിത്തങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ എന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിക്ക് അപേക്ഷ നല്‍കുന്നതും ദേശീയ അംഗീകാരം ലഭിക്കുന്നതും. സീ യോന്‍മുണ്ടി മൂന്നാം വര്‍ഷം കായ്ക്കാന്‍ തുടങ്ങുമെങ്കിലും നാലാം വര്‍ഷമേ പൂര്‍ണതോതില്‍ വിളവു നല്‍കൂ.
ഒരുമണിപോലും പൊഴിയാതെ പിടിച്ചുകിട്ടുമെന്നതും പ്രത്യേ കതയാണ്. ഒരു ചെടിയില്‍ നിന്നു ശരാശരി മൂന്നു മുതല്‍ നാലു കിലോ വരെ ഉണക്കകുരുമുളകു ലഭിക്കും. കേരളം, ഗോവ, ആ സാം എന്നിവിടങ്ങളിലെല്ലാം ജോര്‍ജിന്റെ സീയോന്‍മുണ്ടി കൃഷിചെയ്യുന്നുണ്ടെങ്കിലും ആസാമില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ സീയോന്‍മുണ്ടി തേടിയെത്തുന്നതെന്ന് ജോര്‍ജ് പറയുന്നു. തന്റെ തോട്ടത്തില്‍ നിന്ന് വര്‍ഷം അഞ്ചു ക്വിന്റല്‍ കുരുമുളക് ലഭിക്കുന്നുണ്ടെന്ന് ജോര്‍ജ് സാക്ഷ്യപ്പെടുത്തുന്നു. ഒരു ഞെട്ടില്‍ തന്നെ രണ്ടു തിരിയുണ്ടാകുമെന്നതും സീയോന്‍മുണ്ടിയുടെ പ്രത്യേകതയാണ്.
2020 ഓടെ 50 ഇനങ്ങള്‍
സീയോന്‍മുണ്ടി കുരുമുളകു കൂടാതെ 20 ഇനം കുരുമുളകുകള്‍കൂടി ഈ കര്‍ഷകന്‍ വികസിപ്പിച്ചിട്ടുണ്ട്. 30 ഇനങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ്. 2020 ഓടെ 50 പുതിയ ഇനങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.
കൃഷിക്ക് ജൈവ കീടനാശിനി
കൃഷിക്ക് ജൈവ കീടനാശിനി യാണ് ഉപയോഗിക്കുന്നത്. തെങ്ങിന്റെ ചകിരി കത്തിച്ച് അതിന്റെ ചാരം വെള്ളത്തില്‍ ലയിപ്പിച്ച ലായനിയിലേക്ക് വേപ്പെണ്ണയും പുല്‍തൈലവും 50:5 അനുപാതത്തിലെടുത്ത് കലക്കിയ കീടനാശിനിയാണ് വിളകളില്‍ ഉപയോഗിക്കുന്നത്. ജോര്‍ജ് തന്റെ നിരീക്ഷണത്തിലൂടെ നിര്‍മിച്ചതാണിത്.
ബദല്‍ കാര്‍ഷിക മാതൃകകള്‍
പ്രതിസന്ധികളെ വിജയമാക്കി മാറ്റിയ കര്‍ഷകനാണ് ജോര്‍ജ്. കോട്ടയം ജില്ലയില്‍ നിന്നും 40 വര്‍ഷം മുമ്പ് പട്ടയക്കു ടിയില്‍ എത്തിയ ജോര്‍ജ് തനിക്ക് സ്വന്തമായുള്ള അഞ്ചേക്കറില്‍ സമ്മിശ്ര ജൈവ കൃഷി നടത്തി യാണ് വിജയം നേടിയത്.
റബര്‍ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ റബറിനൊപ്പം കുരുമുളകും പടര്‍ത്തി. രണ്ടില്‍ നിന്നുമുള്ള വിളവ് സമൃദ്ധമായി ലഭിച്ചു.
സ്റ്റാര്‍ആപ്പിള്‍ താങ്ങുകാല്‍
കുരുമുളകിന്റെ താങ്ങുകാലുകളായി മുരിക്ക് പിടിക്കാതെ വന്നപ്പോള്‍ സ്റ്റാര്‍ ആപ്പിള്‍ നട്ടുവളര്‍ത്തി അതില്‍ കുരുമുളക് കയറ്റി. തേക്കിനെ വെല്ലുന്ന തടിയാണ് സ്റ്റാര്‍ ആപ്പിളിന്റേത്. ഫര്‍ണിച്ചര്‍ നിര്‍മിച്ചാല്‍ കുപ്പിച്ചില്ലു പോലിരിക്കും. ഉറപ്പും ഈടും കൂടും. കുരുമുളകും കയറ്റാം കുരുമുളകിന്റെ കാലം കഴിഞ്ഞാല്‍ തടിയായും ഉപയോഗിക്കാം.
കപ്പ ഉയരത്തില്‍
കാടുപോലുള്ള പുരയിടത്തില്‍ കപ്പയും വിളയിക്കുന്നു ജോര്‍ജ്. ഇതിന് തന്റേതായ ഒരു പുതുതന്ത്രം ഇദ്ദേഹം മെനഞ്ഞു. ചോലപ്പിനുമുകളില്‍ കപ്പത്തണ്ട് വരണം. ഇതിനായി ഉയരത്തിലുള്ള കപ്പത്തണ്ട് കുരുമുളകിന്റെ താങ്ങുകാലില്‍ ചാരി കുഴിച്ചിട്ടു. ഒരുചുവട്ടില്‍ നിന്ന് ഏഴു കിലോ വരെ കപ്പ ലഭിച്ചു. കപ്പവിളവെടുത്തു കഴിഞ്ഞാല്‍ കപ്പത്തണ്ട് ചുവട്ടില്‍ നിന്ന് അല്‍പം മുകളിലായി മുറിച്ച് അടിയിലെ തൊലി അല്‍പം ചീവി പിന്നെയും വയ്ക്കാം.
പശുവിന് പായല്‍
ആഫ്രിക്കന്‍പായല്‍ വളര്‍ത്തി, പശുവിന് അത് ഭക്ഷണമായി നല്‍കുന്നു. ഇതിനാല്‍ പശുവളര്‍ത്തലില്‍ തീറ്റച്ചെലവു കുറയുന്നു. വളമായി ചാണകം ഉപയോഗിക്കുമ്പോള്‍, ഇതിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു.
തിപ്പലിയില്‍ കുറ്റിച്ചെടിയായി കുരുമുളക്
ബ്രസീലിയന്‍ തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്തുണ്ടാക്കിയ സീയോന്‍മുണ്ടി കുറ്റിക്കുരുമുളക് റബര്‍ തോട്ടത്തില്‍ ഇടവിളയായി വളര്‍ത്തിയാല്‍ ചെലവു കുറച്ച് കൂടുതല്‍ വിളവുണ്ടാക്കാന്‍ കഴിയുമെന്ന് ജോര്‍ജിന്റെ പരീക്ഷണത്തില്‍ കണ്ടെത്തി. തിപ്പലി കുറ്റിച്ചെടിയായി വളര്‍ത്തി അതില്‍ കുരുമുളക് ഗ്രാഫ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. സീയോന്‍മുണ്ടി ഗ്രാഫ്റ്റ് ചെയ്യുന്നതിനാല്‍ തണലത്തും നടാം. ഇത് ചതുപ്പുള്ളസ്ഥലങ്ങളിലും വെള്ളക്കെട്ടുകളിലും വരെ വളരും. ഇതിനു താങ്ങുമരത്തിന്റെ ആവ ശ്യമില്ല. റബര്‍ തോട്ടത്തില്‍ ഒന്നര മീറ്റര്‍ അകലത്തില്‍ കുറ്റി ക്കുരുമുളക് വളര്‍ത്താന്‍ കഴിയും. ഒരു ചെടിയില്‍ നിന്ന് ശരാശരി മൂന്നുകിലോ ഉണക്ക കുരുമുളക് ലഭിക്കും. വെയില്‍ ലഭിക്കാത്ത സ്ഥലത്തും നല്ലവിളവു തരുന്നതാണ് കുറ്റിക്കുരുമുളക്.
വിപണി ഗ്രാമത്തില്‍ തന്നെ
കൃഷിയിടത്തില്‍ വിളയുന്ന വസ്തുക്കളെല്ലാം വീട്ടില്‍ വന്ന് നേരിട്ടാണ് ആളുകള്‍ വാങ്ങുന്നത്. പന്നിമാംസം വരെ ഈ രീതിയില്‍ വിറ്റുപോകുന്നു. ഇവിടത്തെ വിഎഫ്പിസികെ വിപണിവഴിയും ബീന്‍സ് ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ വില്‍ക്കുന്നു.
കൃഷിച്ചെലവു കുറയ്ക്കുന്ന കൃഷി
കൃഷിച്ചെലവ് കുറയ്ക്കുന്ന കൃഷി രീതികളാണ് തോട്ടത്തില്‍ അവലംബിച്ചിരിക്കുന്നത്. കുന്നിനെ തട്ടുകളായി തിരിച്ച് കയ്യാല കെട്ടിയിട്ടിരിക്കുന്നതിനാല്‍ മഴയിലൂടെ ലഭിക്കുന്ന ജലം ഒരു തുള്ളി ഒഴുകിപ്പോകില്ല. കൃഷിയിടത്തിലെ മരങ്ങളില്‍ നിന്നു വീഴുന്ന ഇലകള്‍ പ്രകൃതിദത്തമായ മള്‍ച്ചിംഗായി മാറുന്നതിനാല്‍ വെയിലേറ്റുള്ള ജലനഷ്ടം ഇല്ലെന്നു തന്നെ പറയാം. പറമ്പില്‍ സ്വാഭാവിക പുതയുള്ളതിനാലും സ്‌ളറിയും ജൈവകീടനാശിനികളും ഉപയോഗിക്കുന്നതിനാലും സൂക്ഷ്മജീവികളുടെ സാന്നിധ്യം ധാരാളമുണ്ടിവിടെ. അതിനാല്‍ വിളകള്‍ക്കാവശ്യമായ ഈര്‍പ്പം കൃഷിയിടത്തിലുണ്ട്. അമിതമായ ജലസേചനം ആവശ്യമില്ല. കഴിഞ്ഞ പ്രളയത്തില്‍ സമീപത്ത് ഉരുള്‍പൊട്ടിയെങ്കിലും ജോര്‍ജിന്റെ പുരയിടത്തിലെ ഒരു കല്ലുപോലും ഇളകിയില്ല. പ്രകൃതിദത്ത ആവാസവ്യവസ്ഥ സൂക്ഷിക്കുന്നതിന്റെ ഗുണങ്ങളാണിതെല്ലാമെന്ന് ഈ കര്‍ഷകന്‍ വിശ്വസിക്കുന്നു. കൃഷിയിടത്തിലെ സ്വാഭാവിക കുളങ്ങളാണ് ജലസേചനത്തിന്റെ സ്രോതസ്. ഭൂമിക്കടിയിലെ വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുവാനും തന്റെ കൃഷിരീതികൊണ്ട് സാധിച്ചെന്നാണ് ജോര്‍ജ് പറയുന്നത്. കുളങ്ങളിലെ വെള്ളം ഒരിക്കലും വറ്റാറില്ല.
ഇത്തരത്തില്‍ ജൈവ സമ്മിശ്ര കൃഷിയിലൂടെ വിജയം കൈവ രിച്ച ജോര്‍ജ് വികസിപ്പിച്ച സിയോന്‍മുണ്ടി കുരുമുളകിന് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ അംഗീകാരം രാഷ്ട്രപതിയില്‍ നിന്നു ലഭിച്ചു. സംസ്ഥാനത്തെ മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. വണ്ണപ്പുറം ഗ്രാമപഞ്ചാ യത്ത് മികച്ച കര്‍ഷകനായി ആദരിച്ചിരുന്നു. ഇതിനു പുറമെ കാര്‍ഡ്‌സിന്റെ ജൈവ ശ്രീ പുരസ്‌കാരം, വിഎഫ്പിസികെയുടെ ഹരിത കീര്‍ത്തി അവാര്‍ഡ് എന്നിവയും ലഭിച്ചിരുന്നു. സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ ഫാം പ്രോത്സാഹന അവാര്‍ഡ്, ക്ഷീരവികസന വകുപ്പിന്റെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള ജില്ലാ അവാര്‍ഡ് എന്നിവയും ജോര്‍ജിനെത്തേടിയെത്തി. 2008ല്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കേരളത്തിലെ മികച്ച രണ്ടാമത്തെ കര്‍ഷകനായി തെരഞ്ഞടുത്തു. ജോര്‍ജിന്റെ കൃഷി സംബ ന്ധമായ പ്രബന്ധങ്ങള്‍ക്ക് സര്‍ ക്കാര്‍ അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും കൃഷി വകുപ്പു ദ്യോഗസ്ഥര്‍, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, ഗവേഷണ വിദ്യാര്‍ഥികള്‍, ഗവ. ഏജന്‍സികള്‍, കാര്‍ഷിക ക്ലബ് അംഗങ്ങള്‍ തുട ങ്ങിയവര്‍ കൃഷിയിടം സന്ദര്‍ശി ക്കുന്നതിനും പഠനത്തിനുമായി എത്തിക്കൊണ്ടിരിക്കുകയാണ്. സന്ദര്‍ശനത്തിനായി എത്തുന്ന വര്‍ക്ക് കൃഷി രീതികള്‍ പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനും ജോര്‍ജ് റെഡി.
കൃഷിയിടത്തിലെ കൂറ്റന്‍ പാറയ്ക്കുമുകളിലാണ് പഠനക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ജോര്‍ജിന്റെ കൃഷിയിടത്തിനുമുകളിലെത്തിയാല്‍ കാഴ്ചയുടെ വലിയൊരുലോകമുണ്ടവിടെ. ഒരു ഫാംടൂറിസ അനുഭൂതി കൂടി സമ്മാനിച്ചുകൊണ്ടാണ് ജോര്‍ജിന്റെ തോട്ടം അതിഥികളെ തിരിച്ചയയ്ക്കുന്നത്. ഭാര്യ റെയ്ച്ചല്‍, മക്കളായ ജിജി(ഇറിഗേഷന്‍ ഓവര്‍സിയര്‍, മറയൂര്‍), ജയിംസ്, ജയ്‌സണ്‍, ആനിയമ്മ, നിസി എന്നിവരും മരുമക്കളും കൊച്ചുമക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ രക്ഷകനാകുന്നതും ഈ കൃഷിയാണ്. മകന്‍ ജയ്‌സന് ഇടുക്കി ജില്ലയിലെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കൂട്ടുകുടുംബമായി ജീവിക്കുന്ന ഇവരെല്ലാം ചേര്‍ന്നാ ണു കൃഷി ചെയ്തു വിപ്ലവകരമായ മുന്നേറ്റം നടത്തുന്നത്.
ഫോണ്‍: ജോര്‍ജ് - 81119 15160
ടോം ജോര്‍ജ്