പാഷന്‍ ഫ്രൂട്ടിനോട് പാഷനാകാം
Friday, March 22, 2019 3:14 PM IST
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ വികസിപ്പിച്ചെടുത്ത ഈ സങ്കരയിനത്തിന് മികച്ച വാണിജ്യ - കൃഷി സാധ്യതകളാണുള്ളത്. പര്‍പ്പിള്‍ ഇനത്തിന്റെ നിറവും മണവും ഗു ണവുമുള്ളപ്പോള്‍ മഞ്ഞ ഇനത്തിന്റെ രോഗപ്രതിരോധശേഷിയും വലുപ്പവും ഒത്തുചേര്‍ന്നിട്ടുണ്ട് കാവേരിയില്‍. കായൊന്നിന് 110 ഗ്രാം വരെ തൂക്കമുണ്ടാ കും. മേല്‍ത്തരം മൂത്തു പഴുത്ത പഴത്തിന്റെ വിത്തില്‍നിന്നുള്ള തൈകള്‍, ആരോഗ്യമുള്ള വള്ളികള്‍, ഗ്രാഫ്റ്റ് ചെയ്‌തെടുത്ത തൈകള്‍ എന്നിവയെല്ലാം നടീല്‍ വസ്തുക്കളാക്കാം. വിത്തു മുളച്ചുണ്ടാകുന്ന ചെടികളും അവയില്‍ ഗ്രാഫ്റ്റ് ചെയ്‌തെടുത്ത ചെടികളും മികച്ച വളര്‍ച്ചാനിരക്കും ഉത്പാദനക്ഷമതയും കാണിക്കാറുണ്ട്.
മേല്‍ത്തരം ചെടിയുടെ മൂത്തുപഴുത്ത പഴത്തില്‍നിന്നുള്ള വി ത്തുകള്‍ ശേഖരിച്ച് മേല്‍മണ്ണ്, മണല്‍, കമ്പോസ്റ്റ് അല്ലെങ്കില്‍ ഉണങ്ങിയ ചാണകപ്പൊടി എന്നിവ 2:1:1 എന്ന അനുപാതത്തില്‍ തയാറാക്കിയ തവാരണയില്‍ നട്ടുമുളപ്പിക്കാം. നാലില പരുവത്തില്‍ ഇവയെ ചെറിയ പോളിബാഗുകളിലേക്കു മാറ്റി നടാം. മൂന്നു മാസം കഴിയുമ്പോള്‍ ഈ ചെടികള്‍ പ്രധാന കൃഷിയിടത്തിലേക്കു നടുന്നതിനു തയാറാകും.
വള്ളികള്‍ നടീല്‍ വസ്തുക്കളായി സ്വീകരിക്കുമ്പോള്‍ ഇടത്ത രം മൂപ്പുള്ള വള്ളികളെ 30-35 സെന്റീ മീറ്റര്‍ നീളത്തില്‍ മുറിച്ച് 3-4 മുട്ടോടുകൂടി നടുന്നതിനായി ഉപയോഗിക്കാം. ഒരു ഹെക്ടറില്‍ 1600 ചെടികള്‍ വരെ നടാവുന്നതാണ്. 45ഃ45ഃ45 സെന്റീമീറ്റര്‍ വലി പ്പമുള്ള കുഴികളെടുത്ത് മേല്‍മണ്ണ്, ചാണകപ്പൊടി അല്ലെങ്കില്‍ ക മ്പോസ്റ്റ് എന്നിവയുടെ മിശ്രിതം നിറച്ചുവേണം ചെടി നടേണ്ടത്. 3ഃ2 മീറ്റര്‍ എന്ന അകലം ചെടികള്‍ തമ്മില്‍ പാലിക്കുന്നതാണ് ഉചിതം. മേയ് - ജൂണ്‍ മാസത്തില്‍ കാലവര്‍ഷത്തിന് ചുവടുപിടിച്ച് ചെടികള്‍ നടുന്നതാണ് നന്ന്.
പന്തലിലാണ് കാര്യം
അനുകൂല പരിതസ്ഥിതിയില്‍ നല്ല കായിക വളര്‍ച്ച കാണിക്കുന്ന പാഷന്‍ഫ്രൂട്ട് ചെടിക്ക് ഉറപ്പുള്ള പന്തല്‍ ഉണ്ടാകേണ്ടതുണ്ട്. സൂര്യപ്രകാശം കൂടുതലുള്ള ഭാഗത്തേക്ക് വളരുന്നതിന് ചെടികള്‍ താത്പര്യം പ്രകടിപ്പിക്കുമെന്നതിനാല്‍ അത് പരിഗണിച്ച് നടീലും പന്തലും ക്രമീകരിക്കുന്നത് നന്നാവും. പ്രധാന പന്തലിന്റെ വശങ്ങളില്‍ മുകളിലേക്ക് ഉറപ്പുള്ള വല വലിച്ചുകെട്ടിയാല്‍ ഇതിലേക്ക് വള്ളികള്‍ ആര്‍ത്തുകയറുകയും നല്ല കായ്ഫലം നല്‍കുകയും ചെയ്യും.
കാലിവളവും മണ്ണിരക്കമ്പോ സ്റ്റും പിണ്ണാക്കുകളും വളമായി നല്‍കുകയാണ് പതിവുരീതി. മേമ്പൊടിക്ക് അല്‍പ്പം രാസവളം നല്‍കുന്നത് മികച്ച ഫലം നല്‍കും. ജൈവ വളക്കൂട്ട് മിശ്രിതം എല്ലാ വര്‍ഷവും 15-20 കിലോ പലതവണകളായി നല്‍കുന്നതാണ് നല്ലത്. വേപ്പിന്‍ പിണ്ണാക്ക് കുറഞ്ഞ അളവില്‍ ചുവട്ടില്‍ നല്‍കുന്നത് നിമാ വിരകളെ അകറ്റുന്നതിന് പര്യാപ്തമാക്കും.
ഔസേപ്പച്ചനും പാഷനായി
കോട്ടയം ജില്ലയിലെ മികച്ച ജൈവ കര്‍ഷകനായ മുണ്ടക്കയം പറത്താനം മടിക്കാങ്കല്‍ എം.എം. ജോസഫ് എന്ന എഴുപത്തിമൂന്നുകാരനായ ഔസേപ്പച്ചനും സകുടുംബം പാഷന്‍ഫ്രൂട്ടിനെ സ്വീകരിച്ചുകഴിഞ്ഞു.
പ്രായമായവര്‍ക്ക് ചെയ്യാവുന്ന കൃഷിപ്പണികള്‍ മാത്രമാണ് പാഷന്‍ഫ്രൂട്ട് കൃഷിയിലുള്ളതെന്ന് ഔസേപ്പച്ചന്‍ പറയും. പന്തല്‍ ഒരുക്കാന്‍ മാത്രമേ മകന്‍ വിനോദിന്റെയും കൊച്ചുമക്കളുടെയും സഹായം വേണ്ടിവന്നുള്ളു. ബാക്കി പണികളും വിളവെടുപ്പും വിപണനവുമെല്ലാം ഭാര്യ ചിന്നമ്മയെയും കൂട്ടി ചെയ്യാനാണ് ഔസേപ്പച്ചനിഷ്ടം.
തേനീച്ചയ്ക്ക് ഇടവിള
പൂക്കളുടെ എണ്ണത്തില്‍ രാജ്ഞിമാരാണ് പാഷന്‍ഫ്രൂട്ട് ചെടികള്‍. പൂക്കളാകട്ടെ തേനും പൂമ്പൊടിയുംകൊണ്ട് സമൃദ്ധവും. ഇതാണ് തേനീച്ചയെ ഈ ചെടിയുടെ ഇഷ്ടക്കാരനാക്കുന്നത്. പരാഗണം ത്വരിതപ്പെടുത്തി മികച്ച വിളവും ഒപ്പം മേല്‍ത്തരം തേനും പൂമ്പൊടിയും ഉറപ്പാക്കുന്നതിന് പാഷന്‍ഫ്രൂട്ടിനൊപ്പം തേനീച്ച വളര്‍ത്തുന്നതിലൂടെ കഴിയും. ഔസേപ്പച്ചന്‍ തന്റെ കൃഷിയിടത്തില്‍ ചെറുതേനീച്ചയുടെയും വന്‍തേനീച്ചയുടെയും നൂറിലധികം കോളനികള്‍ സ്ഥാ പിച്ചുകഴിഞ്ഞു. പാഷന്‍ഫ്രൂട്ട് കൃഷി ചെയ്താല്‍ നല്ല തേനും പഴവും ഉറപ്പെന്ന് ഔസേപ്പച്ചന്‍.
വിപണിക്കും പാഷന്‍
പാഷന്‍ഫ്രൂട്ടിന്റെ മണം, ഗുണം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിനുള്ള സാധ്യത എന്നിവയൊക്കെ ഈ പഴവര്‍ഗ വിളയ്ക്ക് വിപണിയില്‍ സ്ഥിരവില ഉറപ്പാക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കിലോയ്ക്ക് നൂറിനുമേലെയാണ് വില. സാധാരണക്കാരന്റെ നാട്ടുചന്തയിലുമുണ്ട് എണ്‍പതില്‍ താഴാത്ത വിലപ്പെരുപ്പം. ഇത് കാര്‍ഷികോത്പ്പന്നങ്ങളുടെ വിലയിറക്കത്തിന്റെ ഇക്കാലത്ത് കര്‍ഷകന് പ്രതീക്ഷയേകുന്നുവെന്നത് സത്യം!
കറിവയ്ക്കാനും പാഷന്‍ പഴം
ഔസേപ്പച്ചന്‍ പാഷന്‍ ഫ്രൂട്ട് കൃഷിയുടെ സാധ്യതകള്‍ വിളമ്പുമ്പോള്‍ ചിന്നമ്മച്ചേടത്തി പാഷന്‍ ഫ്രൂട്ട് ചമ്മന്തിയും പുളിശേരിയും ഒരുക്കുന്ന തിരക്കിലാണ്.
പാഷന്‍ഫ്രൂട്ട് ചമ്മന്തി
സംഗതി സിമ്പിളാണ്. 1) പാഷന്‍ഫ്രൂട്ട് പഴുത്ത് തൊണ്ടോട് കൂടിയത് ഒരെണ്ണം (പുളിയുള്ളതെങ്കില്‍ കൂടുതല്‍ നല്ലത്), 2) കാന്താരി മുളക് 8 എണ്ണം, 3) ചുവന്നുള്ളി 5 ചുള, 4) കറിവേപ്പില ഒരു ഇലത്തണ്ട്, 5) ഉപ്പ് പാകത്തിന്.
ഇവ ചമ്മന്തി പരുവത്തില്‍ മിക്‌സിയില്‍ അടിച്ചെടുത്ത് ആവശ്യത്തിന് വെളിച്ചെണ്ണ കൂടെ ചാലിച്ച് ഉപയോഗിക്കാം. തേങ്ങയുടെ രുചി കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് തേങ്ങാപ്പീര കൂടെ ചേര്‍ത്ത് ചമ്മന്തിയുണ്ടാക്കാം. വെളിച്ചെണ്ണ ചാലിക്കുന്നത് ഒഴിവാക്കാം.
പാഷന്‍ഫ്രൂട്ട് പുളിശേരി (മോരുകറി)
സംഗതി ചമ്മന്തിയിലും സൂപ്പറാണ്. നന്നായി പഴുത്ത നാല് പാഷന്‍ഫ്രൂട്ട് പഴങ്ങളുടെ പള്‍പ്പ് വിത്തുള്‍പ്പെടെ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കണം. കണ്ണടുപ്പമുള്ള അരിപ്പയില്‍ അരിച്ചെടുക്കുന്ന പഴച്ചാറിനൊപ്പം തേങ്ങ ഒരുമുറി ചിരകിയത്, ജീരകം മൂന്നു സ്പൂണ്‍, ചുവന്നുള്ളി ഏഴു ചുള, കാന്താരി 12 എണ്ണം, കറിവേപ്പില ഒരു തണ്ട്, ഉപ്പ് - എരിവ് പാകത്തിന്, ആവശ്യാനുസരണം മോരും ചേര്‍ത്ത് പുളിശേരി തയാറാക്കുന്ന വിധം റെഡിയാക്കാം.
ഔസേപ്പച്ചനും ചിന്നമ്മച്ചേടത്തിയും പുഞ്ചവയല്‍ ഒറവാന്‍തറ ലൂയിസ് തോമസും പാമ്പാടിയിലെ ആളോത്ത് റെജി സി. ജേക്കബും കൂരോപ്പട വാക്കയില്‍ വീട്ടില്‍ ജോയിമോനുമെല്ലാം പാഷന്‍ഫ്രൂട്ടിന്റെ കൃഷിയെ രുചിച്ചുതുടങ്ങിയിട്ട് നാളുകളേറെയായി. ഇവര്‍ പറയുന്നു ഉറപ്പായും ചെയ്യാവുന്ന വിള - നമ്മുടെ ഉറപ്പിന് തീര്‍ച്ചയായും വിളിക്കുക. ഫോണ്‍ - ഔസേപ്പച്ചന്‍ & ചിന്നമ്മ ജോസഫ് - 9645235772, 6282229138, ലൂയിസ് തോമസ് - 9446123705.

എ. ജെ. അലക്‌സ് റോയ്
അസി. കൃഷി ഓഫീസര്‍. കൃഷിഭവന്‍, എലിക്കുളം, കോട്ടയം
മഷമഹലഃൃീ്യ@ഴാമശഹ.രീാ