സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
Tuesday, October 24, 2023 11:34 AM IST
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. സാന്പത്തിക നിലയ്ക്കനുസരിച്ചായിരിക്കണം ഏത് മോഡൽ വേണമെന്ന് തീരുമാനിക്കേണ്ടത്.
വലിയ ഓഫർ കിട്ടുമെങ്കിലും നിങ്ങൾ തയാറാക്കിയിട്ടുള്ള ബജറ്റ് കടന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. സെക്കൻഡ് ഹാൻഡ് വാഹനം ആയതുകൊണ്ടു തന്നെ വരാന്‍ സാധ്യതയുള്ള മറ്റ് അറ്റകുറ്റപ്പണികൾക്കായുള്ള ചെലവുകളും കണക്കുകൂട്ടിയാവണം ബജറ്റ് നിശ്ചയിക്കേണ്ടത്.
വില്പനക്കാർ പലവിധം
സെക്കൻഡ് ഹാൻഡ് വിപണിയിൽ കാര്‍ വില്പനക്കാര് പലതരമുണ്ടാകാം. ഷോറൂമായാണ് പ്രവർത്തിക്കുന്നതെങ്കിൽ കാറിന്റെ വാറന്റി, പേപ്പറുകള്‍, ഇന്‍ഷുറന്‍സ് എന്നിവയെല്ലാം കൃത്യമായിരിക്കാനുള്ള സാധ്യത കൂടുതലാണ്.
പക്ഷെ കാറിന്റെ വിപണിമൂല്യത്തേക്കാള്‍ ഉയര്‍ന്ന വില ആയിരിക്കും പലപ്പോഴും നൽകേണ്ടി വരിക. എത്ര വിശ്വാസയോഗ്യമായ ഷോറൂമില്‍ നിന്നെടുത്താലും കാറിന്റെ ചരിത്രം പരിശോധിക്കേണ്ടതുണ്ട്.
ഓണ്‍ലൈനായും ഷോറൂമില്‍ നേരിട്ടെത്തിയും പരിശോധന നടത്തുക. മൈലേജ്, കാറ് വിപണിയിലെത്തിയ വര്‍ഷം, എത്ര കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട് എന്നിവയെല്ലാം പരിഗണിക്കുക.
പ്രവർത്തനം അവസാനിപ്പിച്ച കന്പനികളുടെ വാഹനങ്ങൾ സ്പെയർപാർട്സ് ലഭ്യത ഉറപ്പാക്കിയതിന് ശേഷം എടുക്കുന്നതാണ് ഉത്തമം
അറിയാവുന്ന വ്യക്തികളെ ഒപ്പം കൂട്ടുക
വാഹനം നന്നായി പരിശോധിച്ച ശേഷം നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ വില്പനക്കാരോട് ചോദിച്ച് വ്യക്തത വരുത്തുക.
നിങ്ങള്‍ക്ക് കാറിനെക്കുറിച്ചുള്ള അറിവ് കുറവാണെങ്കില്‍ ഒരു മെക്കാനിക്കിനെ ഒപ്പം കൂട്ടുന്നത് നന്നായിരിക്കും. വാങ്ങുന്നതിന് മുന്‍പ് പലതവണ ഓടിച്ച് നോക്കുന്നത് എപ്പോഴും നല്ലതാണ്.
കാർ അപകടത്തിൽപ്പെട്ടിട്ടുണ്ടോ? എത്ര ഉടമകള്‍ ഉപോയഗിച്ചതാണ്, മെയിന്റനന്‍സ് ജോലികള്‍ക്ക് വിധേയമായതാണോ, കൃത്യമായ ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ടോ എന്നിവ അറിയാന്‍ ശ്രമിക്കുക.