മുഖംമിനുക്കി നെക്സോൺ; വില 8.09 ലക്ഷം മുതൽ
Friday, September 15, 2023 12:23 PM IST
മുംബൈ: മുഖംമിനുക്കിയെത്തുന്ന നെക്സോണിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. പെട്രോൾ മോഡലിന് 8.09 ലക്ഷം രൂപ മുതൽ 12.19 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 10.99 ലക്ഷം രൂപ മുതൽ 12.99 ലക്ഷം രൂപ വരെയുമാണു വില.
വാഹനങ്ങളുടെ ബുക്കിംഗ് ടാറ്റ നേരത്തേതന്നെ ആരംഭിച്ചിരുന്നു. പ്രൈം, മാക്സ് എന്നീ പേരുകൾ ഉപേക്ഷിച്ച് മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നീ പേരുകളാണ് ഇലക്ട്രിക് പതിപ്പിനു നൽകിയിരിക്കുന്നത്.
ഇലക്ട്രിക് പതിപ്പ് മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് പതിപ്പുകളിൽ ലഭിക്കും. മീഡിയം റേഞ്ചിന് 14.74 ലക്ഷം രൂപ മുതൽ 17.84 ലക്ഷം രൂപ വരെയും ലോംഗ് റേഞ്ചിന് 18.19 ലക്ഷം രൂപ മുതൽ 19.94 ലക്ഷം രൂപ വരെയുമാണു വില.
ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന എയ്റോ വീലുകളോടു സാമ്യമുള്ള അലോയ് വീലുകളാണു പുതിയ നെക്സോണിലുള്ളത്. പഴയ നെക്സോണുമായി താരതമ്യപ്പെടുത്തുന്പോൾ ഇന്റീരിയറിലും വലിയ മാറ്റങ്ങളുണ്ട്.
360 ഡിഗ്രി കാമറ, കണക്ടഡ് കാർ ടെക്, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ എന്നിവയും പുതിയ നെക്സോണിന്റെ ഭാഗമാണ്.
പെട്രോൾ പതിപ്പിൽ 120 ബിഎച്ച്പി, 170 എൻഎം, 1.2 ലിറ്റർ ടർബോ എൻജിനും ഡീസൽ പതിപ്പിൽ 115എച്ച്പി, 115 ബിഎച്ച്പി, 160 എൻഎം 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്.
മീഡിയം റേഞ്ചിൽ 30 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്പോൾ ലോംഗ് റേഞ്ചിൽ 40.5 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്നു. രണ്ടു മോഡലുകൾക്കും 12 കിലോമീറ്റർ റേഞ്ച് വർധിച്ചിട്ടുണ്ട്.
മീഡിയം റേഞ്ചിന് 325 കിലോമീറ്ററും ലോംഗ് റേഞ്ചിന് 465 കിലോമീറ്ററുമാണു സഞ്ചാര പരിധി. ഐപി67 പ്രൊട്ടക്ഷനുള്ള ബാറ്ററിയാണ് ഇരുമോഡലിലും.
മാരുതി സുസുക്കിയുടെ ബ്രെസയ്ക്കു പുറമേ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര എക്സ്യുവി 300, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ മോഡലുകളുമായാണു പുതിയ നെക്സോണിന്റെ മത്സരം.