താരമാകാൻ എക്സ്റ്റർ
Friday, July 14, 2023 2:52 PM IST
ചെറിയ എസ്യുവികളുടെ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുയാണ് "ഹ്യുണ്ടായ് എക്സ്റ്റർ'. ആകർഷമായ ആകാര ഭംഗിയും കരുത്തും എക്സ്റ്ററിനെ സമാന നിരയിലുള്ള മറ്റ് വാഹനങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നുന്നു.
ആറ് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ് ഷോറും വില. ഇഎക്സ്, എസ്, എസ് എക്സ്, എസ് എക്സ് (ഒ) തുടങ്ങി അഞ്ച് വകഭേദങ്ങളിലായി മാനുവല്‍, ഓട്ടോമാറ്റിക്, സിഎന്‍ജി ഓപ്ഷനുകളിൽ ഹ്യുണ്ടായ് എക്സ്റ്റർ ലഭ്യമാണ്.
വിലയിലും സൗകര്യങ്ങളിലും ടാറ്റയുടെ പഞ്ചുമായാണ് എക്സ്റ്ററിന്റെ മത്സരം. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ-സിലിണ്ടർ കാപ്പ പെട്രോൾ എൻജിനാണ് എക്സ്റ്ററിന് നൽകിയിട്ടുള്ളത്. ഇതോടൊപ്പം ബൈ-ഫ്യുവൽ സിഎൻജി ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
82 ബിഎച്ച്പി പവറിൽ 114 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ സാധിക്കും. അഞ്ച് സ്പീഡ് മാനുവൽ/എഎംടിയായി ഗിയർ ബോക്സാണ് വാഹനത്തിനുള്ളത്. സിഎൻജിയിൽ മാനുവൽ മാത്രമാണുണ്ടാവുക.
എക്സ്റ്റർ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്ററും സിഎൻജി പതിപ്പിൽ 27.10 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്.
8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4.2 ഇഞ്ച് ഡിജിറ്റൈസ്ഡ് ഡ്രൈവർ ഡിസ്പ്ലേ, ക്രൂയിസ് കൺട്രോൾ, സൺറൂഫ്, വയർലെസ് ചാർജിംഗ്, ഓട്ടോ എസി എന്നിവ എക്സ്റ്ററിലെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
ഡ്യുവൽ ക്യാമറകളുള്ള ഡാഷ് ക്യാം, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകൾ തുടങ്ങിയ എക്സ്റ്ററിൽ ലഭ്യമാണ്.
സുരക്ഷയുടെ കാര്യമെടുത്താൽ ആറ് എയർബാഗുകൾ, ഇബിഡിയോടുകൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പിൻ പാർക്കിംഗ് കാമറ, ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ നൽകിയിട്ടുണ്ട്.
ടാറ്റ പഞ്ച്, നിസ്സാൻ മാഗ്നൈറ്റ്, റെനോ കിഗർ, സിട്രോൺ സി3, മാരുതി ഫ്രോങ്ക്സ് എന്നിവയോടാണ് ഹ്യുണ്ടായ് എക്സ്റ്റർ വിപണിയിൽ ഏറ്റുമുട്ടുക. 10000 ലധികം ബുക്കിംഗുകൾ ഇതിനകം എക്സ്റ്ററിന് ലഭിച്ചിട്ടുണ്ട്.