ഹോണ്ട സിബി 300എഫ് ഇന്ത്യന്‍ വിപണിയിലെത്തി
Wednesday, August 10, 2022 4:18 PM IST
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട തങ്ങളുടെ പുതിയ സ്ട്രീറ്റ് ബൈക്ക് സിബി 300 എഫ് ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. ഡീലക്സ്, ഡീലക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഡീലക്സിന് 2,25,900 രൂപയും ഡീലക്സ് പ്രോയ്ക്ക് 2,28,900 രൂപയുമാണ് എക്സ്ഷോറൂം വില. സിബി 300ആര് പോലെ സിബി 300 എഫും ഇന്ത്യയിലെ ഹോണ്ടയുടെ പ്രീമിയം ബിംഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പ്രീമിയം ബിംഗ് വിംഗ് ഔട്ട്ലറ്റുകളിലോ ഓണ്‍ലൈന്‍ വഴിയോ ബെെക്കിന്റെ നിറവും വേരിയന്റും ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു.
സ്പോര്‍ട്സ് റെഡ്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് സിബി 300 എഫ് കാണാനാവുക. സ്പോര്‍ട്ടിയും കളര്‍ഫുള്ളുമായ ഒരു ഫ്യുവല്‍ ടാങ്കും ഇതിനുണ്ട്.
ഇതിന് സ്പ്ലിറ്റ് സീറ്റും കോംപാക്റ്റ് മഫ്ളറും ലഭിക്കും. മാത്രമല്ല സ്റ്റൈലിഷ് "വി’ ആകൃതിയിലുള്ള അലോയ് വീലുകളും വാഹനത്തിനുണ്ട്. മുന്‍വശത്തുള്ള ഗോള്‍ഡ് യുഎസ്ഡി ഫോര്‍ക്കുകള്‍ പ്രധാന ആ്രകര്ഷണങ്ങളിലൊന്നാണ്.
ഹെഡ്ലാമ്പിന് മുകളിലായിട്ടാണ് സ്ലീക്ക് ടേണ്‍ സിഗ്നലുകള്‍ ഇടംപിടിച്ചിരിക്കുന്നത്. മസ്കുലര്‍ ഫ്യുവല്‍ ടാങ്കില്‍ ഫോര്‍ക്കുകള്‍ക്ക് തൊട്ടടുത്തുള്ള എക്സ്റ്റന്‍ഷനുകളും സ്റ്റെപ്പ്ഡ് സീറ്റും വാഹനത്തിന് വേറിട്ട രൂപം സമ്മാനിക്കുന്നു.
23.8 ബിഎച്ച്പി കരുത്തും 25.6 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന പുതിയ 293 സിസി ഓയില്‍കൂള്‍ഡ്, ഫോര്‍ വാല്‍വ്, എസ്ഒഎച്ച്സി എഞ്ചിനാണ് സിബി 300എഫിനുള്ളത്. ഒരു അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും വീതം ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കുകയും ചെയ്യുന്നു.
മുന്നില്‍ 276 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്കും ഡ്യുവല്‍ ചാനല്‍ എബിഎസുമാണ് ഹോണ്ട സിബി 300 എഫിനുള്ളത്.
മോട്ടോര്‍സൈക്കിളിന്റെ അളവുകള്‍ നോക്കിയാൽ, 2,084 എംഎം നീളവും 765 എംഎം വീതിയും 1,075 എംഎം ഉയരവുമുണ്ടിതിന്. 1,390 എംഎം വീല്‍ബേസും 153 കിലോഗ്രാം ഭാരവുമാണ് ഈ ബൈക്കിനുള്ളത്.
ആക്രമണാത്മക രൂപകല്പനയുള്ള ഹോണ്ട സിബി 300എഫ് ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.