മഹീന്ദ്രയുടെ ഇലക്‌ട്രിക് കാറായ eXUV400 സെപ്റ്റംബറില്‍ എത്തും
മഹീന്ദ്രയുടെ ഇലക്‌ട്രിക് കാറായ eXUV400 സെപ്റ്റംബറില്‍ എത്തും
ഇലക്‌ട്രിക് വാഹന രംഗത്ത് ആദ്യമായി ചുവടുവച്ചത് മഹീന്ദ്രയായിരുന്നല്ലൊ. എന്നാല്‍ വിജയമാകാഞ്ഞതിനെത്തുടര്‍ന്ന് പിന്നീട് അതില്‍ മഹീന്ദ്ര ശ്രദ്ധയൂന്നിയിരുന്നില്ല. പിന്നീട് ഈ രംഗത്തേക്ക് കടന്നുവന്ന ടാറ്റ വലിയ വിജയം കൈവരിച്ചിരുന്നു.

നിലവില്‍ ഇലക്ട്രിക്ക് എസ്‌യുവി വിപണിയില്‍ ഒറ്റയാനാണ് ടാറ്റ നെക്സോണ്‍ ഇവി. 2020 ജനുവരിയില്‍ വിപണിയിലെത്തിയ നെക്സോണ്‍ ഇവിയുടെ വില്പന ഓരോ മാസവും വര്‍ദ്ധിക്കുകയാണ്.

ഇതിന് പിന്നാലെയാണ് ടാറ്റ നെക്സോണ്‍ ഇവിയ്ക്കെതിരെ മത്സരിക്കാന്‍ മഹീന്ദ്ര XUV 400 ഇലക്ട്രിക് എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന XUV300 അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര XUV 400 നിര്‍മ്മിച്ചിരിക്കുന്നത്. വാഹനത്തിന് സിംഗിള്‍ ചാര്‍ജില്‍ 300 കിലോമീറ്ററോളം ആണ് ഡ്രൈവിംഗ് റേഞ്ച് പ്രതീക്ഷിക്കുന്നത്.


ഓഗസ്റ്റ് 15ന് യുകെ ഇവന്‍റില്‍ തങ്ങളുടെ സമഗ്ര ഉല്‍പന്നം, സാങ്കേതികവിദ്യ, പ്ലാറ്റ്ഫോം സ്ട്രാറ്റജി എന്നിവ ഉള്‍പ്പെടെ കമ്പനിയുടെ കാഴ്ചപ്പാടുകള്‍ ബ്രാന്‍ഡ് പങ്കിടുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോ ആന്‍ഡ് ഫാം സെക്ടേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ അറിയിച്ചു. 2027 ഓടെ മഹീന്ദ്ര എസ്‌യുവികളുടെ 20 മുതല്‍ 30 ശതമാനം വരെ ഇലക്ട്രിക് ആക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

സെപ്റ്റംബറില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ എത്തുന്ന eXUV400ന് 15 ലക്ഷം രൂപയാണ് ആരംഭ വിലയായി കണക്കാക്കുന്നത്.