ഓണ്‍ലൈന്‍ ബ്ലേഡുകാരന്‍
ഓണ്‍ലൈന്‍ ബ്ലേഡുകാരന്‍
Friday, November 20, 2020 2:29 PM IST
ലോക്ക് ഡൗണ്‍ സമയത്ത് ഏറ്റവുമധികം പ്രചാരം നേടിയത് പണവുമായി ബന്ധപ്പെട്ട ആപ്പുകളാണ്. ഓണ്‍ലൈനിലൂടെ എങ്ങനെ പണം സമ്പാദിക്കാം, എളുപ്പത്തില്‍ എങ്ങനെ ലോണ്‍ നേടാം തുടങ്ങിയ ആപ്പുകള്‍ക്ക് വളരെ വലിയ പ്രചാരമാണ് ലഭിച്ചത്. ഇതില്‍ ഏറ്റവും അപകടകാരി ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 'ഓണ്‍ലൈന്‍ കൊള്ളപ്പലിശക്കാരന്‍'. ആയിരം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ വായ്പകള്‍ നല്‍കുന്ന ആപ്പുകളുണ്ട്. ബാങ്കുകളില്‍ നിന്നും മറ്റ് ധനസ്ഥാപനങ്ങളില്‍ നിന്നും വായ്പ കിട്ടാന്‍ കാലതാമസമെടുക്കും. എന്നാല്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ചില ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളില്‍ ഈ താമസമില്ല.

ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍

ആപ് ഡൗണ്‍ലോഡ് ചെയ്തു റജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ പണം ലഭിക്കുന്ന വായ്പയ്ക്ക് അപേക്ഷ നല്‍കാം. ഇതിനായി ആധാറും പാന്‍ കാര്‍ഡുമടക്കമുള്ള രേഖകളുടെ സോഫ്റ്റ് കോപ്പി മാത്രമേ ആവശ്യപ്പെടുന്നുള്ളു. അപേക്ഷിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പണം ബാങ്ക് അക്കൗണ്ടിലേക്കോ മൊബൈല്‍ വാലറ്റിലേക്കോ എത്തും.

ഓണ്‍ലൈന്‍ ഗുണ്ടായിസം

ആപ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ കോണ്‍ടാക്റ്റ്, മെസേജ്, സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം അവര്‍ ആവശ്യപ്പെടാറുണ്ട്. ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന തിരക്കില്‍ അവയൊക്കെ അംഗീകരിക്കുകയും ചെയ്യും. മെസേജുകളില്‍ നിന്ന് കടം വാങ്ങിയതു തിരികെ കൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വന്ന സന്ദേശങ്ങള്‍, അടയ്ക്കാന്‍ വീഴ്ചവരുത്തിയിുള്ള ബില്‍ തുകകള്‍, പ്രീമിയങ്ങള്‍ എന്നിവ പരിശോധിച്ചാണ് കമ്പനികള്‍ വായ്പ അനുവദിക്കുന്നത്. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പണം തിരിച്ചുപിടിക്കാനുള്ള നടപടികളും സോഷ്യല്‍ മീഡിയയിലൂടെയായിരിക്കും. കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരോടും മറ്റും വായ്പ തിരിച്ചടപ്പിക്കാന്‍ സഹായം തേടും.


ലഭിക്കാന്‍ എളുപ്പമുള്ളതുപോലെ അടയ്ക്കാന്‍ അത്ര ഏളുപ്പമല്ല ചില ഇന്‍സ്റ്റന്റ് ലോണുകള്‍. ആയിരം രൂപയ്ക്ക് ദിവസം നൂറു രൂപവരെ പലിശ ഇടാക്കുന്ന 'അണ്ണാച്ചിമാര്‍' വരെ ഇവരിലുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ 'ഇന്‍സ്റ്റന്റ് ലോണ്‍' എന്ന് സേര്‍ച്ച് ചെയ്താന്‍ ഇരുനൂറിലധികം മൊബൈല്‍ ആപ്പുകള്‍ ലഭിക്കും. ഇതില്‍ നല്ലൊരു ശതമാനവും അസല്‍ 'ബ്ലേഡ്' ആണ്.

-സോനു തോമസ്