ഹ്യുണ്ടായ് കോനയ്ക്ക് വില കുറച്ചു
Monday, August 5, 2019 12:15 PM IST
ന്യൂഡൽഹി: കോന ഇലക്ട്രിക് വാഹനത്തിന് വില കുറച്ചതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12ൽനിന്ന് അഞ്ചു ശതമാനമാക്കി കുറച്ചതിനാൽ വിലയിൽ 1.58 ലക്ഷം രൂപയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ വാഹനം 23.72 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. നേരത്തെ 25.3 ലക്ഷം രൂപയായിരുന്നു.
രാജ്യത്തെ 11 സിറ്റികളിലായി 15 ഡീലർഷിപ്പുകളിൽ കോനയ്ക്ക് 152 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ട്.
നേരത്തെ ടിഗോർ ഇവിക്ക് 80,000 രൂപ കുറച്ചതായി ടാറ്റാ മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഇലക്ട്രിക് വാഹനത്തിന്റെ വില കുറച്ചതായി അറിയിച്ചു. കന്പനിയുടെ ഇ-വെരിറ്റോയ്ക്ക് 80,000 രൂപയാണ് കുറവു വരുത്തിയിരിക്കുന്നത്. ഇതോടെ വിപണിവില 10.71 ലക്ഷം രൂപയാകും.