ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി
Saturday, March 2, 2019 3:06 PM IST
ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് 2.5 ലക്ഷം രൂപ വരെ സബ്സിഡി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചേക്കും. 60,000 ഇലക്ട്രിക് വാഹനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഒപ്പം 20,000 ഹൈബ്രിഡ് കാറുകൾക്ക് 20,000 രൂപ വീതവും സബ്സിഡിയായി നല്കുമെന്നാണ് സൂചന. ഇതിനായി 10,000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസർക്കാർ ലക്ഷ്യംവയ്ക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളും ഈ പാക്കേജിൽ ഉൾപ്പെടും. ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങൾ പ്രചാരത്തിലാക്കുന്നതിനുള്ള പദ്ധതിയായ ഫെയിമിന്റെ രണ്ടാംഘട്ടമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 5,500 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്.
ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്ന പദ്ധതിക്ക് സർക്കാർ ചില മാനദണ്ഡങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. വാഹനങ്ങളുടെ ബാറ്ററി ശേഷി അനുസരിച്ചായിരിക്കും സബ്സിഡി നിശ്ചയിക്കുക. എല്ലാ വാഹനങ്ങൾക്കും ഒരു കിലോവാട്ടിന് 10,000 രൂപ വീതവും ബസുകൾക്ക് 20,000 രൂപ വീതവുമായിരിക്കും സബ്സിഡി നല്കുക.
സബ്സിഡി നല്കുന്നതിലൂടെ ജനങ്ങൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.