ഐഫോണിന്റേതിനേക്കാള് വലിയ ബാറ്ററി; വണ്‍പ്ലസ് 15 വിപണിയിലേക്ക്
Wednesday, October 22, 2025 3:40 PM IST
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണായ വണ്‍പ്ലസ് 15 ചൈനയില്‍ 27നു പുറത്തിറങ്ങും. എന്നാല്‍ ഇന്ത്യയില്‍ എപ്പോള്‍ വിപണിയില്‍ ഇറക്കുമെന്നതിനെ കുറിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. എന്നിരുന്നാലും നവംബറില്‍ ഇന്ത്യയില്‍ ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറുമായി ഫോണ്‍ വിപണിയില്‍ എത്തുന്നത്. കൂടാതെ ട്രിപ്പിള്‍ കാമറ സജ്ജീകരണവും വണ്‍പ്ലസ് 13 സീരീസിനെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയും ഇതില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും വണ്‍പ്ലസിന് പുതിയ മോഡലിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏറ്റവും വലിയ ബാറ്ററി പാക്കോടുകൂടിയാണ് വണ്‍ പ്ലസ് വിപണിയില്‍ എത്തുക. 7300 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന്റെ പ്രധാന ആകര്‍ഷണം.
ബാറ്ററി 100 വാട്ട്സ് വയേര്‍ഡ് ചാര്‍ജിംഗും 50 വാട്ട്സ് വയര്‍ലെസ് ചാര്ജിംഗുമായിരിക്കും ഉണ്ടാവുക. എന്നാല്‍ റിവേഴ്സ് ചാര്‍ജിംഗ് ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. 6.78 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കും മറ്റൊരു പ്രത്യേകത.
8.1 എംഎം കനവും 211-215 ഗ്രാം ഭാരവുമായിരിക്കും ഫോണിനുണ്ടായിരിക്കുക. വണ്‍ പ്ലസിന്റെ സാന്‍ഡ് ഡ്യൂണ്‍ നിറത്തിന് പുറമെ കറുപ്പും പര്‍പ്പിള്‍ നിറത്തിലും പുതിയ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വണ്‍പ്ലസ് 15 ഫൈവ്ജിക്ക് ഇന്ത്യയില്‍ 70,000 രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് കരുതുന്നത്.