ജെമിനി എഐ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍
Monday, June 24, 2024 12:37 PM IST
മലയാളം അടക്കമുള്ള ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജെമിനി എഐ ആപ്പ് ഇന്ത്യയില്‍ പുറത്തിറക്കി ഗൂഗിള്‍. ചാറ്റ് ജിപിടിക്ക് ബദലായി ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ് എഐ ചാറ്റ്ബോട്ടിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെമിനി എന്ന് പുനര്‍നാമകരണം ചെയ്തത്.
മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങിയ ഭാഷകളിലും ഇംഗ്ലീഷിലുമാണ് ജെമിനി സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാകുക. ഇന്ത്യക്കൊപ്പം തുര്‍ക്കി, ബംഗ്ലാദേശ്, പാക്കിസ്ഥാന്, ശ്രീലങ്ക എന്നിവിടങ്ങളിലും ജെമിനി ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് മാത്രമാണ് ആപ്പ് ലഭ്യമായിരിക്കുന്നത്. ഐഒഎസില്‍ ഉടന്‍ തന്നെ ലഭ്യമാകും. മെസേജുകള്‍ തെറ്റുകൂടാതെ ചിട്ടപ്പെടുത്താനും ഇവന്റുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനുമൊക്കെ ഇനി മെസേജ് ആപ്പിനുള്ളില്‍ നിന്നുതന്നെ കഴിയും.
ജെമിനി എഐയുടെ ബിസിനസ് പതിപ്പാണ് ജെമിനി അഡ്വാന്‍സ്ഡ്. ഉപയോക്താവിന്റെ കയ്യിലുള്ള ഡാറ്റയെ കൃത്യമായി വിശകലനം ചെയ്ത് റിപ്പോര്‍ട്ടുകളാക്കി മാറ്റാന്‍ ഇതിന് കഴിയും.
ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഡോക്കുമെന്റ്, പിഡിഎഫ് തുടങ്ങിയ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ ഇതില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ ജെമിനി ഇത് അപഗ്രഥിച്ച് ഇഷ്ടമുള്ള ഫോര്‍മാറ്റില്‍ റിപ്പോര്‍ട്ടാക്കി തരും.
ഗൂഗിള്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ജെമിനി അഡ്വാന്‍സ്ഡ് ആദ്യത്തെ രണ്ട് മാസം സൗജന്യമായി ഉപയോഗിക്കാം.
അത് കഴിഞ്ഞാല്‍ പ്രതിമാസം 1950 രൂപയാണ് നിരക്ക്. രണ്ട് ടിബിയുടെ ക്ലൗഡ് സ്റ്റോറേജും ഉപയോക്താവിന് ലഭിക്കും.